Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർമമേഖലയായ അനന്തപുരി അന്ത്യപ്രണാമം അർപ്പിച്ചതോടെ ഡോ. ബാബു പോളിന്റെ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി; സംസ്‌കാരം ഇന്നു നാലിനു പെരുമ്പാവൂർ കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ ഔദ്യോഗിക ബഹുമതികളോടെ; അന്ത്യയാത്ര നേരത്തെ റെക്കോർഡ് ചെയ്ത് തയ്യാറാക്കിയ ആ പ്രസംഗം ആഗ്രഹപ്രകാരം സ്വിച്ച് ഓൺ ചെയ്ത ശേഷമാകുമോ?

കർമമേഖലയായ അനന്തപുരി അന്ത്യപ്രണാമം അർപ്പിച്ചതോടെ ഡോ. ബാബു പോളിന്റെ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി; സംസ്‌കാരം ഇന്നു നാലിനു പെരുമ്പാവൂർ കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ ഔദ്യോഗിക ബഹുമതികളോടെ; അന്ത്യയാത്ര നേരത്തെ റെക്കോർഡ് ചെയ്ത് തയ്യാറാക്കിയ ആ പ്രസംഗം ആഗ്രഹപ്രകാരം സ്വിച്ച് ഓൺ ചെയ്ത ശേഷമാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണമികവു കൊണ്ടും നിർമ്മരസം കൊണ്ടും എന്നും മലയാളികളുടെ മനസിൽ ഇടംപിടിച്ച ഡോ. ഡി ബാബുപോളിന് അനന്തപുരിയുടെ അന്ത്യാജ്ഞലി. ഭരണകർത്താവും എഴുത്തുകാരനും പ്രഭാഷകനുമെന്ന നിലയിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അദ്ദേഹത്തെ കർമമേഖലയായ തിരുവനന്തപുരം യാത്രയാക്കി. ഇന്നലെ പുലർച്ചെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച ബാബു പോളിന്റെ സംസ്‌കാരം ഇന്നു നാലിനു പെരുമ്പാവൂർ കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ ഔദ്യോഗിക ബഹുമതികളോടെ നടത്തും.

മൃതദേഹം ഇന്നലെ രാവിലെ പുന്നന്റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രലിൽ എത്തിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ ശുശ്രൂഷ നടത്തി. തുടർന്നു കവടിയാർ മമ്മീസ് കോളനിയിലെ ചീരോത്തോട്ടം വീട്ടിലേക്കു കൊണ്ടുപോയി. ഇന്നു രാവിലെ 5നു മൃതദേഹം പെരുമ്പാവൂരിലേക്കു കൊണ്ടുപോയി. 12 മണിയോടെ കുറുപ്പംപടിയിൽ ബാബു പോളിന്റെ പിതാവ് പി.എ.പൗലോസ് കോർ എപ്പിസ്‌കോപ്പയുടെ മാതൃഭവനത്തിൽ പൊതുദർശനത്തിനു വയ്ക്കും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ 4നു സംസ്‌കാര ശുശ്രൂഷ.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ തോമസ് ഐസക്, കെ.രാജു, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. താൻ മരിക്കുമ്പോൾ തന്റെ പ്രസംഗം പ്ലേ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ഡോ. ബാബുപോൾ. ഞാനിപ്പോൾ എന്റെ ശവസംസ്‌കാരവേളയിൽ കേൾപ്പിക്കാനുള്ള പ്രസംഗം ഇപ്പോൾ റെക്കോഡ് ചെയ്ത് വച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു.

അന്ത്യയാത്രാവേളയിൽ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആ പ്രസംഗം പ്ലേ ചെയ്യുമോ എന്നാണ് ഇനി അറിയേണ്ടത്. ഇന്നലെ രാവിലെയാണ് ഡോ. ബാബുപോൾ അന്തരിച്ചത്. 1941 ഏപ്രിൽ 11ന് എറണാകുളം ജില്ലയിലെ കുറുപ്പംപടിയിൽ ജനിച്ച ബാബുപോൾ കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളിൽ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടി. ആലുവ യു.സി. കോളേജ്, തിരുവനന്തപുരം എൻജിനീയറിംങ്ങ് കോളെജ്, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസം നടത്തി. ബി.എസ്.സി എൻജിനീയറിങ്ങ്, എം.എ എന്നീ ബിരുദങ്ങൾ നേടിയശേഷം 1964 ൽ ഐ.എ.എസിൽ പ്രവേശിച്ചു.

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓർഡിനേറ്ററും, സ്പെഷ്യൽ കളക്റ്ററുമായി 1971 മുതൽ പ്രവർത്തിച്ച ബാബുപോൾ ഇടുക്കി ജില്ല നിലവിൽ വന്ന 1972 ജനുവരി 26 മുതൽ 1975 വരെ ഇടുക്കി ജില്ലാ കളക്റ്ററായിരുന്നു. മാധ്യമം പത്രത്തിൽ 'മധ്യരേഖ' എന്ന പേരിൽ ഒരു പംക്തി ഏറെനാൾ ബാബുപോൾ കൈകാര്യം ചെയ്തിരുന്നു. നവകേരള നിർമ്മാണ പദ്ധതിയുടെ ഉപദേശകനായും ബാബു പോൾ പ്രവർത്തിച്ചിട്ടുണ്ട്. കിഫ്ബി ഭരണസമിതി അംഗമെന്ന നിലയിലും ബാബു പോൾ പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുടെ തിരുവനന്തപുരത്തെ ഓഫീസ് ഉദ്ഘാടനത്തിൽ ബാബുപോൾ സംബന്ധിച്ചിരുന്നു.

ബാബുപോൾ എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ്. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിൾ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകൾ), കഥ ഇതുവരെ (അനുഭവകുറിപ്പുകൾ), രേഖായനം: നിയമസഭാഫലിതങ്ങൾ, സംഭവാമി യുഗേ യുഗേ, ഓർമ്മകൾക്ക് ശീർഷകമില്ല, പട്ടം മുതൽ ഉമ്മൻ ചാണ്ടി വരെ, നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇടുക്കിയെ കുറിച്ച് എഴുതിയ ഗിരിപർവ്വം ഏറെ പ്രശംസ പിടിച്ചുപറ്റിയ മലയാളത്തിലെ ആദ്യസർവീസ് സ്റ്റോറിയാണ്. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ഗിരിപർവ്വം പുറത്തിറങ്ങുമ്പോൾ അത് മലയാളത്തിലെ ആദ്യത്തെ സർവ്വീസ് സ്റ്റോറിയായിരുന്നു. ഇടുക്കിയിൽ കളക്ടർ ആയിരുന്ന സമയത്ത് ഡിസി കിഴക്കേമുറിയുടെ നിർദ്ദേശപ്രകാരമാണ് ഇതെഴുതിയതെന്ന് ബാബുപോൾ ആമുഖത്തിൽ അനുസ്മരിക്കുന്നുണ്ട്. പിന്നീട് ഔദ്യോഗിക ജീവിതസ്മരണകൾ സർവ്വീസ് സ്റ്റോറി എന്ന ശീർഷകത്തിൽ മലയാറ്റൂർ രാമകൃഷ്ണൻ എഴുതിത്ത്ത്ത്തുടങ്ങിയതോടെ അത് ആദ്യ സർവീസ് സ്റ്റോറിയായി കണക്കാക്കപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP