Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാവിലെ ആശുപത്രിയിൽ നിന്ന് പുറത്തെടുത്തപ്പോഴേ അശ്രുപൂജ അർപ്പിക്കാൻ ആയിരങ്ങൾ; പൊട്ടിക്കരഞ്ഞും നിലവിളിച്ചും പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ വഴിനീളെ കാത്തുനിന്ന് ജനം; ഓരോ കവലയിലും പാതയോരങ്ങളിലും ജനം ഒഴുകി എത്തിയതോടെ വിലാപയാത്ര നീങ്ങുന്നത് സമയക്രമമെല്ലാം തെറ്റിച്ച്; ഉച്ചയ്ക്ക് എത്തുമെന്ന് പ്രതീക്ഷിച്ച തിരുനക്കരയിൽ സന്ധ്യയായിട്ടും എത്തിയില്ല; പ്രിയപ്പെട്ട മാണിസാറിന് അശ്രുപൂജയുമായി കേരളം; നേതാവിന്റെ കരിങ്ങോഴക്കൽ വീട്ടിലും കാത്തുനിന്ന് ആയിരങ്ങൾ

രാവിലെ ആശുപത്രിയിൽ നിന്ന് പുറത്തെടുത്തപ്പോഴേ അശ്രുപൂജ അർപ്പിക്കാൻ ആയിരങ്ങൾ; പൊട്ടിക്കരഞ്ഞും നിലവിളിച്ചും പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ വഴിനീളെ കാത്തുനിന്ന് ജനം; ഓരോ കവലയിലും പാതയോരങ്ങളിലും ജനം ഒഴുകി എത്തിയതോടെ വിലാപയാത്ര നീങ്ങുന്നത് സമയക്രമമെല്ലാം തെറ്റിച്ച്; ഉച്ചയ്ക്ക് എത്തുമെന്ന് പ്രതീക്ഷിച്ച തിരുനക്കരയിൽ സന്ധ്യയായിട്ടും എത്തിയില്ല; പ്രിയപ്പെട്ട മാണിസാറിന് അശ്രുപൂജയുമായി കേരളം; നേതാവിന്റെ കരിങ്ങോഴക്കൽ വീട്ടിലും കാത്തുനിന്ന് ആയിരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: രാഷ്ട്രീയ കേരളം കെ.എം. മാണി എന്ന നേതാവിന് അന്ത്യയാത്ര നേരുകയാണ് കേരളം. സമീപകാലത്ത് ഒരു നേതാവിനുവേണ്ടിയും കേരളം ഇത്രയും കരഞ്ഞുകാണില്ല. ജനങ്ങളുടെ സങ്കടങ്ങൾ നേരിട്ടറിയുകയും അതിലെല്ലാം ഇടപെടുകയും ചെയ്ത മാണിസാർ ഓർമയാകുമ്പോൾ അദ്ദേഹത്തെ അവസാനമായി ഒരുനോക്കുകാണാൻ നിലവിളിച്ചും പൊട്ടിക്കരഞ്ഞും ആയിരങ്ങളാണ് വിലാപയാത്ര കടന്നുപോകുന്ന പാതയോരങ്ങളിൽ തടിച്ചുകൂടുന്നത്. സമരങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും ഭരണകാര്യങ്ങൾക്കും തങ്ങൾക്കു മുന്നേ നടന്ന നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ ആയിരങ്ങളാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ കെ.എം. മാണിയുടെ ഭൗതിക ദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോകുന്ന വഴിയരുകിൽ കാത്തുനിൽക്കുന്നത്. രാവിലെ എറണാകുളത്തു നിന്ന് തുടങ്ങിയ വിലാപയാത്ര ഓരോ കവലകളിലും ആയിരങ്ങൾ കാത്തുനിന്നതോടെ അനന്തമായി വൈകുന്നു. നേരത്തെ പറഞ്ഞതുപ്രകാരമുള്ള കേന്ദ്രങ്ങളിൽ അല്ലാതെ ജനം ഒഴുകി എത്തിയതോടെ വളരെ പതുക്കെയാണ് വിലാപയാത്ര നീങ്ങുന്നത്.

മോർച്ചറിയിൽ സൂക്ഷിച്ച മാണിയുടെ ഭൗതികദേഹം ഇന്ന് രാവിലെ ഒൻപതരയോടെയാണ് പുറത്തെടുത്തത്. അപ്പോഴേക്കും തന്നെ ആശുപത്രിയിൽ നിരവധി പേർ പ്രിയങ്കരനായ മാണിസാറിനെ ഒരുനോക്കു കാണാൻ കാത്തുനിന്നിരുന്നു. നൂറുകണക്കിന് ആളുകൾ ആദരാഞ്ജലി അർപ്പിച്ചു. ആശുപത്രിയിലെത്തിയ നേതാക്കൾക്കും പ്രവർത്തകർക്കും കാണാനായി അൽപസമയം മൃതദേഹം പൊതുദർശനത്തിന് വയ്ക്കും എന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ആളുകളുടെ ബാഹുല്യം കാരണം പൊതുദർശനം അരമണിക്കൂറിലേറെ നീണ്ടു.

രമേശ് ചെന്നിത്തല, പിജെ ജോസഫ്, ഷാഫി പറമ്പിൽ, കെ.ബാബു, മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ, അനൂപ് കുരുവിള ജോൺ, പി.ടി തോമസ് തുടങ്ങിയ നിരവധി നേതാക്കൾ കെ എം മാണിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാൻ ആശുപത്രിയിലെത്തിയിരുന്നു. രാവിലെ ഒൻപത് മണിയോടെ മാണിയുടെ ഭൗതികദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും എന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ജനതിരക്ക് കാരണം പത്ത് മണി കഴിഞ്ഞാണ് വിലാപയാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും നാട്ടുകാരുമാണ് വിലാപയാത്ര കടന്നു പോകുന്ന പാതയോരങ്ങളിലുടനീളം കെ.എം.മാണിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ കാത്തു നിൽക്കുന്നത്. ജനബാഹുല്യം നിമിത്തം മുൻകൂട്ടി നിശ്ചയിച്ച സമയക്രമങ്ങളെല്ലാം തെറ്റിയാണ് വിലാപ യാത്ര തുടരുന്നത്. മകൻ ജോസ് കെ മാണിയും എംഎൽഎമാരും വിലാപയാത്രക്കൊപ്പമുണ്ട്. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസ്സിലാണ് ഭൗതികശരീരവുമായി വിലാപയാത്ര നടക്കുന്നത്.

വിലാപയാത്ര കോട്ടയത്തെത്താൻ ഇനിയും മണിക്കൂറുകൾ വൈകുന്ന സ്ഥിതിയാണ്. വിലാപയാത്ര കടുത്തുരുത്തിയിൽ എത്തിയത് ആറു മണിക്കാണ്. മുഖ്യമന്ത്രി പിണറായി വിജയനും വി എസ് അച്യുതാനന്ദനും കടുത്തുരുത്തിയിലെത്തി അന്തിമോപചാരം അർപിച്ചു. പാർട്ടി പ്രവർത്തകരും സാധാരണക്കാരുമടക്കം വഴിയോരത്തുടനീളം കാത്തു നിന്ന ആയിരങ്ങൾ കെ.എം.മാണി എന്ന രാഷ്ട്രീയ നേതാവിന്റെ ജനസമ്മതി എത്രത്തോളമുണ്ടെന്നതിന് തെളിവായി. സങ്കടംപറയാൻ എത്തുന്നവരെയൊന്നും നിരാശയോടെ മടക്കി അയക്കാത്ത നേതാവായിരുന്നു അദ്ദേഹം. ആ വേർപാട് ജനങ്ങളിൽ വലിയ വേദനതന്നെയായി മാറുന്ന കാഴ്ചകളായിരുന്നു ഇന്ന് വിലാപയാത്ര പോയ വഴികളിലെല്ലാം.

തിരുനക്കര മൈതാനിയിൽ മാണിസാറിനെ കാത്ത് കണ്ണീരോടെ ആയിരങ്ങൾ

കേരള കോൺഗ്രസിന്റെ ഉദയത്തിനും കെ.എം. മാണിയുടെ രാഷ്ട്രീയ ജൈത്രയാത്രക്കും സാക്ഷിയായ തിരുനക്കര മൈതാനിയിലേക്ക് തങ്ങളുടെ മാണിസാറിന്റെ ചേതനയറ്റ ശരീരം എത്തുന്നതും കാത്ത് ആയിരങ്ങളാണ് മണിക്കൂറുകളായി കാത്തുനിൽക്കുന്നത്. ഉമ്മൻ ചാണ്ടി, കെ സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തിരുനക്കരയിലെത്തിയിട്ടുണ്ട്. രാവിലെ 10.30 ഓടെ കൊച്ചിയിൽനിന്ന് പുറപ്പെട്ട വിലാപയാത്ര 12 മണിയോടെ കോട്ടയത്തെത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും രാത്രി വൈകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ആയിരങ്ങളാണ് മാണിയെ കാണാൻ റോഡിന് ഇരുവശങ്ങളിലുമായി കാത്തുനിൽക്കുന്നത്. എത്ര വൈകിയാലും മാണിയെ കാണാനുള്ള അവസരം ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.   വിലാപയാത്ര നേരെ കോട്ടയത്തെ തിരുനക്കര മൈതാനത്തേക്കാണ് എത്തുന്നത്. കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതും മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായകവുമായ ഇടമാണ് തിരുനക്കര മൈതാനം. ഇവിടെ മാണിയുടെ ഭൗതിക ശരീരം പൊതു ദർശനത്തിന് വയ്ക്കും. തിരുനക്കരയിൽ അന്ത്യയാത്രാ മൊഴി നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കൾ ഇവിടെ മാണിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര എത്തുന്നത് കാത്തിരിക്കുകയാണ്. ആളുകൾ തിരുനക്കര മൈതാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.    കൊച്ചി മുതൽ റോഡിന് ഇരുവശവുമായി ആയിരക്കണക്കിന് ആളുകളാണ് മാണിയെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ച് കൂടിയിരിക്കുന്നത്. അതേസമയം, നേരം വൈകുന്നതിനാൽ പാല ടൗൺ ഹാളിലെ പൊതുദർശനം ഒഴിവാക്കി. പകരം ടൗൺ ഹാളിന് താഴെ വാഹനം അൽപസമയം നിർത്തിയിടും. ശേഷം മണർകാട്-അയർകുന്നം-കിടങ്ങൂർ-കപ്ലാമറ്റം വഴി മാണിയുടെ ജന്മനാടായ മരങ്ങാട്ടുപിള്ളിയിലേക്ക് മൃതദേഹമെത്തിക്കും. രാത്രിയോടെയാവും വീട്ടിലേക്ക് കൊണ്ടു വരിക. നാളെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ ശവസംസ്‌കാര ശ്രുശൂഷ ആരംഭിക്കും. നാല് മണിക്ക് പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്‌കാരം നടക്കും.    സമാനതകളില്ലാത്ത പൊതുജീവിതത്തിന് ഉടമയായിരുന്ന കെ.എം. മാണി ഓർമ്മയാകുമ്പോൾ നഷ്ടമാകുന്നത് മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയ ഭൂമികയിൽ രണ്ടിലയുടെ തണലിൽ വളർന്ന വന്മരത്തെയാണ്. കക്ഷി രാഷ്ട്രീയങ്ങൾക്കുപരിയായി നാടിന്റെ പൊതുനന്മ മാത്രം ലക്ഷ്യംവെച്ച ഒരു മനുഷ്യനെ എങ്ങനെയാണ് ഒരു ജനത ഹൃദയത്തിൽ കുടിയിരുത്തിയത് എന്നതിന്റെ ഏറ്റവും നല്ല തെളിവാകുകയാണ് മാണിസാറിന്റെ അന്ത്യയാത്ര. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP