Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാള സിനിമയിലും പൊതു സമൂഹത്തിലും തിരുത്തൽ ശക്തിയായ ഡബ്ല്യുസിസി മൂന്നാം വർഷത്തിലേക്ക്; സഫ്രാജറ്റ് മുന്നേറ്റത്തിന് സമാനമെന്ന് വിധു വിൻസെന്റ്; താക്കോൽ സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ ഉയർന്നു വരിക തന്നെ ചെയ്യുമെന്നും പ്രതീക്ഷ

മലയാള സിനിമയിലും പൊതു സമൂഹത്തിലും തിരുത്തൽ ശക്തിയായ ഡബ്ല്യുസിസി മൂന്നാം വർഷത്തിലേക്ക്; സഫ്രാജറ്റ് മുന്നേറ്റത്തിന് സമാനമെന്ന് വിധു വിൻസെന്റ്; താക്കോൽ സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ ഉയർന്നു വരിക തന്നെ ചെയ്യുമെന്നും പ്രതീക്ഷ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാള സിനിമയിലും പൊതു സമൂഹത്തിലും തിരുത്തൽ ശക്തിയായ വിമൺ കളക്ടീവ് മൂന്നാം വർഷത്തിലേക്ക്. ഡബ്ല്യുസിസിയുടെ രണ്ടാം വാർഷിക സമ്മേളന ആഘോഷപരിപാടികൾ ഏപ്രിൽ 26 വൈകിട്ട് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ പാ രഞ്ജിത്ത് മുഖ്യ അതിഥിയായെത്തും. സുപ്രീം കോടതി അഭിഭാഷക വൃന്ദാ ഗ്രോവർ മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത അഭിനേത്രി സ്വര ഭാസ്‌കർ, സംവിധായകൻ ഡോ. ബിജു, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ, കെ.എസ്.ഡബ്ല്യു.സി.സി എം.ഡി ബിന്ദു വി സി എന്നിവർ സംസാരിക്കും. രണ്ടു ദിവസങ്ങളിലായി ദേശീയ തലത്തിൽ നടക്കുന്ന ഒരു കോൺഫറൻസും ഡബ്ല്യുസിസിയുടെയും സഖി വിമെൻ റിസോഴ്‌സ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളിലുള്ളവർ ഈ കോൺഫറൻസിൽ പങ്കെടുക്കും.

സംഘടന സജീവമായ ഇടപെടലുകൾ നടത്തി രണ്ട് വർഷം കഴിയുമ്പോൾ പോലും, നിങ്ങൾ ഉയർത്തുന്ന രാഷ്ട്രീയത്തെ 'കുട്ടിക്കളി'യെന്നും 'ജാട'യെന്നും വിളിക്കുന്ന ആളുകളുണ്ടല്ലോ എന്ന് ചോദിക്കുമ്പോൾ വിമൺ ഇൻ സിനിമ കളക്ടീവ് അംഗവും സംസഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ വിധു വിൻസെന്റിന് പറയാനുള്ളത് ഒരു പോരാട്ടത്തിന്റെ ചരിത്രമാണ്.

1912 ൽ ലണ്ടനിലെ മാഞ്ചസ്റ്ററിലെ നാല് സ്ത്രീകൾ വോട്ടവകാശത്തിനായി പോരാട്ടത്തിനിറങ്ങിയ കഥ. പുരുഷന്മാർ അനുഭവിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ഇടപെടൽ സ്വാതന്ത്ര്യവും കൈകാര്യ കർതൃത്വവും തങ്ങൾക്കും വേണമെന്ന് ആവിശ്യപ്പെട്ട് ഈ നാലു സ്ത്രീകൾ സമരം ചെയ്യാനിറങ്ങി. രാഷ്ട്രീയാധികാരം ഉറപ്പിക്കാനായി ആദ്യം സ്ത്രീകൾക്ക് വേണ്ടത് തങ്ങളുടെ പ്രാതിനിധ്യം രേഖപ്പെടുത്താനുള്ള വോട്ടവകാശമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇവർ പോരാട്ടത്തിനിറങ്ങുന്നത്. തങ്ങൾക്ക് രണ്ടാം തരം പൗരന്മാരാകാൻ മനസ്സില്ല എന്ന ദൃഢ പ്രതിജ്ഞ. പക്ഷെ ഈ സ്ത്രീകൾ സംസാരിച്ച രാഷ്ട്രീയം അന്നത്തെ സമൂഹത്തിന് ഉൾക്കൊള്ളാവുന്നതിലുമപ്പുറത്തായിരുന്നു. ഈ നാല് സ്ത്രീകൾക്കും അവരുടെ തൊഴിൽ നഷ്ടപ്പെട്ടു. വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു. സുഹൃത്തുക്കളെ നഷ്ടമായി. പ്രിയപ്പെട്ടവർ തെറ്റിദ്ധരിച്ചു. സാമൂഹ്യമായി ഒറ്റപ്പെട്ടു. വളരെ പതുക്കെയാണ് ആയിരക്കണക്കിന്, പതിനായിരക്കണക്കിന് പൗരന്മാർ ഇവരുടെ രാഷ്ട്രീയം അറിഞ്ഞ് ഐക്യപ്പെടുകയും ഇവരുടെ പ്രതിരോധം വിജയമാകുകയും ചെയ്യുന്നത്...

വിമൺ ഇൻ സിനിമ കളക്ടീവ് സ്വന്തം പോരാട്ടങ്ങളെ വോട്ടവകാശത്തിനുള്ള മാഞ്ചസ്റ്ററിലെ വനിതകളുടെ സഫ്രാജറ്റ് മുന്നേറ്റവുമായി ബന്ധിപ്പിക്കുന്നതിന് നിരവധി കാരണങ്ങൾ നിരത്താനാകും. തുല്യജോലിക്ക് തുല്യ വേതനമോ, ആത്മാഭിമാനത്തോടെ സ്ത്രീകൾക്ക് തൊഴിലെടുക്കാൻ കഴിയുന്ന അന്തരീക്ഷമോ, ലൈംഗിക ചൂഷണങ്ങളിൽ നിന്ന് സംരക്ഷണം നൽകാനുള്ള യാതൊരു മുൻകരുതലുകളോ നിലവിലില്ലാത്ത മലയാളസിനിമ എന്ന തീർത്തും ജനാധിപത്യ വിരുദ്ധമായ മലയാളസിനിമ വ്യവസായത്തിന്റെ സ്റ്റാറ്റസ്‌കോയെ ചൊടിപ്പിച്ചുകൊണ്ടാണ് കുറച്ച് പെണ്ണുങ്ങൾ ഒരു സംഘടനയുണ്ടാക്കുന്നത്. മാഞ്ചസ്റ്ററിലെ വനിതകൾ അനുഭവിച്ചപോലെ സാമൂഹ്യമായ ഒറ്റപ്പെടുത്തൽ, ഭീഷണികൾ, തൊഴിൽ നഷ്ടം ഇതൊക്കെ ഇവർക്കും നേരിടേണ്ടി വന്നു. ഡബ്ല്യുസിസി എന്ന പ്രസ്ഥാനത്തിന് ഏതു തരത്തിലുള്ള പോരായ്മയുണ്ടെങ്കിലും അതിനെ കാണാതെ, അതിനോട് വിമർശനാത്മകമായി കൊടുക്കൽ വാങ്ങലുകൾ നടത്താതെ കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാകില്ല എന്ന അവസ്ഥയിലേക്ക് അത് വളർന്നിട്ടുണ്ട്. മലയാള സിനിമയെ ഡബ്ല്യുസിസിക്ക് മുൻപ്, ശേഷം എന്ന് വ്യക്തമായി തരം തിരിച്ച് വെച്ചുകൊണ്ട് ഈ സംഘടന മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്.

രണ്ട് നിലയ്ക്കുള്ള മാറ്റങ്ങൾ പ്രതീക്ഷിച്ചുകൊണ്ടാണ് ഡബ്ല്യുസിസി രാഷ്ട്രീയം സംസാരിക്കുന്നത്. ഒന്ന് ഭരണഘടനാപരമായ മാറ്റങ്ങളും മറ്റൊന്ന് സാമൂഹ്യ മാറ്റവുമാണ്. മദ്യനയം എന്ന പോലെ ആരോഗ്യപരമായ ഒരു സിനിമ നയത്തെ കുറിച്ച് സർക്കാർ സംസാരിക്കേണ്ടുന്ന കാലം അതിക്രമിച്ചുവെന്ന് ഡബ്ല്യുസിസി അംഗംങ്ങൾ പറയുന്നുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും സിനിമ രംഗത്തെ തൊഴിൽ പ്രശ്‌നങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തത് വലിയൊരു നേട്ടമായി ഇവർ എടുത്ത് പറയുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യുകയെന്നതല്ല, കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കി പകരം പുതിയ നിയമങ്ങൾ കൊണ്ട് വരണമെന്നതാണ് ഇവരുടെ നിലവിലെ ആവശ്യം. നിയമനിർവഹണം ശക്തമാകുമ്പോൾ തന്നെ ഒരു പരിധിവരെ സാമൂഹ്യമാറ്റങ്ങൾ സംഭവിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

''ഇതാ വിപ്ലവം നടത്താൻ പോകുന്നുവെന്ന് ആഹ്വാനം ചെയ്ത് വന്ന ആളുകളല്ല ഞങ്ങൾ. സാമൂഹ്യമാറ്റത്തിന്റെ രാസത്വരകം മാത്രമാണ് ഞങ്ങൾ. ചിലയിടങ്ങളിൽ കാവൽ നായ്ക്കളും ചിലയിടങ്ങളിൽ വെളിച്ചം വീശുന്നവരുമാണ്'', ഡബ്ല്യുസിസി എന്ന സംഘടന നിലനിൽക്കുന്നത് എന്തിനെന്ന് രണ്ട് വർഷത്തെ പ്രവർത്തങ്ങളിൽ ഊന്നി വിധു വിൻസെന്റ് വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അവരോടൊപ്പം നിൽക്കേണ്ടുന്നതിന്റെ അടിയന്തിര ആവശ്യം കൂടാതെ ഡബ്ല്യുസിസി പോലൊരു പ്രസ്ഥാനം നിലവിൽ വരേണ്ടിയിരുന്നതിന് ചരിത്രപരമായ കാരണങ്ങൾ അനവധിയായിരുന്നു.

ഭീകരമായ തൊഴിൽ പ്രശ്ങ്ങൾ നിലനിൽക്കുന്ന തൊഴിലിടത്തിൽ, പുരുഷ ഈഗോ ഒരു അവിശ്യ ഗുണഗണമെന്ന നിലയിൽ ആഘോഷിക്കപ്പെടുന്ന ഒരു വ്യവസായത്തിൽ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പറയാനും ഒപ്പം നിൽക്കാനും ഒരു സംഘടന അത്യാവശമായിരുന്നു. ഡബ്ല്യുസിസി അംഗങ്ങൾ തന്നെ പറയുന്നത് പോലൊരു 'വാച്ച് ഡോഗ്'. ഈ രണ്ട് വർഷങ്ങൾ കൊണ്ട് നാളെ സ്ത്രീകൾക്ക് നേരെ അതിക്രമം നടത്താനൊരുങ്ങുന്ന ഏതൊരാളെയും പ്രതിരോധിക്കാൻ പോന്ന കരുത്തുറ്റ ഒരു പ്രസ്ഥാനമായി മാറിയെന്ന് ഡബ്ല്യുസിസി അംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പലവിധ സാഹചര്യങ്ങൾ മൂലം പ്രത്യക്ഷത്തിൽ ഡബ്ല്യുസിസിക്ക് ഒപ്പം നിൽക്കാനാകാത്ത സ്ത്രീകൾ പോലും സംഘടനയ്ക്ക് മാനസികമായി പിന്തുണ അർപ്പിക്കുന്നത് ഈ വിശ്വാസം കൊണ്ട് തന്നെയാണെന്നാണ് ഇവർ ഉറപ്പിച്ച് പറയുന്നത്.

'ഞങ്ങൾ ഒരു സ്വതന്ത്ര സംഘടനയാണ്, ഞങ്ങളുടെ പോരാട്ടങ്ങളെ ആരും ഹൈജാക്ക് ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല' എന്ന് ഉറപ്പിച്ചു പറയുന്ന ഡബ്ല്യുസിസിയുടെ സ്വപ്നങ്ങൾ വളരെ വലുതാണ്. ക്യാമറയ്ക്ക് പുറത്തുള്ള ഇത്തരം പോരാട്ടങ്ങൾ അഭ്രപാളിക്കകത്തെ സ്ത്രീ പ്രതിനിധാനത്തെയും മാറ്റിത്തീർത്തേക്കുമെന്നതാണ് ഇവരുടെ വിശ്വാസം. സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി കൊണ്ടുള്ള വെറും ക്‌ളീഷേ പ്രതിനിധാനങ്ങളിലോ, ടോക്കണിസത്തിലോ അല്ല തങ്ങളുടെ വിശ്വാസം എന്ന് ഉറപ്പിച്ച് പറയുന്ന ഇവർ സിനിമയുടെ ഉള്ളടക്കങ്ങൾ നിശ്ചയിക്കുന്ന നിർണ്ണായക സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ ഉയർന്ന വരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. വനിതാ ഫോട്ടോഗ്രാഫറുമാരും എഡിറ്ററുമാരും ഉയർന്ന് വന്നാൽ മാത്രമേ ഈ ആൺനോട്ടങ്ങളോട് പൊരുതാനാകൂ എന്നാണ് ഇവരുടെ വിശ്വാസം.

മലയാള സിനിമയിലെ ആദ്യ നായിക ഒരു ദളിത് സ്ത്രീ ആണെന്ന ചരിത്രം നമുക്ക് മുൻപിലുള്ളപ്പോഴും നിലവിൽ എന്തുകൊണ്ട് സിനിമയിൽ ദളിത്, ആദിവാസി സ്ത്രീകൾ തീരെ ഇല്ല എന്നത് വളരെ നിർണ്ണായകമായ ചോദ്യമാണ്. ഡബ്ല്യുസിസി ചില വരേണ്യരുടെ, സിനിമയുടെ മുഖമായി നിൽക്കുന്ന കുറച്ച് പേരുടെ മാത്രമല്ലേ എന്ന് ആക്ഷേപത്തെ സംഘടന ശക്തിയുക്തം എതിർക്കുന്നുണ്ട്. പുരുഷാധിപത്യത്തെയും താരാധിപത്യത്തെയും അതുമായി ബന്ധപ്പെട്ട അധികാര ഘടനയെയും ചോദ്യം ചെയ്യുന്ന പ്രസ്ഥാനത്തിന് എല്ലാ നിലകളിലുള്ളവരെയും ഉൾക്കൊള്ളാനാകുമെന്നാണ് വിധു വിൻസെന്റ് വ്യക്തമാക്കുന്നത്. പല നിലകളിൽ, പല സ്വത്വങ്ങളുള്ള സ്ത്രീകൾ സംഘടനയിൽ ഉണ്ടെന്നും താക്കോൽ സ്ഥാനങ്ങൾ കയ്യാളുന്നുണ്ടെന്നും അവർ സൂചിപ്പിക്കുന്നു. സിനിമയുടെ മുഖമായി നിൽക്കാത്ത അണിയറയിലെ മേക്ക് അപ്പ് ആർട്ടിസ്റ്റുകൾക്കും വസ്ത്രാലങ്കാരം വിദഗ്ദ്ധർക്കും എഡിറ്റർമാർക്കുമെല്ലാം അവരെ അടയാളപ്പെടുത്താനും ലൈംഗിക ചൂഷണമുൾപ്പടെയുള്ള കാര്യങ്ങൾ തുറന്ന് പറയാനും ഡബ്ല്യുസിസി ധൈര്യം നല്കുന്നുവെന്നും അവർ ഉറപ്പിച്ചു പറയുന്നു. അവർ കൂടി ഉൾപ്പെട്ടതാണ്, ഇതെല്ലാമാണ് ഡബ്ല്യുസിസിഎന്ന് ഇവർ ആത്മവിശ്വാസത്തോടെ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP