Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഇപ്പൊ വേണേല് എനിക്ക് കാറുകാരന്റെ മേലേക്കൂടെ കേറ്റി ഇറക്കാമാരുന്നു.. ബാക്കി മുതലാളി നോക്കിക്കോളും..പിന്നെ ഭീഷണിയും..ഒരുപാടു കളിച്ചാൽ നീ ഒന്നും ചെന്നൈ എത്തൂലാ': കല്ലട മുതലാളിയുടെ സ്വാധീനത്തിൽ അഹന്തകൊള്ളുന്ന ഡ്രൈവറുടെ ഡയലോഗിൽ ഞെട്ടി മിണ്ടാട്ടം മുട്ടുന്ന യാത്രക്കാർ; അപകടക്കേസുകളിൽ സാക്ഷികളുണ്ടെങ്കിലും കല്ലട സുരേഷ് നിസാരമായി ഊരിപ്പോരും; ഇത്തവണ കുടുങ്ങിയത് വീഡിയോ ഉള്ളതുകൊണ്ട് മാത്രം

'ഇപ്പൊ വേണേല് എനിക്ക് കാറുകാരന്റെ മേലേക്കൂടെ കേറ്റി ഇറക്കാമാരുന്നു.. ബാക്കി മുതലാളി നോക്കിക്കോളും..പിന്നെ ഭീഷണിയും..ഒരുപാടു കളിച്ചാൽ നീ ഒന്നും ചെന്നൈ എത്തൂലാ': കല്ലട മുതലാളിയുടെ സ്വാധീനത്തിൽ അഹന്തകൊള്ളുന്ന ഡ്രൈവറുടെ ഡയലോഗിൽ ഞെട്ടി മിണ്ടാട്ടം മുട്ടുന്ന യാത്രക്കാർ; അപകടക്കേസുകളിൽ സാക്ഷികളുണ്ടെങ്കിലും കല്ലട സുരേഷ് നിസാരമായി ഊരിപ്പോരും; ഇത്തവണ കുടുങ്ങിയത് വീഡിയോ ഉള്ളതുകൊണ്ട് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കല്ലട ട്രാവൽസ് കേരളത്തിലെ നിരത്തുകളിലെ കിരീടം വെക്കാത്ത രാജാക്കന്മാരാണ്. പൊലീസും നിയമവുമെല്ലാം കല്ലട ട്രാവൽസിന്റെ മുന്നിൽ വഴിമാറി പഞ്ചപുച്ഛമടക്കി നിൽക്കും. നിരത്തുകളിലെ വേഗവും നിർത്തേണ്ട ഇടവും കഴിക്കേണ്ട ഹോട്ടലും മാത്രമല്ല കല്ലട തീരുമാനിക്കുന്നത്. എതിരെ വരുന്ന വാഹനത്തിലിരിക്കുന്നവന്റെ തലയിലെഴുത്തുപോലും നിർണയിക്കുന്നത് കല്ലട ട്രാവൽസാണ്.

രാത്രി കാലങ്ങളിൽ അമിതവേഗതയിൽ പായുന്ന കല്ലടയുടെ വോൾവോ ബസുകൾ കവർന്നെടുത്തത് നിരവധി ജീവനുകളാണ്. പല കേസുകളും എങ്ങുമെത്താതെ അന്വേഷണം തുടങ്ങിയ ഇടത്തു തന്നെ നിൽക്കുകയാണ് പതിവ്. രാത്രിയായതിനാൽ പല അപകടങ്ങൾക്കും സാക്ഷികൾ ഉണ്ടാവാറില്ല. അഥവാ ആരെങ്കിലും സാക്ഷികളായാൽ തന്നെ ആ സാക്ഷി പറയലിന് ആയുസ്സും കുറവായിരിക്കും. 2014ൽ ഹരിപ്പാടിനടുത്ത് എതിരെ വന്ന മാരുതി കാറിലിടിച്ച് കല്ലട ബസ് യമപുരിക്കയച്ചത് അഞ്ച് ജീവനുകളാണ്. ഒരു കുട്ടിക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. അമിത വേഗതയിലായിരുന്ന ബസ് ഒരു കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവെ എതിരെ വരികയായിരുന്ന മാരുതി കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

മുഹമ്മദ് കുഞ്ഞ്, മറിയാമ്മ കുഞ്ഞ്, സമീന ജഹാദ്, നഫീസ കുഞ്ഞ്, കാർ ഡ്രൈവർ അബ്ദുൾ ലത്തീഫ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സമീനയുടെ നാലു വയസ്സുള്ള മകൾ നസ്വക്കായിരുന്നു ഗുരുതരമായി പരിക്കേറ്റത്. അമിതവേഗതയിലെത്തിയ വോൾവോ ബസ് കാറിനെ ഇടിച്ചുതെറിപ്പിച്ചതിനും സാക്ഷികൾ ഉണ്ടായിരുന്നെങ്കിലും കേസ് ഇതുവരെയും എങ്ങുമെത്തിയില്ല. 2017 സെപ്റ്റംബറിൽ ചെങ്ങമനാട് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിന് പിന്നിൽ കല്ലടയുടെ വോൾവോ ബസിടിച്ച് എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ആലുവ വിദ്യാധിരാജ സ്‌കൂളിലെ യു.പി. വിഭാഗം വിദ്യാർത്ഥികളായ ഗായത്രി (11), അനാമിക (11), ദേവാനന്ദിനി (11), ശരവണ (8), അമൃത (13), ദേവനന്ദന (8), കിരൺ (11), അഭിനവ് (10) എന്നിവർക്കാണ് അന്ന് പരിക്കേറ്റത്. എൽ.പി., യു.പി. ക്‌ളാസുകളിൽ പഠിക്കുന്ന 20 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

കരിയാട് ഭാഗത്തുനിന്ന് കുട്ടികളെക്കയറ്റി സ്‌കൂളിലേക്ക് പോവുകയായിരുന്ന ബസിന്റെ വൈപ്പർ തകരാറിലായതിനത്തുടർന്ന് ബസ് നിർത്തി. ഡ്രൈവർ അറ്റകുറ്റപ്പണി നടത്തി വീണ്ടും ബസിൽ കയറുന്നതിനിടെ പിന്നിലൂടെ അമിത വേഗത്തിൽ വന്ന'കല്ലട'ട്രാവൽസിന്റെ ദീർഘദൂര ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ടൂറിസ്റ്റ് ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ബസിനകത്തെ കമ്പിയിലും സീറ്റിലും തലയിടിച്ചാണ് കുട്ടികൾക്ക് പരിക്കേറ്റത്. അപകടത്തിൽപ്പെട്ട സ്‌കൂൾബസിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ട് അതുവഴി വന്ന മറ്റു വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചത്. മിന്നൽവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസിന്റെ ഇടിയിൽ സ്‌കൂൾ ബസ് വലത്തോട്ട് നീങ്ങിയിരുന്നെങ്കിൽ ബസ് മറിയുകയോ, വൻ ദുരന്തം സംഭവിക്കുകയോ ചെയ്യുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ അന്ന് പറഞ്ഞിരുന്നത്.

2016 ഡിസംബറിൽ മൊഗ്രാൽ കൊപ്രബസാർ ദേശീയപാതയിൽ കോഴിവാനിനിൽ കല്ലടയുടെ ബസിടിച്ച് തീപിടിച്ച് രണ്ടുപേർ ദാരുണമായി മരിച്ചിരുന്നു. വാൻ ഡ്രൈവർ കുറ്റിക്കോൽ പള്ളഞ്ചി മൂലയിലെ ഉജ്വൽ (19), സഹായി ചെർക്കള ബാലനടുക്കയിലെ വാടക വീട്ടിൽ താമസിക്കുന്ന കർണാടക ഗാളിമുഖ പുതിയ വളപ്പ് സ്വദേശി മുഹമ്മദ് മഷൂഖ് (20) എന്നിവരാണ് മരിച്ചത്. ഇറച്ചിക്കോഴികളുമായി കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന മാരുതി ഇക്കോ വാനിൽ തിരുവനന്തപുരത്ത് നിന്ന് കർണാടക മണിപ്പാലിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിന്റെ വോൾവോ ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് വാൻ പൂർണ്ണമായും കത്തിനശിച്ചു. നിയന്ത്രണം വിട്ട ബസ് 350 മീറ്റർ അകലെയുള്ള ആൾതാമസമില്ലാത്ത വീട്ടിലേക്ക് ഇടിച്ചുകയറി നിന്നു. വീടിന്റെ ഒരു ഭാഗം തകരുകയും ചെയ്തിരുന്നു.

2016 സെപ്റ്റംബറിൽ പാലക്കാട് കഞ്ചിക്കോടിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ കല്ലടയുടെ വോൾവോ ബസിടിച്ച് രണ്ട് പേർ മരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി സുധീർ(30), കർണ്ണാടക സ്വദേശി ഗിരീഷ് (33) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ലോറി ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. നിർത്തിയിട്ടിരുന്ന ലോറിയിൽ കന്യാകുമാരിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിന്റെ എയർ ബസ് ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് ഈ അപകടത്തിന് കാരണം.

ഇത്തരം അപകടങ്ങളെല്ലാം മാധ്യമങ്ങളിൽ പോലും വലിയ വാർത്തകളാകുകയോ ഫോളോ അപ്പുകൾ ഉണ്ടാകുകയോ ചെയ്യാറില്ല. കല്ലട സുരേഷിന്റെ കായബലത്തിനും കാശുബലത്തിനും മുന്നിൽ വാർത്തകളാകാതെ പോകുകയോ കാണാതെ പോകുകയോ ചെയ്യാറാണ് പതിവ്. സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിന് ഉദ്യോഗസ്ഥർക്കും തടസ്സമാകുന്നത് കല്ലട സുരേഷിന്റെ ഈ രണ്ട് ഘടകങ്ങൾ തന്നെയാണ്.

റോഡുകളിലെ ജീവിതങ്ങളെ എങ്ങനെയാണ് കല്ലട സുരേഷിന്റെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നത് എന്നതിന് ഒരു കല്ലട ട്രാവൽസിലെ യാത്രക്കാരനായിരുന്ന ഒരു ചെറുപ്പക്കാരന്റെ കമന്റ് മാത്രം മതിയാകും. ''ഒന്നും സംഭവിക്കില്ല... കണ്ണിൽ പൊടിയിട്ട് ഒരു സർക്കസും കളിച്ചു സമ്മേളനം പിരിച്ചുവിടും.. അത്രേ ഉള്ളു.. ഇത് വീഡിയോ എടുത്തതുകൊണ്ട് കയ്യിൽ പ്രൂഫ് ഉണ്ടെന്നു പറയാം (കാലിക്കറ്റ് ടു ചെന്നൈ രണ്ടു വർഷം മുൻപ് : റോങ്ങ് സൈഡ് വന്ന കാറുകാരനെ തല്ലി കൂട്ടിയിട്ടു അത് തടയാൻ ചെന്ന യാത്രക്കാരനേം അടിച്ചു, എന്നിട്ട് മച്ചാൻ പറയുവാ
' ഇപ്പൊ വേണേല് എനിക്ക് അവന്റെ (കാർ കാരന്റെ ) മേലേക്കൂടെ കേറ്റി ഇറക്കമാരുന്നു.. ബാക്കി മുതലാളി നോക്കിക്കോളും.. പിന്നെന്താ 15 ദിവസം റിമാൻഡിൽ കിടക്കാൻ മടിയായതുകൊണ്ട് ബ്രേക്ക് ഇട്ടുന്നെ ഉള്ളു'... പിന്നെ ഒരു ഭീഷണിയും ഒരുപാടു കളിച്ചാൽ നീ ഒന്നും ചെന്നൈ എത്തൂലാണ്..

ഇപ്പൊ ഇതിവിടെ പറയാൻ കാരണം അന്ന് ഇതെല്ലാം കയ്യും കെട്ടി നോക്കി ഇരുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാരുന്നു..അന്ന് സംസാരിക്കാൻ ഇറങ്ങിയ സുഹൃത്ത് ആരെന്നറിയില്ല.. അയാൾക്കൊരു സല്യൂട്ട് ഇപ്പൊ കൊടുക്കണം എന്ന് തോന്നി..'' കല്ലട ട്രാവൽസിലെ യാത്രക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. നിരവധി ആളുകളാണ് തങ്ങൾക്കുണ്ടായിട്ടുള്ള ദുരനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുന്നത്. രാത്രി കാലങ്ങളിൽ അറിയപ്പെടാത്ത നാടുകളിലേക്ക് പല ആവശ്യങ്ങളുമായി പോകുന്നവർ ബസ് ജീവനക്കാരുടെ പീഡനങ്ങളെ നിശബ്ദമായി സഹിക്കുകയാണ് പതിവ്.

അന്തർ സംസ്ഥാന സർവീസുകൾക്ക് വ്യക്തമായ മാനദണ്ഡങ്ങൾ നിലവിൽ വരികയോ അന്തർ സംസ്ഥാന റൂട്ടുകൾ പൂർണമായും സംസ്ഥാന റോഡ് കോർപ്പറേഷനുകൾ കുത്തകയായി ഏറ്റെടുക്കുകയോ ചെയ്യാത്തിടത്തോളം ഇനിയും ഒരുപാട് കല്ലട ട്രാവൽസുകൾ ഇവിടെ പായുകയും പലജീവനുകളും കവരുകയും ചെയ്യും. അന്നും മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ണ് മുതലാളിമാർ നൽകുന്ന പരസ്യത്തിലൂടെ കിട്ടുന്ന പണത്തിലായിരിക്കും. പാവങ്ങളായ ഉദ്യോഗസ്ഥർ ജീവനിലുള്ള കൊതി കൊണ്ടും പണത്തോടുള്ള ആർത്തി കൊണ്ടും നിരത്തുകൾ കീഴടക്കുന്ന കൊട്ടാരങ്ങളുടെ മുതലാളിമാർക്ക് കീഴടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP