Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ദുഃഖമുണ്ടെങ്കിലും ശല്യമൊഴിഞ്ഞുകിട്ടിയെന്ന് ചിന്തിക്കുന്ന മകൻ': മാണി സാറിന്റെ വിയോഗത്തിന് പിന്നാലെ ഇട്ട പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടു; പുതുതലമുറയുടെ അപചയമാണ് സൂചിപ്പിച്ചത്; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത് കാരണം തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻപരാജയം ഏറ്റുവാങ്ങും; 98 ശതമാനം നായന്മാരുള്ള ബിജെപി ഏറ്റവും വലിയ കരയോഗം പോലെയാണ്: നിരീക്ഷണങ്ങളും വിമർശനങ്ങളുമായി നവോത്ഥാന സമിതി ജോയിന്റ് കൺവീനർ സി.പി.സുഗതൻ മറുനാടനോട്

'ദുഃഖമുണ്ടെങ്കിലും ശല്യമൊഴിഞ്ഞുകിട്ടിയെന്ന് ചിന്തിക്കുന്ന മകൻ': മാണി സാറിന്റെ വിയോഗത്തിന് പിന്നാലെ ഇട്ട പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടു; പുതുതലമുറയുടെ അപചയമാണ് സൂചിപ്പിച്ചത്; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത് കാരണം തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻപരാജയം ഏറ്റുവാങ്ങും; 98 ശതമാനം നായന്മാരുള്ള ബിജെപി ഏറ്റവും വലിയ കരയോഗം പോലെയാണ്: നിരീക്ഷണങ്ങളും വിമർശനങ്ങളുമായി  നവോത്ഥാന സമിതി ജോയിന്റ് കൺവീനർ സി.പി.സുഗതൻ മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: കെഎം മാണിയുടെ മരണത്തിന് പിന്നാലെ ഇട്ട പോസ്റ്റിൽ അദ്ദേഹത്തെ അപമാനിക്കണമെന്ന ഉദ്ദേശം ഒന്നും തന്നെ ഇല്ലായിരുന്നു എന്നും ഇപ്പോഴത്തെ തലമുറയ്ക്ക് രക്ഷിതാക്കളോട് ഒരു സ്നേഹവും ഇല്ല എന്നതാണ് ഉദ്ദേശിച്ചത് എന്നും പിണറായി വിജയൻ നേതൃതത്വം നൽകുന്ന നവോത്ഥാന സമിതിയുടെ ജോയിന്റ് കൺവീനർ സി.പി.സുഗതൻ. ഒരിക്കലും മാണി സാറിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സുഗതൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടേണ്ടിയിരുന്ന ഇടത്പക്ഷം വൻ പരാജയം ഏറ്റുവാങ്ങാൻ പോകുന്നതിന്റെ കാരണം ശബരിമലയിൽ ആക്റ്റിവിസ്റ്റുകളെ പ്രവേശിപ്പിച്ചതാണെന്നും സുഗതൻ പറയുന്നു. ശബരിമലയിലെ വിഷയം വോട്ടാക്കി മാറ്റാൻ ബിജെപിക്ക് കഴിയില്ല. ഇതിന്റെ ഗുണഭോക്താക്കൾ യുഡിഎഫ് ആയിരിക്കും. ബിജെപി എന്ന് പറഞ്ഞാൽ ഒരു സവർണ സംവിധാനമാണ്. ഏറ്റവും വലിയ കരയോഗം എന്ന് തന്നെ വേണമെങ്കിൽ പറയാം.

കേരളത്തിൽ പിന്നോക്ക ഹിന്ദുക്കളെ അംഗീകരിക്കാൻ ബിജെപിക്ക് മടിയാണ്. എന്നാൽ ന്യൂനപക്ഷ പ്രീണനം ഇടത് -വലത് മുന്നണികൾക്ക് പിന്നാലെ ബിജെപിയും ആരംഭിച്ചിട്ടുണ്ട്. ശബരിമലവിഷയത്തിൽ ഹൈന്ദവ സംഘടനകളുമായി ചർച്ച നടത്തി സാവകാശത്തിനായി തീരുമാനിച്ചിരുന്നു. എന്നാൽ ഇത് തകർത്തത് സംഘപരിവാറിന്റെ പ്രകോപനമാണ്. അതിലൂടെ മുതലെടുപ്പിന് ഇരു വിഭാഗവും ശ്രമിച്ചപ്പോൾ ഭക്തരുടെ വികാരം വ്രണപ്പെട്ടു. ഇപ്പോൾ ശബരിമലയിൽ യുവതികളെ തടയാൻ സംഘപരിവാർ വരുന്നില്ല. അവിടെ പ്രശ്നങ്ങളും നടക്കുന്നില്ല എന്നത് ശ്രദ്ധേയമാണ് എന്നും സുഗതൻ പറയുന്നു. തിരഞ്ഞടുപ്പിൽ ഹിന്ദു പാർലമെന്റ് സ്വീകരിക്കുന്ന നിലപാട് ഉടൻ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു പാർലമെന്റ് എന്ന സംഘടന ഉണ്ടായത് തന്നെ കേരളത്തിൽ നടക്കുന്ന ന്യൂനപക്ഷ പ്രീണനം കൊണ്ടാണ്. ഇടത് വലത് മുന്നണികൾ, യുഡിഎഫ് -എൽഡിഎഫ് എന്നിവർ നടത്തുന്നത് ന്യൂനപക്ഷ പ്രീണനം തന്നയാണ്. ഹിന്ദു ഒരു വോട്ട് ബാങ്ക് ആകണം എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് ആയിക്കഴിഞ്ഞു. വലിയ വോട്ട് ബാങ്ക് ആയി മാറിയതോടെ എല്ലാവർക്കും ഞങ്ങളെ വേണം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ബിജെപി പോലും ഹിന്ദുക്കളിലെ പിന്നോക്കം നിൽക്കുന്നവരെ അവഗണിക്കുന്നത് ഒരു ശീലമാണ്. ബിജെപി എന്ന് പറയുന്നതാണ് ഏറ്റവും വലിയ കരയോഗം ആണ്. എൻഎസ്എസ് എന്ന സംഘടന സെക്കുലറാണ്‌.

പക്ഷേ ബിജെപിയിലെ 98 ശതമാനവും നായർ ആണ്. അവർക്ക് മറ്റ് ജാതിയിലുള്ളവരെ അംഗീകരിക്കാൻ ബുദ്ധിമുട്ടുമാണ്. അത്തരത്തിൽ വർഗ്ഗീയമായി ചിന്തിക്കുന്നതിന് എതിരെയും കൂടിയാണ് ഹിന്ദു പാർലമെന്റ്. പട്ടികജാതിയിൽ ഉള്ള ഒരാൾ എത്ര നന്നായി പ്രവർത്തിച്ചാലും ബിജെപി അയാളെ മുഖ്യധാരയിലേക്ക് കൊണ്ട് വരില്ല. അത്തരം സവർണ ചിന്താഗതി മാറ്റി എല്ലാവരേയും അംഗീകരിച്ചാൽ മാത്രമെ ബിജെപിക്ക് ഇവിടെ രക്ഷയുള്ളു.

അഭിമുഖത്തിന്റെ പൂർണ രൂപം:

കെ.എം മാണിയുടെ മരണത്തെ തുടർന്ന് താങ്കൾ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ്

എനിക്ക് ആ കാര്യത്തിൽ വളരെ അധികം ദുഃഖമുണ്ട്. മാണി സാറിന്റെ മരണത്തെ ഉദ്ദേശിച്ച് ഇട്ടതായിരുന്നില്ല ആ പോസ്റ്റ്. ഇപ്പോൾ പുതിയ തലമുറയിൽ പെട്ട യുവാക്കളെ അവരുടെ പ്രവണതകൾ, പ്രേമം, തുടർന്നുള്ള നിരാശയിൽ പരസ്പരം കത്തിക്കാൻ നിൽക്കുക അത്പോലെ തന്നെ രക്ഷകർത്താക്കൾ മരിക്കുമ്പോൾ അത് അവർക്ക് ഒരു ശല്യമൊഴിഞ്ഞു എന്ന രീതിയിലാണ് കാര്യങ്ങളെ സമീപിക്കുന്നത്. അത്തരം വിഷയങ്ങൾ ഉദ്ദേശിച്ചാണ് ആ പോസ്റ്റ് ഇട്ടത്. അല്ലാതെ മറ്റൊന്നും തന്നെ അവിടെ ഉദ്ദേശിച്ചില്ല. മാണി സാർ കേരളം മുഴുവൻ ബഹുമാനിക്കുന്ന ഒരു നേതാവാണ് അപ്പോൾ അത്തരത്തിലൊരു സംഭവം ഉണ്ടാകാൻ പാടില്ല. പിന്നീട് എന്റേയും ഹിന്ദു പാർലമെന്റിന്റേയും വക ആദരാഞ്ജലികളും ഇട്ടിരുന്നു. മറ്റേത് ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായതാണ്.

കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പും ശബരിമല വിഷയവും

ശബരിമല വിഷയത്തിൽ അതിന്റെ സമരത്തിൽ വളരെ ആക്റ്റീവ് ആയി തന്നെ പങ്കെടുത്ത ആൾ എന്ന നിലയ്ക്കും നവോത്ഥാന മതിലിന്റെ പ്രധാന സംഘാടകരിൽ ഒരാളെന്ന നിലയ്ക്കും ഈ വിഷയത്തിൽ അതായത് ശബരിമല വിഷയത്തിൽ കേരളത്തിന്റെ മനസ്ഥിതി എന്താണ് എന്ന് വളരെ നന്നായി തന്നെ അറിയാം. ഈ വിഷയത്തിൽ ഞാൻ മനസ്സിലാക്കിയടത്തോളം ബിജെപിക്ക് ഇതിന് അകത്ത് ഒരു നേട്ടം ഉണ്ടാക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ പത്തനംതിട്ട മണ്ഡലത്തിൽ ഈ വിഷയത്തിൽ ചെറിയൊരു മുന്നേറ്റം വോട്ടിന്റെ കാര്യത്തിൽ ബിജെപി നടത്തും. അതും അദ്ദേഹത്തിനെ വിജയത്തിലേക്ക് എത്തിക്കും എന്നതിൽ എനിക്ക് വലിയ വിശ്വാസമില്ല. പൊതുവിൽ ശബരിമല വിഷയത്തിൽ ഗുണഭോക്താക്കളാവുക യുഡിഎഫ് ആയിരിക്കും എന്നാണ് ഞാൻ കരുതുന്നത്.

ഹിന്ദു പാർലമെന്റ് എന്ന സംഘടനയുടെ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും

ഹിന്ദു പാർലമെന്റ് എന്നത് 2009ൽ ആരംഭിച്ച ഒരു സംഘടനയാണ്. തിരുവതാംകൂർ മഹാരാജാവിന്റെ നേതത്വത്തിൽ വെള്ളാപ്പള്ളി സാറിന്റെ നേതൃത്വത്തിൽ പേജാവർ മഠാതിപതി ഉദ്ഘാടനം ചെയത് അന്ന് കുമ്മനം ചേട്ടന്റെ ശരണംവിളിയോടെയാണ് പ്രവർത്തനം ആരംഭിച്ചത്, പരമേശ്വർ ജീ ആയിരുന്നു അതിന്റെ മുഖ്യ പ്രഭാഷണം. ഹിന്ദു സമുദായ അംഗങ്ങളുടെ ഒരു കൂട്ടായ്മ എന്ന നിലയ്ക്കാണ് തുടങ്ങിയത്. ഉദ്ഘാടനത്തിൽ തന്നെ യോഗ ക്ഷേമ സഭ ഉൾപ്പടെ 67 സംഘടനകളാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് വെള്ളാപ്പള്ളി നടേശൻ സാറിന്റെ നേതൃത്വത്തിൽ അത് 108 സംഘടനകളുള്ള ഒരു സഖ്യമായി മാറി. അങ്ങനെ നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം ഉയർത്തി മുന്നോട്ട് പോകുമ്പോഴാണ് വെള്ളാപ്പള്ളി സാർ ബിജെപിയിലേക്ക് പോയത്. ഹിന്ദു പാർലമെന്റിലെ എല്ലാവരും അദ്ദേഹത്തിന് ഒപ്പം കൂടും എന്നാണ് കരുതിയത് എന്നാൽ അത് ഉണ്ടായില്ല. അന്ന് ഞങ്ങൾ ഇടത്പക്ഷവുമായി സഹകരിക്കുകയായിരുന്നു. അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി ഞങ്ങളുമൊത്ത് സംസാരിക്കുകയും അങ്ങനെ വർഗ്ഗീയതയ്ക്കും അഴിമതിക്കും എതിരായി നിലപാട് എടുത്ത് ഞങ്ങൾ അന്ന് സഹായിച്ചത് ഇടത്പക്ഷത്തെ തന്നെ ആയിരുന്നു.

ശബരിമലയിലെ നിലപാട് മാറ്റത്തിന് പിന്നിൽ

ശബരിമലയിൽ ഒരിക്കലും നിലപാട് മാറ്റാത്ത സംഘടനകളാണ് എൻഎസ്എസ്, ഹിന്ദു പാർലമെന്റ് എന്നിവർ. അന്ന് രാഷ്ട്രീയ പാർട്ടികൾ ശബരിമല വിഷയത്തിൽ ഇടപെടരുത് എന്ന നിലലയ്ക്കാണ് കാര്യങ്ങൾ എത്തിയത്. അല്ലെങ്കിൽ ഭക്തരുടെ കാര്യങ്ങൾ ഹിന്ദു സമാജം നോക്കട്ടെ എന്നായിരുന്നു നിലപാട്. അതിന്റ ഫലമായിട്ടാണ് 3000 പേരെ നയിച്ച് തുലാമാസ പൂജയ്ക്ക് യുവതി പ്രവേശം തടയാൻ മുന്നിട്ട് ഇറങ്ങിയത്. പിന്നെ ശബരിമലയിൽ പോയത് യുവതികളെ തടയാൻ ആയിരുന്നില്ല. ആക്റ്റിവിസ്റ്റുകൾ ശബരിമലയിൽ കയറി ഇറങ്ങുന്നത് തടയുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ആക്റ്റിവിസ്റ്റുകൾ വരുന്നതിനെ തടയുക മാത്രമായിരുന്നു ലക്ഷ്യം. ബിജെപിയുമായി ധാരണയിൽ എത്തിയിരുന്നില്ലെങ്കിലും എൻഎസ്എസ് ഉൾപ്പടെയുള്ള സംഘടനകളോട് അവിടെ പറഞ്ഞിരുന്നത് ബിജെപി ഇടപെടരുത് എന്നായിരുന്നു. പക്ഷേ ബിജെപി എടുത്ത തീരുമാനം അവിടെ വരുക എന്നതായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കെ സുരേന്ദ്രനെ പോലെ ഉള്ളവർ അവിടെ എത്തുകയും അപ്പോൾ തന്നെ ഞങ്ങൾ അവിടെ നിന്ന് പിന്മാറുകയാണ് ചെയ്തത്. പ്രത്യക്ഷത്തിൽ അവിടെ നിന്ന് പിന്മാറിയെങ്കിലും ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിര് തന്നെ ആയിരുന്നു. അതേസമയം തന്നെ നവോത്ഥാന മതിലിന്റെ ജോയിന്റ് കൺവീനർ സ്ഥാനം ഞാൻ ഏറ്റെടുത്തതും ധാരണയുടെ പുറത്തായിരുന്നു. യുവതി പ്രവേശനത്തെ എതിർക്കുന്നതിന് ഒപ്പം തന്നെ കേരളത്തെ പിന്നോട്ട് അടിക്കുന്ന നിലപാടുകൾക്കും എതിരായിരുന്നു. മാത്രമല്ല ഹിന്ദു പാർലമെന്റ് എന്ന സംഘടനയെ അംഗീകരിക്കാൻ ഒരിക്കലും ആർഎസ്എസ് തയ്യാറായില്ല. അതിലെ പ്രതിഷേധം ഞങ്ങളുടെ ശക്തിയായി പ്രകടിപ്പിക്കാൻ കൂടി വേണ്ടിയാണ് നവോത്ഥാന മതിലിൽ പങ്കെടുത്തത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ശബരിമലയിൽ യുവതി പ്രവേശനം നടക്കാത്തതിനെ കുറിച്ച്

ഇതിനെ കാണേണ്ടത് സുപ്രീം കോടതി വിധി വന്നതിന് ശേഷം ഞങ്ങൾ സമുദായ സംഘടനകൾ എല്ലാവരും കൂടി ഒരുമിച്ച് ഹിന്ദു പാർലമെന്റ് ചെയർമാന്റെ നേതൃത്വത്തിൽ ചർച്ചയ്ക്ക് പോയപ്പോൾ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നത് ഒരു സാവകാശ ഹർജിക്ക് സമയം കണ്ടെത്തി വലിയ പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ ശ്രമിക്കണം എന്നായിരുന്നു. ചർച്ചകളിലൂടെ വിഷയം പരിഹരിക്കാം എന്നാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത് എന്നാൽ അപ്പോൾ സർക്കാർ ഇതിൽ ഇടപെട്ടത് സംഘപരിവാർ കാണിച്ച ആക്ഷന് എതിരായിട്ടാണ്. സർക്കാരിനെ കുറ്റം പറയാൻ പറ്റില്ല, പിണറായി വിജയനെ കുറ്റം പറയാനും പറ്റില്ല. കാരണം സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നത് ഏതൊരു സർക്കാരിന്റേയും ബാധ്യതയാണ്. അതിപ്പോൾ സിപിഎം ഭരിച്ചാലും കോൺഗ്രസ് ഭരിച്ചാലും ബിജെപി ഭരിച്ചാലും ഒക്കെ കണക്കാണ്. അതേസമയം ഭക്തരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഞങ്ങളെ പോലെ ഉള്ള സംഘടനകളാണ് ഉണ്ടായിരുന്നത്. വലിയ ഒരു പ്രശ്നമാകാതെ പരിഹരിക്കാൻ ആയിരുന്നു ചർച്ചകൾ പുരോഗമിച്ചത്.

ആ സമയത്താണ് സംഘപരിവാർ ഉൾപ്പടെയുള്ള സംഘടനകൾ നിലപാട് മാറ്റി ഈ അവസരം ഉപയോഗിക്കാൻ എത്തിയത്. അത്തരം ഇടപെടലുകൾ സർക്കാരിനെ പ്രകോപിപ്പിക്കുകയാണ് ഉണ്ടായത്. പ്രകോപിതരായ സർക്കാർ ആക്ഷൻ തുടങ്ങി അതിന്റെ കൗണ്ടർ ആക്ഷനായി സംഘപരിവാർ തിരിച്ചടിച്ചു. ചുരുക്കി പറഞ്ഞാൽ സർക്കാരും സംഘപരിവാറും തമ്മിലുള്ള യുദ്ധമാണ് കേരളത്തിൽ നടന്നത്. അതിന്റെ ഫലം അനുഭവിച്ചതാകട്ടെ പാവപ്പെട്ട ഭക്തരും. ഇപ്പോൾ സംഘപരിവാർ അവിടെ പ്രകോപനത്തിന് പോകുന്നില്ല അതുകൊണ്ട് തന്നെ സർക്കാരിനും യുവതികളെ പ്രവേശിപ്പിക്കണം എന്ന നിർബന്ധം ഇല്ല. രണ്ട് കൂട്ടരും ശബരിമലയെ കരുവാക്കി നടത്തിയ യുദ്ധം ശരിയല്ല. പിന്നെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിന് ഈ സർക്കാർ നൽകേണ്ടി വരുന്ന വിലയാകും വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി ഏറ്റ് വാങ്ങാൻ പോകുന്ന വലിയ തോൽവി. യുവതി പ്രവേശനവും ശബരിമല വിഷയവും ഇല്ലായിരുന്നു എങ്കിൽ ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം സീറ്റ് ഇടത്പക്ഷത്തിന് ലഭിക്കുമായിരുന്നു.

ന്യൂനപക്ഷ വിഷയത്തിൽ ആയിരുന്നു എങ്കിൽ സർക്കാർ ഇത്തരത്തിലൊരു നടപടി എടുക്കുമായിരുന്നോ

ഹിന്ദു പാർലമെന്റ് എന്ന സംഘടന ഉണ്ടായത് തന്നെ കേരളത്തിൽ നടക്കുന്ന ന്യൂനപക്ഷ പ്രീണനം കൊണ്ടാണ്. ഇടത് വലത് മുന്നണികൾ, യുഡിഎഫ് -എൽഡിഎഫ് എന്നിവർ നടത്തുന്നത് ന്യൂനപക്ഷ പ്രീണനം തന്നയാണ്. ഹിന്ദു ഒരു വോട്ട് ബാങ്ക് ആകണം എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് ആയിക്കഴിഞ്ഞു. വലിയ വോട്ട് ബാങ്ക് ആയി മാറിയതോടെ എല്ലാവർക്കും ഞങ്ങളെ വേണം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ബിജെപി പോലും ഹിന്ദുക്കളിലെ പിന്നോക്കം നിൽക്കുന്നവരെ അവഗണിക്കുന്നത് ഒരു ശീലമാണ്. ബിജെപി എന്ന് പറയുന്നതാണ് ഏറ്റവും വലിയ കരയോഗം ആണ്. എൻഎസ്എസ് എന്ന സംഘടന സെക്കുലറാണ് പക്ഷേ ബിജെപിയിലെ 98 ശതമാനവും നായർ ആണ് അവർക്ക് മറ്റ് ജാതിയിലുള്ളവരെ അംഗീകരിക്കാൻ ബുദ്ധിമുട്ടുമാണ്. അത്തരത്തിൽ വർഗ്ഗീയായി ചിന്തിക്കുന്നതിന് എതിരെയും കൂടിയാണ് ഹിന്ദു പാർലമെന്റ്. പട്ടികജാതിയിൽ ഉള്ള ഒരാൾ എത്ര നന്നായി പ്രവർത്തിച്ചാലും ബിജെപി അയാളെ മുഖ്യധാരയിലേക്ക് കൊണ്ട് വരില്ല. അത്തരം സവർണ ചിന്താഗതി മാറ്റി എല്ലാവരേയും അംഗീകരിച്ചാൽ മാത്രമെ ബിജെപിക്ക് ഇവിടെ രക്ഷയുള്ളു.

ലോക്സഭ തെരഞ്ഞെടുപ്പിലെ പിന്തുണ ആർക്കായിരിക്കും

അതിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. നവോത്ഥാന സമിതിയുടെ പ്രവർത്തനങ്ങൾക്ക് സ്തംഭനം ആണ് തൽക്കാലം. അതിൽ രാഷ്ട്രീയം ഇല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ഹിന്ദു പാർലമെന്റിന് കീഴിലെ സംഘടനകൾ അവരുടെ നിലപാട് വ്യക്തമാക്കുകയാണ്. അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കും. ഞങ്ങളുമായി അടുക്കാത്തതുകൊണ്ടാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മഞ്ചേശ്വരം എന്നിവിടങ്ങളിൽ ബിജെപി തോറ്റത്.

കേന്ദ്രത്തിന്റെ രാമക്ഷേത്രം വാഗ്ദാനം

നവോത്ഥാന മസിതിയുടെ ജോയിന്റ് കൺവീനറായി പ്രവർത്തിച്ചപ്പോൾ എനിക്ക് എതിരെ ഉണ്ടായ ഏറ്റവും വലിയ ആരോപണമാണ് അയോധ്യയിലെ കർസേവയിൽ ഞാൻ പങ്കെടുത്തു എന്നതായിരുന്നു. ഹിന്ദുക്കളുടെ വോട്ട് വാങ്ങിക്കാനുള്ള ഒരു രാഷ്ട്രീയ ആയുധം മാത്രമാണ് ബിജെപിക്ക് രാമക്ഷേത്രം. 2004,2009,2014,2019 അങ്ങനെ എല്ലാ കാലത്തും അവർക്ക് ഇത് ഒരു വിഷയമായിരിക്കും. ഇനി ഒരു 50 തിരഞ്ഞെടുപ്പ് കഴിഞ്ഞാലും രാമക്ഷേത്രത്തെ ഒരു വിഷയമായി നിലനിർത്ത് അവർ ഹിന്ദുക്കളുടെ വോട്ട് വാങ്ങിക്കും.

ന്യൂനപക്ഷങ്ങളും ബിജെപിയും

ഇടത് വലത് മുന്നണികളെ പോലെ തന്നെ ബിജെപിയും ഇപ്പോൾ ന്യൂനപക്ഷങ്ങളെ കണക്കാക്കി തുടങ്ങിയിട്ടുണ്ട്. അവരും ന്യൂനപക്ഷ പ്രീണനം ആരംഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച പ്രവർത്തകരെ അവഗണിച്ച് കൊണ്ട് അൽഫോൻസ് കണ്ണന്താനത്തെപ്പോലെ ഉള്ളവരെ അവർ മന്ത്രിയാക്കുന്നത്. പക്ഷേ സാധാരണ ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കാതെ വടക്കേ ഇന്ത്യൻ അജണ്ടകൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പക്ഷേ അത് ശരിയല്ല. അവരുടെ കരയോഗം മനോഭാവം അവ,സാനിപ്പിക്കാതെ കേരളത്തിൽ പച്ചതൊടില്ല. എല്ലാ ഹൈന്ദവ സംഘടനകളേയും ഒരുപോലെ അംഗീകരിക്കുകയും വർഗ്ഗീയത ഉപേക്ഷിക്കാൻ തയ്യാറാവുകയും ചെയ്താൽ മാത്രമെ അവർക്കൊപ്പം ചേരുകയുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP