Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം കാന്തപുരത്തിന്റെ കൈമുത്തി..പിന്നെ ജിഫ്രി തങ്ങളുടേയും; ബദ്ധശത്രുക്കളായ എ.പി-ഇ.കെ സുന്നികളുടെ പിന്തുണ ഉറപ്പിച്ച് കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ; കാസർകോട്ടെ നിർണായക മത്സരത്തിൽ എല്ലാ വിഭാഗത്തിന്റെയും വോട്ടുറപ്പിച്ചുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പടനീക്കം ഞെട്ടിക്കുന്നത് ഇടതുപക്ഷത്തെ; കാസർകോട്ടെ സിപിഎം കോട്ട തകർക്കാൻ ഉറച്ച നീക്കവുമായി ഉണ്ണിത്താൻ

ആദ്യം കാന്തപുരത്തിന്റെ കൈമുത്തി..പിന്നെ ജിഫ്രി തങ്ങളുടേയും; ബദ്ധശത്രുക്കളായ എ.പി-ഇ.കെ സുന്നികളുടെ പിന്തുണ ഉറപ്പിച്ച് കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ; കാസർകോട്ടെ നിർണായക മത്സരത്തിൽ എല്ലാ വിഭാഗത്തിന്റെയും വോട്ടുറപ്പിച്ചുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പടനീക്കം ഞെട്ടിക്കുന്നത് ഇടതുപക്ഷത്തെ; കാസർകോട്ടെ സിപിഎം കോട്ട തകർക്കാൻ ഉറച്ച നീക്കവുമായി ഉണ്ണിത്താൻ

ജംഷാദ് മലപ്പുറം

മലപ്പുറം: ആദ്യം കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ കൈമുത്തി അനുഗ്രഹം വാങ്ങി. തുടർന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരെ കണ്ട് അനുഗ്രഹം വാങ്ങിയെന്നായിരുന്നു പോസ്റ്റ്. കാസർകോട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ ഇതോടെ കാസർകോട്ടെ മുസ്‌ളീം വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കുകയാണ്. എൽ.ഡി.എഫിനോടു ചായ്വുള്ളതായി സംശയിക്കുന്ന കാന്തപുരം എ.പി വിഭാഗത്തിന്റെ പിന്തുണകിട്ടാൻ വേണ്ടിയാണ് കാന്തപുരത്തെ കാസർകോട്ടു വച്ചുനടന്ന പൊതുപരിപാടിയിൽവെച്ചു കണ്ടതും കൈമുത്തി അനുഗ്രഹം വാങ്ങിച്ചതും. തുടർന്ന് മറ്റൊരു പ്രവർത്തകൻ ഫോണിൽ പകർത്തിയ ഫോട്ടോ രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ ഫേസ്‌ബുക്ക് പേജിൽ നൽകുകയായിരുന്നു.

എന്നാൽ കാന്തപുരത്തെ ഇന്ത്യൻ ഗ്രാൻഡ്മുഫ്തി എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടത്് എ.പി വിഭാഗത്തിന്റെ ബദ്ധശത്രുക്കളും യു.ഡി.എഫ് അനുകൂലികളുമായ ഇ.കെ വിഭാഗം സമസ്ത പ്രവർത്തകരെ ചൊടിപ്പിച്ചുവെന്ന തരത്തിലും ചർച്ചകൾ നടക്കുന്നു. യു.ഡി.എഫിനൊപ്പം നിലനിൽക്കുകയും മുസ്ലിംലീഗിന്റെ ശക്തിയുമായ ഇ.കെ സമസ്തയുടെ പ്രവർത്തർ ഈ വിശേഷണത്തിനെതിരെ രംഗത്തുവരികയു കാന്തപുരത്തിന് ദേശീയതലത്തിൽ ലഭിച്ച ഗ്രാൻഡ് മുഫ്തി പദം തങ്ങൾ അംഗീകരിക്കുന്നില്ലെന്നും ഇത് കേരളത്തിൽ വിലപ്പോവില്ലെന്നും സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തു. രാജ്‌മോഹൻ ഉണ്ണിത്താന്റെ പോസ്റ്റിന് താഴെയും ഇതുസംബന്ധിച്ചു നിരവധി കമന്റുകൾ വന്നു.

ഏപ്രിൽ മൂന്നിനാണ് കാന്തപുരത്തിന്റെ കൈമുത്തുന്ന ഫോട്ടോ ഉണ്ണിത്താൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് കാന്തപുരം വിഭാഗം പ്രവർത്തകർ ഇതിനെ അനുകൂലിച്ച് രംഗത്തുവരികയും മറുവശത്ത് ഇ.കെ സമസ്ത വിഭാഗം പ്രവർത്തകർ ഇതിനെതിരെ രംഗത്തുവരികയും ചെയ്തതതോടെ രാജ്‌മോഹൻ ഉണ്ണിത്താന് വിഷയം തലവേദനയാകുമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.

എന്നാൽ ഇതിന് പ്രതിവിധി ചെയ്തുകൊണ്ടാണ് ഉണ്ണിത്താൻ തിരിച്ചടിച്ചത്. കാസർകോട്ടുനടന്ന കൊലപാതക രാഷ്ട്രീയം ഉയർത്തിക്കാട്ടി വോട്ടുതേടുന്ന ഉണ്ണിത്താൻ പിന്നീട് ഇ.കെ സമസ്തയുടെ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ കൈമുത്തി അനുഗ്രഹം വാങ്ങിച്ചാണ് ഇ.കെ വിഭാഗക്കാരുടെ പിണക്കം മാറ്റിയതോടെ കാര്യങ്ങൾ ഉഷാറായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുത്തുക്കോയ തങ്ങളുടെ കൈമുത്തുന്ന ഫോട്ടോ രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ ഫേസ്‌ബുക്ക് പേജിൽ നൽകിയതോടെ വിമർശനങ്ങൾ നീങ്ങി. ഇതോടെ രണ്ട് മുസ്‌ളീം വിഭാഗങ്ങളുടേയും വോട്ടുറപ്പിക്കുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി.

ഏപ്രിൽ എട്ടിനാണ് ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി അനുഗ്രഹം വാങ്ങിച്ചത്. പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റുമായ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് അനുഗ്രഹം തേടിയെന്ന അടിക്കുറിപ്പാണ് ജിഫ്രി തങ്ങളുടെ അനുഗ്രഹം വാങ്ങുന്ന ഫോട്ടോയുടെ അടിക്കുറിപ്പായി രാജ്‌മോഹൻ ഉണ്ണിത്താൻ നൽകിയത്. ഇതിനുതാഴെ ഇ.കെ വിഭഗക്കാർ രാജ്‌മോഹൻ ഉണ്ണിത്താന്് വിജയാശംസ നേർന്ന് കമന്റുകളുമിട്ടു. നേരത്തെ കാന്തപുരത്തിനെ ഗ്രാൻഡ് മുഫ്തിയെന്ന് വിശേഷിപ്പിച്ചത് ശരിയായില്ലെന്ന കമന്റുകളും ഈ ഫോട്ടോക്കു താഴെയുണ്ട്. കേരള മുസ്ലിംകളിലെ ഏറ്റവും വലിയ പ്രബല ശക്തികളാണ് എ.പി, ഇ.കെ വിഭാഗം സുന്നികൾ മണ്ഡലത്തിൽ ഇരുവിഭാഗങ്ങളുടേയും വോട്ടുകൾ നിർണായകമാകുമെന്ന വിലയിരുത്തലാണ് ഇരുവിഭാഗത്തെയും പിണക്കാതെ കൂടിനിർത്താൻ രാജ്‌മോഹൻ ഉണ്ണിത്താൻ നേതാക്കളുടെ അനുഗ്രഹം വാങ്ങിച്ചത്.

ഇ.കെ സമസ്ത വിഭാഗം യു.ഡി.എഫ് അനൂലികളാണെങ്കിലും എ.പി വിഭാഗക്കാർ നിലവിൽ സിപിഎം അനുഭാവമുള്ളവരായി മാറിയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം എ.പി വിഭാഗക്കാർക്ക് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനം അടക്കം നൽകി പരിഗണന നൽകുകയും ചെയ്തു. യു.ഡി.എഫ് ഭരണ കാലത്ത് എ.പി വിഭാഗക്കാർക്ക് കാര്യമായ പരിഗണന ലഭിക്കാറില്ല. മുസ്ലിം മതസംഘടനകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഇ.കെ സമസ്തയുടെ സമ്മർദത്തിന് വഴങ്ങി യു.ഡി.എഫ് സർക്കാർ അവർക്ക് നൽകലാണ് പതിവ്. ഇതിനാൽ തന്നെ ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ എൽ.ഡി.എഫിനാകുമെന്ന സൂചനകളും നേതാക്കൾ നൽകിയിട്ടുണ്ട്.

എന്നാൽ ചില മണ്ഡലങ്ങളിൽ കാന്തപുരം വിഭാഗങ്ങളെ പലകാര്യങ്ങളിൽ സഹായിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഉള്ളതിനാൽതന്നെ ഇവിടുത്തെ പിന്തുണ ഏതു രീതിയിലാകണമെന്ന ചർച്ചകളും നടക്കുന്നുണ്ട്. തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്ന നിലപാടാണ് നേരത്തെ മുതലേ കാന്തപുരം വിഭാഗം സ്വീകരിച്ചു വരുന്നത്. ഇതിനാൽ തന്നെ കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താന് പിന്തുണ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നതായാണ് നേതാക്കളിൽനിന്നും ലഭിക്കുന്ന സൂചന. ഇതിന് പുറമെ കാസർകോട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിലുള്ള പ്രതഷേധവും കണക്കിലെടുത്ത് ഇവിടെ രാജ്‌മോഹൻ ഉണ്ണിത്താന് പിന്തുണ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. ഇത്തരത്തിൽ രണ്ടു പക്ഷത്തിന്റെയും പിന്തുണ ഉണ്ണിത്താന് ലഭിക്കുമെന്ന സ്ഥിതിയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇത് ആശങ്ക സൃഷ്ടിക്കുന്നത് എൽഡിഎഫ് കേന്ദ്രങ്ങളിലാണ്.

കനത്ത ചൂടിലും വിശ്രമമില്ലാത്ത പ്രചാരണത്തിലാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. തന്റെ പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. ചൂട് പ്രചാരണത്തെ ബാധിക്കുന്നില്ലെന്നും പ്രചാരണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും ഉണ്ണിത്താൻ പറയുന്നു.
മണ്ഡലത്തിലെ പ്രമുഖ സ്ഥാപനങ്ങളിലും പ്രമുഖ വ്യക്തികളെയും സന്ദർശിക്കുന്ന തിരക്കിലാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെത്തിയ ഉണ്ണിത്താൻ അന്തേവാസികളുടെ വോട്ട് തേടുന്നതിനൊപ്പം ആശ്രമത്തിലെ സന്യാസിമാരുടെ അനുഗ്രഹവും തേടി. ആശ്രമത്തിലെത്തിയ കുട്ടികളോട് കുശലം പറഞ്ഞും മറ്റും ആവേശത്തോടെയായിരുന്നു പ്രചാരണം. കൂട്ടത്തിൽ ആശ്രമത്തിലെത്തിയ വിദേശ വനിതകളെ സ്വയം പരിചയപ്പെടുത്തി അനുഗ്രഹവും വാങ്ങി ഉണ്ണിത്താൻ.

ഞാൻ തീയിൽ കുരുത്ത രാഷ്ട്രീയ പ്രവർത്തകനാണ ഞാൻ, വെയിലത്ത് വാടുന്ന പ്രശ്നമുദിക്കുന്നില്ല. മേടമാസത്തിലെ ചൂട് ഞാൻ കീഴ്പ്പെടുത്തും. എനിക്ക് ഈ ചൂടൊന്നും ഒരു വിഷയവുമില്ലെന്നും ഉണ്ണിത്താൻ പറയുന്നു. ഉറച്ച വിജയ പ്രതീക്ഷയോടെ, തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രചരണം പുരോഗമിക്കുന്നത്. കല്യോട്ടെ ഇരട്ടക്കൊലപാതകവും അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസ് സിബിഐ. ഏറ്റെടുത്തതും ശബരിമലവിഷയവും കാഞ്ഞങ്ങാട്-കാണിയൂർ പാതയും പെരിയ ചെറുവിമാനത്താവളവുമെല്ലാം അക്കമിട്ട് കൊലപാതക രാഷ്ട്രീയമാണ് ഉണ്ണിത്താൻ പ്രധാന പ്രചരണ ആയുധമാക്കുന്നത്.

അതോടൊപ്പം നോട്ടുനിരോധനംമുതൽ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളും നിരത്തുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പുതിയൊരു ഇന്ത്യ എന്ന ലക്ഷ്യം പൂവണിയുമെന്ന ആത്മവിശ്വാസവും നാട്ടുകാരോട് പങ്കുവെക്കുന്നു. 35 വർഷമായി കാസർകോട് ഇടതുപക്ഷത്തെ വിജയിപ്പിക്കുന്ന നിങ്ങൾ ഈ മണ്ഡലത്തിൽ എന്ത് വികസനമാണ് കാണുന്നതെന്ന ചോദ്യവും നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. രക്തസാക്ഷിമണ്ഡപങ്ങളെ വികസനത്തിന്റെ പട്ടികയിൽ കൂട്ടാൻകഴിയില്ലെന്നും ഉണ്ണിത്താൻ പറയുന്നു. ഇതിനൊപ്പം തന്റെ ജയിപ്പിച്ചാൽ കാലങ്ങളായി ഏത് പാർട്ടി ഭരിച്ചാലും അവഗണനമാത്രം നേരിടുന്ന കാസർകോടിന്റെ വികസന സ്വപ്‌നങ്ങൾ നടപ്പാക്കുമെന്ന പ്രതിജ്ഞയെടുത്താണ് ഉണ്ണിത്താൻ വോട്ടുതേടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP