Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അപ്രതീക്ഷിതമായി ആറ്റിങ്ങലിലും ത്രികോണം; ശബരിമല വിഷയമാക്കി കാടിളക്കി പ്രചാരണവുമായി ശോഭാസുരേന്ദ്രൻ വൻ തോതിൽ വോട്ടുപിടിക്കുന്നു; വികസന പ്രവർത്തനങ്ങൾ നിരത്തി സമ്പത്ത് വോട്ടുചോദിക്കുമ്പോൾ ഭരണവിരുദ്ധ വികാരം മുതലാക്കാൻ അടൂർ പ്രകാശ്; അടിയൊഴുക്കായി ഈഴവ വോട്ടുകളും ജാതി സമവാക്യങ്ങളും; ആറ്റിങ്ങലിൽ ഈസി വാക്കോവർ പ്രതീക്ഷിച്ച് തുടങ്ങിയ എൽഡിഎഫിന് കലാശക്കൊട്ടായപ്പോൾ നേരിയ മുൻതൂക്കം മാത്രം

അപ്രതീക്ഷിതമായി ആറ്റിങ്ങലിലും ത്രികോണം; ശബരിമല വിഷയമാക്കി കാടിളക്കി പ്രചാരണവുമായി ശോഭാസുരേന്ദ്രൻ വൻ തോതിൽ വോട്ടുപിടിക്കുന്നു; വികസന പ്രവർത്തനങ്ങൾ നിരത്തി സമ്പത്ത് വോട്ടുചോദിക്കുമ്പോൾ ഭരണവിരുദ്ധ വികാരം മുതലാക്കാൻ അടൂർ പ്രകാശ്; അടിയൊഴുക്കായി ഈഴവ വോട്ടുകളും ജാതി സമവാക്യങ്ങളും; ആറ്റിങ്ങലിൽ ഈസി വാക്കോവർ പ്രതീക്ഷിച്ച് തുടങ്ങിയ എൽഡിഎഫിന് കലാശക്കൊട്ടായപ്പോൾ നേരിയ മുൻതൂക്കം മാത്രം

അരുൺ ജയകുമാർ

ആറ്റിങ്ങൽ: 17ാം ലോക്‌സഭയിലേക്കുള്ള വാശിയേറിയ മത്സരം നടക്കുമ്പോൾ ആറ്റിങ്ങലിൽ എൽഡിഎഫിന് അഭിമാനപ്പോരാട്ടമാണ്. 2009ൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞ് വീശിയപ്പോഴും ഒപ്പം നിന്ന ആറ്റിങ്ങലിലെ വോട്ടർമാർ കൈവിടില്ല എന്ന പ്രതീക്ഷയിലാണ് സിപിഎം. ഇടത് ആഭിമുഖ്യം ഉള്ള മണ്ഡലത്തിൽ പക്ഷേ ഹാട്രിക് വിജയം തേടിയിറങ്ങുന്ന സമ്പത്തിന്റെ കാര്യം മുൻ വർഷങ്ങളിലെ പോലെ അനുകൂലമല്ലെങ്കിലും നേരിയ ആശങ്കമാത്രമെ സിപിഎമ്മിന് ഉള്ളു. ആദ്യ ഘട്ടത്തിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും എന്നായിരുന്നു കണക്ക് കൂട്ടലെങ്കിലും ബിജെപി കോൺഗ്രസ് സ്ഥാനാർത്ഥികൾ കൂടി രംഗത്ത് വന്നതോടെ തീപാറുന്ന മത്സരം നടക്കുന്ന മണ്ഡലമായി ആറ്റിങ്ങലും മാറി. എങ്കിലും ഭൂരിപക്ഷം അൽപ്പം കുറഞ്ഞാലും ഇടതുസ്ഥാനാർത്ഥി സമ്പത്ത് തന്നെയാണ് ഇവിടെ വിജയിക്കുകയെന്നതാണ് അവസാനവട്ട ചിത്രം.

അപ്രതീക്ഷിതമായി ആറ്റിങ്ങലിലും ത്രികോണ മത്സരം

മുൻ വർഷങ്ങളിൽ താരതമേന്യ ദുർബലരായ സ്ഥാനാർത്ഥികളെയാണ് ആറ്റിങ്ങലിൽ സമ്പത്തിന് നേരിടേണ്ടി വന്നതെങ്കിലും ഇത്തവണ അങ്ങനെയല്ല. സമ്പത്തിന്റെ തേരോട്ടം അവസാനിപ്പിക്കാൻ മുൻ റവന്യു മന്ത്രി അടൂർ പ്രകാശിനെ തന്നെ യുഡിഎഫ് രംഗത്തിറക്കിയപ്പോൾ പേരിന് മത്സരിക്കാതെ ശക്തനായ സ്ഥാനാർത്ഥി തന്നെ വേണം എന്ന തീരുമാനം ബിജെപി പാളയത്തിലുണ്ടായപ്പോൾ എവിടെ മത്സരിച്ചാലും മുൻ വർഷത്തെ വോട്ട് ഇരട്ടിയാക്കുന്ന ശോഭ സുരേന്ദ്രനെയാണ് ബിജെപി രംഗത്ത് ഇറക്കിയത്. ഇതോടെയാണ് ഈസി വാക്കോവർ പ്രതീക്ഷിച്ച സിപിഎം പ്രചാരണം ശക്തമാക്കിയത്. രാഷ്ട്രീയമായി സിപിഎമ്മിന് ആഭിമുഖ്യമുള്ള മണ്ഡലത്തിൽ വികസനമാണ് അടൂർ പ്രകാശ് ചർച്ചയാക്കിയത്. കേന്ദ്ര പദ്ധതികളോട് ഇടത്പക്ഷം കാണിക്കുന്ന വിമൂഖതയും ശബരിമല വിഷയവും ചർച്ചയാക്കിയാണ് ശോഭ സുരേന്ദ്രൻ വോട്ടർമാരെ സമീപിച്ചത്.

ജാതി സമവാക്യം ഇടതിന് അനുകൂലമെങ്കിലും ബിജെപി വോട്ട് വർധിക്കും

ജില്ലയിലെ മറ്റൊരു മണ്ഡലമായ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ നായർ സമുദായത്തിനാണ് മേൽക്കൈയെങ്കിൽ ആറ്റിങ്ങലിൽ ഈഴവ സമുദായത്തിനും മുസ്ലിം സമുദായത്തിനും വ്യക്തമായ മേൽക്കൈയുണ്ട്. അരുവിക്കരയും നെടുമങ്ങാടും മാത്രമാണ് ഇതിന് അപവാദം. എന്നാൽ മൂന്ന് സ്ഥാനാർത്ഥികളും ഈഴവ സമുദായത്തിൽ നിന്നുള്ളവരാണ് എന്നതിനാൽ തന്നെ ഇത് എത്തരത്തിലാണ് വോട്ടുകളെ ഭിന്നിപ്പിക്കുക എന്ന് പറയാൻ കഴിയില്ല. ന്യൂനപക്ഷ മുസ്ലിം വോട്ടുകൾ ഇടതിനും വലതിനുമായി ഭിന്നിക്കുമെന്നതിനാൽ തന്നെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് വർധിക്കും. മറുനാടൻ ടിവി നടത്തിയ അഭിപ്രായ സർവ്വേകളിലും ഇത് വ്യക്തമായിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശക്തമായ പിന്തുണ ഇപ്പോൾ ബിജെപിക്ക് ഇടത് കോട്ടയിൽ പോലും ലഭിക്കുന്നത് സിപിഎം ക്യാമ്പിനേയും ഞെട്ടിച്ചിട്ടുണ്ട്.ശബരിമല വിഷയവും മണ്ഡലത്തിൽ സജീവമായി തന്നെ ചർച്ചയാകുന്നുണ്ട്. ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ ഈഴവ വോട്ടുകൾ തന്നെയാണ് വിജയികളെ നിശ്ചയിക്കുക.

പ്രചാരണത്തിൽ മുന്നിൽ സമ്പത്ത് തന്നെ

മൂന്ന് സ്ഥാനാർത്ഥികളും പൊടിപാറുന്ന മത്സരം കാഴ്ചവെക്കുമ്പോൾ പ്രചാരണത്തിൽ മുൻതൂക്കം സിറ്റിങ് എംപിയായ എ സമ്പത്തിന് ഉണ്ട്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും മണ്ഡലത്തെ അറിയുന്ന നാട്ടുകാരൻ എന്നതും ഇടത് സ്ഥാനാർത്ഥിക്ക് ശക്തി പകരുന്നു. മണ്ഡലത്തിലെ നഗര സ്വഭാവമുള്ള ആറ്റിങ്ങൽ, നെടുമങ്ങാട്, വർക്കല എന്നിവടങ്ങളിൽ അടൂർ പ്രകാശ് ശോഭ സുരേന്ദ്രൻ എന്നിവർ ശക്തമായ പ്രചാരണം നടത്തിയെങ്കിലും മണ്ഡലത്തിലെ ഉൾ പ്രദേശങ്ങളിലും ഗ്രാമങ്ങളിലും പ്രതീക്ഷിച്ചപോലെ ഇംപാക്റ്റ് ഉണ്ടാക്കാൻ യുഡിഎഫിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല.

ഇത്തരത്തിൽ ടൗൺ കേന്ദ്രീകരിച്ച് ശക്തമായ മത്സരം വന്നാൽ പോലും ഗ്രാമപ്രദേശങ്ങളിലെ വോട്ടിലൂടെ അത് മറികടക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് സിപിഎം. അടൂർ പ്രകാശ് എന്ന യുഡിഎഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ചടത്തോളം ജനകീയ പരിവേഷമുണ്ടെങ്കിൽ പോലും അടിയൊഴുക്കുകൾ അത്ര അനുകൂലമല്ല. എന്നാൽ കാടിളക്കിയുള്ള പ്രചാരണം അട്ടിമറിയിലേക്ക് എത്തുമെന്ന പ്രതീക്ഷ സജീവമാണ്. സമ്പത്തിന് ശക്തമായ ഒരു മത്സരം നൽകുന്നതിനാണ് അടൂർ പ്രകാശ് എത്തിയിരിക്കുന്നത് എന്ന് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്ന യുഡിഎഫ് ഇപ്പോൾ വിജയ പ്രതീക്ഷയിലാണ്.

സിപിഎം പ്രണയം തീരാതെ ആറ്റിങ്ങൽ നിയമസഭ മണ്ഡലം

ഓരോ തെരഞ്ഞെടുപ്പ് കളഴിയുമ്പോഴും സിപിഎമ്മിനോടുള്ള പ്രണയം വർധിച്ചുവരുന്ന കാഴ്ചയാണ് ആറ്റിങ്ങൽ നിയമസഭായ മണ്ഡലത്തിനുള്ളത്. ലോക്‌സഭ മണ്ഡലത്തിന്റെ സെന്റായ ആറ്റിങ്ങൽ നൽകുന്ന ഭൂരിപക്ഷമാണ് പരമ്പരാഗതമായി ഇവിടെ സിപിഎമ്മിന്റെ ഭൂരിപക്ഷം നിർണയിക്കുന്നത്. 2009ൽ യുഡിഎഫ് തരംഗത്തിൽ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ആറ്റിങ്ങലും സിപിഎമ്മിനെ കൈവിടുന്നു എന്ന് തോന്നിയതെങ്കിലും ആറ്റിങ്ങൽ അസംബ്ലി മണ്ഡലത്തിലെ വോട്ടെണ്ണിയപ്പോൾ സമ്പത്ത് വിജയിച്ച് കയറുകയായിരുന്നു. 2009ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 11633 വോട്ടായിരിന്നു ഇടത് മുന്നണിയുടെ നിയമസഭ മണ്ഡലത്തിലെ ഭൂരിപക്ഷമെങ്കിൽ 2014 ആയപ്പോൾ 20955 വോട്ടായി അത് വർധിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി ബി.സത്യന് 40383 വോട്ടകളുടെ വൻ ഭൂരിപക്ഷമാണ് ആറ്റിങ്ങൽ ജനത നൽകിയത്. ഈ വോട്ട് നിലയിലാണ് ഇടത് മുന്നണി ഇപ്പോഴും പ്രതീക്ഷ വച്ച് പുലർത്തുന്നത്.

യു.ഡി.എഫിന് ആശങ്കയുണ്ടാക്കുന്നതാണ് ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലെ അവരുടെ വോട്ട് നിലയാണ്. 2014 ൽ 43260 വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി നേടിയപ്പോൾ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അത് 32425 വോട്ടായി കുറഞ്ഞു. എന്നാൽ പഴയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് യു.ഡി.എഫ് നേതാക്കളുടെ അവകാശ വാദം. കേന്ദ്രത്തിലെ മോദി വിരുദ്ധ തരംഗവും രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസവും ഒപ്പം തന്നെ ശക്തനായ സ്ഥാനാർത്ഥിയും രംഗത്തെത്തിയതോടെ ഇത് മറികടക്കാം എന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു.

എന്നാൽ ബിജെപി ഓരോ തെരഞ്ഞെടുപ്പിലും ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിൽ നില മെച്ചപ്പെടുത്തുന്നുണ്ട്. 2014 ൽ 11587 വോട്ടായിരുന്നത്, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 27602 വോട്ടായി വർധിപ്പിച്ചിട്ടുണ്ട് യു.ഡി.എഫ് സ്വാധീനമുള്ള മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞാലും ആറ്റിങ്ങലിൽ വൻ ഭൂരിപക്ഷം നേടി അതിനെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. വോട്ട് ചോർച്ച തടയുകയെന്ന വെല്ലുവിളി യു.ഡി.എഫും ഏറ്റെടുത്തിട്ടുണ്ട്.

വികസന പ്രവർത്തനങ്ങൾ നിരത്തി സമ്പത്ത്

ലോക്‌സഭയിലെ മികച്ച പാർലമെന്റേറിയന്മാരിൽ ഒരാളെന്നതും ജനകീയനും വികസന നായകനെന്ന ഖ്യാതിയും സമ്പത്തിന് തുണയാകുന്നു. ആർക്കും എപ്പോഴംു നേരിൽ കാണാനും പരാതികൾ ബോധിപ്പിക്കാനും പറ്റുന്ന സാധാരണക്കാരനായ നേതാവ് എന്നതും സമ്പത്തിന് തുണയാകുന്നു. ആറ്റിങ്ങൽ = സമ്പത്ത് എന്ന നിലയിൽ കൊച്ച് കുട്ടികൾക്ക് പോലും സുപരിചിതനാണ് സമ്പത്ത്. ഈ ജനകീയ പരിവേഷം ഒരിക്കൽ കൂടി വോട്ടായാൽ ശത്കമായ ത്രികോണ മത്സരത്തെ അതിജീവിച്ച് ലോക്‌സഭയിൽ ആറ്റിങ്ങലിന്റെ ശബ്ദമാകാൻ കൂടുതൽ സാധ്യത സമ്പത്തിന് തന്നെയാണ്.

10 വർഷവും വർക്കലയ്ക്ക് സമ്പത്തൊന്നുമില്ലെന്ന് യുഡിഎഫ്

വികസന നായകനെന്ന ഖ്യാതിയിൽ മുന്നേറുന്ന സമ്പത്ത് പക്ഷേ മണ്ഡലത്തിലെ വർക്കല മേഖലയേയും തീരദേശത്തേയും വേണ്ടപോലെ പരിഗണിച്ചില്ല എന്നും റെയിൽവേ വികസനത്തിന് ഒന്നും ചെയ്തില്ല എന്നതുമാണ് യുഡിഎഫ് പ്രചാരണായുധമാക്കുന്നത്. ആറ്റിങ്ങൽ ബൈപാസിനെതിരായ നിലപാടാണ് എ. സമ്പത്തിന്റേതെന്ന് ആരോപിച്ചാണ് യുഡിഎഫിന്റെ ആക്രമണം. വർക്കലക്കാരുടെ കൂടി വലിയ സ്വപ്നമാണ് ബൈപാസ്. വർക്കല റെയിൽവേ സ്റ്റേഷന്റെ ദുരവസ്ഥയും പുന്നമൂട്ടിലും ഇടവലയിലും റെയിൽവേ മേൽപ്പാലം വരാത്തതും സിറ്റിങ് എംപിക്കെതിരെ രാഷ്ട്രീയ ആയുധമായി യുഡിഎഫും എൻഡിഎയും പ്രയോഗിക്കുന്നു. അതേസമയം, സാമുദായിക വോട്ടുകൾ നിർണായക ശക്തിയായ മണ്ഡലത്തിൽ വ്യക്തമായ പിന്തുണ അടൂർ പ്രകാശിനു ലഭിച്ചുകഴിഞ്ഞെന്നാണ് യുഡിഎഫ് പറയുന്നത്.ശിവഗിരി മഠവും പുറമെ പറയുന്നില്ലെങ്കിലും ഇഴവ സമുദായവുമായി വലിയ അടുപ്പം പുലർത്തുന്ന ബിജു രമേശിന്റെ ബന്ധുത്വവും അടൂർ പ്രകാശിന് തുണയാകും എന്ന് യുഡിഎഫും കണക്ക് കൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP