Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിക്ക് വിറയ്ക്കും ബിൽക്കീസിന്റെ പേര് ഉച്ചരിക്കുമ്പോൾ പോലും; സംഘപരിവാർ എന്ന രാജ്യം മുഴവൻ വ്യാപിച്ചു കിടക്കുന്ന വലിയൊരു മത-രാഷ്ട്രീയ -സാമ്പത്തിക ശൃംഖലയോടും അതിന്റെ അധ്യക്ഷനായ സാക്ഷാൽ നരേന്ദ്ര മോദിയോടുമാണ് സത്യത്തിൽ ഈ യുവതി പോരടിച്ച് ജയിച്ചത്; കലാപവുമായി ബന്ധപ്പെട്ട ബലാൽസംഗ സംഭവങ്ങളിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്ത സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യ ഇരയാണ് അവർ; ശരിക്കും ഒരു ധീരവനിത; മറുനാടൻ എഡിറ്റോറിയൽ

മോദിക്ക് വിറയ്ക്കും ബിൽക്കീസിന്റെ പേര് ഉച്ചരിക്കുമ്പോൾ പോലും; സംഘപരിവാർ എന്ന രാജ്യം മുഴവൻ വ്യാപിച്ചു കിടക്കുന്ന വലിയൊരു മത-രാഷ്ട്രീയ -സാമ്പത്തിക ശൃംഖലയോടും അതിന്റെ അധ്യക്ഷനായ സാക്ഷാൽ നരേന്ദ്ര മോദിയോടുമാണ് സത്യത്തിൽ ഈ യുവതി പോരടിച്ച് ജയിച്ചത്; കലാപവുമായി ബന്ധപ്പെട്ട ബലാൽസംഗ സംഭവങ്ങളിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്ത സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യ ഇരയാണ് അവർ; ശരിക്കും ഒരു ധീരവനിത; മറുനാടൻ എഡിറ്റോറിയൽ

എഡിറ്റോറിയൽ

'ന്റെ കുടുംബത്തിൽ ആകെയുള്ള നാല് പുരുഷന്മാരെയും അവർ അതിക്രൂരമായി കൊന്നുകഴിഞ്ഞു കഴിഞ്ഞിരുന്നു. പിന്നീട് സ്ത്രീകളെ വിവസ്ത്രരാക്കി... ആ അക്രമികളിൽ നിരവധി പേർ മാറി മാറി എന്റെ കുടുബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തു. ഞാനും അവരുടെ പിടിയിലായി. എന്റെ മൂന്നുവയസ്സുള്ള മകൾ സലേഹ അപ്പോൾ എന്റെ കയ്യിലുണ്ടായിരുന്നു.. അവർ അവളെ പിടിച്ചു വാങ്ങി, മുകളിലേക്ക് എറിഞ്ഞു... താഴെ വീണ വീഴ്ചയിൽ അവളുടെ കുഞ്ഞുതല പാറക്കല്ലിൽ തട്ടി ചിന്നിച്ചിതറി... അതുകണ്ട് ഹൃദയം തകർന്ന് ഞാൻ നിലവിളിച്ചു... നാലുപേർ ചേർന്നാണ് എന്റെ കൈയും കാലും പിടിച്ചുവെച്ചത്... ബാക്കിയുള്ളവർ മാറിമാറി എന്നെ ബലാത്സംഗം ചെയ്തു... അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ ക്രൂരമായി ചവിട്ടുകയും അടിക്കുകയും ചെയ്തു.. മുട്ടൻ വടികൊണ്ടാണ് എന്റെ തലയ്ക്കടിച്ചത്... അവസാനം മരിച്ചെന്ന് കരുതി എന്നെ അവർ ഒരു കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു...'

'നാലോ അഞ്ചോ മണിക്കൂറുകൾക്ക് ശേഷമാണ് എനിക്ക് ബോധം തിരിച്ചുകിട്ടിയത്... എന്റെ ശരീരം മറക്കാനായി ഒരു തുണ്ട് തുണിക്കായി ഞാൻ അവിടെയെല്ലാം തിരഞ്ഞു.. ഒന്നും കിട്ടിയില്ല... വെള്ളമോ ഭക്ഷണമോ ഇല്ലാതെ ആ കുന്നിൻ മുകളിൽ ഞാൻ കഴിഞ്ഞത് ഒന്നര ദിവസമാണ്... മരണത്തെ അത്രയേറെ ആഗ്രഹിച്ചുകൊണ്ടാണ് അവിടെ കിടന്നത്... സമീപത്തെ ഒരു ആദിവാസി കോളനിയിലാണ് പിന്നീട് ഞാനെത്തിപ്പെട്ടത്... അവിടെയെങ്കിലും എനിക്കൊരു അഭയം കിട്ടാനായി അവരുടെ മുമ്പിൽ ഒരു ഹിന്ദുവായി ഞാനഭിനയിച്ചു...

'ആ അക്രമകാരികൾ ഉപയോഗിച്ചത് അത്രയ്ക്കും വൃത്തികെട്ട ഭാഷയായിരുന്നു. അത് ഒരിക്കൽ കൂടി പറയാനുള്ള ശേഷി എനിക്കില്ല... എന്റെ മുന്നിൽ വച്ചാണ് അവരെന്റെ അമ്മയെയും സഹോദരിയെയും ബന്ധുക്കളെയും കൊന്നത്... ബലാത്സംഗം ചെയ്യുകയും കൊല്ലുകയും മാത്രമല്ല, കേട്ടാലറയ്ക്കുന്ന തെറിവാക്കുകൾ അവർ വിളിച്ചു പറയുന്നുമുണ്ടായിരുന്നു.. അഞ്ചുമാസം പ്രായമായ ഒരു കുഞ്ഞ് എന്റെ വയറ്റിൽ വളരുന്നുവെന്ന് എനിക്കവരോട് പറയണമെന്നുണ്ടായിരുന്നു... പക്ഷേ എന്റെ വായിലും കഴുത്തിലും അമർത്തി ചവിട്ടിയിരുന്ന അവരുടെ കാലുകൾ എന്നെ അതിന് അനുവദിച്ചില്ല...'എന്നെ ബലാത്സംഗം ചെയ്തവർക്ക് ശിക്ഷ ലഭിച്ചുവെന്നതും ജയിലിൽ അടയ്ക്കപ്പെട്ടു എന്നതും ഞാനനുഭവിച്ച ദുരിതങ്ങൾക്ക് അറുതിയാക്കുന്നില്ല... പക്ഷേ, എപ്പോഴൊക്കെയോ നീതി ഇവിടെ ജയിക്കുന്നുവെന്ന സൂചനകൾ അത് തരുന്നുണ്ട്.. വർഷങ്ങളായി എനിക്ക് പരിചയുള്ളവരാണ് എന്നെ ബലാത്സംഗം ചെയ്തത്... ഞങ്ങളുടെ അടുത്ത് നിന്നാണ് അവർ പാൽ വാങ്ങിയിരുന്നത്. അവരെല്ലാവരും പാലിനായി ഞങ്ങളുടെ അടുത്ത് വരുമായിരുന്നു... അവർക്ക് അൽപ്പമെങ്കിലും നാണമുണ്ടായിരുന്നുവെങ്കിൽ അവരെന്നോട് ഇങ്ങനെ ചെയ്യുമായിരുന്നോ... എനിക്ക് എങ്ങനെ അവരോട് ക്ഷമിക്കാൻ കഴിയും... '

വർഷങ്ങൾക്കുശേഷം താൻ അനുഭവിച്ച യാതനകളും പീഡനകളും വിവരിച്ചുകൊണ്ടുള്ള ബിൽക്കീസ് ബാനുവിന്റെ ഈ സ്റ്റാറ്റസ് 'ഇന്ത്യൻ ക്വാട്സ്'' എന്ന ഫേസ്‌ബുക്ക് പേജിൽ വന്നിരുന്നു... ബിൽക്കീസ് ബാനു ഇന്ത്യയുടെ എന്ന തലക്കെട്ടിൽ തുടങ്ങുന്ന ഈ സ്റ്റാറ്റസിൽ ആ ദിവസം താനനുഭവിച്ച വേദനയുടെ ആഴം അവർ വരച്ചിട്ടിരിക്കുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയിലെ ക്രൂരതകൾക്ക് ഇരയാക്കപ്പെടുമ്പോൾ ബിൽക്കീസ് ബാനുവിന് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനാണ് അഞ്ചുമാസം ഗർഭിണിയായ ഈ 19 കാരിയെ 22 തവണ ഹിന്ദുത്വ ഭീകരർ കൂട്ട ബലാസംഗത്തിനിരയായത്.

അതെ സത്യത്തിൽ ബിൽക്കീസ് ബാനു ഇന്ത്യയുടെ മകൾ തന്നെയാണ്. വർഗീയ കോമരങ്ങളാൽ നിരന്തരം വേട്ടയാടപെട്ടിട്ടും, കേസ് ഒതുക്കാൻ മോദി ഭരണകൂടം നിരന്തരം സമ്മർദം ചെലുത്തിയിട്ടും അവൾ മൊഴിമാറ്റിയില്ല. നിരന്തരമായി അപാമാനിക്കപ്പെട്ടപ്പോഴും പരാതിയുമായി മുന്നോട്ടുപോയി. 17 വർഷമായി നിയമപോരാട്ടത്തിലാണ്. ഇപ്പോൾ ഏറ്റവും ഒടുവിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂലമായി ഒരു വിധികൂടി നേടാൻ അവർക്കായി. ബിൽക്കീസ് ബാനുവിന് ഗുജറാത്ത് സർക്കാർ 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും താമസസൗകര്യവും ഒരുക്കണമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച വിധിച്ചു. ചരിത്ര പ്രധാനമായ വിധി. ഗുജറാത്ത് കലാപത്തിന്റെ പാപക്കറ ഇനിയും മാഞ്ഞിട്ടില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തല കുനിയണം. ബിൽക്കീസ് ബാനു കേസിന് മറ്റൊരു പ്രത്യേകതയുമുണ്ട്. വർഗീയ കലാപങ്ങളിൽ ഒരു ആയുധമായി പ്രയോഗിക്കാറുള്ള ബലാൽസംഗ സംഭവങ്ങളിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്ത സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യ ഇരയാണ് അവർ. ശരിക്കും ഒരു ധീരവനിത.

നിർണ്ണായകമായത് ബിൽക്കീസിന്റെ നിശ്ചയ ദാർഢ്യം

ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയുടെ ജീവിക്കുന്ന പ്രതീകമാണ് ബിൽക്കീസ് യഅ്കൂബ് റസൂൽ എന്ന ബിൽക്കീസ് ബാനു. ബലാൽസംഗം ചെയ്ത പുരുഷൻ ഇരയായ യുവതിയെ വിവാഹം കഴിച്ചാൽ എല്ലാം പൊറുക്കപ്പെടും എന്ന് വിധി പുറപ്പെടുവിപ്പിക്കുന്ന ഖാപ് പഞ്ചായത്തുകൾ ഉള്ള നാടാണ് ഉത്തരേന്ത്യ. റേപ്പുകേസുകളും കലാപക്കേസുകുളുമൊക്കെ ഇവിടെ 90 ശതമാനവും ഒതുക്കപ്പെടുകയാണ്. ഒന്നുകിൽ പണത്തിന്റെ അല്ലെങ്കിൽ സ്വാധീനത്തിന്റെ. ഇവിടെയാണ് ബിൽക്കീസ് എന്ന ധീര വനിതയുടെ പ്രസക്തി. സംഘപരിവാർ എന്ന രാജ്യം മുഴവൻ വ്യാപിച്ചു കിടുക്കുന്ന വലിയൊരു മത-രാഷട്രീയ ശൃംഖലയോടും അതിന്റെ അധ്യക്ഷനായ സാക്ഷാൽ നരേന്ദ്ര മോദിയോടുമാണ് സത്യത്തിൽ ഈ യുവതി പോരാടി ജയിച്ചത്.

ഗുജറാത്ത് കലാപകാലത്ത് ബലാൽസംഗത്തിന് ഇരയായ പല സ്ത്രീകളും കുടുംബത്തിനുണ്ടായേക്കാവുന്ന മാനഹാനിയുടെ പേരിൽ അതിന്റെ പേരിലുള്ള മനോപീഡകൾ കടിച്ചമർത്താൻ നിർബന്ധിതരായി. എന്നാൽ, ബിൽക്കീസ് ബാനു എന്ന ധീരയായ യുവതി ഗുജറാത്ത് കലാപത്തിന്റെ ഭീകരമായ മുഖത്തെപ്പറ്റി ലോകമറിയിച്ചു. ഉറ്റവരെ കൊല്ലുകയും തന്നെ മാനഭംഗപ്പെടുത്തുകയും ചെയ്തവരുടെ പേരുകൾ ഓരോന്നായി അവൾ പറഞ്ഞിട്ടും എഫ്.ഐആർ രജിസ്റ്റർ ചെയ്യാൻ പോലും മോദിയുടെ പൊലീസ് തുടക്കത്തിൽ തയാറായില്ല. ബലാൽസംഗം എഫ്.ഐ.ആറിൽ ചേർക്കില്ലെന്നും നിർബന്ധിച്ചാൽ വിഷം കുത്തിവെക്കുമെന്നും വരെ പൊലീസ് ഭീഷണിപ്പെടുത്തി. അന്വേഷണം അട്ടിമറിക്കാനും കേസ് അവസാനിപ്പിക്കാനും അവർ ശ്രമിച്ചെങ്കിലും നിലപാടിൽ ഉറച്ചുനിന്ന ബിൽകിസ് എല്ലാ കുതന്ത്രങ്ങളെയും പരാജയപ്പെടുത്തി.ബലാൽസംഗം ചെയ്ത പുരുഷൻ ഇരയായ യുവതിയെ വിവാഹം കഴിച്ചാൽ എല്ലാം പൊറുക്കപ്പെടും എന്ന് വിധി പുറപ്പെടുവിപ്പിക്കുന്ന ഖാപ് പഞ്ചായത്തുകൾ ഉള്ള നാടാണ് ഉത്തരേന്ത്യ. റേപ്പുകേസുകളും കലാപക്കേസുകുളുമൊക്കെ ഇവിടെ 90 ശതമാനവും ഒതുക്കപ്പെടുകയാണ്. ഒന്നുകിൽ പണത്തിന്റെ അല്ലെങ്കിൽ സ്വാധീനത്തിന്റെ. ഇവിടെയാണ് ബിൽക്കീസ് എന്ന ധീര വനിതയുടെ പ്രസക്തി

അങ്ങനെയാണ് കേസ് ഗുജറാത്ത് സിഐ.ഡിക്ക് കൈമാറുന്നത്. എന്നാൽ, അവിടെയും അവൾക്ക് നീതി ലഭിച്ചില്ല. കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കമാണ് സിഐ.ഡി വിഭാഗം തുടക്കം മുതൽ നടത്തിയത്. കേസിലെ സാക്ഷികൾ കൊല്ലപ്പെടാനോ ഉപദ്രവിക്കപ്പെടാനോ സാധ്യതയുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെും ബിൽകീസ് സംശയം പ്രകടിപ്പിച്ചു. സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മിഷൻ എന്നിവയുടെ സാമ്പത്തിക, നിയമ സഹായങ്ങൾ ലഭിച്ചതോടെ സുപ്രീംകോടതിയെ സമീപിച്ച് കേസ് സിബിഐക്ക് കൈമാറുന്നതിനും ഗുജറാത്തിന് പുറത്ത് വിചാരണ നടത്തുന്നതിനും അനുകൂലമായ വിധി അവർ സമ്പാദിക്കുകയായിരുന്നു.

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് 2004 ആഗസ്റ്റിലാണ് കേസ് മുംബൈയിലേക്ക് മാറ്റുന്നത്. 2008 ജനുവരി 21ന് സ്‌പെ്ഷ്യൽ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസ് ഗുജറാത്തിനു പുറത്തേക്ക് മാറ്റണമെന്ന നിലപാടിൽ ബിൽകിസ് ഉറച്ചുനിന്നതു കൊണ്ടു മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 2017 മെയ്‌ നാലിന് അഞ്ചു പൊലിസുകാരെയും രണ്ട് ഡോക്ടർമാരെയും ഹൈക്കോടതി ശിക്ഷിക്കുകയുണ്ടായി. ഇന്ത്യൻ പീനൽ കോഡിലെ 218 (ഉത്തരവാദിത്തം നിർവ്വഹിക്കാതിരിക്കൽ), 201 (തെളിവുകൾ നശിപ്പിക്കൽ) വകുപ്പുകൾ അനുസരിച്ച് ഇവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ആർ.എസ് ഭാഗോര എന്ന ഐ.പി.എസ് ഓഫീസർ ഉൾപ്പെടെ നാലു പൊലീസുകാരും രണ്ട് ഡോക്ടർമാരും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2017 ജൂലൈ 10ന് സുപ്രീംകോടതി അപ്പീലുകൾ തള്ളി. വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും വിചാരണ കോടതി ഇവരെ വെറുതെ വിടുകയായിരുന്നുവെന്നാണ് പരമോന്നത കോടതിയുടെ കണ്ടെത്തൽ.എത്ര നിസ്സംഗതതോടെയാണ രാജ്യം ബിൽക്കീസ് വിധിയെ കണ്ടത് എന്നോർക്കുക. ബിൽക്കീസ് ബാനുവിന് അനുകൂലമായി സുപ്രീംകോടതി വിധിവന്ന ദിവസമാണ് ഗുജറാത്ത് പോളിങ് ബൂത്തിലേക്ക് പോയത്. എന്നിട്ടും ഒരു സംഘപരിവാർ നേതാവും വിധി പരിശോധിക്കും എന്ന് പറഞ്ഞില്ലെന്ന് മാത്രമല്ല, ഒളിവും മറയുമില്ലാത്ത 'സാധ്വി'കളും 'പ്രാഞ്ചി'കളും ഗുജറാത്ത് ആവർത്തിക്കുമെന്ന് പച്ചയ്ക്ക് പറയുകയാണ്.

ഗുജറാത്ത് വംശഹത്യയിൽ ബലാൽസംഗം സ്ത്രീകൾക്കെതിരെ സംഘ്പരിവാർ ആയുധമാക്കിയതിനെക്കുറിച്ച് വാരിഷ ഫറാസത്തും പ്രീത ഝായും ചേർന്ന് എഴുതിയ പുസ്തകം 'Splintered Justice: Living the Horror of Mass Communal Violence In Bhagalpur And Gujarat' വിശദമായ വിവരണം നൽകുന്നുണ്ട്. കലാപവേളയിൽ ബിൽകിസ് ബാനുവിനു പുറമെ നൂറു കണക്കിന് സ്ത്രീകൾ ക്രൂരമായി മാനഭംഗത്തിന് ഇരയായിട്ടുണ്ടെന്ന് 2016ൽ പുറത്തിറങ്ങിയ പുസ്തകം ചൂണ്ടിക്കാട്ടുന്നു. ബിൽകിസ് മാത്രമാണ് നീതിക്ക് വേണ്ടി അവസാനം വരെ പോരാടിയത്. മറ്റു പലർക്കും തങ്ങളുടെ പോരാട്ടം ഉപേക്ഷിക്കേണ്ടി വന്നു. കേസ് നടത്താനുള്ള സാമ്പത്തിക തടസം, സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന അനുഭവങ്ങൾ, സ്വന്തം ഗ്രാമങ്ങളിൽ നിന്ന് ഏറെ ദൂരെയുള്ള കോടതികളിൽ കേസുകൾ വിചാരണക്കെടുക്കുന്നത് കാരണം അവിടെ എത്തിപ്പെടാനാവാത്തത് തുടങ്ങി നിരവധി കാരണങ്ങളാൽ പലരും തങ്ങൾ അനുഭവിച്ച ദുരന്തം ഓർക്കാൻ പോലും താൽപര്യം കാണിക്കുന്നില്ല.

ബിൽക്കിസ് ബാനുവിനെ ആക്രമിച്ച കലാപകാരികൾ ഇന്ന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ട് ഇരുമ്പഴിക്കുള്ളിലാണ്. അതേ കേസിൽ സംസ്ഥാന സർക്കാരിനോട് രണ്ടാഴ്ചയ്ക്കകം അമ്പത് ലക്ഷം രൂപ ബിൽക്കിസ് ബാനുവിന് നഷ്ടപരിഹാരമായി നൽകണം എന്ന് ഉത്തരവിട്ടിരിക്കുകയാണ് സുപ്രീം കോടതി ഇന്നലെ. കലാപത്തിനിടെ ബാനു അനുഭവിച്ച ദുരിതങ്ങൾക്കുള്ള നഷ്ടപരിഹാരമായി അവർക്ക് നിയമാനുസൃതമുള്ള ഒരു സർക്കാർ ജോലിയും താമസ സൗകര്യങ്ങളും അനുവദിച്ചുനൽകണം എന്നാണ് കോടതിയുടെ നിർദ്ദേശം. കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതായി ഗുജറാത്ത് സർക്കാർ കോടതിയെ അറിയിച്ചു. മൂന്ന് ഉദ്യോഗസ്ഥരുടെ പെൻഷൻ തടഞ്ഞുവെന്നും ഒരു ഉദ്യോഗസ്ഥനെ തരം താഴ്‌ത്തിയതായും ഗുജറാത്ത് സർക്കാർ കോടതിയെ അറിയിച്ചു

ഏറെക്കുറെ ബാനുവിന് നീതി കിട്ടി എന്നുതന്നെ പറയാം. പക്ഷേ നമ്മുടെ രാജ്യം ബിൽക്കീസിനോട് ക്ഷമ പറയേണ്ടെ. കൂടെ നിൽക്കേണ്ടേ. ഇന്നും നില നിൽക്കുന്ന ഈ ധ്രുവീകരണം അവസാനിപ്പിക്കാൻ ശ്രമിക്കേണ്ടേ? പക്ഷേ ബിൽക്കീസിനെ കുറിച്ച് മാത്രമല്ല. ഗുജറാത്ത് കലാപത്തെക്കുറിച്ച് ഇനിയും നമ്മുടെ പ്രധാനമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്ന് ഓർക്കണം. ഇലക്ഷൻ സമയമായതിനാൽ ഇനി ഒന്നും പ്രതീക്ഷിക്കേണ്ട.

തലകുനിച്ച് കോടതി, ഒന്നും മിണ്ടാതെ മോദി

ബിൽക്കീസിന്റെ ഭർത്താവ് ഹൈദറിന്റെ വാക്കുകൾ കേട്ടാൽ ആരും നടുങ്ങിപ്പോകും. തന്റെ കൺമുന്നിൽ ഭാര്യയെ മാനഭംഗപ്പെടുത്തിയവർ പരിചയക്കാരും തന്റെ ഉന്തുവണ്ടിയിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുന്നവരാണെന്നും പറയുമ്പോൾ ഹൈദർ വിറങ്ങലിച്ചു പോകും. ദിവസവും തന്റെ മുന്നിലൂടെ ആ കാപാലികർ നടന്നുപോകുന്നതു കാണുമ്പോൾ ഭാര്യക്ക് നീതി നേടിക്കൊടുക്കുന്നതിൽ താൻ തികഞ്ഞ പരാജയമാണല്ലോ എന്ന കുറ്റബോധമാണ് അയാൾക്ക്. അതാണ് പ്രശ്നം. എത്രപെട്ടന്നാണ് അവർ, നമ്മൾ എന്ന അജണ്ടയിലേക്ക് കാര്യങ്ങൾ മാറിയത്. അത് നാടിന്റെ പൊതുദുഃഖമാണ്. വിഭജനകാലത്തും മറ്റും രക്തപ്പുഴയൊഴുക്കിയിട്ടും നാം ഒന്നും പഠിക്കുന്നില്ല.

വിധി പ്രഖ്യാപിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് ദീപക് ഗുപ്തയും ഉൾപ്പെട്ട ബെഞ്ച് ഗുജറാത്ത് സർക്കാരിന്റെ അഭിഭാഷകനോട് തുറന്ന കോടതിയിൽ പറഞ്ഞത് പത്രങ്ങളിൽ വന്നിട്ടുണ്ട്. 'സർക്കാരിനെതിരെ ഉത്തരവിൽ ഞങ്ങൾ ഒന്നും പറയുന്നില്ല എന്നത് ഒരു ഭാഗ്യമായി കരുതിയാൽ മതി'' എന്നായിരുന്നു കോടതിയുടെ പ്രതികരണം. ഈ വാചകം ജഡ്ജിമാരിൽനിന്നുണ്ടായത് വെറുതെയല്ല. നിയമസംവിധാനത്തെത്തന്നെ നോക്കുകുത്തിയാക്കി, ഈ കേസിലെ കൊടുംപാതകികളായ പ്രതികളെ രക്ഷിക്കാൻ തീവ്രശ്രമമാണ് സർക്കാർ നടത്തിയത്. കേസിൽ കൃത്യവിലോപം കാട്ടിയതിനും തെളിവ് നശിപ്പിച്ചതിനും ശിക്ഷിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെയും ഡോക്ടർമാരെയും സംരക്ഷിക്കാൻ അവസാന നിമിഷംവരെ ഗുജറാത്ത് സർക്കാർ ശ്രമിച്ചു. ഒടുവിൽ സുപ്രീംകോടതി അന്ത്യശാസനം നൽകിയ ശേഷമാണ് അവർക്കെതിരെ നടപടി എടുക്കാൻ തയ്യാറായത്.

ഒരു സംസ്ഥാന സർക്കാരിന്റെയും അതിന്റെ സർവസന്നാഹങ്ങളുടെയും ഒത്താശയോടെയുള്ള ഒരു വംശഹത്യയാണ് ഗുജറാത്തിൽ 2002ൽ നടന്നതെന്ന് ഒരിക്കൽക്കൂടി രാജ്യത്തെ പരമോന്നത കോടതിതന്നെ സ്ഥിരീകരിക്കുകയാണ് ഈ വിധിയിലൂടെ ഉണ്ടായത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം ഇതൊക്കെത്തന്നെയാണ് സംഭവിക്കുന്നത്. ചിലരൊക്കെ ശിക്ഷിക്കപ്പെട്ടത് പലവട്ടം സുപ്രീംകോടതിയുടെ ഇടപെടൽ കൊണ്ടാണ്. കേസിൽ പരാതിക്കാരെയും സാക്ഷികളെയും കേസ് പരിഗണിക്കുന്ന ജഡ്ജിമാരെയും സംഘപരിവാർ ഭീഷണിപ്പെടുത്തുന്നു. ടീസ്റ്റ സെതൽവാദിനെപ്പോലെ ഇരകൾക്കൊപ്പം നിന്നവരെ നിരന്തരം കേസിൽ കുടുക്കി വേട്ടയാടുന്നു.

എത്ര നിസ്സംഗതതോടെയാണ രാജ്യം ബിൽക്കീസ് വിധിയെ കണ്ടത് എന്നോർക്കുക. ബിൽക്കീസ് ബാനുവിന് അനുകൂലമായി സുപ്രീംകോടതി വിധിവന്ന ദിവസമാണ് ഗുജറാത്ത് പോളിങ് ബൂത്തിലേക്ക് പോയത്. എന്നിട്ടും ഒരു സംഘപരിവാർ നേതാവും വിധി പരിശോധിക്കും എന്ന് പറഞ്ഞില്ലെന്ന് മാത്രമല്ല, ഒളിവും മറയുമില്ലാത്ത 'സാധ്വി'കളും 'പ്രാഞ്ചി'കളും ഗുജറാത്ത് ആവർത്തിക്കുമെന്ന് പച്ചയ്ക്ക് പറയുകയാണ്. മുസ്ലിങ്ങളെ നശിപ്പിക്കണമെങ്കിൽ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വോട്ടുചെയ്യണമെന്ന് ബിജെപി ഉത്തർപ്രദേശ് നേതാവ് രഞ്ചീത് ബഹദൂർ ശ്രീവാസ്തവ പറഞ്ഞത് കേവലം നാവുപിഴയല്ല. ഗോൾവാക്കറും ഹെഡ്ഗേവാറും ഊട്ടി വളർത്തിയ വ്യക്തമായ സംഘപരിവാർ ബോധം തന്നെയാണ്.

പക്ഷേ ഒരുകാര്യം പറയാതെ വയ്യ. സംഘ്പരിവാർ ഭീകരർക്കെതിരെ പോരാടുന്നവർക്ക് ബിൽക്കീസ് ബാനു ആവേശമാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ സൂപ്രീംകോടതിയിൽ നിന്ന് ഇങ്ങനെയൊരു വിധിയുണ്ടായത് ഗുജറാത്ത് കലാപത്തിന്റെ മറവിൽ, തന്റെ അനുയായികൾ ചെയ്തു കൂട്ടിയ ബലാൽസംഗങ്ങളുടെയോ കൂട്ടക്കൊലകളുടെയോ പേരിൽ ഒരു മനസ്താപവും പ്രകടിപ്പിക്കാത്ത നരേന്ദ്ര മോദിയുടെ മുഖത്തേറ്റ അടികൂടിയാണ്. വോട്ട് ചെയ്യുന്നതിനു മുമ്പ് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങുന്ന മോദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പാറി നടക്കു ദിവസം തന്നെയാണ് ഈ വിധിയും വന്നത് എന്നോർക്കണം.

ഗർഭിണിയുടെ വയറ്റിൽ തലോടിയ സുരേഷ്ഗോപി തൊട്ട് മോദി വരെയുള്ളവർ ബിൽക്കീസ് ബാനുവിന്റെ പേര് കേൾക്കുമ്പോൾ വിറയ്ക്കണം. വരുന്ന ദിവസങ്ങളിൽ ഇതൊരു പൊളിറ്റിക്കൽ കാമ്പയിനായും മാറാനും സാധ്യതയുണ്ട്.

വാൽക്കഷ്ണം:

ബിൽക്കീസ് ബാനുവിനൊപ്പം ഓർക്കേണ്ട മറ്റൊരു ധീരവനിതയാണ് മലികാ ബീഗം. 1989 ഒക്ടോബറിൽ ബിഹാറിലെ ഭഗൽപൂരിലുണ്ടായ വർഗീയ കലാപത്തിൽ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കൺമുന്നിലിട്ട് കലാപകാരികൾ കൊന്നപ്പോൾ അവശേഷിച്ചത് അവൾ മാത്രമായിരുന്നു. ഒരു കാൽ വെട്ടിമാറ്റി ചന്ദേരി ഗ്രാമത്തിലെ കുളത്തിലേക്ക് വലിച്ചെറിയപ്പെട്ട 14കാരി മലികാ ബീഗം തന്നെ. ആ കുളം കബന്ധങ്ങളാൽ നിറഞ്ഞിരുന്നു. ഗ്രാമത്തിലെ 65 മുസ്ലിംകളെ അരിവാൾ കൊണ്ട് അരിഞ്ഞു കുളത്തിലേക്ക് എറിഞ്ഞതിന് ദൃക്‌സാക്ഷിയായിരുന്നു അവർ. എല്ലാ ഭീഷണികളെയും അവഗണിച്ച് മലികാ ബീഗവും സാക്ഷി പറയാൻ വന്നു. അങ്ങനെയാണ് 16 കാപാലികരെ കോടതി ശിക്ഷിച്ചത്. നടുക്കുന്ന ആ സംഭവങ്ങളുടെ ഓർമകൾ കൺമുന്നിൽ വരുമ്പോഴെല്ലാം തന്റെ ഉത്തരവാദിത്തം നിർവഹിച്ചെന്ന ആശ്വാസം മാത്രമാണ് മലികാ ബീഗത്തിനുള്ളത്. മല്ലികാ ബീഗത്തിനുശേഷം ചരിത്രം തിരുത്തപ്പെടുകയാണ്.. ബിൽക്കീസ് ബാനുവിലൂടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP