Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള നൈറ്റ് സർവ്വീസുകൾ പെർമിറ്റില്ലാതെയുള്ള തട്ടിപ്പെന്ന് ജനം തിരിച്ചറിഞ്ഞതോടെ കണ്ണിൽ പൊടിയിടാൻ ഓപ്പറേഷൻ നൈറ്റ് റെയ്ഡുമായി മോട്ടോർ വാഹന വകുപ്പ്; യാത്രക്കാരെ കൊണ്ട് പോകുന്നിടങ്ങിളിലും ഏജന്റുമാരുടെ ഓഫീസുകളിലും പരിശോധിക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച് സ്‌പെഷ്യൽ സ്‌ക്വാഡ്; പെർമിറ്റുകൾ ഇല്ലാത്ത വാഹനങ്ങളെ തൊടാൻ പോലും ഭയന്ന് ഉദ്യോഗസ്ഥന്മാരുടെ മാസപ്പടി കൂട്ടുന്നതിനപ്പുറം ഒന്നും സംഭവിക്കാത്ത പരിശോധനാ പ്രഹസനവുമായി സർക്കാർ

അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള നൈറ്റ് സർവ്വീസുകൾ പെർമിറ്റില്ലാതെയുള്ള തട്ടിപ്പെന്ന് ജനം തിരിച്ചറിഞ്ഞതോടെ കണ്ണിൽ പൊടിയിടാൻ ഓപ്പറേഷൻ നൈറ്റ് റെയ്ഡുമായി മോട്ടോർ വാഹന വകുപ്പ്; യാത്രക്കാരെ കൊണ്ട് പോകുന്നിടങ്ങിളിലും ഏജന്റുമാരുടെ ഓഫീസുകളിലും പരിശോധിക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച് സ്‌പെഷ്യൽ സ്‌ക്വാഡ്; പെർമിറ്റുകൾ ഇല്ലാത്ത വാഹനങ്ങളെ തൊടാൻ പോലും ഭയന്ന് ഉദ്യോഗസ്ഥന്മാരുടെ മാസപ്പടി കൂട്ടുന്നതിനപ്പുറം ഒന്നും സംഭവിക്കാത്ത പരിശോധനാ പ്രഹസനവുമായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോളടിച്ചത് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കാണ്. അഴിമതിയുടെ വിളനിലമാണ് ഈ വകുപ്പ്. എഡിജിപി സുധേഷ് കുമാറാണ് ഗതാഗത വകുപ്പ് കമ്മീഷണർ. ചില ഇടപെടലുകൾക്ക് അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കില്ലെന്നതാണ് വസ്തുത. മാസപ്പടി കൂട്ടാനുള്ള സുവർണ്ണാവസരമാണ് ജീവനക്കാർക്ക്. അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള നൈറ്റ് സർവ്വീസുകൾ പെർമിറ്റില്ലാതെയുള്ള തട്ടിപ്പെന്ന് ജനം തിരിച്ചറിഞ്ഞത് കല്ലട സുരേഷ് ബസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ്. ഇതോടെ കണ്ണിൽ പൊടിയിടാൻ ഓപ്പറേഷൻ നൈറ്റ് റെയ്ഡുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത് എത്തുകയും ചെയ്തു. വളരെ വിചിത്രമായ കാര്യങ്ങളാണ് നടക്കുന്നതും. യാത്രക്കാരെ കൊണ്ട് പോകുന്നിടങ്ങിളിലും ഏജന്റുമാരുടെ ഓഫീസുകളിലും പരിശോധിക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച് സ്‌പെഷ്യൽ സ്‌ക്വാഡ് സജീവമാകുമ്പോൾ. റെയ്ഡ് എന്നാൽ രഹസ്യമായി ചെയ്യുന്നതാണ്. എന്നാൽ പരസ്യമായി എല്ലാം പ്രഖ്യാപിച്ചുള്ള മിന്നൽ പരിശോധനായണ് കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്.

പെർമിറ്റുകൾ ഇല്ലാതെ ഓടുന്ന വാഹനങ്ങളെ തൊടാൻ പോലും ഉദ്യോഗസ്ഥർ ശ്രമിക്കില്ല. ബസ് മാഫിയയുടെ രാഷ്ട്രീയ സ്വാധീനവും ഇതിന് കാരണമാണ്. അതുകൊണ്ട് തന്നെ വിവാദത്തിന്റെ പേരിൽ മാസപ്പടി ഉയർത്താനാകും ഉദ്യോഗസ്ഥരും ശ്രമിക്കുക. ഉദ്യോഗസ്ഥന്മാരുടെ മാസപ്പടി കൂട്ടുന്നതിനപ്പുറം ഒന്നും സംഭവിക്കാത്ത പരിശോധനാ പ്രഹസനവുമാണ് സർക്കാർ നടത്തുന്നതെന്ന വാദമാണ് സജീവമാണ്. സംസ്ഥാനാന്തര, ദീർഘദൂര സർവീസുകൾ നടത്തുന്ന ബസ് ഓപ്പറേറ്റർമാർക്കു ലൈസൻസ്ഡ് ഏജന്റ് ഫോർ പബ്ലിക് ട്രാൻസ്‌പോർട്ട് (എൽഎപിടി) പദവിയില്ലെന്നു പരാതി സജീവമാണ്. ഇതു നിർബന്ധമാക്കാത്തതിനാലും വകുപ്പുതല പരിശോധനകൾ നടത്താത്തതിനാലും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടവും സർക്കാരിനുണ്ടാകുന്നു. ബസ് ഓപ്പറേറ്റർമാരുടെ ഓരോ ഓഫിസുകൾക്കും എൽഎപിടി വേണമെന്നതാണു നിയമം. എന്നാൽ, കേരളത്തിൽ മൂന്നോ നാലോ ഓപ്പറേറ്റർമാർക്കു മാത്രമാണ് എൽഎപിടി ഉള്ളത്. കല്ലട ബസിലെ വിവാദത്തോടെ ഇത്തരം അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ ചർച്ചയായി. ഇതൊന്നും മോട്ടോർ വാഹന വകുപ്പ് കാര്യമായി എടുക്കുന്നില്ല.

ബസ് ഓപ്പറേറ്റർമാരുടെ ഓഫിസുകളിൽ ശുചിമുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, ഉപഭോക്തൃ സേവന കേന്ദ്രം ഏർപ്പെടുത്തുക തുടങ്ങിയവയാണ് എൽഎപിടി വഴി ഉറപ്പു വരുത്തുന്നത്. 3 വർഷം കൂടുമ്പോൾ പരിശോധന നടത്തി ലൈസൻസ് പുതുക്കുകയും വേണം. 3500 രൂപയാണ് ഓരോ ഓഫിസുകളുടെയും ലൈസൻസിനായി അടയ്‌ക്കേണ്ടത്. ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകൾക്കു കേരളത്തിലെമ്പാടുമായി രണ്ടായിരത്തോളം ഓഫിസുകളുണ്ട്. ബസ് വൈകിയതിനാൽ കാത്തുനിൽക്കേണ്ടി വന്ന സ്ത്രീ യാത്രക്കാർക്ക് ഒരു സ്വകാര്യ ബസ് ഓപ്പറേറ്റർ ശുചിമുറി സൗകര്യങ്ങൾ ഏർപ്പെടുത്താഞ്ഞതിനെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എൽഎപിടി ഉള്ള ഓഫിസുകളായിരുന്നെങ്കിൽ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാം. കാര്യമായ പരിശോധന നടത്താത്തതാണ് ഇവർക്കു നിയമം ലംഘിക്കാൻ പ്രേരണ നൽകുന്നത്.

ബെംഗളൂരു പെർമിറ്റ് ബസുകളിൽ വരുന്നത് ടൺകണക്കിന് അനധികൃത ലഗേജാണ്. ഇതിന് കൂട്ടുനിൽക്കുന്നതു മോട്ടർവാഹന വകുപ്പിലെയും നികുതി വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണെന്ന് ആരോപണമുണ്ട്. യാത്രക്കാരുടെ ലഗേജ് കൊണ്ടുവരാൻ മാത്രമേ ഈ ബസുകൾക്കു പെർമിറ്റുള്ളു. എന്നാൽ മിനി ലോറിയിൽ കൊള്ളുന്നത്ര ലഗേജുമായാണ് പല ബസുകളും വരുന്നത്. പല ബസുകളിലും യാത്രക്കാർ കുറവും ലഗേജ് കൂടുതലുമാണ്. ഇത്തരം ലഗേജ് ഇറക്കാനായി മാത്രം തൃശൂരിൽ പോർട്ടർമാരുണ്ട്്. ലോറികളിൽ ലഗേജ് കൊണ്ടുവരുമ്പോൾ ഓൺലൈനിൽ നികുതിയടച്ചിന്റെ രേഖയോ ജിഎസ്ടി രേഖകളോ ലഗേജിനൊടൊപ്പം കരുതണം. എന്നാൽ ബസിൽ വരുന്ന മിക്ക ലഗേജിനും ഇത്തരം രേഖകളില്ല. എന്നാൽ ഇതൊന്നും പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറല്ല. തൽകാലത്തേക്ക് ലെഗേജുകൾ എടുക്കരുതെന്ന നിർദ്ദേശം മുതലാളി മാർക്ക് ഉദ്യോഗസ്ഥർ തന്നെ നൽകിയിട്ടുണ്ട്. വിവാദങ്ങൾ തീരുമ്പോൾ എല്ലാം പഴയതു പോലെ ആകാമെന്നാണ് കൊടുത്തിരിക്കുന്ന നിർദ്ദേശം. അങ്ങനെ പരിശോധന തട്ടിപ്പിലേക്ക് എത്തിക്കാനാണ് നീക്കം. എല്ലാം ഒരു ഒത്തുകളിയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങൾ. നിയമപ്രകാരം നീങ്ങിയാൽ കേരളത്തിൽ നിന്നുള്ള എല്ലാ സർവ്വീസുകളും മോട്ടോർ വാഹന വകുപ്പിന് റദ്ദാക്കാവുന്നതാണ്.

അയൽ സംസ്ഥാനങ്ങളിലേക്കു നിയമം ലംഘിച്ച് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ നടപടിയെടുക്കാൻ 'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സുമായി' മോട്ടോർ വാഹന വകുപ്പ്. 'സുരേഷ് കല്ലട' ബസിൽ യാത്രക്കാരെ ക്രൂരമായി മർദിച്ചതിനെത്തുടർന്നു വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണു നടപടി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ തലവനായി മൂന്നംഗ പരിശോധന സംഘം രൂപീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർക്കു ഗതാഗത കമ്മിഷണർ നിർദ്ദേശം നൽകി. സ്വകാര്യ ബസ് കമ്പനികളുടെ ഓഫിസുകളിലും യാത്രക്കാരെ കൊണ്ടുപോകുന്ന സ്ഥലങ്ങളിലും സംഘം പരിശോധന നടത്തണം. ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്ത ബുക്കിങ് ഓഫിസുകൾക്ക് നോട്ടിസ് നൽകി പ്രവർത്തനം തടയണം. യാത്രക്കാരിൽനിന്ന് ഉയർന്ന തുക വാങ്ങുന്നതു ശ്രദ്ധയിൽപ്പെട്ടാൽ പരാതി എഴുതി വാങ്ങിയശേഷം തുടർനടപടി സ്വീകരിക്കണം. വാഹനത്തിന്റെ പെർമിറ്റ് ഉടമയോ ഉടമസ്ഥനോ വാഹനനികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോയെന്നു പരിശോധിക്കണം. വാഹനത്തിന്റെ പേരിൽ മുമ്പു കേസുകളുണ്ടോയെന്നും നോക്കണം.

യാത്രക്കാരുടേതല്ലാത്ത ലഗേജുകൾ കൊണ്ടുപോകുന്നുണ്ടോ, സ്പീഡ് ഗവർണറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയവ പരിശോധിക്കണം. ആവശ്യമെങ്കിൽ ആർടിഒമാർ പൊലീസിന്റെ സഹായം തേടണം. പരിശോധന സമയത്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകരുത്. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒയാണു നോഡൽ ഓഫിസർ. യാത്രക്കാർക്കു പരാതിയുണ്ടെങ്കിൽ 8281786096 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നും ഗതാഗത കമ്മിഷണർ അറിയിച്ചു. എന്നാൽ ഇത്തരം പരിശോധനകളല്ല ബസ് ഓട്ടം നിർത്തുകയാണ് വേണ്ടതെന്നാണ് ഉയുരുന്ന വാദം. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് ദിവസവും എത്തുന്നത് 500ൽ അധികം സ്വകാര്യ ബസുകളാണ്. എല്ലാവരും ഓടുന്നത് ഇടക്ക് നിർത്തി ആളെ ഇറക്കാനോ കയറ്റാനോ അവകാശമില്ലാത്ത ടൂറിസ്റ്റ് ബസ് പെർമിറ്റ് ബലത്തിലും. അതുകൊണ്ട് തന്നെ നിയമവിരുദ്ധമാണ് സർവ്വീസെല്ലാം. റെഡ് ബസിൽ പരിശോധിച്ചാൽ തന്നെ ബസുകൾ ആളെ ഇറക്കുന്നതും കയറ്റുന്നതും വ്യക്തമാകും. അതുകൊണ്ട് തന്നെയാണ് പരിശോധനയും സ്‌പെഷ്യൽ സ്‌ക്വാഡുമെല്ലാം അനാവശ്യമാണെന്ന വാദം സജീവമാകുന്നതും.

സ്റ്റേജ് ക്യാരേജസിനെപ്പോലെ ഓരോ സ്റ്റോപ്പിലും നിർത്തി ആളെയെടുക്കാൻ അനുമതി കോൺട്രാക്ട് ക്യാരേജേഴ്സിനില്ല. എന്നാൽ കേരളത്തിൽ തലങ്ങും വലങ്ങും രാത്രി കാലത്ത് ഓടുന്ന പ്രൈവറ്റ് ബസുകൾ എല്ലാ പ്രധാന കവലകളിലും ആളുകളെ ഇറക്കുകയും കയററുകയും ചെയ്യുന്നു. വേഗപരിധിയില്ല, സർവ്വീസ് തോന്നുംപടി അങ്ങനെ അന്തർ സംസ്ഥാന വാഹനങ്ങളുടെ യാത്ര നിയമങ്ങൾ കാറ്റിൽപറത്തിയാണ്. സർവ്വീസ് കോൺട്രാക്ട് കാരിയേജ് പെർമിറ്റിന്റെ മറവിലാണ് ടിക്കറ്റ് നൽകി സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നത്. ലാഭം കൊയ്യാനുള്ള അവസരമെത്തുമ്പോൾ കുത്തനെ ചാർജും കൂട്ടും. ട്രാവൽ ഏജന്റുമാരിൽനിന്നോ ഓൺലൈനായോ ആണ് ഇവർ ബുക്കിങ് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർക്കെതിരെ നടപടി എടുക്കാനാകില്ലെന്നാണ് മോട്ടർവാഹന വകുപ്പ് പറയുന്നത്. ഇത് ഇവരെ രക്ഷിക്കാനുള്ള നീക്കമാണ്. റെഡ് ബസ് പോലുള്ള സൈറ്റുകളിൽ പോയാൽ ബുക്കിങ് രീതി മനസ്സിലാകാം. വാഹനം ഓടുന്ന സ്ഥലങ്ങൾക്കിടയിൽ എവിടെ നിന്നും ഇതിൽ കയറാനുള്ള സംവിധാനം നിലവിലുണ്ട്. റെഡ് ബസിലേയും മറ്റും സംവിധാനം പരിശോധിച്ച് നടപടി എടുക്കാവുന്നതേ ഉള്ളൂ. കെ എസ് ആർ ടി സിയെ രക്ഷിക്കാനുള്ള എളുപ്പമാർഗ്ഗവും ഇത്തരം സ്വകാര്യ ബസുകളെ പിടികൂടുകയാണ്.

എന്നാൽ കോടിക്കണക്കിന് രൂപയാണ് ദിവസവും ഈ ബസുകൾ നേടുന്ന വരുമാനം. ഇതിലൊരു പങ്ക് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും കിട്ടുമ്പോൾ നിയമം അവർക്ക് വഴിമാറും. ഓവർ സ്പീഡ് പെറ്റികൾ പോലും പിടിക്കാത്ത സ്ഥിതിയും വരും. കേരളത്തിലേക്കും പുറത്തേക്കും ദിവസവും 500ൽ അധികം ബസുകളാണ് സർവീസ് നടത്തുന്നത്. ഇത് നിരോധിച്ചാൽ വലിയ യാത്രാക്ലേശവുമുണ്ടാകുമെന്ന ന്യായമാണ് ബസുകളുടെ നിയമ വിരുദ്ധ ഓട്ടം തുടരാൻ അനുവദിക്കാൻ പറയുന്ന ന്യായം. ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക പദ്ധതി. കല്ലട ബസിൽ യാത്രക്കാർക്ക് മർദ്ദനമേറ്റതിന് സമാനമായ സംഭവം നടക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുമെന്നും പറയുന്നു. എന്നാൽ നിയമം അനുവദിക്കാത്ത ബസ് ഓട്ടത്തിന് എങ്ങനെ ഇവർ കൂട്ടു നിൽക്കുന്നുവെന്നതിന് ഉത്തരമില്ല.

നിയമപ്രകാരമായിട്ട് അല്ല സ്വകാര്യ ട്രാവൽസ് സർവ്വീസ് നടത്തുന്നതെന്നാണ് വ്യക്തമാകുന്നത്. ബാംഗ്ലൂർ തിരുവനന്തപുരം റൂട്ടിൽ നടത്തുന്ന മിക്ക സർവ്വീസിനെ കുറിച്ച് വ്യാപകമാണ് പരാതികൾ. റൂട്ട് പെർമിറ്റ് എടുക്കാതെയാണ് സർവ്വീസ് നടത്തുന്നത്. ഒരേ പെർമിറ്റ് നമ്പറിൽ രണ്ട് വണ്ടികൾ ഓടിക്കുന്നവരും ഉണ്ട്. ഒരേ സമയം തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക. ഇതിൽ ലഗേജ് കൊണ്ടുവരാൻ പാടില്ലെങ്കിലും ഗുഡ്സ് ഉൾപ്പടെ കൊണ്ട് വരുന്നുണ്ട്. മാത്രമല്ല വലിയ ചാർജ് ആണ് ഇതിന് ഈടാക്കുകയും ചെയ്യുന്നുണ്ട്. ആർടിഒ ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങളുമായി ഉള്ള ബന്ധം വച്ച് സുരേഷ് കല്ലടയെ പോലുള്ള മുതലാളിമാർ നിയമങ്ങളെ വളച്ചൊടിക്കും.

ഒരു കോൺട്രാക്റ്റ് കാരിയർ പെർമിറ്റ് മാത്രമാണ് ഇവർക്ക് ഉള്ളത്. ലഗേജിന് പ്രത്യേക ഫീസ് ഏർപ്പെടുത്തിയും അതിവേഗത്തിൽ ഓടുന്ന വണ്ടികൾക്ക് ടിക്കറ്റിനും അമിത നിരക്ക് ഏർപ്പെടുത്തുന്നുണ്ട്. ഇതും നിയമവിരുദ്ധമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP