Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തീപ്പൊരി പ്രസംഗവുമായി കത്തിക്കയറി വരുന്ന ഉണ്ണിത്താൻ; പെരിയ ഇരട്ടക്കൊലയും രാഹുൽ ഗാന്ധി പ്രഭാവവും ന്യൂനപക്ഷ വോട്ടുകളും തുണയാവുമെന്നും കാൽലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം പിടിക്കുമെന്നും യുഡിഎഫ്; രണ്ടു ലക്ഷത്തിലധികം വോട്ടു നേടുമെന്ന് ബിജെപി; പാർട്ടി ഗ്രാമങ്ങൾ തങ്ങളെ കൈവിടില്ലെന്നും പതിനായിരം വോട്ടിനെങ്കിലും ജയം ഉറപ്പെന്ന് സിപിഎം; തങ്ങളുടെ കുത്തക മണ്ഡലത്തിൽ ഇടതുമുന്നണിക്ക് അവസാനലാപ്പിലുള്ളത് നേരിയ മുൻതൂക്കം മാത്രം

തീപ്പൊരി പ്രസംഗവുമായി കത്തിക്കയറി വരുന്ന ഉണ്ണിത്താൻ; പെരിയ ഇരട്ടക്കൊലയും രാഹുൽ ഗാന്ധി പ്രഭാവവും ന്യൂനപക്ഷ വോട്ടുകളും തുണയാവുമെന്നും കാൽലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം പിടിക്കുമെന്നും യുഡിഎഫ്; രണ്ടു ലക്ഷത്തിലധികം വോട്ടു നേടുമെന്ന് ബിജെപി; പാർട്ടി ഗ്രാമങ്ങൾ തങ്ങളെ കൈവിടില്ലെന്നും പതിനായിരം വോട്ടിനെങ്കിലും ജയം ഉറപ്പെന്ന് സിപിഎം; തങ്ങളുടെ കുത്തക മണ്ഡലത്തിൽ ഇടതുമുന്നണിക്ക് അവസാനലാപ്പിലുള്ളത് നേരിയ മുൻതൂക്കം മാത്രം

രഞ്ജിത്ത് ബാബു

കാസർഗോഡ്: കാസർഗോഡ് ആര് ജയിക്കും.? ഇടതുമുന്നണിയുടെ കുത്തക മണ്ഡലത്തിൽ പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ പ്രവചനങ്ങൾക്കതീതമായ മത്സരമാണ് ഇവിടെ അരങ്ങേറുന്നത്. തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടം ആസന്നമായിരിക്കേ ജയാപജയങ്ങൾ നിർണ്ണയിക്കാൻ പറ്റാത്ത അവസ്ഥയിലാണ് കേരളത്തിന്റെ വടക്കേഅറ്റത്തുള്ള ഈ ലോകസഭാ മണ്ഡലം. വിവിധ ഏജൻസികൾ നടത്തിയ സർവ്വേകളിലും ഭിന്നാഭിപ്രായങ്ങളാണ് ഈ മണ്ഡലത്തെക്കുറിച്ച് രേഖപ്പെടുത്തിയത്.എൽഡിഎഫിന് നേരിയ മുൻതൂക്കം ഇപ്പോഴും പറയാമെങ്കിലും അടിയൊഴുക്കകൾ ശക്തമായതുകൊണ്ട് അന്തിമ ചിത്രം തീർത്തുപറയാൻ ആവില്ല.

കഴിഞ്ഞ തവണ കോൺഗ്രസ്സിലെ ടി. സിദ്ദീഖ് വിജയത്തോടടുത്ത ഈ മണ്ഡലത്തിൽ തങ്ങൾ പിടിച്ചടക്കുകതന്നെ ചെയ്യുമെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. തീപ്പൊരി പ്രസംഗത്തിലൂടെയും ഊർജ്ജസ്വലമായ നീക്കങ്ങളിലൂടെയും വളരെപെട്ടെന്നുതന്നെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ കാസർഗോഡിനെ കൈയിലെടുത്തു. ഉണ്ണിത്താന്റെ വ്യക്തിപ്രഭാവത്തിന് വോട്ടർമാരിൽ ഉണ്ടാക്കാൻ കഴിഞ്ഞ സ്വാധീനത്തിന്റെ നിരക്കുവച്ചായിരിക്കും ഇവിടുത്തെ അന്തിമ ഫലം രൂപം നൽകുക. പെരിയ ഇരട്ടക്കൊലപാതകം അടക്കമുള്ള വിഷയങ്ങൾ യുഡഎഫിന് വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ടെന്നത് വ്യകതമാണ്. അക്രമരാഷ്ട്രീയത്തിനെതിരെ ഉണ്ണിത്താൻ ആഞ്ഞടിക്കുമ്പോൾ സിപിഎം ശരിക്കും പ്രതിരോധത്തിൽ ആവുകയാണ്.

എന്നാൽ എൽഡിഫ് സ്്ഥാനാർഥി സതീഷ് ചന്ദ്രന് നാട്ടുകാരനെന്നും മൂൻ എംഎൽഎയെന്നും ജനകീയനെന്നുമുള്ള അംഗീകാരം ഉണ്ട്. കഴിഞ്ഞ തവണ സ്ഥാനാർത്ഥിയോടുള്ള എതിർപ്പ് ഒരു പരിധിവരെ എൽഡിഎഫിന് വിനയായെന്നും ഇത്തവണ അത് ഉണ്ടാവില്ലെന്നുമാണ് എൽഡിഎഫ് പ്രവർത്തകർ പറയുന്നത്. അതോടൊപ്പം സിപിഎമ്മിന്റെ സംഘടനാ ശക്തിയും ഇവിടെ ഗുണം ചെയ്യും. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്ല്യശ്ശേരി എന്നീ മണ്ഡലങ്ങളിലെ പാർട്ടി ഗ്രാമങ്ങളിൽനിന്ന് കിട്ടുന്ന വലിയ ലീഡിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ.

കാസർഗോട്ടും, മഞ്ചേശ്വരത്തും നല്ല വേരുകൾ ഉള്ള ബിജെപി ഇത്തവണ രണ്ടുലക്ഷത്തിനുമുകളിൽ വോട്ടുപിടിക്കുമെന്നാണ് അവകാശപ്പെടുന്നത്. ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രിയും ഇവിടെ ശക്തമായ മൽസരമാണ് കാഴ്ചവെക്കുന്നത്.

ചിത്രം മാറുന്നത് ഉണ്ണിത്താന്റെ എൻട്രിയിൽ

സ്ഥാനാർത്ഥി നിർണ്ണയം ആദ്യം നടത്തി രംഗത്തിറങ്ങിയത് എൽഡിഎഫായിരുന്നു. എൽഡിഎഫിന്റെ ആദ്യ റൗണ്ട് പൂർത്തിയായതിനു ശേഷമാണ് യുു.ഡി.എഫ് രംഗത്തിറങ്ങിയത്. സിപിഎമ്മിന് ജില്ലയിൽ നല്ല പ്രതിഛായയുള്ള കെ.പി. സതീഷ് ചന്ദ്രൻ സ്ഥാനാർത്ഥിയായതോടെ പാർട്ടി ഒന്നടക്കം സജീവമായി. പ്രചാരണം രണ്ടാംഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി കോൺഗ്രസ്സ് വക്താവ് കൂടിയായ രാജ്‌മോഹൻ ഉണ്ണിത്താൻ കാസർഗോഡ് സ്ഥാനാർത്ഥിയായി എത്തിയത്. രാജ് മോഹൻ സ്ഥാനാർത്ഥിയായതോടെ പ്രധാന പ്രവർത്തകർ സജീവമായെങ്കിലും ഡി.സി.സി. നേതൃത്വത്തിൽ ചില നേതാക്കൾ തണുപ്പൻ മട്ടിലായിരുന്നു. സ്ഥാനാർത്ഥി തന്നെ രംഗം കൈയിലെടുത്ത് ഇറങ്ങിയതോടെ പ്രവർത്തകരിലും തെരഞ്ഞെടുപ്പ് ചൂട് പകർന്നു. അതോടെ മത്സരം കടുക്കുകയും ചെയ്തു. മിനി സ്‌ക്രീനിൽ നാക്ക് കൊണ്ട് എതിരാളികളെ മുറിവേൽപ്പിക്കുന്ന രാജ്‌മോഹൻ കാസർഗോഡ് എത്തിയത് കൗതുകത്തോടെയാണ് ജനങ്ങൾ കണ്ടത്. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം യു.ഡി.എഫിന് അപ്പുറമുള്ള ജനങ്ങളും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ വരുന്നു. അടുത്ത കാലത്തായി നടന്ന പെരിയ ഇരട്ട കൊലപാതകത്തിനെതിരെ ആഞ്ഞടിച്ചായിരുന്നു രാജ്‌മോഹൻ മണ്ഡലം ഇളക്കി വിട്ടത്. എൽ.ഡി.എഫിനേയും പ്രത്യേകിച്ച് സിപിഎം. നേയും മുൾമുനയിൽ നിർത്തി പൊരിച്ചടക്കിയാണ് രാജ്‌മോഹന്റെ പ്രചാരണ തുടക്കം.

പ്രചാരണ സ്വീകരണ കേന്ദ്രങ്ങളിൽ ന്യൂജൻ തരംഗമുണ്ടാക്കാനും ഉണ്ണിത്താന് കഴിഞ്ഞിട്ടുണ്ട്. ഉണ്ണിത്താന്റെ പ്രസംഗവും ശൈലിയുമൊക്കെ കാസർഗോട്ടുകാരും ഇഷ്ടപ്പെട്ടു തുടങ്ങി. കളിയാട്ട കാവുകളിലും ഉറൂസ് നടക്കുന്ന പള്ളികളിലും എന്നു വേണ്ട ജനം കൂടുന്ന എല്ലായിടത്തും രാജ്‌മോഹന്റെ സാന്നിധ്യമുണ്ട്. സിപിഎം. ന്റെ അക്രമരാഷ്ട്രീയവും മണ്ഡലത്തിലെ വികസന മുരടിപ്പും എടുത്തു കാട്ടിയാണ് ഉണ്ണിത്താന്റെ പ്രചാരണം. മുൻ എം. പി.യുടെ വികസന പ്രവർത്തനത്തെ ഉദാഹരണ സഹിതം വിമർശിക്കുമ്പോൾ ഇടതു മുന്നണിക്ക് ഇവിടെ ഉത്തരം മുട്ടുന്നു. എരിതീയിൽ എണ്ണ ഒഴിച്ചു കൊടുക്കാൻ ഉണ്ണിത്താൻ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. കാസർഗോഡ് കേന്ദ്ര സർവ്വകലാശാല കൊണ്ടു വന്നതാര്? കോൺഗ്രസ്സ് തന്നെ. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് കൊണ്ടു വന്നതാര്? അതും കോൺഗ്രസ്സ് തന്നെ. സിആർപിഎഫ് ക്യാമ്പും കോൺഗ്രസ്സ് കൊണ്ടു വന്നു. എന്നാൽ ഇവിടുത്തെ എം. പി.യുടെ വീട്ടുമുറ്റത്തിന് സമീപമുള്ള ദേശീയ പാതക്ക് കുറുകെയുള്ള റെയിൽവേ ഗേറ്റ് മാറ്റാൻ അദ്ദേഹത്തിനായില്ല. ഉണ്ണിത്താൻ ആരോപിക്കുന്നു.

തെക്കു നിന്ന് വന്ന ഉണ്ണിത്താൻ മണ്ഡലത്തിൽ ഇപ്പോൾ സുപരിചിതനാണ്. പോരാത്തതിന് ചില സിനിമകളിലെ വേഷങ്ങളും പരിചയപ്പെടുത്താതെ രാജ്‌മോഹനെ തിരിച്ചറിയുന്നു. അതുകൊണ്ടു തന്നെ ആരാധകർക്കൊപ്പം നിന്ന് സെൽഫി എടുക്കാനും പ്രചാരണത്തനിടെ സമയം ചിലവഴിക്കേണ്ടി വരുന്നു. കാൽലക്ഷത്തിൽ കുറയാത്ത വോട്ടിന് ഉണ്ണിത്താൻ ജയിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നത്. മുസ്ലിംലീഗിന്റെ അടിയുറച്ച പിന്തുണയാണ് ഉണ്ണിത്താന്റെ ശക്തി. മുൻകാലങ്ങളിൽ ഇവിടെയുണ്ടായിരുന്ന കോൺഗ്രസ്-ലീഗ് പ്രശ്നം ഇപ്പോൾ തീർന്നിട്ടുണ്ട്. പക്ഷേ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം ഇപ്പോഴും തീർന്നിട്ടില്ല.

സിപിഎമ്മിന് വിനയായി പെരിയ ഇരട്ടക്കൊല

പെരിയ ഇരട്ട കൊലപാതകം സിപിഎം. നെ ചില്ലറയൊന്നുമല്ല ബാധിക്കുന്നത്. ഉദുമ നിയമസഭാ മണ്ഡലത്തിലാണ് ഈ ക്രൂര കൃത്യം നടന്നത്. അതിനാൽ സിപിഎമ്മിന്റെ ഈ മണ്ഡലത്തിൽ യു.ഡി.എഫ് അനുകൂല കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്. തൊട്ടടുത്ത കാഞ്ഞങ്ങാട് മണ്ഡലത്തിലും അതിന്റെ അലയടികളുണ്ടെന്നാണ് സൂചന. പുല്ലൂർ, പെരിയ പഞ്ചായത്തിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടിക്കും സാധ്യത കാണുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകൾ രാജ്‌മോഹന് അനുകൂലമായി വരികയാണ്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്്ലാലിന്റെയും മാതാപിതാക്കളെവരെ വേദിയിൽ കൊണ്ടുവന്ന് ശക്തമായ പ്രചാരണമാണ് യുഡിഎഫ് അഴിച്ചുവിടുന്നത്. രാഹുൽ ഗാന്ധിവരെയുള്ളവർ ഈ വിഷയം മുഖ്യപ്രചാരണ വിഷയമായി എടുത്തതോടെ സിപിഎം പ്രതിരോധത്തിലാണ്.

കഴിഞ്ഞ തവണ മത്സരിച്ച എസ്. ഡി.പി.ഐ.യും വെൽഫെയർ പാർട്ടിയും യു.ഡി.എഫിന് പിൻതുണ വാഗ്ദാനം ചെയ്തു കഴിഞ്ഞു. രാഹുൽ തരംഗം ആഞ്ഞ് വീശിയില്ലെങ്കിലും വിവിധ മണ്ഡലങ്ങളിലെ മലയോര -തീരദേശ മേഖലകളിൽ യു.ഡി.എഫിന് അനുകൂല കാറ്റുണ്ട്. കർണ്ണാടകത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ന്യൂനപക്ഷങ്ങൾ ഒന്നടക്കം മോദി വിരുദ്ധത പ്രകടിപ്പിക്കുന്നതും ഉണ്ണിത്താന്റെ അനുകൂല ഘടകങ്ങളാണ്. ഒപ്പം രാഹുൽ പ്രഭാവവും വോട്ടാകുമെന്ന് യുഡിഎഫ് കണക്കൂകൂട്ടുന്നു.

പതിനായിരം വോട്ടിനെങ്കിലും കടന്നുകൂടുമെന്ന് ഇടതുമുന്നണി

ഇടത് സ്ഥാനാർത്ഥി സതീഷ് ചന്ദ്രന്റെ പ്രതിഛായ വോട്ടായി മാറുമെന്നതിൽ തകർക്കമില്ല. അതുതന്നെയാണ് ഇവിടെ സിപിഎമ്മിന്റെ പ്രധാന പ്രതീക്ഷയും. പെരിയ ഇരട്ടക്കൊലയെ തീർത്തും തള്ളിപ്പറയുകയും അക്രമികളെ നിയമത്തിന്റെ വഴിക്ക് കൊണ്ടുവരുമെന്നും എല്ലാ കുടുംബയോഗങ്ങളിലും സിപിഎം നേതാക്കൾ പറയുന്നത്. നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ഇത്തരം ചെറുയോഗങ്ങൾ തന്നെയാണ് എൽഡിഎഫിന്റെ കരുത്ത്. ഇവിടെ സംസ്ഥാന സർക്കാറിന്റെ വികസനവും, കേന്ദ്രത്തിന്റെ ജനവിരുദ്ധതയുമാണ് ഇടതുമുന്നണി ചർച്ചയാക്കുന്നത്. അതുപോലെതന്നെ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെയും കടന്നാക്രമിച്ച് ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണ് എന്ന നിലപാടാണ് ഇടതുമുന്നണി മുന്നോട്ടുവെക്കുന്നത്. ഇതുവഴി ന്യൂനപക്ഷ വോട്ടുകൾ കൂടുതലായി സമാഹരിക്കാൻ കഴിയുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.

കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കല്യാശ്ശേരി, പയ്യന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിൽ തങ്ങളുടെ കോട്ടകളിൽ കാര്യമായ വിള്ളൽ വീഴ്‌ത്താൻ സാധിച്ചിട്ടില്ല എന്ന അത്മവിശ്വാസത്തിലാണ് എൽഡിഎഫ് ഉ്്ള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുള്ള വൻ ലീഡിലാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ. യു.ഡി.എഫ് മണ്ഡലങ്ങളിലെ ഭൂരിപക്ഷം കിഴിച്ചാൽ 10,000 വോട്ടിനെങ്കിലും സതീഷ് ചന്ദ്രൻ ജയിച്ചു കയറുമെന്നാണ് അവരുടെ പ്രതീക്ഷ. തൃക്കരിപ്പൂരിൽ 96 ലും 2001 ലും എംഎൽഎ ആയതിന്റെ പിൻതുണയും സിപിഎം. ജില്ലാ സെക്രട്ടറിയായപ്പോഴുള്ള ജനബന്ധവും സതീഷ് ചന്ദ്രന് അനുകൂല ഘടകമാണ്. പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെടുത്താത്ത പേരുകാരനെന്ന നിലയിലും സതീഷ് ചന്ദ്രനെ ജനസമ്മതനാക്കുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ വികസനം പറയുമ്പോൾ എം. പി.യുടെ നേട്ടങ്ങൾ എന്ന നിലയിൽ എടുത്തു പറയാൻ ഒന്നുമില്ല. ഇത് എൽ.ഡി.എഫിനെ തിരിഞ്ഞ് കുത്തുന്നു.

എൻ.ഡി.എ. സ്ഥാനാർത്ഥിയായി രവീശ തന്ത്രി കണ്ടാറാണ് മത്സരിക്കുന്നത്. ബിജെപി.യുടെ ശക്തി കേന്ദ്രങ്ങളായ മഞ്ചേശ്വരവും കാസർഗോഡും അവർ മികച്ച സ്‌കോർ നേടുമെന്ന വാശിയിലുമാണ്. വടക്കേ മലബാറിൽ ബിജെപി. ക്ക് ഏറെ സ്വാധീനമുള്ള പ്രദേശമാണ് കാസർഗോഡ് ജില്ലയിലെ കർണ്ണാടകത്തോട് അതിർ പങ്കിടുന്ന ഈ മേഖല. മാത്രമല്ല നിരവധി ക്ഷേത്രങ്ങളിലെ തന്ത്രി എന്ന നിലയിലും ഈ എൻ.ഡി.എ. സ്ഥാനാർത്ഥിയെ നാട്ടുകാർക്ക് പരിചിതനാണ്. ശബരമല വിഷയം കത്തിച്ച് പ്രചാരണം നടത്തുന്ന ബിജെപി ഇത്തവ രണ്ടുലക്ഷത്തിലധികം വോട്ടുകൾ പിടിക്കുമെന്നാണ് പറയുന്നത്. ബിജെപി പിടിക്കുന്ന വോട്ടുകൾ ഏത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് കണ്ടുതന്നെ അറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP