Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിക്കറ്റ് എടുത്തത് തൃശൂർക്ക്; പുലർച്ചെ ബസ് മണ്ണുത്തിയിൽ എത്തിയപ്പോൾ ഇറങ്ങിക്കോ എന്ന് കല്ലടക്കാർ; ബസിന്റെ പടിയിൽ നിന്ന് ഇറങ്ങിയില്ല; 'എന്നെ തൃശൂരിൽ ഇറക്കാതെ ബസ് ഒരടിപോലും അനങ്ങില്ല' എന്നു പറഞ്ഞു; അലമ്പ് ഉണ്ടാക്കേണ്ട ഘട്ടത്തിൽ അതിനു മടിക്കാത്തതിനാൽ ഇടപെടൽ കർശനമാക്കി; യാത്രക്കാർ കൂടി ഇടപെട്ടതോടെ ജീവനക്കാർ ഇറങ്ങി ഓട്ടോപിടിച്ചു കൂലിയായി ഇരുനൂറു രൂപയും നൽകി; കല്ലടയുടെ ഗുണ്ടായിസത്തിന് അതേ നാണയത്തിൽ മറുപണി കൊടുത്ത മുഹമ്മദ് സനീബിന്റെ കഥ

ടിക്കറ്റ് എടുത്തത് തൃശൂർക്ക്; പുലർച്ചെ ബസ് മണ്ണുത്തിയിൽ എത്തിയപ്പോൾ ഇറങ്ങിക്കോ എന്ന് കല്ലടക്കാർ; ബസിന്റെ പടിയിൽ നിന്ന് ഇറങ്ങിയില്ല; 'എന്നെ തൃശൂരിൽ ഇറക്കാതെ ബസ് ഒരടിപോലും അനങ്ങില്ല' എന്നു പറഞ്ഞു; അലമ്പ് ഉണ്ടാക്കേണ്ട ഘട്ടത്തിൽ അതിനു മടിക്കാത്തതിനാൽ ഇടപെടൽ കർശനമാക്കി; യാത്രക്കാർ കൂടി ഇടപെട്ടതോടെ ജീവനക്കാർ ഇറങ്ങി ഓട്ടോപിടിച്ചു കൂലിയായി ഇരുനൂറു രൂപയും നൽകി; കല്ലടയുടെ ഗുണ്ടായിസത്തിന് അതേ നാണയത്തിൽ മറുപണി കൊടുത്ത മുഹമ്മദ് സനീബിന്റെ  കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: യാത്രക്കാർക്ക് നേരെ ഗുണ്ടായിസം കാട്ടുന്ന കല്ലട സുരേഷ് ബസ് ഗ്രൂപ്പിന്നെതിരെ നിരവധി പരാതികൾ ഉയർന്നിരിക്കെ കല്ലടയുടെ ഗുണ്ടായിസം ചെറുത്ത് തോൽപ്പിച്ച അനുഭവം നിരത്തി ബസിലെ യാത്രക്കാരനായ മുഹമ്മദ് സനീബ് രംഗത്ത്. യാത്രക്കാരെ പറഞ്ഞുപറ്റിക്കുകയും ചോദ്യം ചെയ്താൽ ഗുണ്ടായിസം പുറത്ത് എടുക്കുകയും ചെയുന്ന കല്ലട സുരേഷ് ഗ്രൂപ്പിന് പണികൊടുത്ത സംഭവമാണ് മുഹമ്മദ് സനീബ്  വിവരിക്കുന്നത്. കല്ലടയിൽ നിന്ന് ദുരനുഭവം നേരിട്ട ആളുകൾ രംഗത്ത് വരണമെന്നും അവർക്ക് അതിനായി ഊർജ്ജം പകരാനാണ് തനിക്ക് നേരിട്ട അനുഭവം വിവരിക്കുന്നത് എന്നുമാണ് മുഹമ്മദ് സനീബ് മറുനാടനോട് പ്രതികരിച്ചത്. മൂന്നു മാസം മുൻപ് ബാഗ്ലൂർ-തൃശൂർ യാത്രയിൽ കല്ലടയിൽ നിന്നും തനിക്ക് നേരിട്ട അനുഭവമാണ് മുഹമ്മദ് സനീബ് പങ്കുവയ്ക്കുന്നത്.

ബാഗ്ലൂർ-തൃശൂർ റൂട്ടിൽ ഇടയ്ക്ക് യാത്ര ചെയ്യാറുണ്ട്. പലപ്പോഴും യാത്ര ചെയ്യുന്നത് കല്ലടയിൽ ആയതിനാൽ ബംഗളൂരുവിലെ മടിവാളയിലെ കല്ലട ഓഫീസിലാണ് എത്തിയത്. രാവിലെ അഞ്ചോടെയാണ് തൃശൂർ എത്തുന്നത്. അതിനാൽ ആദ്യമേ അന്വേഷിച്ചു. മണ്ണുത്തി ഇറങ്ങി തൃശൂർക്ക് പോകേണ്ടി വരുമോ അതോ തൃശൂർ ബസ് സ്റ്റാൻഡിൽ എത്തുമോ? കല്ലട ഓഫീസിൽ ആദ്യമേ ഈ രീതിയിലാണ് അന്വേഷണം നടത്തിയത്. മണ്ണുത്തിയില്ല തൃശൂർ ബസ് സ്റ്റാൻഡിൽ തന്നെ ബസ് നിർത്തും. തൃശൂരിലേക്ക് ടിക്കറ്റ് എടുത്തുകൊള്ളൂ. കല്ലട ഓഫീസിൽ നിന്നും പറഞ്ഞു. രാവിലെ അഞ്ചുമണിക്ക് എത്തിയാൽ മണ്ണുത്തിയിൽ നിന്നും ഓട്ടോ ലഭിക്കാൻ പ്രയാസമാണ്.

കല്ലട സ്റ്റാഫിനെപ്പോലുള്ള ഗുണ്ടായിസം കാണിക്കുന്നവർ ഈ ഓട്ടോ ഡ്രൈവർമാർക്കിടയിലും കാണും. 200 രൂപ മണ്ണുത്തിയിൽ നിന്നും അതിരാവിലെ നൽകേണ്ടി വരും. ഈ രൂപ കൂടാനും സാധ്യതയുണ്ട്. ഓട്ടോക്കാരുമായുള്ള തർക്കം ഒഴിവാക്കാനാണ് കല്ലട ബസ് ഓഫീസിൽ ആദ്യമേ അന്വേഷിച്ചത്. മണ്ണുത്തിയിലെ സ്റ്റോപ്പുള്ളൂ എങ്കിൽ കല്ലട ഒഴിവാക്കി തൃശൂർ സ്റ്റാൻഡിൽ പോകുന്ന മറ്റു ടൂറിസ്റ്റു ബസിൽ പോകാനായിരുന്നു തീരുമാനം. പക്ഷെ ബസ് ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൽ പോകും എന്ന് ഉറപ്പ് പറഞ്ഞതിനാലാണ് കല്ലടയിൽ തന്നെ സീറ്റ് ബുക്ക് ചെയ്തത്-മുഹമ്മദ് സനീബ് പറയുന്നു.

വാളയാർ എത്തിയപ്പോൾ തന്നെ ഉണർന്നിരുന്നു. വളരെ പെട്ടെന്ന് തന്നെ തൃശൂർ എത്തിയതായി അറിയിപ്പ് വന്നു. ബസിന്റെ പടിയിൽ നിന്നും നോക്കിയപ്പോൾ തന്നെ മനസിലായി തൃശൂർ അല്ല. മണ്ണുത്തിയാണ് എന്ന്. അതോടെ ഇവിടെ ഇറങ്ങേണ്ട എന്ന് തീരുമാനിച്ചു. പക്ഷെ കല്ലടക്കാർ പറഞ്ഞു. തൃശൂർ ആയി. ഇറങ്ങിക്കോ. തൃശൂർ ടൗണിലേക്കാണ് എന്റെ ടിക്കറ്റ്. തൃശൂർ ടൗണിൽ പോകും എന്ന് പറഞ്ഞിട്ടാണ് കയറിയത്. ഇത് മണ്ണുത്തിയാണ്. ഇവിടെ ഇറങ്ങുന്നില്ല. എന്നെ തൃശൂർ എത്തിക്കാതെ ബസ് ഒരടിപോലും മുന്നോട്ടു പോകില്ല. ഒന്നുകിൽ എന്നെ തൃശൂർ ടൗണിൽ ആക്കുക. അല്ലെങ്കിൽ ഇവിടെനിന്ന് എനിക്ക് ഓട്ടോ പിടിച്ചു തന്നു അതിന്റെ കാശ് നൽകുക. കല്ലടക്കാർ പതിച്ചുപോലെ ബലം പിടിച്ചു. ഇത്തിരി അലമ്പ് ഉണ്ടാക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത സ്വഭാവമാണ് എന്റേത്. എന്റെ പ്രതികരണത്തിൽ നിന്നും കല്ലടക്കാർക്ക് കാര്യം മനസിലായി. ഇറങ്ങാൻ ഞാൻ കൂട്ടാക്കിയതുമില്ല. അതോടെ യാത്രക്കാരും ഇടപെട്ടു. ന്യായമല്ലാത്ത കാര്യമാണിത്. ഇത് തീർപ്പാക്കണം. അവരും ആവശ്യപ്പെട്ടു. ഇതോടെ കല്ലടയിലെ ഒരു സ്റ്റാഫ് എന്റെ കൂടെ വന്നു. ഒരു ഓട്ടോ വിളിച്ചു കൊണ്ടുവന്നു. 200 രൂപ ഓട്ടോക്കാരന് യാത്രക്കൂലിയായി നൽകി-മുഹമ്മദ് സനീബ് പറയുന്നു.

ഇതേ കല്ലട ഗ്രൂപ്പിന്റെ ബസിൽ യാത്രക്കാർക്ക് മർദ്ദനം ഏറ്റത് ദൗർഭാഗ്യകരമായ കാര്യമാണ്. കല്ലടയ്ക്ക് എതിരെ യാത്രക്കാർ സംഘടിക്കുക തന്നെ വേണം. കാരണം ഇത്തവണ ആ യാതക്കാർക്ക് ആണ് മർദനമേറ്റത് എങ്കിൽ ഇനി വരാൻ പോകുന്നത് നമ്മളെപ്പോലുള്ള കല്ലട യാത്രക്കാർക്ക് ആകും. ഈ ഗുണ്ടാ രീതികൾ ഇത്തവണയെങ്കിലും അവസാനിപ്പിക്കണം. മർദ്ദനമേറ്റവർക്ക് പൂർണ്ണ പിന്തുണ നല്കണം. ബോയ്കോട്ട് കല്ലട എന്ന ഹാഷ് ടാഗ് പ്രചരിക്കുന്നുണ്ട്. എല്ലാവരും ഈ ഹാഷ് ടാഗ് പ്രചരിപ്പിക്കണം-മുഹമ്മദ് സനീബ് പറയുന്നു. കല്ലടയുടെ ഗുണ്ടായിസത്തെ എതിർത്ത് തോൽപ്പിക്കാൻ അതെ രീതികൾ തന്നെ പ്രയോഗിച്ച് വിജയിച്ച കാര്യമാണ് മുഹമ്മദ് സനീബ് പറയുന്നത്. കല്ലട അനുവർത്തിക്കുന്ന രീതികൾ ഇതേ രീതിയൽ തിരികെ നൽകിയാൽ കല്ലട മുട്ടുകുത്തും എന്നും സനീബ് പറയുന്നു. എന്റെ കല്ലട അനുഭവങ്ങൾ എന്ന് തലക്കെട്ട് നൽകിയാണ് സനീബിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. കല്ലടയുടെ മർദ്ദനത്തിന്റെ പേരിൽ നിരവധി പേർ സനീബിന്റെ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.

അതേസമയം കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസ് ഉടമയായ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, അന്വേഷണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഏറ്റെടുത്തതിനാൽ അവിടെയാകും ഹാജരാക്കുക. ഇന്നലെ ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും സുരേഷ് കല്ലട എത്തിയില്ല. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചേക്കും. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന്റെ അടിസ്ഥാനത്തിലാകും അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP