Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മൂന്നും നാലും തവണ സീസണിൽ പറിച്ചെടുക്കേണ്ടുന്ന മുഴുവൻ മാങ്ങയും പറിച്ചെടുത്ത് രാസവസ്തുക്കൾ ഉപയോഗിച്ച് എട്ട് മുതൽ പത്ത് വരെ മണിക്കൂറുകൾ കൊണ്ട് പഴുപ്പിക്കും; കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകൾ കേരളത്തിൽ സജീവം; മുൻ കരുതലുകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

മൂന്നും നാലും തവണ സീസണിൽ പറിച്ചെടുക്കേണ്ടുന്ന മുഴുവൻ മാങ്ങയും പറിച്ചെടുത്ത് രാസവസ്തുക്കൾ ഉപയോഗിച്ച് എട്ട് മുതൽ പത്ത് വരെ മണിക്കൂറുകൾ കൊണ്ട് പഴുപ്പിക്കും; കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകൾ കേരളത്തിൽ സജീവം; മുൻ കരുതലുകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

രഞ്ജിത്ത് ബാബു

കണ്ണൂർ: കർണ്ണാടകം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച് മാങ്ങ വിപണിയിൽ സജീവം. ഒരു മാവിൽ നിന്നും മൂന്നും നാലും തവണ സീസണിൽ പറിച്ചെടുക്കേണ്ടുന്ന മുഴുവൻ മാങ്ങയും കൂലി ലാഭത്തിന് വേണ്ടി ഒറ്റ തവണ പറിച്ചെടുത്ത് രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചാണ് കേരള വിപണിയിൽ എത്തിക്കുന്നത്.

മാങ്ങ പാട്ടത്തിനെടുക്കുന്നവർ വൻ ലാഭം കൊയ്യാനാണ് ഇത്തരം രീതി അവലംബിക്കുന്നത്. കർണാടകത്തിലെ കുടക് ജില്ലയിൽ നിന്നും മാങ്ങ പാട്ടത്തിനെടുക്കുന്ന മലയാളികളും അതിർത്തി വനത്തിൽ വെച്ച് കാൽസ്യം കാർബൈഡ് ചേർത്ത് പഴുപ്പിച്ച മാങ്ങ വിപണിയിലെത്തിക്കുന്നുണ്ട്. മൂപ്പെത്താത്ത മാങ്ങകൾ വനത്തിലെ ഷെഡ്ഡിലെത്തിച്ച് അവിടെ നിന്നും രാസവസ്തുക്കൾ തളിച്ചാണ് പഴുപ്പിക്കുന്നത്. ഇത്തരം ഒരു കേന്ദ്രം കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ കണ്ടെത്തുകയുണ്ടായി. ഒന്നര ടൺ മാമ്പഴമാണ് പിടിച്ചെടുത്ത് തീയിട്ട് നശിപ്പിച്ചത്.

അന്യ സംസ്ഥാനങ്ങളിൽ നിന്നും രാസവസ്തുക്കൾ തളിച്ചു കൊണ്ടു വരുന്നതിന്റെ സമാന രീതിയാണ് സംസ്ഥാനത്തിനകത്തും ഇപ്പോൾ പ്രയോഗിക്കപ്പെടുന്നതെന്ന് തെളിഞ്ഞത്. മാങ്ങയുടെ തൊലിപ്പുറം പഴുത്തതാണെന്ന് തോന്നിക്കുമെങ്കിലും അകക്കാമ്പിൽ പഴുപ്പ് ബാധിച്ചിട്ടുണ്ടാവില്ല. കണ്ണൂർ ജില്ലയിലെ അയ്യംകുന്ന് പഞ്ചായത്തിലെ സംസ്ഥാന അതിർത്തിമേഖലയിൽ നിന്നാണ് രാസവസ്തുക്കൾ ചേർത്ത മാങ്ങകൾ പിടിച്ചെടുത്തത്. ഉൾക്കാടുകളിൽ ആർക്കും കടന്നു ചെല്ലാൻ പറ്റാത്ത സ്ഥലത്തു വച്ചാണ് മാങ്ങ പഴുപ്പിക്കുന്നത്. പിടിച്ചെടുത്ത് നശിപ്പിക്കപ്പെട്ട മാങ്ങ ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് കേസ് പൊലീസിന് കൈമാറിയിട്ടുണ്ട്. കാൻസർ, ഉദരരോഗം, ത്വക്ക് രോഗം എന്നിവയ്ക്ക് കാരണമാകുന്ന രാസവസ്തുക്കളാണ് കൃത്രിമമായി മാങ്ങ പഴുപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറയുന്നു.

മാങ്ങ പറിച്ചെടുത്ത് കയറ്റുമതിക്ക് തയ്യാറാക്കുമ്പോൾ ലോറികളിലെ പെട്ടികളിൽ കാൽസ്യം കാർബൈഡ് തളിക്കുന്ന രീതിയാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വരുന്നവർ സ്വീകരിക്കുന്നത്. എട്ട് മുതൽ പത്ത് വരെ മണിക്കൂറുകൾ കൊണ്ട് ഇങ്ങിനെ തളിക്കപ്പെട്ട മാങ്ങ പഴുത്ത നിറം ആകും. അതിന് പുറമേ കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്നതിനാൽ മാങ്ങ ചീഞ്ഞു പോകാറില്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നും ലോറികളിൽ കൊണ്ടു വരുന്ന മാങ്ങയുടെ പെട്ടികളിൽ പുതിയ രീതിയും അവലംബിച്ചു വരുന്നതായി കാണുന്നു. പെട്ടിക്കകത്ത് പേപ്പറിൽ രാസവസ്തുക്കൾ തളിച്ച് വെക്കുകയാണ് ചെയ്യുന്നത്. സംശയം തോന്നി ആരെങ്കിലും ചോദിച്ചാൽ കൃഷി വകുപ്പ് അനുവദിക്കപ്പെട്ട രാസപദാർത്ഥമാണ് തളിച്ചതെന്നാണ് പറയുന്നത്. എന്നാൽ ഇതേക്കുറിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിനും വ്യക്തമായ ധാരണയില്ല. മാങ്ങ പഴുപ്പിക്കാൻ പുതിയ രീതി സ്വീകരിച്ചു പരിശോധനയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗവും ഇത്തരക്കാർ തേടുന്നുണ്ട്.

രാസവസ്തുക്കളോ മറ്റ് കൃത്രിമ മാർഗ്ഗങ്ങളോ ഉപയോഗിച്ച് പഴങ്ങൾ പഴുപ്പിക്കുന്നത് പിടികൂടപ്പെട്ടാൽ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാം. എന്നാൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ അഭാവം മൂലം ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടപ്പെടുന്ന മാങ്ങകൾ തീയിട്ട് നശിപ്പിക്കുകയാണ് പതിവ്. പരമ്പരാഗതമായ രീതിയിൽ മാങ്ങ പഴുപ്പിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമായ മാർഗ്ഗം. കാഞ്ഞിരത്തിന്റെ ഇലയിലോ വൈക്കോലിലോ പാകമായ മാങ്ങ പഴുപ്പിക്കുന്നതാണ് പഴയ രീതി. ഇങ്ങിനെ ചെയ്താൽ പഴുക്കുന്ന മാങ്ങക്ക് ഗുണവും രുചിയും കൂടുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പറയുന്നു.

കണ്ണൂർ ജില്ലയിലെ പ്രശസ്തമായ കുറ്റിയാട്ടൂർ മാങ്ങ അതിന്റെ ഉത്പ്പാദന കേന്ദ്രങ്ങളിൽ ഇത്തരം പരമ്പരാഗത രീതിയാണ് അവലംബിക്കുന്നത്. ഇവിടങ്ങളിൽ നടത്തിയ പരിശോധനയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുന്ന ഒരൊറ്റ കേസുപോലും ഉണ്ടായിട്ടില്ലെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP