Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള 56161 വോട്ടർമാർ ചെയ്തത് ഒരു വോട്ടുമാത്രം; രണ്ടും മൂന്നും വോട്ടുള്ളവർ തിരഞ്ഞെടുപ്പ് കമ്മീഷനെയും കോൺഗ്രസ് ഏജന്റുമാരെയും പേടിച്ച് മുങ്ങി; രണ്ടിടത്ത് വോട്ട് ചെയ്താൽ അറസ്റ്റ ചെയ്ത് അഴിയെണ്ണിക്കുമെന്ന് വന്നതോടെ ആറ്റിങ്ങലിൽ കള്ളവോട്ടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല; ഫലവത്തായത് മറുനാടൻ വാർത്തയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണുരുട്ടലും

ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള 56161 വോട്ടർമാർ ചെയ്തത് ഒരു വോട്ടുമാത്രം; രണ്ടും മൂന്നും വോട്ടുള്ളവർ തിരഞ്ഞെടുപ്പ് കമ്മീഷനെയും കോൺഗ്രസ് ഏജന്റുമാരെയും പേടിച്ച് മുങ്ങി; രണ്ടിടത്ത് വോട്ട് ചെയ്താൽ അറസ്റ്റ ചെയ്ത് അഴിയെണ്ണിക്കുമെന്ന് വന്നതോടെ ആറ്റിങ്ങലിൽ കള്ളവോട്ടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല; ഫലവത്തായത് മറുനാടൻ വാർത്തയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണുരുട്ടലും

എം മനോജ് കുമാർ

 തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ ഒരേ വോട്ടർക്ക് വിവിധ വാർഡുകളിൽ ഒരേ പേരിൽ ഉള്ള വോട്ടുകൾ ഒന്നും തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല. കള്ളവോട്ടുകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസും ബിജെപിയും നടത്തിയ മുന്നൊരുക്കങ്ങൾ ഫലിച്ചതായാണ് ആറ്റിങ്ങൽ വിരൽ ചൂണ്ടുന്നത്. ആറ്റിങ്ങലിൽ 71.8 ശതമാനം പോളിങ് പൂർത്തിയായിരിക്കെ ഒരു ബൂത്തിൽ പോലും കള്ളവോട്ട് നടന്നതായി പരാതിയുയർന്നിട്ടില്ല. ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള വോട്ടർമാർ 56161 പേരാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. അതോടെ കള്ളവോട്ടിന്റെ നിഴലിലുള്ളത് 112322 പേരുകളായി ഉയർന്നിരുന്നു.

ആറ്റിങ്ങൽ എന്ന കുത്തക മണ്ഡലം നിലനിർത്താൻ സിപിഎമ്മുകാർ വർഷങ്ങളായി നടത്തുന്ന കള്ളവോട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ഈ തിരഞ്ഞെടുപ്പിൽ മറുനാടൻ വാർത്തയാക്കുകയും കോൺഗ്രസ് അത് ചർച്ചയാക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനും എത്തിയതോടെ ആറ്റിങ്ങലിൽ കള്ളവോട്ടിന് സാധ്യത കുറഞ്ഞിരുന്നു. കർശന നടപടിയെന്നും കള്ളവോട്ട് തെളിഞ്ഞാൽ ഉടനടി റിമാൻഡ് എന്നും ആറ്റിങ്ങലിലെ സാഹചര്യം വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ഫലം കണ്ടു എന്നതിന്റെ തെളിവാണ് ആറ്റിങ്ങലിൽ ഇക്കുറി കള്ളവോട്ട് ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കിയത്.

കള്ളവോട്ട് ഒഴിവാക്കി നിർത്താൻ പോളിങ് സ്റ്റേഷനുകളിലെ ഏജന്റുമാർക്ക് രണ്ടും മൂന്നും വോട്ടുള്ള വോട്ടർമാരുടെ പട്ടിക കോൺഗ്രസ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഈ വോട്ടർമാർ ബൂത്തിൽ എത്തിയാൽ ചലഞ്ച് ചെയാൻ കോൺഗ്രസ് ഏജന്റുമാരും ഉടനടി നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനിച്ചിരുന്നു. ഈ അന്തരീക്ഷത്തിൽ കള്ളവോട്ടിനുള്ള സാഹചര്യം പോലും ഇല്ലാതാകുകയും അതിനു തയ്യാറായവർ പിൻവാങ്ങുകയുമായിരുന്നു. ഇതോടെ മണ്ഡലത്തിൽ അടൂർ പ്രകാശിനുള്ള ജയസാധ്യതകൾ ഉയരുകയും ചെയ്തിട്ടുണ്ട്.

കടുത്ത പോരാട്ടമാണ് നിലവിൽ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ നടക്കുന്നത്. രണ്ടുതവണ മണ്ഡലത്തിൽ വിജയിയായ എ.സമ്പത്തും കോൺഗ്രസിന്റെ മുതിർന്ന നേതാവ് അടൂർ പ്രകാശും ബിജെപിയിലെ കരുത്തയായ ശോഭാ സുരേന്ദ്രനുമാണ് ആറ്റിങ്ങലിൽ നേർക്ക് നേർ വന്നത്. ഒരേ വോട്ടർമാർക്ക് വിവിധ വാർഡുകളിൽ വോട്ട് എന്ന ആരോപണം ഉയർന്നപ്പോൾ തന്നെ ആറ്റിങ്ങലിലെ സ്ഥാനാർത്ഥി അടൂർ പ്രകാശ് വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിക്കുകയും ക്രമക്കേട് കണ്ടെത്തുകയും രണ്ടും മൂന്നും വോട്ടുള്ള വോട്ടർമാരുടെ വിവരങ്ങൾ സഹിതം തിരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിയായ ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ സിപിഎം നടത്തുന്ന തട്ടിപ്പിന്റെയും കൃത്രിമത്വത്തിന്റെയും ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് മറുനാടന് ലഭിച്ച വോട്ടേഴ്‌സ് ലിസ്റ്റിന്റെ പകർപ്പ്. ആറ്റിങ്ങൽ മണ്ഡലത്തിൽ പെട്ട നെടുമങ്ങാട്, അണ്ടൂർകോണം 14 ആം നമ്പർ ബുത്തിൽ ക്രമനമ്പർ 140 ബിനു ട/ീ അപ്പു, 39 വയസ് എന്നയാൾക്ക് വഴക്കാട് ബൂത്ത് നമ്പർ 84 ൽ ക്രമനമ്പർ 265 പ്രകാരവും വേങ്കോട് 162 ൽ 572 പ്രകാരവും മുന്ന് വോട്ടുകൾ. ബിജുവിന് അണ്ടൂർകോണം 14 ൽ 1018, കാരന്തല ബൂത്ത് 165 ൽ ക്രമനമ്പർ 605 പ്രകാരവും വോട്ട്. അബ്ദുൾ റഹ്മാനു ബൂത്ത് 14 ൽ 455 '110ൽ ക്രമനമ്പർ 165 പ്രകാരവും രണ്ട് വോട്ടുകൾ. ആമിനാ ബീവിക്ക് 14, 29 ബൂത്തുകളിലായി 563, 764 എന്നീ ക്രമനമ്പറുകളിലും വോട്ട്. കരകുളം വാർഡിൽ 141 സീരിയൽ നമ്പറിൽ 191 ബൂത്തിൽ അജയകുമാറിന് വോട്ടൂണ്ട്. ഇതേ അജയകുമാറിന് ചെക്കക്കോണം വാർഡിൽ 196 സീരിയൽ നമ്പറിൽ 176-ആം ബൂത്തിലും വോട്ടുണ്ട്.

ഇത്തരം ക്രമക്കേടുകൾ ആണ് പട്ടിക നിറയെ. ഈ രീതിയിൽ 56161 വോട്ടർമാർക്കാണ് ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വിവിധ വാർഡുകളിൽ വോട്ടുകൾ ഉള്ളത്. ആറ്റിങ്ങൽ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ കള്ളവോട്ടുകൾ എന്ന് ചൂണ്ടിക്കാട്ടി വോട്ടേഴ്‌സ് ലിസ്റ്റും ബൂത്തും ക്രമനമ്പറും അച്ഛന്റെ പേരുൾപ്പെടെയുള്ള രേഖകളും മറുനാടന് ലഭിച്ചു. ആരും ശ്രദ്ധിക്കാതെ പോകുന്ന തരത്തിലാണ് ഇടപെടലുകൾ നടന്നതും. സാധാരണ കോൺഗ്രസ് സ്ഥാനാർത്ഥികളാരും വോട്ടേഴ്‌സ് ലിസ്റ്റ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാറില്ല. എന്നാൽ സിപിഎമ്മിന്റെ കുത്തക മണ്ഡലമായ ആറ്റിങ്ങലിൽ അട്ടിമറി ലക്ഷ്യവുമായെത്തി അടൂർ പ്രകാശ് ലിസ്റ്റ് വിശദമായി തന്നെ പരിശോധിച്ചു. ഇതോടെയാണ് തട്ടിപ്പുകൾ കണ്ടെത്തിയത്.

പത്തനംതിട്ടയിലെ സുരക്ഷിത മണ്ഡലത്തിൽ എംഎൽഎയായ അടൂർ പ്രകാശ് നിയമസഭയിലെ കോൺഗ്രസിന്റെ സ്ഥിരം മുഖമാണ്. റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന അടൂർ പ്രകാശ് കരുതലോടെ തന്നെ പരിശോധന നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. ബൂത്ത് ലെവൽ ഓഫീസർമാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നത്. ഇതിന് പിന്നിൽ ഒരു രാഷ്ട്രീയക്കാരനേയും അടൂർ പ്രകാശ് കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ആരോപണത്തിന്റെ സംശയമുന നീളുന്നത് സിപിഎമ്മിലേക്കാണ്. അതുകൊണ്ട് തന്നെ സമ്പത്ത് ആറ്റിങ്ങലിൽ ഹാട്രിക് പൂർത്തിയാക്കിയാലും വലിയ നിയമ കുരുക്കുകളിലേക്ക് കാര്യങ്ങളെത്തുന്ന അവസ്ഥയായിരുന്നു. ഹാട്രിക് ജയസാധ്യത തേടി ഇക്കുറി ആറ്റിങ്ങലിൽ ജനവിധി തേടുന്ന ഇടതുമുന്നണിയുടെ എ.സമ്പത്ത് കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം 63378 വോട്ടുകൾ ആണ്. ഭൂരിപക്ഷത്തേക്കാളും ഏറെ കള്ളവോട്ടുകളാണ് ഇത്തവണ വോട്ടേഴ്‌സ് ലിസ്റ്റിൽ കടന്നുകൂടിയിരിക്കുന്നത്. കോൺഗ്രസിന്റെ ബിന്ദു കൃഷ്ണയോടായിരുന്നു കഴിഞ്ഞ തവണ സമ്പത്തിന്റെ വിജയം. 2014ലെ തെരഞ്ഞെടുപ്പിൽ എ സമ്പത്ത് 3,92,478 വോട്ടുകൾ നേടിയപ്പോൾ ബിന്ദു കൃഷ്ണ 3,23,100 വോട്ടുകൾ മാത്രമാണ് നേടിയത്. ഒരു ലക്ഷത്തിലേറെ കള്ളവോട്ടുകൾ എന്ന് പറയുമ്പോൾ കഴിഞ്ഞ തവണത്തെ സമ്പത്തിന്റെ ഭൂരിപക്ഷവും വിജയവും കള്ളവോട്ടിന്റെ സാധ്യതകളിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

അടൂർ പ്രകാശിന്റെ പരാതി ആദ്യം നിസ്സാരവത്ക്കരിക്കാൻ ജില്ലാ കളക്ടർ വാസുകിയുടെ ഓഫീസ് ശ്രമിച്ചെങ്കിലും പിന്നീട് കർശന നടപടി വരുമെന്ന് കളക്ടർ പ്രഖ്യാപിച്ചിരുന്നു. സംഗതിയുടെ ഗൗരവം മനസിലാക്കിയ ടിക്കാറാം മീണ ആറ്റിങ്ങൽ സംബന്ധിച്ച് പ്രിസൈഡിങ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയതായി മറുനാടനോട് പറഞ്ഞിരുന്നു. ഇരട്ട വോട്ടുകൾ ചെയ്യാൻ വോട്ടർമാർ ആരും ശ്രമിക്കരുത്. പിടിവീണാൽ കാരാഗൃഹവാസം വോട്ടർമാരെ കാത്തിരിക്കുന്നു-ടിക്കാറാം മീണ മറുനാടനോട് പ്രതികരിച്ചിരുന്നു. ഇപ്പോൾ ഈ മുൻകരുതൽ ശരിയായി എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കള്ളവോട്ടുകൾ ആറ്റിങ്ങലിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് തന്നെയാണ് മറുനാടന് ലഭിക്കുന്ന വിവരങ്ങളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP