Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'നാഗമ്പടം മേൽപാലം ഉറപ്പുള്ള കോൺക്രീറ്റാണ്...പാലം പൊളിക്കണമെങ്കിൽ മൾട്ടിപ്പിൾ ബ്ലാസ്റ്റിങ്ങാണ് വേണ്ടത്; സാങ്കേതിക അറിവില്ലാത്തതാണ് രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതെന്നും' മെട്രോമാൻ ഇ. ശ്രീധരൻ; കോട്ടയത്തിന്റെ കരുത്ത് ലോകത്തോട് വിളിച്ചോതിയ നാഗമ്പടം പാലത്തിന്റെ രൂപകൽപനയിൽ മെട്രോമാനും പങ്കാളി; 1955ൽ പാലം പണിയുമ്പോൾ ഇ.ശ്രീധരൻ കോട്ടയത്ത് റെയിൽവേ അസിസ്റ്റന്റ് എഞ്ചിനീയർ; കെട്ടുറപ്പിന്റെ പര്യായമായി നാഗമ്പടം പഴയ മേൽപാലം

'നാഗമ്പടം മേൽപാലം ഉറപ്പുള്ള കോൺക്രീറ്റാണ്...പാലം പൊളിക്കണമെങ്കിൽ മൾട്ടിപ്പിൾ ബ്ലാസ്റ്റിങ്ങാണ് വേണ്ടത്; സാങ്കേതിക അറിവില്ലാത്തതാണ് രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതെന്നും' മെട്രോമാൻ ഇ. ശ്രീധരൻ; കോട്ടയത്തിന്റെ കരുത്ത് ലോകത്തോട് വിളിച്ചോതിയ നാഗമ്പടം പാലത്തിന്റെ രൂപകൽപനയിൽ മെട്രോമാനും പങ്കാളി; 1955ൽ പാലം പണിയുമ്പോൾ ഇ.ശ്രീധരൻ കോട്ടയത്ത് റെയിൽവേ അസിസ്റ്റന്റ് എഞ്ചിനീയർ; കെട്ടുറപ്പിന്റെ പര്യായമായി നാഗമ്പടം പഴയ മേൽപാലം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ഒറ്റ ദിവസം കൊണ്ട് ലോകത്തിന് മുന്നിൽ താരമായി കോട്ടയത്തിന്റെ അഭിമാനമുയർത്തിയിരിക്കുകയാണ് നാഗമ്പടം പഴയ മേൽപാലം. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകർക്കാൻ രണ്ടു തവണ ശ്രമം നടത്തിയിട്ടും ഇത് പരാജയമായിരുന്നു. സമൂഹ മാധ്യമത്തിലടക്കം ട്രോൾ രൂപത്തിൽ വരെ നാഗമ്പടം പാലത്തിന്റെ കരുത്ത് വൻ ചർച്ചയായതിന് പിന്നാലെയാണ് പാലത്തിന്റെ നിർമ്മാണത്തിൽ ഇന്ത്യയുടെ മെട്രോമാൻ ഇ. ശ്രീധരനും പങ്കാളിയായിരുന്നെന്ന വാർത്തയും പുറത്ത് വരുന്നത്.

1955ൽ പാലം നിർമ്മിക്കുമ്പോൾ ഇ. ശ്രീധരൻ കോട്ടയത്ത് അസിസ്റ്റന്റ് എഞ്ചിനീയറായിരുന്നു. പാലത്തിന്റെ രൂപകൽപനയിലും ശ്രീധരൻ മുഖ്യപങ്ക് വഹിച്ചിരുന്നു. പാലം തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പാലത്തെ പറ്റി മെട്രോമാൻ പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഇ. ശ്രീധരന്റെ വാക്കുകളിങ്ങനെ

'പൊട്ടിത്തെറിയിലൂടെ തകർക്കാനുള്ള സാങ്കേതിക അറിവ് ഇല്ലാത്തതിനാലാണ് നാഗമ്പടം പാലം പൊളിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പാലത്തിന്റെ മർമ്മങ്ങളായ സ്ഥലങ്ങളിലാണ് സ്ഫോടനം നടത്തേണ്ടത്. അങ്ങനെയെങ്കിൽ ഒറ്റയടിക്ക് കഷണങ്ങളായി തകർന്നോളും. ഉദ്യോഗസ്ഥർക്ക് സാങ്കേതികപ്പിഴവ് സംഭവിച്ചതിനാലാണ് ഉദ്യമം വിജയിക്കാതിരുന്നത്. എങ്ങിനെയാണിത് ചെയ്യേണ്ടതെന്ന് അവർക്ക് വ്യക്തതയുണ്ടായിരുന്നില്ല.

കോൺക്രീറ്റ് ആയതുകൊണ്ട് പൊളിച്ചെടുക്കൽ പ്രയാസമാണ്,സ്റ്റീൽ ആയിരുന്നെങ്കിൽ കഷണങ്ങളായി പൊട്ടിച്ചെടുക്കാം. ഇത് ഉറപ്പുള്ള കോൺക്രീറ്റാണ്. സ്ഫോടനത്തിലൂടെ തന്നെയാണ് പാലം തകർക്കേണ്ടത്. മൾട്ടിപ്പിൾ ബ്ലാസ്റ്റിംഗാണ് ചെയ്യേണ്ടത്. മൾട്ടിപ്പിൾ ബ്ലാസ്റ്റിങ് എന്ന രീതിയിൽ ഒരേ സമയം 40 50 ഇടങ്ങളിൽ ഡയനാമിറ്റ് വച്ച് (ഇതു നൂറിടങ്ങളിൽ വരെയാകാം) അയൽ കെട്ടിടങ്ങൾക്കു കേടില്ലാതെ പാലം പൊളിക്കാവുന്ന രീതി ഫലപ്രദമാകുമെന്നുറപ്പാണ്.

വലിയ സ്ട്രക്ചർ അല്ലാത്തതിനാൽ ഇങ്ങനെയുള്ള പൊളിക്കൽ വലിയ പ്രയാസമുള്ളതല്ല. സ്ഫോടകവസ്തുക്കൾ ഒരുമിച്ച് വെച്ച് ഒറ്റ ഘട്ടത്തിൽ ബ്ലാസ്റ്റിങ് നടത്തിയാൽ കഷണങ്ങളായി പൊളിഞ്ഞുവീഴും. പിന്നീട് അവശിഷ്ടങ്ങൾ എടുത്തുമാറ്റേണ്ട പണിയേ ഉള്ളൂ'.

തലയുയർത്തി നിൽക്കുന്നത് ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യം

ആറുപതിറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളാണ് ഇന്ന് പരാജയപ്പെട്ടത്. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നാണ് പാലം പൊളിക്കുന്നതിൽ നിന്ന് റയിൽവേ പിന്മാറിയത്. രാവിലെ പതിനൊന്ന് മണിക്ക് പാലം പൊളിക്കാൻ ആദ്യം ശ്രമം നടത്തി. എന്നാൽ പാലത്തിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കളിലേക്കുള്ള വൈദ്യുതി ബന്ധത്തിൽ തകരാർ സംഭവിച്ചതോടെ പാലം പൊളിഞ്ഞില്ല. തുടർന്ന് വൈകിട്ട് അഞ്ചുമണിക്ക് പാലം പൊളിക്കാനുള്ള രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടു.

പാലത്തിന്റെ ശക്തി മൂലമാണു സ്ഫോടനം നടത്തിയിട്ടും പൊട്ടാതിരുന്നത്. ആദ്യ സ്ഫോടനത്തിൽ ഒരു ഭാഗം ചെറുതായി പൊട്ടി. പക്ഷേ തുടർ സ്ഫോടനം പരാജയപ്പെട്ടു. പാലത്തിന്റെ കോൺക്രീറ്റ് ബീമുകളുടെ ശക്തിയാണ് സ്ഫോടനത്തിൽ പോലും തകരാതെ പാലത്തിനെ കാത്തത്. ശനിയാഴ്ച രാവിലെ 11 മണിക്ക് പാലം പൊളിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും സാങ്കേതിക തകരാറിനെ തുടർന്നു ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും സ്ഫോടക വസ്തുക്കൾ നിറച്ച് പാലം പൊളിക്കാനുള്ള തീരുമാനവുമായി അധികൃതർ മുന്നോട്ടുപോയി. തുടർന്ന് അഞ്ചു മണിയോടെ നടത്തിയ രണ്ടാം സ്ഫോടനത്തിലും പാലം തകരാതിരുന്നതിനെ തുടർന്നാണ് ശ്രമം ഉപേക്ഷിച്ചത്.

വൻ കെട്ടിട സമുച്ചയങ്ങൾ പൊളിക്കാൻ ഉപയോഗിക്കുന്ന സുരക്ഷിതമായ 'ഇംപ്ലോസീവ്' മാർഗമാണ് നാഗമ്പടത്തും പരീക്ഷിച്ചത്. തിരുപ്പൂർ കേന്ദ്രമായ മാഗ് ലിങ്ക് ഇൻഫ്രാ പ്രൊജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നതിന്റെ കരാർ ഏറ്റെടുത്തിരുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ സുപരിചിതമായ ഈ നിയന്ത്രിത സ്ഫോടനം കേരളത്തിൽ ആദ്യമായി പരീക്ഷിക്കുന്നത്. രണ്ടാം ശ്രമത്തിലും പാലം തകരാതിരുന്നതോടെ സംഭവം നേരിട്ടു കാണാനെത്തിയ നൂറുകണക്കിനു ആളുകൾ നിരാശരായാണ് മടങ്ങിയത്.

നാഗമ്പടം പാലം എന്ന ആശയം മുതൽ തന്നെ വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. തൊള്ളായിരത്തി അമ്പതുകളുടെ അവസാന കാലത്താണ് മേൽപ്പാലം എന്ന ആശയം ശക്തമാകുന്നത്. കോട്ടയം നഗരത്തിന്റെ വളർച്ച ആരംഭിക്കുന്ന കാലമായിരുന്നു അത്. ലെവൽക്രോസ് നഗരനിരത്തിൽ സൃഷ്ടിച്ചത് നീണ്ട ഗതാഗതക്കുരുക്ക്. മേൽപാലം എന്ന ആശയം കടലാസിൽ ഉണ്ടായിരുന്നെങ്കിലും പണി ഏറ്റെടുക്കാൻ ആരുമില്ലായിരുന്നു.

അന്ന് കോട്ടയം നഗരസഭ അധ്യക്ഷൻ എ.വി.ജോർജ് റെയിൽവേ മന്ത്രിക്കയച്ച കത്തിൽ നിന്നാണ് പുതിയ പാലത്തിന്റ പിറവി. കത്ത് കിട്ടേണ്ട താമസം റെയിൽവേയുടെ മധുര ഡിവിഷനിൽ നിന്ന് പണിയായുധങ്ങളുമായി വണ്ടിയും ജീവനക്കാരും റെഡി. സാധാരണ നിർമ്മിതികളിൽ നിന്നും ഏറെ വ്യത്യസ്തതകൾ നിറഞ്ഞതാണ് നാഗമ്പടം പഴയ പാലത്തിന്റെ ചരിത്രം.

ആദ്യം പണിയുന്നത് പാലത്തിന്റെ അപ്രോച്ച് റോഡായിരുന്നു. രണ്ടു വശത്തും കരിങ്കല്ലുകൾ ഉയർത്തിക്കെട്ടി രണ്ടാഴ്ചകൊണ്ട് അപ്രോച്ച് റോഡിന്റെ പണി പൂർത്തിയാക്കി. തുടർന്ന് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു പാലത്തിന്റെ നിർമ്മാണം. രണ്ടു സൂപ്പർവൈസർമാരും ഒരു എൻജിനീയറും ഉൾപ്പെടെ 32 പേർ പാലത്തിന്റെ ശിൽപികളായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP