Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കല്ലട ബസ് ഇടിവണ്ടിയായ സംഭവത്തിൽ ഉടമ സുരേഷ് തൽക്കാലം പ്രതിയാവില്ല; ആക്രമണം അഴിച്ചുവിട്ട ജീവനക്കാരെ മാത്രം അകത്താക്കി മുതലാളിയെ രക്ഷിക്കാൻ നീക്കം തകൃതി; ചോദ്യം ചെയ്യാൻ വിളിച്ചിട്ടും ഹാജരാകാതെ മുങ്ങി നടക്കുന്ന കല്ലട ഉടമയുടെ സമയപരിധി തീരുന്നത് നാളെ; കമ്പനിയുടെ പെർമിറ്റ് റദ്ദാക്കിയെന്ന വാർത്തയും കള്ളം; പെർമിറ്റ് സാധുവെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സുധേഷ് കുമാർ; തുടർ നടപടികൾ ചോദ്യം ചെയ്യലിന് ശേഷമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മറുനാടനോട്

കല്ലട ബസ് ഇടിവണ്ടിയായ സംഭവത്തിൽ ഉടമ സുരേഷ് തൽക്കാലം പ്രതിയാവില്ല; ആക്രമണം അഴിച്ചുവിട്ട ജീവനക്കാരെ മാത്രം അകത്താക്കി മുതലാളിയെ രക്ഷിക്കാൻ നീക്കം തകൃതി; ചോദ്യം ചെയ്യാൻ വിളിച്ചിട്ടും ഹാജരാകാതെ മുങ്ങി നടക്കുന്ന കല്ലട ഉടമയുടെ സമയപരിധി തീരുന്നത് നാളെ; കമ്പനിയുടെ പെർമിറ്റ് റദ്ദാക്കിയെന്ന വാർത്തയും കള്ളം; പെർമിറ്റ് സാധുവെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സുധേഷ് കുമാർ; തുടർ നടപടികൾ ചോദ്യം ചെയ്യലിന് ശേഷമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മറുനാടനോട്

എം മനോജ് കുമാർ

കൊച്ചി: സുരേഷ് കല്ലട ടൂറിസ്റ്റ് ബസിലെ യാത്രക്കാരെ ബസ് ജീവനക്കാർ അതിക്രൂരമായി മർദിച്ച കേസിൽ കൊച്ചി പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ബസ് ഉടമയായ സുരേഷ് കല്ലട ഇതുവരെ കൊച്ചി പൊലീസിൽ ഹാജരായില്ല. സുരേഷ് കല്ലടയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് ആരോപണം ഉയരുന്നത്. ജീവനക്കാരെ പ്രതിചേർത്ത് മുതലാളിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമായി യാത്രക്കാരെ ആക്രമിച്ച മുഴുവൻ പേരും പിടികൊടുത്തിട്ടുമുണ്ട്. അതേ സമയം സുരേഷ് കല്ലടയുടെ ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്തിട്ടുമില്ല. സുരേഷ് കല്ലടയുടെ എല്ലാ ബസുകളുടെയും പെർമിറ്റുകൾ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പരിശോധനയിൽ നിയമലംഘനമോ, ക്രമക്കേടോ തെളിഞ്ഞാൽ പെർമിറ്റ് റദ്ദ് ചെയ്യാനാണ് മോട്ടോർവാഹനവകുപ്പിന്റെ തീരുമാനം. കല്ലടയ്ക്ക് നൽകിയ ടൂറിസ്റ്റു ബസ് പെർമിറ്റ് കേരളാ പെർമിറ്റ് തന്നെയാണ്. അതിനാൽ നടപടികൾ എടുക്കാൻ മോട്ടോർ വാഹനവകുപ്പിനു അവകാശമുണ്ട്. അതിനാൽ പരിശോധന മോട്ടോർ വാഹനവകുപ്പ് തുടങ്ങിയിട്ടുണ്ട്. സുരേഷ് കല്ലട ഹാജരായാൽ വിശദമായി ചോദ്യം ചെയ്യാനാണ് കൊച്ചി സിറ്റി പൊലീസ് ഒരുങ്ങുന്നത്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ മാത്രം തുടർ നടപടികൾ സ്വീകരിക്കാനാണ് കൊച്ചി പൊലീസ് തീരുമാനം. ഇതെല്ലാം തന്നെ കല്ലടയെ രക്ഷിക്കാനുള്ള ശ്രമങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.

നിലവിൽ കല്ലട സുരേഷ് അറസ്റ്റിലാകാനുള്ള സാഹചര്യം വരെ ഉരുത്തിരിഞ്ഞിട്ടുണ്ട്. അതിനാൽ കല്ലടയെ സംബന്ധിച്ച് ഈ ചോദ്യം ചെയ്യൽ നിർണായകമാകും. സുരേഷ് കല്ലട ബസിലെ യാത്രക്കാരായ യുവാക്കളുടെ മേൽ ജീവനക്കാർ മർദ്ദനം അഴിച്ചുവിട്ടത് വിവാദമായതിനെ തുടർന്നാണ് സുരേഷ് കല്ലടയോട് നേരിട്ട് ഹാജരാകാൻ കൊച്ചി പൊലീസ് ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐ മുൻപാകെ ഹാജരാകാൻ ആണ് സുരേഷ് കല്ലടയോട് പൊലീസ് ആവശ്യപ്പെട്ടത്. പക്ഷെ ഇനിയും ഒരു ദിവസം അവശേഷിക്കെ സമയമുണ്ടല്ലോ സുരേഷ് കല്ലട ഹാജരാകട്ടെ എന്ന നിലപാടിലാണ് മരട് പൊലീസ്. ഇന്നു ഹാജരായില്ലെങ്കിൽ നാളെ സുരേഷ് കല്ലട ഹാജരാകുമെന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇന്നു തിരഞ്ഞെടുപ്പ് കാരണമാകുമാകും സുരേഷ് കല്ലട ഹാജരാകാതിരുന്നത്. ഹാജരായാൽ കല്ലടയെ വിശദമായി ചോദ്യം ചെയ്യും. അതിനുശേഷം മാത്രമേ സുരേഷ് കല്ലടയുടെ പേരിൽ കേസ് എടുക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുകയുള്ളൂ. സംഭവത്തിൽ ഇതുവരെ ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്. ബസിലെ ജീവനക്കാർ അല്ലാത്ത ആളുകളാണ് യാത്രക്കാരെ മർദ്ദിച്ചത്. ഇവർ വൈറ്റിലയിലെ കല്ലട ഓഫീസിലുള്ളവരാണ്. ഇവരാണ് യാത്രക്കാരെ മർദ്ദിച്ചത്. മർദ്ദനം ഏറ്റ യാത്രക്കാർ തിരിച്ചറിഞ്ഞത് കാരണമാണ് ഇവരെ അറസ്റ്റിലായത്. മർദ്ദിച്ചവരെ മുഴുവൻ പേരെയും മർദ്ദനമേറ്റവർ തിരിച്ചറിഞ്ഞിട്ടുണ്ട്-കമ്മീഷണർ പറഞ്ഞു.

അതേസമയം സുരേഷ് കല്ലടയുടെ ടൂറിസ്റ്റ് ബസ് പെർമിറ്റുകളുടെ പരിശോധന മോട്ടോർ വാഹനവകുപ്പിൽ ധൃതഗതിയിൽ പൂർത്തിയാവുകയാണ്. സുരേഷ് കല്ലടയുടെ ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് 2022 വരെയുണ്ട്. എല്ലാം കേരളാ പെർമിറ്റ് ആണ്. 2022 വരെ പെർമിറ്റ് ഇവർക്ക് ഉപയോഗിക്കാവുന്നതാണ്. അതിനാൽ പെർമിറ്റുകൾ പരിശോധിക്കാനാണ് തീരുമാനം. എന്തെങ്കിലും ക്രമക്കേടുകൾ കണ്ടാൽ പെർമിറ്റ് റദ്ദ് ചെയ്യും-ട്രാൻസ്പോർട്ട് കമ്മീഷണർ സുധേഷ് കുമാർ മറുനാടനോട് പറഞ്ഞു. കല്ലട സുരേഷിന്റെ അറസ്റ്റ് ചെയ്യണോ ഏതൊക്കെ കേസുകൾ എടുക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് പൊലീസ് ആണ്. പെർമിറ്റും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മാത്രമാണ് ഞങ്ങൾ പരിശോധിക്കുന്നത്- സുധേഷ് കുമാർ പറഞ്ഞു.

അതേസമയം ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും എത്താൻ സുരേഷ് കല്ലട മടിക്കുന്നത് പൊലീസിലെ തന്നെ ചിലരുടെ നെറ്റി ചുളിപ്പിക്കുന്നുണ്ട്. ഹാജരാകൽ വൈകിക്കുന്നത് രക്ഷപ്പെടാൻ വഴികൾ തേടുന്നതിനാലാണ് എന്നാണു ലഭിക്കുന്ന സൂചനകൾ. കല്ലടയിലെ യാത്രക്കാരെ മർദ്ദിച്ച ഏഴു പ്രതികളെയും ഇന്നു രാത്രി ഏഴുമണിക്ക് കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും. രണ്ടു പ്രതികളെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. കുമാർ എന്ന കോയമ്പത്തൂർ സ്വദേശിയായ ഡ്രൈവറും കൊല്ലം സ്വദേശിയായ ഗിരിലാലുമാണ് ഇന്നു അറസ്റ്റിലായത്. ഒന്നാം പ്രതി ചിറയിൻകീഴ് സ്വദേശി ജയേഷ് (25), രണ്ടാം പ്രതി കൊടകര സ്വദേശി ജിതിൻ (25), ആലപ്പുഴ സ്വദേശി രാജേഷ് (26), പുതുച്ചേരി കാരയ്ക്കൽ സ്വദേശി അൻവർ (38) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. വധശ്രമം, പിടിച്ചുപറി, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവിലേക്കുള്ള 'സുരേഷ് കല്ലട' ബസിലെ യാത്രക്കാരായ 3 യുവാക്കളെ ഞായറാഴ്ച പുലർച്ചെയാണ് ബസ് ജീവനക്കാർ ക്രൂരമായി ആക്രമിച്ചത്.അന്ന് തന്നെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലുമെത്തി. എന്നാൽ പത്രങ്ങളോ മുൻനിര ചാനലുകളോ ഇതിനെ പ്രധാന വാർത്തയാക്കിയില്ല. എന്നാൽ ഇന്നലെ സോഷ്യൽ മീഡിയ ഈ വിഷയത്തിൽ കടന്നാക്രമണം നടത്തി. മറുനാടൻ പുറത്തുവിട്ട വിവരങ്ങളും വൈറലായി. ഇതോടെ കല്ലടയ്ക്കെതിരെ ജനരോഷം ശക്തമായി. മറുനാടൻ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ മുഖ്യധാരാ മാധ്യമങ്ങളും കണ്ണു തുറുന്നു. കല്ലടയുടെ കള്ളക്കളികൾ അവരും വാർത്തയാക്കി. വോട്ടെടുപ്പ് കാലമായതു കൊണ്ട് ജനങ്ങൾക്കൊപ്പം രാഷ്ട്രീയക്കാരും നിന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടിക്ക് തയ്യാറായത്. പിടിച്ചെടുത്ത കല്ലട ബസ് മരട് സ്റ്റേഷനിൽ എത്തിച്ചു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 'സുരേഷ് കല്ലട'യുടെ കേരളത്തിലെ എല്ലാ ഓഫിസുകളും ഇന്നലെ പൂട്ടിയതായി പൊലീസ് അറിയിക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് 'സുരേഷ് കല്ലട' ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്നു ഗതാഗത കമ്മിഷണർ എഡിജിപി: സുധേഷ് കുമാർ അറിയിച്ചത്. ഈ പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ശനിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ബസിലെ യാത്രക്കാരായ അജയഘോഷ്, സച്ചിൻ, അഷ്‌കർ എന്നിവർക്കാണു ക്രൂരമർദനമേറ്റത്. അജയഘോഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ തമിഴ്‌നാട് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഹരിപ്പാട് വച്ച് കേടായ ബസിനു പകരം ബസ് ഏർപ്പാടാക്കാത്തതു യുവാക്കൾ ചോദ്യം ചെയ്തിരുന്നു. ഇതിനു പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയ കൃത്യമായി ഇടപെട്ടതാണ് പ്രതികളെ പിടിക്കാൻ കാരണം. സംഭവത്തിലെ ഗൂഢാലോചനയിൽ കല്ലട സുരേഷ് ബസ് മുതലാളി സുരേഷിനും പങ്കുണ്ടെന്ന് വ്യക്തമാണ്. ഇയാളുടെ അറിവോടെയാണ് അക്രമം നടന്നതെന്നാണ് സൂചന. ഈ കേസിൽ കല്ലട മുതലാളിയെ പൊലീസ് കേസിൽ പ്രതി ചേർത്തിട്ടില്ല. ഇതിനുള്ള കള്ളക്കളികൾ അണിയറയിൽ പുരോഗമിക്കുകയാണ്. ഈ കേസിൽ പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ സുരേഷ് കല്ലട ഹാജരായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP