Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല വിഷയമല്ലാത്ത മലപ്പുറത്തും പൊന്നാനിയിലും പോളിങ് ശതമാനം കൂടിയില്ല; ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും പോളിങ് കുത്തനെ കൂടി; പോളിങ് ശതമാനം കൂട്ടിയത് ശബരിമല തന്നെയെന്ന് വിലയിരുത്തി ബിജെപി; അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല അക്കൗണ്ടിൽ നല്ല സംഖ്യയുമായിരിക്കുമെന്ന് നേതാക്കൾ; ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും വിശ്വാസികൾ തങ്ങളെയാണ് തുണച്ചതെന്നും യുഡിഎഫ്; പോളിങ് ശതമാനം കൂടിയത് തങ്ങൾക്ക് ഗുണമെന്ന് എൽഡിഎഫും

ശബരിമല വിഷയമല്ലാത്ത മലപ്പുറത്തും പൊന്നാനിയിലും പോളിങ് ശതമാനം കൂടിയില്ല; ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും പോളിങ് കുത്തനെ കൂടി; പോളിങ് ശതമാനം കൂട്ടിയത് ശബരിമല തന്നെയെന്ന് വിലയിരുത്തി ബിജെപി; അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല അക്കൗണ്ടിൽ നല്ല സംഖ്യയുമായിരിക്കുമെന്ന് നേതാക്കൾ; ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും വിശ്വാസികൾ തങ്ങളെയാണ് തുണച്ചതെന്നും യുഡിഎഫ്; പോളിങ് ശതമാനം കൂടിയത് തങ്ങൾക്ക് ഗുണമെന്ന് എൽഡിഎഫും

എം മനോജ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് ശതമാനം കുത്തനെ ഉയർന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന് വ്യാഖ്യാനമാണ് മൂന്നു മുന്നണികളും മുന്നോട്ട് വയ്ക്കുന്നത്. രാത്രി വൈകിയും വോട്ടെടുപ്പ് നടന്നതുകൊണ്ട് അന്തിമശതമാനക്കണക്കിന് ഇനിയും കാത്തിരിക്കണം. അതേസമയം, ത്രികോണ മത്സരം നടക്കുന്ന മൂ്ന്നു മണ്ഡലങ്ങളിലും പോളിങ് ശതമാനത്തിൽ വൻവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 'വോട്ടിങ് ശതമാനം ഉയർന്നതിന്റെ മെച്ചം ബിജെപിക്ക് തന്നെയാണ്. ത്രികോണ മത്സരം നടന്ന സ്ഥലങ്ങളിൽ ബിജെപിയുടെ ശക്തമായ സാന്നിധ്യമുണ്ട്. ബിജെപിക്ക് വിജയ സാധ്യതയുള്ള സ്ഥലങ്ങളിൽ മാത്രമാണ് പോളിങ് ഉയർന്നത്', കെ.സുരേന്ദ്രൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

'ശബരിമല വിഷയത്തിൽ അവർ മനസ് ഉറപ്പിച്ച പോലെയാണ് വോട്ട് ചെയ്യാൻ ഇറങ്ങിയത്. ഈ സർക്കാരിന് പണി കൊടുക്കണം എന്നുറച്ച് തന്നെയായിരുന്നു. പ്രത്യേകിച്ചും ഹൈന്ദവമേഖകളിൽ ഒക്കെ. അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം..മലപ്പുറത്തും പൊന്നാനിയിലും വോട്ടുവർദ്ധന ഉണ്ടായില്ലല്ലോ. മറ്റുസ്ഥലങ്ങളിൽ ഉണ്ടായ പോളിങ് ശതമാനവർദ്ധന എന്തുകൊണ്ടാണ് മലപ്പുറത്തും പൊന്നാനിയിലും ഉണ്ടാകാതിരുന്നത്?കാരണം അവിടെ രണ്ടിടത്തും ശബരിമല വിഷയമല്ല. ശബരിമലയാണ് വോട്ടവിഹിതം കൂട്ടിയത്. ബിജെപിക്ക് ഗണ്യമായ വോട്ടുവർദ്ധനയുണ്ടാവും, മൂന്നുനാലുമണ്ഡലങ്ങളിൽ വിജയിക്കുകയും ചെയ്യും. അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല നല്ല സംഖ്യയായിരിക്കും. വോട്ടിങ് ശതമാനം കൂടിയത് ശബരിമല വിഷയം കാരണമാണ് എന്നാണ് ബിജെപി വിലയിരുത്തുന്നത്. ആ വിഷയത്തിൽ ഒപ്പം നിന്ന് ബിജെപിക്ക് വിശ്വാസികൾ വോട്ടുചെയ്തുവെന്നാണ് കരുതുന്നത്.', ബിജെപി വക്താവ് എം.എസ്.കുമാർ പറഞ്ഞു.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ വോട്ടുചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിയുന്നത്. എട്ടുശതമാനത്തോളം വർദ്ധനയാണ് ഇവിടെ രേഖപ്പെടുത്തിയത്. 13,78,587 പേരിൽ 10,02,062 പേർ വൈകിട്ട് 6.40 ന് ലഭ്യമായ വിവര പ്രകാരം വോട്ട് ചെയ്തു.പോളിങ് ശതമാനം73.68 ശതമാനമാണ്. ആറ്റിങ്ങലിൽ 3 ശതമാനവും വയനാട് 4 ശതമാനവും കൂടുതൽ പോളിങ് അനുഭവപ്പെട്ടു.തിരുവനന്തപുരത്തും പോളിങ് ശതമാനത്തിൽ വർദ്ധന രേഖപ്പെടുത്തി. അവസാന കണക്കുകൾ അനുസരിച്ച് 73.10 ശതമാനമാണ് വോട്ടിങ് നില. തൃശൂരിൽ പോളിങ് ശതമാനം 76 കടന്നു. നാലുശതമാനത്തോളം വർദ്ധനയാണ് ഇവിടെ ഉണ്ടായത്. വയനാട്ടിൽ റെക്കാഡ് പോളിങ് ആണ് രേഖപ്പെടുത്തി.യത്. 79 ശതമാനം. മൂന്നു നിയമസഭാ മണ്ഡലങ്ങളിളും 80 ശതമാനമാണ് പോളിങ് നില.

നേതാക്കളുടെ പ്രതികരണങ്ങളിലേക്ക്:

കെ.സുരേന്ദ്രൻ

പത്തനംതിട്ടയിൽ മികച്ച വിജയം. റെക്കോഡ് ഭൂരിപക്ഷം നേടും. എത്ര സീറ്റ് കിട്ടും എന്നൊന്നും പറയാനാവില്ല. വോട്ടിങ് ശതമാനം ഉയർന്നതിന്റെ മെച്ചം ബിജെപിക്ക് തന്നെയാണ്. ത്രികോണ മത്സരം നടന്ന സ്ഥലങ്ങളിൽ ബിജെപിയുടെ ശക്തമായ സാന്നിധ്യമുണ്ട്. ബിജെപിക്ക് വിജയ സാധ്യതയുള്ള സ്ഥലങ്ങളിൽ മാത്രമാണ് പോളിങ് ഉയർന്നത്.

എം.എസ്.കുമാർ

പോളിങ് ശതമാനം ഉയർന്നത് ബിജെപിക്ക് അനുകൂലമാണ്. ഇന്നലെ വരെ വോട്ടുചെയ്യാത്തവർ ഇന്ന വോട്ട് ചെയ്യാൻ ഇറങ്ങി. സ്ത്രീ വോട്ടർമാരുടെ സജീവ പങ്കാളിത്തം തന്നെ അതാണ് സൂചിപ്പിക്കുന്നത്. ശബരിമല വിഷയത്തിൽ അവർ മനസ് ഉറപ്പിച്ച പോലെയാണ് വോട്ട് ചെയ്യാൻ ഇറങ്ങിയത്. ഈ സർക്കാരിന് പണി കൊടുക്കണം എന്നുറച്ച് തന്നെയായിരുന്നു. പ്രത്യേകിച്ചും ഹൈന്ദവമേഖകളിൽ ഒക്കെ. അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം..മലപ്പുറത്തും പൊന്നാനിയിലും വോട്ടുവർദ്ധന ഉണ്ടായില്ലല്ലോ. മറ്റുസ്ഥലങ്ങളിൽ ഉണ്ടായ പോളിങ് ശതമാനവർദ്ധന എന്തുകൊണ്ടാണ് മലപ്പുറത്തും പൊന്നാനിയിലും ഉണ്ടാകാതിരുന്നത്?കാരണം അവിടെ രണ്ടിടത്തും ശബരിമല വിഷയമല്ല. ശബരിമലയാണ് വോട്ടവിഹിതം കൂട്ടിയത്. ബിജെപിക്ക് ഗണ്യമായ വോട്ടുവർദ്ധനയുണ്ടാവും, മൂന്നുനാലുമണ്ഡലങ്ങളിൽ വിജയിക്കുകയും ചെയ്യും. അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല നല്ല സംഖ്യയായിരിക്കും. വോട്ടിങ് ശതമാനം കൂടിയത് ശബരിമല വിഷയം കാരണമാണ് എന്നാണ് ബിജെപി വിലയിരുത്തുന്നത്. ആ വിഷയത്തിൽ ഒപ്പം നിന്ന് ബിജെപിക്ക് വിശ്വാസികൾ വോട്ടുചെയ്തുവെന്നാണ് കരുതുന്നത്. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ പോലെയുള്ള മണ്ഡലങ്ങളിൽ അതിന്റെ വലിയ മാറ്റങ്ങൾ കാണാൻ സാധിക്കും. തിരുവനന്തപുരത്ത് ചെറിയ സ്വിങ് ഉണ്ടായാൽ പോലും കുമ്മനം ജയിച്ചുകയറും. ഒ.രാജഗോപാൽ പിടിച്ചതിനെക്കാൾ വോട്ടുനേടും. മികച്ച സ്‌ക്വാഡ് പ്രവർത്തനമാണ് ബിജെപി തിരഞ്ഞെടുപ്പിൽ നടത്തിയത്. ടി.പി.ശ്രീനിവാസൻ, സെൻകുമാർ തുടങ്ങിയ പ്രമുഖരുടെ പിന്തുണ കിട്ടി. അങ്ങനെ ബിജെപിയോട് വളരെ അനുകൂല സമീപനമാണ് തിരുവനന്തപുരത്ത് കണ്ടത്.

കെ.മുരളീധരൻ

പോളിങ് ശതമാനം ഉയർന്നത് യുഡിഎഫിന് അനുകൂലമാകുമെന്ന് കെ.മുരളീധരൻ. ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ട്. അത് യുഡിഎഫിന്റെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തിൽ വിശ്വാസികൾ യുഡിഎഫിന് അനുകൂലമായാണ് വോട്ട് ചെയ്തത്. കാരണം ശരിയായ നിലപാട് സ്വീകരിച്ചത് യുഡിഎഫാണ്. വടകരയിൽ അക്രമരാഷ്ട്രീയത്തിനെതിരായാണ് ജനങ്ങൾ വോട്ട് ചെയ്തത്. 50.000 ത്തിന് മേൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. യുഡിഎഫ് 16 മുതൽ 17 സീറ്റ് വരെ നേടും. മലബാർ മേഖലയിലാകെ രാഹുൽ തരംഗമുണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു.

എ.വിജയരാഘവൻ എൽഡിഎഫ് കൺവീനർ

വോട്ടിങ് ശതമാനം ഉയർന്നാൽ എപ്പോഴും ഗുണം ഇടതുപക്ഷത്തിനാണ്. ശബരിമല വിഷയം ചർച്ചയായിട്ടില്ല. ശബരിമല വിഷയം ചർച്ചയാക്കാൻ ശ്രമിച്ചതിലുള്ള പ്രതിഷേധമാണ് വോട്ടെടുപ്പിൽ പ്രതിഫലിക്കുക. രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പ്. യുഡിഎഫിന് ഇത്തവണ കുറഞ്ഞ സീറ്റുകളാവും കിട്ടുക. എൽഡിഎഫിന് ഏറ്റവും കൂടിയഎണ്ണം സീറ്റുകൾ വോട്ടെണ്ണുമ്പോൾ കിട്ടും.

വർഗീസ് ജോർജ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയത്തിന്റെ പ്രധാന കാരണം പോളിങ് ശതമാനം ഉയർന്നതാണ്. 2016 ൽ. അതുതന്നെയാണ് ഈ തിരഞ്ഞെടുപ്പിലും സംഭവിച്ചിരിക്കുന്നത്. ഇടതുമുന്നണിയിലേക്ക് പുതുതായി നാലു പുതിയ ഘടക കക്ഷികൾ കൂടി വന്നതോടെ വോട്ട് 4 ശതമാനത്തോളം കൂടി. അസംബ്ലി തിരഞ്ഞെടുപ്പിൽ 45 ശതമാനം വോട്ടാണി കിട്ടിയത്. ഇത്തവണ പുതിയ നാലുഘടകക്ഷികൾ കൂടി ഒത്തൊരുമയോടെ പ്രവർത്തിച്ച് വോട്ട് ചെയ്തിട്ടുണ്ട്. ലോകതാന്ത്രിക് ജനതാദൾ അതിന്റെ ശക്തികേന്ദ്രങ്ങളായ വടകര, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, വയനാട് എന്നിവിടങ്ങളിൽ പരമാവധി വോട്ടുകൾ സമാഹരിച്ചിട്ടുണ്ട്. അതുപോലെ തന്നെ മറ്റുഘടകകക്ഷികൾ. വോട്ടിങ് ശതമാനം ഉയരാൻ ഏറ്റവും പ്രധാനരാഷ്ട്രീയ ഘടകം ഇതാണ്. ബിജെപി അധികാരത്തിൽ വരരുതെന്ന് താൽപര്യമുള്ള ദളിത-പിന്നോക്ക വിഭാഗങ്ങൾ ഇടതിന് അനുകൂലമായി വോട്ടുചെയ്തു. ശബരിമല മുഖ്യപ്രശ്‌നമായി മോദി കൊണ്ടുവരാൻ നോക്കിയെങ്കിലും ജീവൽ പ്രശ്‌നങ്ങളാണ് ചർച്ചയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP