Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചട്ടത്തിൽ 'ഓപ്പൺ വോട്ട്' എന്ന വാക്കില്ല; ഉള്ളത് സ്വന്തമായി വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് ഒരു സഹായിയെ തേടാൻ അനുവദിക്കുന്ന കമ്പാനിയൻ വോട്ട് സംവിധാനം; സിപിഎം വാദങ്ങൾ തെറ്റെന്ന് വിശദീകരിച്ച് ദൃശ്യങ്ങൾ ശരിവച്ച് കളക്ടറുടെ റിപ്പോർട്ട് കൈമാറുമെന്ന് സൂചന; കമ്പാനിയൻ വോട്ടിനുള്ള മനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് വിഡിയോയിലും വ്യക്തം; ഇലക്ഷൻ ബാലറ്റ് കൗണ്ട് പരിശോധനയും നിർണ്ണായകമാകും; ഉണ്ണിത്താൻ പേടിയിലെ കല്യാശേരി കള്ളവോട്ട് സിപിഎമ്മിന് കുരുക്കാകുമോ?

ചട്ടത്തിൽ 'ഓപ്പൺ വോട്ട്' എന്ന വാക്കില്ല; ഉള്ളത് സ്വന്തമായി വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് ഒരു സഹായിയെ തേടാൻ അനുവദിക്കുന്ന കമ്പാനിയൻ വോട്ട് സംവിധാനം; സിപിഎം വാദങ്ങൾ തെറ്റെന്ന് വിശദീകരിച്ച് ദൃശ്യങ്ങൾ ശരിവച്ച് കളക്ടറുടെ റിപ്പോർട്ട് കൈമാറുമെന്ന് സൂചന; കമ്പാനിയൻ വോട്ടിനുള്ള മനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് വിഡിയോയിലും വ്യക്തം; ഇലക്ഷൻ ബാലറ്റ് കൗണ്ട് പരിശോധനയും നിർണ്ണായകമാകും; ഉണ്ണിത്താൻ പേടിയിലെ കല്യാശേരി കള്ളവോട്ട് സിപിഎമ്മിന് കുരുക്കാകുമോ?

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കല്യാശേരി നിയോജക മണ്ഡലത്തിലെ ചില ബൂത്തുകളിൽ പഞ്ചായത്തംഗമുൾപ്പടെയുള്ളവർ കള്ളവോട്ട് ചെയ്തുവെന്ന ആരോപണം പച്ചനുണയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. സ്വന്തം വോട്ടിനോടൊപ്പം; പരസഹായമില്ലാതെ വോട്ട് ചെയ്യാൻ കഴിയാത്തവരുടെ കൂടെപോയി പോളിങ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ഓപ്പൺ വോട്ടുചെയ്യുകയാണുണ്ടായത്. ദൃശ്യങ്ങൾ അടർത്തിയെടുത്ത് കൂട്ടിയോജിപ്പിച്ച് കള്ളവോട്ട് ചെയ്തെന്ന വ്യാജപ്രചാരണമാണ് ചില മാധ്യമങ്ങൾ നടത്തിയത്. ഇത്തരം പ്രചാരകർക്കെതിരെ ഓപ്പൺവോട്ട് ചെയ്തവർ നിയനടപടി സ്വീകരിക്കും. യുഡിഎഫിന്റെ രാഷ്ട്രീയ അജൻഡയ്ക്കുവേണ്ടി വ്യാജ വാർത്തകൾ സൃഷ്ടിച്ച് 'ബ്രേക്കിങ് ന്യൂസ്' നൽകുന്നത് മാധ്യമ ധർമമല്ലെന്നും ജയരാജൻ പറഞ്ഞിരുന്നു. എന്നാൽ ഈ പറയുന്നത് പോലെ ഓപ്പൺ വോട്ടില്ലെന്നതാണ് യഥാർത്ഥ്യം. കമ്പാനിയൻ വോട്ടാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.

കണ്ണൂരിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം കണ്ണൂർ ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചതായി സൂചനയും പുറത്തു വരുന്നുണ്ട്. കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞ ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫീസർ അടക്കമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം കളക്ടർ വിളിച്ചുവരുത്തിയിരുന്നു. കള്ളവോട്ടുസംബന്ധിച്ച പുറത്തുവന്ന ദൃശ്യങ്ങൾ വ്യാജമല്ലെന്ന് വെബ് ക്യാം ഓപറേറ്റർ കളക്ടർക്ക് വിശദീകരണം നൽകിയെന്നാണ് സൂചന. കാസർകോട് മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം ബൂത്തിൽ ആണ് ആറ് കള്ളവോട്ടുകൾ നടന്നുവെന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വരണാധികാരിയായ ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് കഴിഞ്ഞ ദിവസം രാത്രിതന്നെ കളക്ടർ സമർപ്പിച്ചുവെന്നാണ് വിവരങ്ങൾ. നടന്നത് കള്ളവോട്ടല്ലെന്നും ഓപ്പൺ വോട്ടാണെന്നുമാണ് സിപിഎം വാദിക്കുന്നത്. എന്നാൽ നടന്നത് ഓപ്പൺ വോട്ടല്ല എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഓപ്പൺ വോട്ട് ചെയ്യുന്നവർക്ക് വലതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുക. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ എല്ലാവരും ഇടതുകൈയിലാണ് മഷി പുരട്ടുന്നത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാണ് റിപ്പോർട്ട് കളക്ടർ തയ്യാറാക്കിയത്. കള്ളവോട്ട് തെളിഞ്ഞാൽ ഈ ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടക്കും.

പരസ്യ വോട്ടുമായി ചേർന്ന് നിൽക്കുന്നതാണ് ഓപ്പൺ വോട്ട് എന്ന വാക്ക്. എന്നാൽ പരസ്യ വോട്ട് ഇന്ത്യൻ ജനാധിപത്യത്തിൽ അനുവദനീയമല്ല. ആര് വോട്ട് ചെയ്ത് പരസ്യപ്പെടുത്തിയാലും അത് ക്രിമിനൽ കുറ്റമാണ്.

എന്താണ് ഓപ്പൺ വോട്ട്?

തിരഞ്ഞെടുപ്പ് ചട്ടത്തിൽ 'ഓപ്പൺ വോട്ട്' എന്ന ഒരു സംവിധാനമേയില്ല. എന്നാൽ, സ്വന്തമായി വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് ഒരു സഹായിയെ തേടാം (കംപാനിയൻ വോട്ട്). ഇതാണ് ഓപ്പൺ വോട്ട് എന്ന പേരിൽ അറിയപ്പെടുന്നതെന്നതാണ് യാഥാർത്ഥ്യം. കാഴ്ചയില്ലാത്തതിനാൽ ചിഹ്നം തിരിച്ചറിയാൻ സാധിക്കാത്തവർക്കും വോട്ടിങ് യന്ത്രത്തിലെ ബട്ടൻ അമർത്താൻ സാധിക്കാത്തവർക്കും വോട്ടിങ് യന്ത്രമുള്ളിടത്തേക്ക് എത്താൻ പ്രയാസമുള്ളവർക്കും പോളിങ് ബൂത്തിൽ സഹായം തേടാം. 18 വയസ്സെങ്കിലും ഉള്ളയാളെയാണ് സഹായിയായി അനുവദിക്കുക. ബട്ടൻ അമർത്താൻ സാധിക്കുന്ന വോട്ടറാണെങ്കിൽ, സഹായിക്ക് വോട്ടിങ് കംപാർട്ട്മെന്റ് വരെ (ഇവി എം വച്ചിരിക്കുന്ന സ്ഥലം വരെ) അനുഗമിക്കാം. വോട്ട് ചെയ്യേണ്ടത് യഥാർഥ വോട്ടറാണ്. എത്രമാത്രം സഹായം വേണം എന്നത് തീരുമാനിക്കേണ്ടത് പ്രിസൈഡിങ് ഓഫിസറും. ഇതിനായി ഫോം 14 എ പൂരിപ്പിക്കയും വേണം.

കാഴ്ചക്കുറവ്, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങൾ തുടങ്ങിയവർക്കാണ് ഇത്തരം സൗകര്യം അനുവദിച്ചിരിക്കുന്നത്. അടുത്ത ബന്ധുവോ അതല്ലെങ്കിൽ വോട്ടർക്ക് വിശ്വാസമുള്ള മറ്റൊരുടെയെങ്കിലും സഹായത്താലൊ തന്റെ സമ്മതിദാനാവകാശം വിനിയോഗിപ്പെടാമെന്നാണ് ഇതിന്റെ നിർവചനം. എന്നാൽ ഇത്തരം ശാരീരിക അസ്വാസ്ഥ്യങ്ങൾ ഒന്നുമില്ലാത്ത നിരവധിയാളുകളെ പോളിങ് ബൂത്തുകളിലെത്തിച്ച് വോട്ട് ചെയ്യിക്കുന്നത് ഇത്തവണ പതിവായിരുന്നു. പാർട്ടി ചിഹ്നത്തിൽ സംശയമുള്ളവരുടെ വോട്ട് വീഴുന്നുവെന്ന് ഉറപ്പാക്കാനായിരുന്നു ഇത്.

വോട്ടെടുപ്പ് കഴിയുമ്പോൾ ഇലക്ഷൻ ബാലറ്റ് കൗണ്ട് എല്ലാ ബൂത്തിലും എടുക്കാറുണ്ട്. ഇതിൽ ആകെ പോൾ ചെയ്ത വോട്ട് കമ്പാനിയെൻ വോട്ട് എന്നിവയെല്ലാം രേഖപ്പെടുത്തേണ്ടതുമുണ്ട്. പോളിങ് ഏജന്റുമാർ ഇതിൽ ഒപ്പിടുകയും വേണം. ഇത്തരത്തിൽ പോളിങ് ഏജന്റുമാരില്ലെങ്കിൽ എന്തും എഴുതി ചേർത്ത് പോളിങ് ഓഫീസറുടെ ഒത്തുകളിയോടെ കള്ളക്കഥയുണ്ടാക്കാം. ഈ സാഹചര്യമുണ്ടെങ്കിൽ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ പഴുതാവുകയും ചെയ്യും.

മറ്റൊരാളുടെ വോട്ട് ചെയ്താലും അതും പരമ രഹസ്യം

വോട്ടർക്കു വേണ്ടി സഹായിയാണ് വോട്ട് രേഖപ്പെടുത്തുന്നതെങ്കിൽ, ഈ വോട്ടു സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിക്കുമെന്ന് സഹായി നിശ്ചിത ഫോമിൽ പ്രിസൈഡിങ് ഓഫിസർക്ക് എഴുതി നൽകണം. സഹായി - വോട്ടെടുപ്പു ദിവസം ഒരാൾക്ക് ഒരു തവണ മാത്രമേ വോട്ടറുടെ സഹായിയായി പ്രവർത്തിക്കാൻ അനുവാദമുള്ളു. സഹായിയാണ് വോട്ട് രേഖപ്പെടുത്തിയതെങ്കിൽ, ആ വ്യക്തിയുടെ വലത്തെ ചൂണ്ടു വിരലിൽ മഷി പുരട്ടണം. എത്ര പേർ പരസഹായത്തോടെ വോട്ട് രേഖപ്പെടുത്തി എന്നതിന്റെ വിവരങ്ങൾ പ്രിസൈഡിങ് ഓഫിസർ സൂക്ഷിക്കണം. തിരഞ്ഞെടുപ്പു ജോലിയിലുള്ളവർക്ക് സഹായിയാവാൻ അനുവാദവുമില്ല. ഇങ്ങനെയൊക്കെയാണ് ചട്ടങ്ങൾ. കണ്ണൂരിലെ കള്ളവോട്ടിനെ സിപിഎം തള്ളിക്കളഞ്ഞെങ്കിലും ന്യായീകരണങ്ങളിൽ വൈരുദ്ധ്യങ്ങളേറെയാണ്. ഓപ്പൺ വോട്ട് ചെയ്തതിനെ കള്ളവോട്ടാണെന്ന രീതിയിൽ കോൺഗ്രസ് പ്രചരിപ്പിച്ചെന്നായിരുന്നു സിപിഎം ആരോപണം. എന്നാൽ പുറത്ത് വന്ന ദൃശ്യങ്ങളിൽ ഓപ്പൺ വോട്ടിന്റെ നടപടി ക്രമങ്ങൾ കാണാനുമില്ല. ഇത് സിപിഎമ്മിനെ കുഴക്കും.

കല്യാശേരി മണ്ഡലത്തിലെ പത്തൊൻപതാം നമ്പർ ബൂത്തിലെ വോട്ടർ ശാന്തയുടെ ഓപ്പൺ വോട്ട് ചെയ്തെന്നാണ് എം വിജയരാജൻ നൽകിയ വിശദീകരണം. പക്ഷേ ഓപ്പൺ വോട്ട് ചെയ്തവർക്കെല്ലാം വലത് കൈയുടെ ചൂണ്ടുവിരലിലാണ് മഷി പുരട്ടിയത്. എന്നാൽ സുമയ്യയുടെ ഇടതു ചൂണ്ട് വിരലിലാണ് മഷി പുരട്ടിയത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ജയരാജന് നൽകാനായില്ല.

സുമയ്യയ്ക്കൊപ്പം ശാന്തയെ കാണത്തതിനെ കുറിച്ച് ചോദ്യത്തിനും മറുപടിയില്ല. പഞ്ചായത്തംഗവും പതിനേഴാം നമ്പർ ബൂത്തിലെ 822 ാം നമ്പർ വോട്ടറുമായ സലീന 19 ാം നമ്പർ ബൂത്തിലെ 29 ാം നമ്പർ വോട്ടറായ നഫീസയുടെ ഓപ്പൺ വോട്ട് ചെയ്തെന്നാണ് മറ്റൊരു വിശദീകാരണം. ഇവിടെ നഫീസയെ കാണാനില്ല. മഷി പുരട്ടിയതാകട്ടെ സലീനയുടെ ഇടത് ചൂണ്ട് വിരലിലും. അതേസമയം പത്തൊൻപതാം നമ്പർ ബൂത്തിൽ രണ്ടുവട്ടമെത്തി കൈവിരലിൽ പുരട്ടിയ മഷി തലമുടിയിൽ തൂത്ത് കളഞ്ഞ് വോട്ട് ചെയ്ത സ്ത്രീയെ തള്ളിപ്പറയാനും ജയരാജൻ തയ്യാറായി. യുഡിഎഫും കള്ളവോട്ട് ചെയ്തെന്ന ആരോപണം ജയരാജൻ ഉന്നയിച്ചെങ്കിലും വെബ്കാസിറ്റിങ് ദൃശ്യങ്ങൾ പുറത്ത് വിടാൻ തയ്യാറായിട്ടില്ല.

വിഷയത്തിൽ സിപിഎം നൽകുന്ന വിശദീകരണം ഇങ്ങനെ

ചെറുതാഴം പഞ്ചായത്തംഗമായ എം വി സലീന ജനങ്ങൾക്ക് സുപരിചിതയാണ്. പതിനേഴാം നമ്പർ ബൂത്തിലെ 822-ാം- നമ്പർ വോട്ടറായ അവർ സ്വന്തം വോട്ടിനുപുറമേ 19--ാം നമ്പർ ബൂത്തിലെ 29--ാം നമ്പർ വോട്ടറായ നഫീസയുടെ സഹായിയായി ഓപ്പൺ വോട്ട് ചെയ്തിട്ടുണ്ട്. ഒരേ കെട്ടിടത്തിലാണ് ഈ രണ്ട് ബൂത്തുകളും. മുൻ പഞ്ചായത്തംഗമായ കെ പി സുമയ്യയാവട്ടെ 24--ാം നമ്പർ ബൂത്തിലെ 315--ാം നമ്പർ വോട്ടറാണ്. പിലാത്തറ യുപി സ്‌കൂളിലെ 19--ാം നമ്പർ ബൂത്ത് കേന്ദ്രീകരിച്ചാണ് സുമയ്യ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. പിലാത്തറയിൽ മുമ്പ് താമസിച്ചിരുന്നവരും ചെറുതാഴം പഞ്ചായത്തിലെ മുൻ അംഗവുമാണിവർ. ഇതിനാലാണ് 19--ാം നമ്പർ ബൂത്ത് എജന്റായി നിശ്ചയിച്ചത്.

ഇതേ ബൂത്തിലെ 301--ാം നമ്പർ വോട്ടർ സി ശാന്ത ആവശ്യപ്പെട്ടതനുസരിച്ച് ഓപ്പൺ വോട്ട് ചെയ്യുകയായിരുന്നു. 19--ാം നമ്പർ ബൂത്ത് എജന്റാണ് മൂലക്കാരൻ കൃഷ്ണൻ. ഇവിടുത്തെ 189--ാം നമ്പർ വോട്ടറായ കൃഷ്ണന്റെ ആവശ്യത്തെ തുടർന്ന് മൂലക്കാരൻ കൃഷ്ണൻ ഓപ്പൺവോട്ട് ചെയ്തിട്ടുണ്ട്. പിലാത്തറ പട്ടണത്തിൽ വർഷങ്ങളായി വ്യാപാരം നടത്തുന്നയാളാണ് കെ സി രഘുനാഥ്. 19ാം നമ്പർ ബൂത്തിലെ 994--ാം നമ്പർ വോട്ടറായ ശാരീരിക അവശതയുള്ള ഡോ. കാർത്തികേയനെ വാഹനത്തിൽ കയറ്റി ഓപ്പൺ വോട്ട് ചെയ്യുന്നതിനായി കൊണ്ടുവരികയുണ്ടായി. രോഗികൂടിയായ വോട്ടറെ വാഹനത്തിൽനിന്ന് ഇറക്കുന്നതിലുള്ള പ്രയാസം പ്രിസൈഡിങ് ഓഫീസറെ അറിയിക്കുന്നതിനാണ് ബൂത്തിന്റെ കതകിന് സമീപം കെ സി രഘുനാഥ് പോയത്.

നിയമാനുസൃതം ഓപ്പൺ വോട്ടുചെയ്തതിനെയാണ് കള്ളവോട്ടായി ചിത്രീകരിക്കുന്നത്. ഇവിടെ പരാമർശിക്കപ്പെട്ടവരുടെയെല്ലാം ഇടതു കൈക്കും വലതു കൈക്കും മഷിയടയാളമുണ്ടെന്നതുതന്നെ കള്ളപ്രചാരകർക്കുള്ള മറുപടിയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കനത്ത പരാജയം മണത്ത യുഡിഎഫ് അതുമറികടക്കാൻ പല പൊടിക്കൈകളും ഇറക്കുകയാണ്. ഇതിന് ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. തങ്ങൾ പരാജയപ്പെടുമ്പോൾ എല്ലാകാലത്തും യുഡിഎഫ് ഉയർത്തുന്ന ആരോപണമാണ് കള്ളവോട്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായ ജനങ്ങളെ പരിഹസിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും എം വി ജയരാജൻ പറയുന്നു.

ചെറുതാഴം പഞ്ചായത്തിലെ 17, 18, 19 നമ്പർ ബൂത്തുകൾ പ്രവർത്തിച്ചത് പിലാത്തറ എയുപി സ്‌കൂളിലാണ്. ശാരീരിക അവശതകളുള്ള ആളുകളുടെ ഓപ്പൺ വോട്ടുചെയ്യുന്നതിനായി ബൂത്ത് ഏജന്റുമാർ ഉൾപ്പെടെയുള്ള എൽഡിഎഫ് പ്രവർത്തകർക്ക് ഈ ബൂത്തുകളിൽ പോകേണ്ടി വന്നിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അടർത്തിയെടുത്താണ് മാതൃഭൂമി ന്യൂസ് കള്ളക്കഥ മെനഞ്ഞത്. ഇത് പിന്നീട് മറ്റു മാധ്യമങ്ങളും ഏറ്റെടുത്തു. നാട്ടിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകരെയാണ് ഈ മാധ്യമങ്ങൾ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ വ്യക്തിഹത്യ ചെയ്തതന്നെ് സിപിഎം പറയുന്നു.

''പഞ്ചായത്ത് അംഗമായ എന്നെ ആ ബൂത്തിലുണ്ടായിരുന്ന മിക്കവർക്കും അറിയുന്നതല്ലേ. അങ്ങനെ പോയി കള്ളവോട്ടുചെയ്യുമോ. രാവിലെ മുതൽ തുടർച്ചയായി അപമാനിക്കുന്ന മാധ്യമങ്ങൾ അതെങ്കിലും ഓർക്കണമായിരുന്നു.'' വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സലീന വ്യക്തമാക്കി. പഞ്ചായത്ത് മുൻ അംഗമായ കെ പി സുമയ്യയും മാധ്യമങ്ങളുടെ നെറികെട്ട അപവാദപ്രചാരണത്തിനെതിരെ പൊട്ടിത്തെറിച്ചു. ''കള്ളവാർത്ത കൊടുക്കുന്നതിനുമുമ്പ് എന്താണ് സത്യമെന്ന് ഇവർക്ക് അന്വേഷിക്കാമായിരുന്നില്ലേ. അതല്ലേ മര്യാദ''-- സുമയ്യ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP