Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുലിമുരുകനും ലൂസിഫറും മാസാണെന്ന് പറയുന്നവർ മധുരരാജ കൊലമാസാണെന്ന് പറഞ്ഞേ പറ്റൂ; കുമ്പളങ്ങി നൈറ്റ്‌സും മഹേഷിന്റെ പ്രതികാരവും കണ്ട ഓർമയിൽ മധുരരാജ കണ്ടാൽ മോശമാണെന്ന് പറയും; സിനിമ നേരംപോക്കിന് വേണ്ടിയുള്ള ഒരു മാസ് എന്റർടെയ്ന്മെന്റ് ആണെന്ന് കരുതുന്നവർക്ക് ഈ സിനിമയെ തള്ളിപ്പറയാൻ പറ്റില്ല; അതിശയോക്തിയും അസ്വഭാവികതയും സിനിമയാക്കുമ്പോൾ ഹാസ്യമാണ് നല്ല മീഡിയമെന്ന് തിരിച്ചറിഞ്ഞ വൈശാഖിനെ അഭിനന്ദിച്ചേ പറ്റൂ: മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റർ മൂവി വൻ വിജയമാകുന്നത് എന്തുകൊണ്ടാണ്?

പുലിമുരുകനും ലൂസിഫറും മാസാണെന്ന് പറയുന്നവർ മധുരരാജ കൊലമാസാണെന്ന് പറഞ്ഞേ പറ്റൂ; കുമ്പളങ്ങി നൈറ്റ്‌സും മഹേഷിന്റെ പ്രതികാരവും കണ്ട ഓർമയിൽ മധുരരാജ കണ്ടാൽ മോശമാണെന്ന് പറയും; സിനിമ നേരംപോക്കിന് വേണ്ടിയുള്ള ഒരു മാസ് എന്റർടെയ്ന്മെന്റ് ആണെന്ന് കരുതുന്നവർക്ക് ഈ സിനിമയെ തള്ളിപ്പറയാൻ പറ്റില്ല; അതിശയോക്തിയും അസ്വഭാവികതയും സിനിമയാക്കുമ്പോൾ ഹാസ്യമാണ് നല്ല മീഡിയമെന്ന് തിരിച്ചറിഞ്ഞ വൈശാഖിനെ അഭിനന്ദിച്ചേ പറ്റൂ: മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റർ മൂവി വൻ വിജയമാകുന്നത് എന്തുകൊണ്ടാണ്?

ഷാജൻ സ്‌കറിയ

ഞാൻ ഒരു മമ്മൂട്ടി ഫാനോ, മോഹൻലാൽ ഫാനോ അല്ല. എന്നാൽ രണ്ടുപേരെയും എനിക്കിഷ്ടമാണ്. രണ്ടുപേരും അഭിനയ ചക്രവർത്തിമാരാണ്. അവരുടെ നല്ല പ്രായത്തിൽ ഒന്നിനൊന്ന് മെച്ചമായി അഭിനയിച്ചുകൊണ്ടിരുന്ന ഇരുവരും ഇപ്പോഴും അനുയോജ്യമായ സിനിമകൾ ലഭിച്ചാൽ തകർക്കും. കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയും, പേരൻപിലെ അമുദനും ഒക്കെ ഇതിന്റെ ഒന്നാന്തരം ഉദാഹരണങ്ങളാണ്. എന്നാൽ കാസിനോവയിലെ മോഹൻലാലും, കുട്ടനാടൻ മാർപ്പാപ്പയിലെ മമ്മൂട്ടിയും ഒക്കെ എത്ര വലിയ ഫാൻസുകാരെ പോലും നിരാശപ്പെടുത്തിയാൽ അത് താരങ്ങളുടെ കുഴപ്പമല്ല കഥാപാത്ര സൃഷ്ടിയുടെയും സംവിധായകരുടെയും കുഴപ്പമാണ് എന്നു പറയേണ്ടി വരും.

മോഹൻലാലും മമ്മൂട്ടിയും അമരക്കാരായി തന്നെ തുടരണമെന്ന് ഇടയ്‌ക്കെങ്കിലും ഇറങ്ങുന്ന അവരുടെ ചിത്രങ്ങൾ സാക്ഷി. 68-ാം വയസിൽ നമ്മുടെയൊക്കെ കാർന്നോന്മാർ ചാരുകസേരയിൽ ഇരുന്നു മാത്രം ജീവിതം നീക്കുമ്പോൾ സ്‌ക്രീൻ നിറഞ്ഞ് കവിഞ്ഞു ആരാധകരെ ഇങ്ങനെ പ്രകമ്പനം കൊള്ളിക്കുന്ന മമ്മൂട്ടിയുടെ സിദ്ധിയെ എത്ര വലിയ മമ്മൂട്ടി വിരുദ്ധനും അംഗീകരിച്ചേ മതിയാവു. നരേന്ദ്ര മോദിയേക്കാൾ നാല് വയസ് കൂടുതലാണ് മമ്മൂട്ടിക്ക് എന്നറിയുമ്പോൾ ആർക്കാണ് എണീറ്റ് നിന്ന് ആദരിക്കാൻ തോന്നാത്തത്. മധുരരാജ എന്ന സിനിമയിലെ മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനം കണ്ടപ്പോൾ ഇത് മാത്രമാണ് ആദ്യാവസാനം തോന്നിയത്.

മധുരരാജ ഒരു അതിഗംഭീര സിനിമ ആണെന്ന വിശ്വാസം എനിക്കില്ല. മികച്ച സിനിമയുടെ കലാമൂല്യമോ, ശ്വാസം അടക്കി പിടിച്ച് കാണാൻ പറ്റുന്ന സസ്‌പെൻസോ അസാധാരണമായ വഴിത്തിരിവുകളോ മനസറിഞ്ഞ് ചിരിക്കാൻ പറ്റിയ തമാശകളോ ഒന്നും ഈ സിനിമയിൽ നിന്നും കണ്ടെത്താൻ കഴിയില്ല. എന്നാൽ, ഞാൻ ഈ സിനിമ കാണാൻ പോയത് കുമ്പളങ്ങി നൈറ്റ്‌സോ, മഹേഷിന്റെ പ്രതികാരമോ, ഞാൻ പ്രകാശനെയോ ഒക്കെ കാണാൻ പോയ തരത്തിലുള്ള ഒരു വികാരത്തോടെയല്ല എന്നതിനാൽ തന്നെ ഈ സിനിമ എന്നെ നിരാശപ്പെടുത്തിയെന്ന് പറയാൻ എനിക്കാവില്ല. എന്നു മാത്രമല്ല ഒടിയനും ലൂസിഫറും പുലിമുരുകനും ഒക്കെ കണ്ടപ്പോൾ ഉണ്ടായതിനേക്കാൾ മെച്ചപ്പെട്ട ഫീൽ ഉണ്ടാവുകയും ചെയ്തു.

കേരളത്തിലെ ഒരു എംഎൽഎ ദാവൂദ് ഇബ്രാഹിം പോലും ഭയക്കുന്ന ഒരു അധോലോക നായകനാവുന്ന ലൂസിഫറിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് മധുരയിലെ നമ്പർവൺ ഗുണ്ടയായി മമ്മൂട്ടി എത്തുന്ന മധുരരാജ. ഒന്നുമല്ലെങ്കിൽ പോക്കിരിരാജ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ കഥാപാത്രത്തെ നേരത്തെ തന്നെ മലയാളി പരിചയപ്പെട്ടതാണല്ലോ. അതുകൊണ്ട് തന്നെ ഈ സിനിമ കാണാൻ പോകുന്നവർക്ക് കഥാപാത്രത്തെ നേരത്തെ അറിയാം. പന്നെയെന്തിനാണ് സിനിമയുടെ ലോജിക്കും കഥാപാത്രത്തിന്റെ സവിശേഷതകളും ചർച്ചയാവുന്നത്. അത് പോക്കിരിരാജയിൽ ചർച്ച ചെയ്തു തീർത്തതല്ലേ. പോക്കിരിരാജയെ കാണാൻ എത്തിയവർക്ക് മധുരരാജ നിരാശപ്പെടുത്തിയെങ്കിൽ മാത്രമെ പരാതിപ്പെടാൻ പോലും അർഹതയുള്ളൂ.

മധുരരാജ എന്ന സിനിമ ഒരു തികഞ്ഞ വാണിജ്യ സിനിമയാണ്. യാതൊരു ലോജിക്കും ഇല്ലാത്ത കഥയോ, വിവരമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത സിനിമകൾ കൊണ്ട് മലയാള സിനിമ മുടിയാൻ തുടങ്ങിയപ്പോൾ പ്രേക്ഷകർ തമിഴിലേയ്ക്കും തെലുങ്കിലേയ്ക്കും ചുവടുമാറ്റിയതുകൊണ്ട് രൂപപ്പെട്ട് വന്ന ഒരു മാസീവ് സിനിമാ സംസ്‌ക്കാരത്തിന്റെ ഏറ്റവും പുതിയ ഐറ്റമാണിത്. രജനികാന്തും വിജയിയും ഒക്കെ അടക്കിവാണിരുന്ന യാതൊരു കഥയുമില്ലാത്ത എന്നാൽ ജനത്തിന് ഒന്നാന്തരം എന്റർടെന്മെന്റായ ആ സിനിമ സംസ്‌ക്കാരം പൂർണമായും മലയാളത്തിൽ ഉടലെടുത്തത് പുലിമുരുകനിലൂടെയാണ്. കഥയോ, തിരക്കഥയോ സംവിധാനമോ ഒന്നും ഇല്ലാതിരുന്നിട്ടും മലയാളികൾ പുലിമുരുകനെ ഏറ്റുവാങ്ങിയത് ഈ സംസ്‌ക്കാരത്തിന്റെ കടന്നുകയറ്റം അഗീകരിക്കുന്നതിന് തുല്യമാണ്. ആ മാസ് സ്‌കൂളിലെ ഏറ്റവും പുതിയ ഉൽപ്പന്നമായി മാത്രമേ മധുരരാജയെ കാണാനാവൂ. അതുകൊണ്ട് തന്നെ ഒന്നു പറയാം. പുലിമുരുകനും ഒടിയനും ലൂസിഫറുമൊക്കെ മാസ് ആണെങ്കിൽ മധുര രാജ കൊല മാസാണ്.

ഒരു വരയൻ പുലിയോട് നിരന്തരമായി ഏറ്റുമുട്ടി വിജയിക്കുകയും യന്ത്രതോക്കുകളും, അത്യാധുനിക ആയുധങ്ങളും പോലും കീഴടക്കാൻ കഴിയാതിരിക്കുന്ന അതിമാനുഷികനായി പുലിമുരുകനിലും സൈബീരിയൻ മലനിരകളിൽ ഹെലികോപ്റ്ററിൽ പറന്ന് ലോകത്തെ ഏറ്റവും വലിയ അധോലോകത്തെ നിയന്ത്രിക്കുന്ന നാട്ടിൻപുറത്തുകാരനായ എംഎൽഎയായി ലൂസിഫറിലും മോഹൻലാൽ വിലസുന്നുവെങ്കിൽ തീർച്ചയായും മമ്മൂട്ടിക്ക് മധുരയിലെ കൈയിൽ പത്ത് പച്ചയുള്ള രാജാവായി മധുരരാജയിലും വിലസാം. ഇതിൽ ലോജിക്കില്ല എന്നും, ഇത് പണം നഷ്ടം ഉണ്ടാക്കി എന്നും പറയുന്നവർ നിർബന്ധമായും പുലിമുരുകനെ കുറിച്ചും ലൂസിഫറിനെക്കുറിച്ചും ഈ ആരോപണം ഉന്നയിക്കണം. അതല്ല മഹത്തായ ഒരു സിനിമ ആയിരുന്നു ഇവരുടെ മനസിൽ എങ്കിൽ എന്തിനാണ് ഇവർ ഈ പടം കാണാൻ എത്തിയത് എന്ന ചോദ്യം തന്നെയാണ് ചോദിക്കേണ്ടത്.

മധുരരാജയുടെ ഏറ്റവും വലിയ സൗന്ദര്യം അതിലെ ഹാസ്യം തന്നെയാണ്. ഹാസ്യം ആസ്വദിച്ച് തലകുത്തി ചിരിക്കാമെന്നതു കൊണ്ടല്ല. നേരെ മറിച്ച് യാതൊരു ലോജിക്കുമില്ലാത്ത അതിമാനുഷികതയുടെ കഥ പറയുമ്പോൾ നായകനെ ഒരു തമാശാ കഥാപാത്രമാക്കി അവതരിപ്പിച്ചാൽ അതിമാനുഷികത സൃഷ്ടിച്ചത് സിനിമയ്ക്ക് വേണ്ടി മാത്രമാണ് എന്ന് തുറന്ന് സമ്മതിക്കലായി ഇത് വായിക്കപ്പെടണം. അതുകൊണ്ട് ഈ വിഭാഗത്തിൽപ്പെട്ട മറ്റ് സിനിമകളെക്കാൾ സത്യസന്ധത വൈശാഖൻ മധുരരാജയിലൂടെ കാട്ടിയിരിക്കുന്നു എന്നു പറയേണ്ടി വരും.

ചുരുക്കി പറഞ്ഞാൽ മധുരരാജ ഒന്നാന്തരം ഒരു മാസ് എന്റർടെയ്ന്മെന്റാണ്. ജീവിത തിരക്കുകൾക്കിടയിൽ ഒന്ന് റിലാക്‌സ് ചെയ്യാൻ വേണ്ടിയാണ് ഈ സിനിമ കാണാൻ പോകുന്നതെങ്കിൽ യാതൊരു പിരിമുറുക്കവും ഇല്ലാതെ ഇത് ആസ്വദിക്കാം. മമ്മൂട്ടി ഫാൻസിന്റെ കാര്യം പറയേണ്ടതില്ല. കിടിലൻ എൻട്രികളും, സൂപ്പർ സ്റ്റണ്ടുകളും, പൊളി ഡയലോഗുകളുമായി മമ്മൂട്ടി നിറഞ്ഞാടുകയാണ്. പുലിമുരുകനിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ വില്ലൻ ജഗപതി റാവു നടേശൻ മുതലാളിയായി ഈ സിനിമയിലും തിളങ്ങുന്നു. മധുരരാജയുടെ തമ്പിയായി എത്തുന്ന ജയ് എന്ന തമിഴ് നടന്റെ സ്റ്റണ്ട് സീനുകളും ആരും മറക്കുകയില്ല. അനുശ്രീ എന്ന നടി ഏത് വേഷവും കൈകാര്യം ചെയ്യുമെന്ന് ഇതിലൂടെ തെളിയിക്കുന്നു.

സിദ്ദിഖിന്റെ പ്രതിഭ വെളിയിൽ എടുക്കാൻ പറ്റിയ റോളുകൾ ഇല്ലാതെ പോയി എന്നും സലിംകുമാറിന്റെ വളിപ്പുകൾ പലപ്പോഴും അരോചകവും അനവസരത്തിൽ ഉള്ളവയും ആയിരുന്നു എന്നും പറയേണ്ടി വരും. സലിം കുമാറിനെ പോലെയൊരു കഥാപാത്രത്തിന്റെ ആവശ്യം തന്നെ ഒരു കടങ്കഥയാണ്. അനുശ്രീ എന്ന നടി ഏത് റോൾ കിട്ടിയാലും ഭംഗിയായി ചെയ്യും എന്നു മധുരരാജയിലൂടെ തെളിയിച്ചിരിക്കുന്നു. എൻസിഎസ് സ്‌കൂൾ എന്നു പേര് നൽകി എൻഎസ്എസിനെയും ബാറുടമയും വില്ലനുമായ നടേശൻ മുതലാളിയിലൂടെ വെള്ളാപ്പള്ളിയെയും മനഃപൂർവ്വം അല്ലാതെ ഈ സിനിമയിലേയ്ക്ക് കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പോക്കിരി രാജയിലെ പൃഥ്വിരാജിന്റെ അഭാവത്തിന് ലൂസിഫറിന്റെ സിനിമ നിർമ്മാണത്തിന് പോയ കാര്യം പറഞ്ഞും 3000 കോടിയുടെ പ്രതിമ നിർമ്മാണകഥ പറഞ്ഞും ഒക്കെ രാഷ്ട്രീയം പറയാനും സംവിധായകനും ശ്രമിച്ചിട്ടുണ്ട്.

ശത്രുക്കളുടെ ചോര പുരട്ടിയ തുണി എറിഞ്ഞുകൊണ്ട് വേട്ടനായ്ക്കളെ കൊണ്ട് കടിച്ചുകീറി കൊല്ലിക്കുന്ന ഭീകരദൃശ്യങ്ങൾ പലവുരു ആവർത്തിച്ച് സൃഷ്ടിച്ച ഭയാനകത കുറച്ചുകൂടി കുറയ്‌ക്കേണ്ടതായിരുന്നു. കുടുംബ പ്രേക്ഷകരെ വല്ലാതെ മനപ്രയാസപ്പെടുത്തുന്നവയായിരുന്നു ഭീതിതമായ ആ രംഗങ്ങൾ. ഇതൊക്കെ ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ വെറുതെ നേരംപോക്കിന് സിനിമ കാണാൻ പോകുന്നവർക്ക് ഒന്നാന്തരം വിരുന്നു തന്നെയാണ് മധുരരാജ എന്നു ചൂണ്ടിക്കാട്ടാതിരിക്കാൻ വയ്യ. കൃത്യമായി ഉപയോഗിക്കുന്ന തമിഴ് ഈ സിനിമയ്ക്ക് വലിയ മാർക്കറ്റ് തമിഴ്‌നാട്ടിലും ഉണ്ടാക്കി കൊടുക്കുമെന്നുറപ്പ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഈ സിനിമ കളക്ഷൻ റെക്കോർഡ് ഭേദിച്ചാൽ അത്ഭുതപ്പെടാനില്ല.

വാൽക്കഷണം:- ഇതല്ലല്ലോടാ മറുനാടൻ മറുതേ നീ ഇന്നലെ പറഞ്ഞത്. നിനക്ക് എത്ര തന്തയാടാ ഉള്ളത്? എന്ന ചോദ്യവുമായി ചിലർ ഉടൻ രംഗത്ത് വരുമെന്നറിയാം. അവരോട് പറയാനുള്ളത് ഇതെഴുതിയത് ഷാജൻ സ്‌കറിയയും ഇന്നലത്തെ നിരൂപണം എഴുതിയത് മാധവദാസും ആണ് എന്ന് മാത്രമാണ്. ഞങ്ങൾ രണ്ട് പേർക്കും ഒരേ പോലെ ചിന്തിക്കാൻ കഴിയണമെന്ന് എവിടെയെങ്കിലും നിയമം ഉണ്ടോ എന്നു എനിക്കറിയില്ല. മറുനാടനാവട്ടെ പാവപ്പെട്ടവരുടെയും ദളിതരുടെയും ദുർബലരുടെയും കാര്യത്തിൽ അല്ലാതെ മറ്റൊന്നിലും നിലപാടില്ലാത്തവരാണ്. ഏതൊരു വാർത്തയും രണ്ട് വശങ്ങൾ നൽകും. അത് മനസിലാക്കാൻ കഴിയാത്ത ആശയങ്ങളുടെ അടിമകളാണ് ഇത്തരം മടയത്തരങ്ങൾ വിളമ്പുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP