Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുമ്മനവും മുരളീധരനും പ്രേമചന്ദ്രനും വൻ ഭൂരിപക്ഷത്തിൽ വിജയിക്കും; കെ സുരേന്ദ്രൻ രണ്ടാമതെത്തിയത് കേവലം ഒരു പോയിന്റ് വ്യത്യാസത്തിൽ; ത്രികോണ മത്സരത്തിനൊടുവിൽ എം ബി രാജേഷ് ജയിക്കുന്നത് കേവലം രണ്ട് ശതമാനം മുൻതൂക്കത്തോടെ; ഇന്നസെന്റിനും ജോയ്‌സ് ജോർജ്ജിനു പി കെ ബിജുവിനും വിജയം; രാഹുലിനേക്കാൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുക കുഞ്ഞാലിക്കുട്ടി; 13 സീറ്റ് യുഡിഎഫിനും ആറ് സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും നൽകിയ ഏഷ്യാനെറ്റ് സർവേയിലെ ഫലങ്ങൾ ഇങ്ങനെ

കുമ്മനവും മുരളീധരനും പ്രേമചന്ദ്രനും വൻ ഭൂരിപക്ഷത്തിൽ വിജയിക്കും; കെ സുരേന്ദ്രൻ രണ്ടാമതെത്തിയത് കേവലം ഒരു പോയിന്റ് വ്യത്യാസത്തിൽ; ത്രികോണ മത്സരത്തിനൊടുവിൽ എം ബി രാജേഷ് ജയിക്കുന്നത് കേവലം രണ്ട് ശതമാനം മുൻതൂക്കത്തോടെ; ഇന്നസെന്റിനും ജോയ്‌സ് ജോർജ്ജിനു പി കെ ബിജുവിനും വിജയം; രാഹുലിനേക്കാൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുക കുഞ്ഞാലിക്കുട്ടി; 13 സീറ്റ് യുഡിഎഫിനും ആറ് സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും നൽകിയ ഏഷ്യാനെറ്റ് സർവേയിലെ ഫലങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂല ഫലം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിപ്രായ സർവേ. ഏഷ്യാനെറ്റും AZ റിസർച്ച് പാർട്‌ണേഴ്‌സും ചേർന്ന് നടത്തിയ സർവേയിൽ കേരളത്തിലെ 20 സീറ്റിൽ 13 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമ്പോൾ ആറു സീറ്റുകളിൽ എൽഡിഎഫും ഒരു സീറ്റിൽ ബിജെപിയും വിജയിക്കുമെന്നാണ് സർവേഫലം. മലബാറിൽ യുഡിഎഫ് മുൻതൂക്കം നേടുമ്പോൾ മധ്യകേരളത്തിൽ എൽഡിഎഫിനാണ് സർവേ ഫലം പ്രവചിക്കുന്നത്. ബിജെപി സ്ഥാനാർത്ഥികൾ നാലിടങ്ങളിൽ ശക്തമായ മത്സരം കാഴ്‌ച്ചവെക്കുമെന്നു ഇതിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുമാണ് ഏഷ്യാനറ്റ് സർവേ വ്യക്തമാക്കുന്നത്. പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ വിജയതുല്യമായ തോൽവി ഏറ്റുവാങ്ങുമെന്നും സർവേ വ്യക്തമാക്കി. എൻഡിഎക്ക് മൂന്ന് സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

മലബാറിൽ ഇടതു കേന്ദ്രങ്ങളിൽ പോലും യുഡിഎഫ് കുതിക്കുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. വടക്കൻ മലബാറിൽ കാസർകോട് മാത്രമാണ് എൽഡിഎഫിന് വിജയപ്രതീക്ഷയുള്ളത്. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി വിജയിക്കുമെങ്കിലും വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് പ്രവചനം എന്നതും ശ്രദ്ധേയമാണ്. രാഹുൽ ജയിക്കുമെന്ന് 45 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ഇടത് സ്ഥാനാർത്ഥി സുനീറിന് 39 ശതമാനം പേരാണ് വിജയം പ്രവചിച്ചിരിക്കുന്നത്. തുഷാറിന് വെറും 16 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. വടകരയിൽ കെ മുരളീധരൻ പി ജയരാജനെ മുട്ടുകുത്തിക്കും.

45 ശതമാനം പേർ കെ മുരളീധരൻ ജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. സിപിഎമ്മിന്റെ പി. ജയരാജനെ 39 ശതമാനം പേരാണ് പിന്തുണച്ചത്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രനും വലിയ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നും അഭിപ്രായ സർവേ പറയുന്നു. അതേസമയം തന്നെ എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിൽ തന്നെ വലിയ അട്ടിമറി സാധ്യത നിലനിൽക്കുന്നുണ്ട്.

ബിജെപി മൂന്ന് സീറ്റിൽ സാധ്യത, എൻഡിഎ ക്യാമ്പിൽ ആഹ്ലാദം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി മൂന്ന് സീറ്റിൽ വിജയം നേടുമെന്നാണ് ഏഷ്യാനെറ്റ് സർവേഫലം സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിലാണ് സാധ്യതാപട്ടികയിൽ ഉള്ളത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വ്യക്തമായ ആധിപത്യമാണ് സർവേ പ്രവചിക്കുന്നത്. പത്തനംതിട്ടയിൽ ഒരു ശതമാനത്തിന്റെ മാത്രം വ്യത്യാസവുമാണ് സുരേന്ദ്രൻ സിറ്റിങ് എംപി ആന്റോ ആന്റണിയുമായി ഉള്ളത്.

തൃശൂരിൽ വൈകി വന്നിട്ടും വലിയ മുന്നേറ്റം സുരേഷ് ഗോപി ഉണ്ടാക്കിയതായും സർവേ പറയുന്നു. ബിജെപി കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തുകയും ഇടത് വലത് മുന്നണികളെ ഞെട്ടിക്കുകയും ചെയ്യുന്ന സർവേ റിപ്പോർട്ടാണ് പുറത്ത് വന്നത്. കോഴിക്കോട് എംകെ രാഘവൻ തന്നെ മൂന്നാം തവണയും വിജയിക്കുമെന്ന് 44 ശതമാനം പേർ അഭിപ്രായപ്പെട്ടു. എൽ.ഡി.എഫിന്റെ എ. പ്രദീപ്കുമാറിനെ 36 ശതമാനം പേരാണ് പിന്തുണച്ചത്. കണ്ണൂർ സീറ്റിൽ യു.ഡി.എഫിന്റെ കെ.സുധാകരൻ വിജയിക്കുമെന്ന് 39 ശതമാനം പേർ അഭിപ്രായപ്പെട്ടു. പി.കെ. ശ്രീമതി വിജയിക്കുമെന്ന് 38 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.കാസർകോട് മണ്ഡലം സിപിഎം തന്നെ നിലനിറുത്തുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. സിപിഎം സ്ഥാനാർത്ഥിയെ 34 ശതമാനം പേർ പിന്തുണച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയെ 33 ശതമാനം പേരാണ് പിന്തുണച്ചത്.

മലപ്പുറവും പൊന്നാനിയും യു.ഡി.എഫ് തന്നെ പിടിക്കുമെന്നാണ് സർവേ പറയുന്നത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പാതിയിലേറെ ജനപിന്തുണയാണ് ലഭിച്ചത്. 52 ശതമാനം അദ്ദേഹം വിജയിക്കുമെന്ന് പറഞ്ഞു. വിപി സാനുവിനെ 29 ശതമാനമാണ് പിന്തുണച്ചത്. അതേസമയം പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീർ പി.വി. അൻവറിനെ തോൽപ്പിക്കുമെന്ന് സർവേ പറയുന്നു. ഇ.ടി. മുഹമ്മദ് ബഷീർ വിജയിക്കുമെന്ന് 46 ശതമാനമാണ് അഭിപ്രായപ്പെട്ടത്. പാലക്കാട് എൽ.ഡി,?എഫ് നിലനിറുത്തുമെന്നാണ് സർവേയിൽ പങ്കെടുത്ത 37 ശതമാനം അഭിപ്രായപ്പെട്ടത്.

വടക്കൻ കേരളത്തിൽ യുഡിഎഫ് തരംഗം

വടക്കൻ കേരളത്തിലെ എട്ട് സീറ്റുകളിൽ കാസർകോടും പാലക്കാടും ഒഴികെയുള്ള ആറ് സീറ്റും യുഡിഎഫ് നേടുമെന്നാണ് പ്രവചനം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കാസർകോട്ട് എൽഡിഎഫിന്റെ കെ. പി സതീഷ് ചന്ദ്രന് നേരിയ മുൻതൂക്കമുണ്ട്. സതീഷ് ചന്ദ്രൻ 34 ശതമാനത്തിന്റെയും യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ 33 ശതമാനത്തിന്റെയും പിന്തുണ നേടുമ്പോൾ എൻഡിഎയുടെ രവീശ തന്ത്രിക്കൊപ്പമുള്ളത് 17 ശതമാനം പേരാണ്.

ഫോട്ടോ ഷിനിഷിലേക്ക് നീങ്ങുന്ന കണ്ണൂരിൽ സിപിഎമ്മിന്റെ സിറ്റിങ് എംപി പി കെ ശ്രീമതിയെ യുഡിഎഫിന്റെ കെ സുധാകരൻ വീഴ്‌ത്തുമെന്നാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്. കെ സുധാകരന് 39ഉം ശ്രീമതിക്ക് 38ഉം ശതമാനവും പിന്തുണയുണ്ടെന്നാണ് സർവേ ഫലം. കേരളം ഉറ്റുനോക്കുന്ന വടകരയിലെ പോരാട്ടത്തിൽ വിജയിയാവുക കെ മുരളീധരൻ ആകുമെന്ന് സർവേ പ്രവചിക്കുന്നു. സിപിഎമ്മിലെ കരുത്തൻ പി ജയരാജനെതിരെ 7 ശതമാനത്തിന്റെ വ്യക്തമായ മേൽക്കൈയാണ് മുരളീധരന് പ്രവചിക്കപ്പെടുന്നത്

വയനാട് സുരക്ഷിതമണ്ഡലം തന്നെയെന്ന് ഉറപ്പിക്കുകയാണ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷന് 45 ശതമാനത്തിന്റെ പിന്തുണ ലഭിക്കുമെന്ന് സർവേ കണ്ടെത്തുന്നു. കോഴിക്കോട് എം കെ രാഘവന് മൂന്നാമൂഴം പ്രവചിക്കുകയാണ് സർവേ. രാഘവൻ 44 ശതമാനവും സിപിഎമ്മിന്റെ എ പ്രദീപ് കുമാർ 36 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം.

മുസ്ലിം ലീഗ് കോട്ടകളിൽ ഇക്കുറിയും ഇളക്കമുണ്ടാകില്ല. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ കാത്തിരിക്കുന്നത് ഇടതുപക്ഷത്തിന്റെ 29 ശതമാനത്തിന് എതിരെ 52 ശതമാനത്തിന്റെ മൃഗീയഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടുമെന്നാണ് പ്രവചനം. പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീറിനും മികച്ച മാർജിനിൽ വിജയിക്കാനാകുമെന്നാണ് സർവേ കണ്ടെത്തുന്നത്. ഇടതുപക്ഷത്തിന്റെ 36ശതമാനത്തിന് എതിരെ 46 ശതമാനം വോട്ടർമാരുടെ പിന്തുണയാണ് ഇ ടി മുഹമ്മദ് ബഷീറിന് സർവേ പ്രവചിക്കുന്നത്.

പാലക്കാടും ആലത്തൂരും ശക്തമായ മത്സരം, ഇന്നസെന്റിന് രണ്ടാമൂഴം

മലബാറിൽ ശ്രദ്ധേയമായ ത്രികോണപോരാട്ടം നടക്കുന്ന പാലക്കാട്ട് സിപിഎമ്മിന്റെ എം ബി രാജേഷിന് മൂന്നാമൂഴം പ്രവചിക്കുകയാണ് സർവേ. രാജേഷ് 37 ശതമാനവും യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ 35 ശതമാനവും ബിജെപിയുടെ സി കൃഷ്ണകുമാർ 28 ശതമാനവും വോട്ട് വിഹിതം നേടുമെന്നാണ് കണ്ടെത്തൽ. ഇവിടെ ശക്തമായ മത്സരമാണ് നടക്കുന്നതെന്നാണ് പ്രവചനം. ഇടതുകോട്ടയായ ആലത്തൂർ കടുത്ത പോരാട്ടത്തിനിടയിലും പി കെ ബിജുവിനെ കൈവിടില്ലെന്ന് സർവേ കണ്ടെത്തുന്നു. ബിജുവിന് 41 ശതമാനവും യുഡിഎഫിന്റെ പുതുമുഖ സ്ഥാനാർത്ഥി രമ്യ ഹരിദാസിന് 39ഉം ശതമാനവും വോട്ട് വിഹിതമാണ് സർവേ പ്രവചിക്കുന്നത്.

ത്രികോണപോരാട്ടം കനക്കുന്ന തൃശൂർ ടി എൻ പ്രതാപനിലൂടെ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് പ്രവചനം.. പ്രതാപന് 36 ശതമാനവും എൽഡിഎഫിന്റെ രാജാജി മാത്യുവിന് 32 ശതമാനവും വോട്ടർമാരുടെ പിന്തുണയുണ്ട്. എൻഡിഎയുടെ സുരേഷ് ഗോപിക്ക് 26 ശതമാനം വോട്ടാണ് സർവേ പ്രവചിക്കുന്നത്. ചാലക്കുടിയിൽ ഇന്നസെന്റിന് രണ്ടാമൂഴമെന്നാണ് സർവേഫലം. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനെതിരെ രണ്ട് ശതമാനത്തിന്റെ മേൽക്കൈയാണ് എൽഡിഎഫിന്റെ സിറ്റിങ് എംപിയായ ഇന്നസെന്റിന് പ്രവചിക്കപ്പെടുന്നത്.

എറണാകുളത്ത് ഹൈബി ഈഡന് വ്യക്തമായ മേൽക്കൈ ഉണ്ടെന്നാണ് സർവേ കണ്ടെത്തിയത്. ഹൈബിക്ക് 43 ശതമാനവും പി രാജീവിന് 32 ശതമാനവും കേന്ദ്രമന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തിന് 20 ശതമാനവും വോട്ടുകിട്ടുമെന്നാണ് പ്രവചനം. ഫോട്ടോഫിനിഷിന് സാധ്യതയുള്ള ഇടുക്കിയിൽ എൽഡിഎഫിന്റെ സിറ്റിങ് എംപി ജോയ്‌സ് ജോർജ് കഷ്ടിച്ച് കടന്നുകൂടിയേക്കും. ഡീൻ കുര്യാക്കോസിനേക്കാൾ ഒരു ശതമാനത്തിന്റെ മേൽക്കൈയാണ് നിലവിൽ ജോയ്‌സിനുള്ളതെന്നാണ് സർവേ പ്രവചിക്കുന്നത്.

തെക്കൻ കേരളത്തിൽ മേൽക്കൈ യുഡിഎഫിന്, ആലപ്പുഴയിൽ ഷാനിമോളും വിജയിക്കും

ഏഴ് സീറ്റിൽ അഞ്ചിൽ യുഡിഎഫ് മുന്നിലുള്ളപ്പോൾ എൽഡിഎഫിനും എൻഡിഎക്കും ഓരോ സീറ്റ് വീതം ലഭിക്കുമെന്നാണ് കണ്ടെത്തൽ. കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിന്റെ തോമസ് ചാഴികാടൻ വമ്പൻ ജയം നേടുമെന്നാണ് സർവേയിലെ കണ്ടെത്തൽ. വോട്ട് വിഹിതത്തിൽ ഇരുപത് ശതമാനത്തോളം വ്യത്യാസമാണ് സർവേ പ്രവചിക്കുന്നത്. ഇടതുപക്ഷത്തിന്റെ 31 ശതമാനത്തിനെതിരെ 50 ശതമാനം വോട്ട് യുഡിഎഫ് നേടുമെന്നാണ് പ്രവചനം.

ആലപ്പുഴയിൽ യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാനാണ് ജയം സർവേയിൽ ജയം പ്രവചിക്കുന്നത്. എട്ട് ശതമാനത്തിന്റെ ലീഡാണ് സിപിഎമ്മിന്റെ എ എം ആരിഫിന് മേൽ ഷാനിമോൾ ഉസ്മാന് സർവേ പ്രവചിക്കുന്നത്. അതേസമയം മാവേലിക്കരയിൽ വീണ്ടും കൊടിക്കുന്നിൽ സുരേഷ് കരുത്തുകാട്ടുമെന്നാണ് സർവേ പ്രവചിക്കുന്നത്. എൽഡിഎഫിന്റെ ചിറ്റയം ഗോപകുമാറിനേക്കാൾ 13 ശതമാനത്തോളം പിന്തുണ കൊടിക്കുന്നിൽ കൂടുതൽ നേടുമെന്നാണ് പ്രവചനം.

ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നുവെന്നാണ് സർവേ പ്രവചിക്കുന്നത്. ആന്റോ ആന്റണിയിലൂടെ യുഡിഎഫ് മണ്ഡലം നിലനിർത്തുമ്പോൾ, എൻഡിഎയുടെ കെ സുരേന്ദ്രൻ അട്ടിമറി ഭീഷണി ഉയർത്തി തൊട്ടുപിന്നിലുണ്ട്. ഇവിടെ ഏറെ പിന്നിലാണ് എൽഡിഎഫെന്ന് സർവേ പ്രവചിക്കുന്നു. ആന്റോ ആന്റണിക്ക് 36 ശതമാനം വോട്ട് വിഹിതവും കെ സുരേന്ദ്രന് 35 ശതമാനം വോട്ട് വിഹിതവും വീണ ജോർജിന് 20 ശതമാനം വോട്ട് വിഹിതവും സർവേ പ്രവചിക്കുന്നു.

കൊല്ലം യുഡിഎഫിന്റെ എൻ കെ പ്രേമചന്ദ്രൻ നിലനിർത്തുമെന്നാണ് പ്രവചനം. എൽഡിഎഫിന്റെ കെ എൻ ബാലഗോപാലിനേക്കാൾ 12 ശതമാനത്തോളം പേരുടെ പിന്തുണ പ്രേമചന്ദ്രന് അധികമായുണ്ടെന്നാണ് സർവേ പ്രവചിക്കുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടം ദൃശ്യമായ ആറ്റിങ്ങലിൽ എ സമ്പത്ത് ഇടതുകോട്ട കാക്കുമെന്നാണ് പ്രവചനം. 35 ശതമാനം വോട്ട് വിഹിതം നേടുന്ന അടൂർ പ്രകാശിനേക്കാൾ നിലവിൽ ഒരു ശതമാനത്തിന്റെ മാത്രം ലീഡാണ് സമ്പത്തിനുള്ളത്. തിരുവനന്തപുരത്ത് താമര വിരിയുമെന്നാണ് സർവേ കണ്ടെത്തുന്നത്. കുമ്മനം രാജശേഖരന് 40ശതമാനത്തിന്റെ പിന്തുണയുള്ളപ്പോൾ സിറ്റിങ് എംപിയായ ശശി തരൂർ 34 ശതമാനവുമായി രണ്ടാമതാണ്. 25 ശതമാനം പിന്തുണയാണ് എൽഡിഎഫിന്റെ സി ദിവാകരനുള്ളതെന്ന് സർവേ കണ്ടെത്തുന്നു.

ഫെബ്രുവരിയിൽ നടത്തിയ ആദ്യ ഘട്ട സർവേയിൽ യുഡിഎഫിന് 14 മുതൽ 16 സീറ്റും സിപിഎമ്മിന് 3 മുതൽ 5 സീറ്റും എൻഡിഎക്ക് പൂജ്യം മുതൽ രണ്ട് സീറ്റും വരെയായിരുന്നു പ്രവചനം. പുതിയ സർവേയിൽ എൽഡിഎഫും എൻഡിഎയും വോട്ടുവിഹിതം മെച്ചപ്പെടുത്തുമ്പോഴും , കേരളം യുഡിഎഫിനൊപ്പം തന്നെയെന്ന വിലയിരുത്തലിൽ മാറ്റമില്ല.

കുമ്മനം ജയിന്റ് കില്ലർ, തരൂരിനെ കാത്ത് വമ്പൻ തോൽവി

തിരുവനന്തപുരം ഇക്കുറി കേരളത്തിലെ മുന്നണി സംവിധാനങ്ങളെ ഞെട്ടിക്കുമെന്നാണ് ഏഷ്യാനെറ്റ് സർവേഫലം. കുമ്മനം വൻവിജയം നേടുമെന്നാണ് സർവേഫലം. ശശി തരൂർ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയതിന്റെ നാണക്കേട് മാറ്റാൻ സിറ്റിങ് എംഎൽഎ സി ദിവാകനെ തന്നെ ഇറക്കി ഇടത് മുന്നണി. ഏറെ പ്രതീക്ഷിച്ച അണികളിലേക്ക് ആവേശമായി എത്തിയ കുമ്മനം രാജശേഖരൻ. തുടക്കം മുതൽ ത്രികോണ മത്സര ചൂട് ഏറെയുള്ള തിരുവനന്തപുരത്ത് ഇടത് വലത് മുന്നണികൾക്ക് ആശ്വാസം നൽകുന്നതാകില്ല തെരഞ്ഞെടുപ്പ് ഫലമെന്നാണ് സർവെ സൂചന.

ആറ് ശതമാനം വോട്ട് വ്യത്യാസത്തിൽ കുമ്മനം കളം പിടിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അ്വ സർവെ ഫലം നൽകുന്ന സൂചന. എൻഡിഎ 40 ശതമാനം വോട്ട് പിടിക്കുന്ന മണ്ഡലത്തിൽ യുഡിഎഫിന് പ്രവചിക്കുന്നത് 34 ശതമാനം വോട്ടാണ്. ഇടത് മുന്നണിക്ക് 25 ശതമാനം വോട്ടുണ്ടാകുമെന്നും സർവെ പ്രവചിക്കുന്നുണ്ട്. ആദ്യതെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ടിനടുത്ത് വിജയിച്ച ശശി തരൂർ കഴിഞ്ഞ തവണ ജയിച്ചത് വെറും 15470 വോട്ടിനായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ബിജെപിയും മൂന്നാം സ്ഥാനത്തുള്ള സിപിഐയും തമ്മിലുള്ള വ്യതാസം 33000ത്തോളം വോട്ടും

രാഹുലിന്റെ സാന്നിധ്യം തരംഗമാകില്ല

രാഹുൽ ഗാന്ധി കേരളത്തിൽ വയനാട്ടിൽ മത്സരിക്കാൻ വരുന്നത് കേരളത്തിലെ വലിയ ചലനം ഉണ്ടാക്കില്ലെന്നാണ് ഏഷ്യാനെന്ന് സർവേ സൂചിപ്പിക്കുന്നത്. ഗാന്ധി കുടുംബത്തിലെ മറ്റംഗങ്ങൾ, രാഹുലിന്റെ അമ്മ സോണിയാ ഗാന്ധിയും മുത്തശ്ശി ഇന്ദിരാഗാന്ധിയും ദക്ഷിണേന്ത്യയിൽ വന്ന് മത്സരിച്ചിട്ടുണ്ടെങ്കിലും, ബിജെപിയെ എതിരിടുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ കേരളത്തിൽ വന്ന് ഇടത് പക്ഷത്തെ എതിരിടുന്നത് വലിയ വിവാദങ്ങൾക്കും വഴി വച്ചു.

ഫാസിസ്റ്റ് വിരുദ്ധപ്പോരാട്ടമാണ് നടത്തുന്നതെങ്കിൽ ബിജെപിയെ എതിരിടേണ്ടിയിരുന്നെന്ന് ഇടതുപക്ഷം വിമർശന ശരങ്ങൾ തൊടുത്തപ്പോൾ കേരളത്തിലെ അനുകൂലതരംഗം മുഴുവൻ സീറ്റാക്കാമെന്ന മോഹത്തിലാണ് യുഡിഎഫ്. നിരവധി വിവാദങ്ങളും അനിശ്ചിതത്വങ്ങളും കടന്ന് രാഹുൽ മത്സരിക്കാനെത്തിയത് ദേശീയരാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലുമുണ്ടാക്കുന്ന അലയൊലികളെന്തെന്ന സർവേയിലെ ചോദ്യത്തോടെ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഗതിമാറ്റില്ലെന്ന മറുപടിയാണ് ലഭിച്ചത്. 64 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ ഗതി മാറ്റുമെന്ന് പറഞ്ഞത്. 17 ശതമാനം പേരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP