Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വർണം വാങ്ങുമ്പോൾ വഞ്ചിക്കപ്പെടാതിരിക്കണോ? ബിഐഎസ് ഹാൾ മാർക്ക് മുദ്ര മുതൽ പണിക്കൂലി വരെയുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണേ; ഓൺലൈനിൽ സ്വർണം പർച്ചേസ് ചെയ്യുന്നത് സുരക്ഷിതമാണോ? സ്വർണത്തെ മികച്ച നിക്ഷേപമാക്കി മാറ്റുന്ന ഇ-ഗോൾഡ് മുതൽ സ്വർണ ബോണ്ട് വരെയുള്ളവയെ അറിയാം; വൈറ്റ് ഗോൾഡിനെ പറ്റി പ്രധാന കാര്യങ്ങൾ അറിയുന്നതിനൊപ്പം സ്വർണാഭരണം എവിടെയൊക്കെ 'സൂക്ഷിക്കരുതെന്നും' ശ്രദ്ധിക്കാം

സ്വർണം വാങ്ങുമ്പോൾ വഞ്ചിക്കപ്പെടാതിരിക്കണോ? ബിഐഎസ് ഹാൾ മാർക്ക് മുദ്ര മുതൽ പണിക്കൂലി വരെയുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണേ; ഓൺലൈനിൽ സ്വർണം പർച്ചേസ് ചെയ്യുന്നത് സുരക്ഷിതമാണോ?  സ്വർണത്തെ മികച്ച നിക്ഷേപമാക്കി മാറ്റുന്ന ഇ-ഗോൾഡ് മുതൽ സ്വർണ ബോണ്ട് വരെയുള്ളവയെ അറിയാം; വൈറ്റ് ഗോൾഡിനെ പറ്റി പ്രധാന കാര്യങ്ങൾ അറിയുന്നതിനൊപ്പം സ്വർണാഭരണം എവിടെയൊക്കെ 'സൂക്ഷിക്കരുതെന്നും' ശ്രദ്ധിക്കാം

തോമസ് ചെറിയാൻ കെ

സ്വർണം..കേൾക്കുമ്പോൾ തന്നെ മനസിൽ ഒരു ഐശ്വര്യത്തിന്റെ പ്രഭ തരുന്ന വാക്കാണത്. വീടിനും നാടിനും ഐശ്വര്യവും സമൃദ്ധിയും സമ്മാനിക്കുന്ന ഈ ദിവ്യ ലോഹം ഒഴിച്ചുകൊണ്ടുള്ള ജീവിതം ആർക്കും സ്വപ്നം പോലും കാണാൻ സാധിക്കില്ല. ഓരോ ദിവസവും മാധ്യമങ്ങളിലൂടെ സ്വർണത്തിന്റെ വില റെക്കോർഡിലേക്ക്, വിലയിൽ നേരിയ കുറവ് എന്നൊക്കെ കാണുമ്പോൾ വിവാഹപ്രായമടുത്ത് നിൽക്കുന്ന മക്കളുടെ മാതാപിതാക്കൾക്ക് മുതൽ സ്വർണത്തെ ആശ്രയിച്ച് ലോൺ എടുത്തിരിക്കുന്ന ശരാശരിക്കാരായ സാധാരണക്കാർക്കടക്കം നെഞ്ചിനുള്ളിൽ ചെറിയൊരു മിന്നൽ പിണരുണ്ടാകും. ഉള്ള നീക്കിയിരുപ്പ് വച്ച് അൽപം സ്വർണം വാങ്ങിയേക്കാം എന്ന് കരുതുന്നവരും കുറവല്ല. എന്നാൽ സ്വർണം എന്ന് കേൾക്കുമ്പോൾ ആധി കയറുന്നതിന് മുൻപ് ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്.

സ്വർണത്തെ പറ്റി അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യങ്ങളെ അടുത്തറിയുകയും നമ്മുടെ ആവശ്യമെന്തെന്നറിഞ്ഞ് ഇതിനെ നിരീക്ഷിക്കുകയും ചെയ്താൽ സ്വർണം എന്നതിനെ നമുക്ക് വളരെ ലളിതമായി കൈകാര്യം ചെയ്യാനും മികച്ച ഒരു നിക്ഷേപമായി തന്നെ സൂക്ഷിക്കാനും സാധിക്കും. ഒരു ആവശ്യം വന്നാൽ എത്രയും വേഗം പണമാക്കി മാറ്റാം എന്ന സ്വർണത്തിന്റെ 'മാജിക്കിനെ' നാം ഒരിക്കലും മറന്നുകൂടാ. എന്നാൽ എങ്ങനെയുള്ള സ്വർണ്ണമാണ് മികച്ച നിക്ഷേപമാകുന്നത്, സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, ആഭരണ വില കണക്ക് കൂട്ടുന്നതെങ്ങനെ, വിൽക്കുമ്പോൾ നഷ്ടമുണ്ടാകാതിരിക്കാൻ ഓർക്കേണ്ട പ്രധാന കാര്യങ്ങൾ, സ്വർണത്തിന് പറ്റിയ നിക്ഷേപ രീതികൾ ഏതൊക്കെ തുടങ്ങി വൈറ്റ് ഗോൾഡ് എന്നാൽ എന്തെന്നും മെർക്കുറി വീണാൽ സ്വർണം സാധാരണ ലോഹമായി മാറുമോ എന്നത് വരെ നാം അറിഞ്ഞിരിക്കണം.

ഈ വർഷം ഫെബ്രുവരിയിൽ അന്താരാഷ്ട്ര തലത്തിൽ സ്വർണവില വർധിച്ചപ്പോൾ അതിന്റെ അലയൊലികൾ ഇന്ത്യയെ ബാധിച്ചത് സ്വർണവില കാൽ ലക്ഷം കടന്നുകൊണ്ടായിരുന്നു. റെക്കോർഡ് വലയിൽ സ്വർണം തൊട്ടെങ്കിലും അത് അധികം നീണ്ടു നിന്നില്ല എന്നത് മാത്രമാണ് അൽപം ആശ്വാസം. സ്വർണ വിലയിൽ വർധനയുണ്ടാകുമ്പോഴും അതിന് ആവശ്യക്കാർ ഏറുന്നു എന്നുള്ളതാണ് മറ്റൊരു കൗതുകകരമായ കാര്യം. ആഭരണപ്പെട്ടികളിൽ മാത്രമല്ല സ്മാർട്ട് ഫോണിന്റെ ചിപ്പുകളിൽ വരെ സ്വർണം എന്നത് കടന്നു കൂടിയിരിക്കുന്ന ഒന്നാണ്. സ്വർണത്തെ അടുത്തറിയുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട മുഖ്യകാര്യങ്ങൾ അറിഞ്ഞില്ലേൽ നഷ്ടം സംഭവിക്കും എന്ന കാര്യവും മറക്കരുത്. അക്കാര്യങ്ങൾ അറിയാൻ 'സ്വർണം സ്പെഷ്യൽ' മണിച്ചെപ്പിലേക്ക് നമുക്കൊന്ന് പോകാം.

സ്വർണം വാങ്ങാൻ പോകുവാണോ...ഇവ മനസിൽ വച്ച് പോയാൽ മതി

സ്വർണക്കടയിൽ കയറിയാൽ ആഭരണത്തിന്റെ ഡിസൈനും പുതുമയും നോക്കുമ്പോൾ മുഖ്യമായ പല കാര്യങ്ങളും നാം ശ്രദ്ധിക്കാറില്ല. ബിഐഎസ് ഹാൾ മാർക്ക്, പ്രൈസ് ടാഗ്, കല്ലുകളുടെ തൂക്കം എന്നിവയടക്കം മുഖ്യമായി ശ്രദ്ധിക്കേണ്ട ഒന്നാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സിന്റെ ഷോർട്ട് ഫോമാണ് ബിഐഎസ്. ഇതിന്റെ മുദ്രണം എല്ലാ ആഭരണങ്ങളിലും ഉണ്ടാവും. ഇതിനൊപ്പം തന്നെ സ്വർണത്തിന്റെ പരിശുദ്ധി എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന അടയാളവും രേഖപ്പെടുത്തിയിരിക്കും.

22 കാരറ്റ് സ്വർണമാണെങ്കിൽ 916 എന്നും നവരത്‌ന ആഭരണങ്ങൾ സെറ്റു ചെയ്യുന്ന 21 കാരറ്റ് സ്വർണമാണെങ്കിൽ 875 എന്നും 18 കാരറ്റ് ആണെങ്കിൽ 750 എന്നുമാണ് മുദ്രണത്തിനൊപ്പം രേഖപ്പെടുത്തുന്നത്. മാത്രമല്ല സർക്കാർ അതാത് ജില്ലകളിൽ ഓരോ ഹാൾമാർക്കിങ് സെന്ററുകൾക്കും അംഗീകാരം നൽകിയിട്ടുണ്ടാവും. ഇവയുടെ ലോഗോയും ഇതിനൊപ്പം ചേർക്കും. ഇപ്പോഴാണെങ്കിൽ ജൂവലറിയുടെ പേരും ചെറുതായി രേഖപ്പെടുത്തിയിരിക്കും.

ആഭരണം ഹാൾമാർക്ക് ചെയ്ത വർഷവും അതിൽ സൂചിപ്പിച്ചിരിക്കും എന്നതിനാൽ ആഭരണത്തിന്റെ പഴക്കവും ഏതു കാലത്തെ ഡിസൈൻ ആണെന്നതും കൃത്യമായി കണ്ടെത്താൻ സാധിക്കും. ഇത്രയും കാര്യം ആഭരണത്തിലില്ലെങ്കിൽ സൂക്ഷിക്കണം. ആഭരണത്തിന്റെ തൂക്കം, പണിക്കൂലി, കല്ലുണ്ടെങ്കിൽ അവയുടെ തൂക്കം, കല്ലിന്റെ വില എന്നിവ രേഖപ്പെടുത്തിയിരിക്കുന്ന രേഖയാണ് പ്രൈസ് ടാഗ് എന്ന് പറയുന്നത്. പ്രൈസ് ടാഗിൽ മേൽപറഞ്ഞ കാര്യങ്ങൾ വെവ്വേറെ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ അത് പ്രത്യേകം ചോദിച്ചറിയാൻ ഉപഭോക്താവ് പ്രത്യേകം ശ്രദ്ധിക്കണം.

മഞ്ഞലോഹത്തെ പറ്റി ഇക്കാര്യങ്ങൾ അറിഞ്ഞില്ലേൽ പണിയാണേ

 വാങ്ങുന്ന ആർക്കം കൈകാര്യം ചെയ്യാവുന്ന ഒന്നാണ് സ്വർണമെങ്കിലും 'എങ്ങനെ' കൈകാര്യം ചെയ്യണമെന്ന് അറിഞ്ഞില്ലേൽ ഇതിന്റെ ഉപയോഗം ഇരട്ടിപ്പണിയാകുമെന്ന് ഉറപ്പ്. 24 കാരറ്റ് സ്വർണമാണ് സംശുദ്ധ സ്വർണമെന്ന് പറയുമെങ്കിലും 22, 21 കാരറ്റ് സ്വർണമാവും നമുക്ക് അധികമായും ജൂവലറികളിൽ ലഭിക്കുക. പ്രത്യേകിച്ചും ഇന്ത്യൻ വിപണിയിൽ. 24 കാരറ്റ് സ്വർണം പെട്ടന്ന് പൊട്ടിപ്പോവാൻ സാധ്യതയുള്ളതിനാലാണ് ലോഹത്തിന്റെ അളവിൽ വ്യത്യാസം വരുത്തി സ്വർണാഭരണങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ സിംഗപ്പൂരടക്കമുള്ള രാജ്യങ്ങളിൽ 24 കാരറ്റ് സ്വർണത്തിനാണ് ആവശ്യക്കാർ ഏറെയും.

അതായത് 99.99 ശതമാനം ശുദ്ധ സ്വർണമാണ് 24 കാരറ്റ് എന്ന് പറയുന്നത്. നേരത്തെ പറഞ്ഞത് പോലെ ഹാൾ മാർക്ക് ചെയ്യുമ്പോൾ സ്വർണത്തിന്റെ സംശുദ്ധി അനുസരിച്ചിരിക്കും എന്ന കാര്യവും ഓർക്കുക. സ്വർണത്തിന് കടും നിറം കൂടുതലെങ്കിൽ അതിൽ കോപ്പറിന്റെ അളവ് അധികമുണ്ടെന്ന് ഉറപ്പിക്കാം. സ്വർണത്തിൽ വെള്ളിയുടെ അംശമാണ് അധികമെങ്കിൽ വെളുപ്പ് നിറം വർധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. സ്വർണം എത്ര കാരറ്റ് ആണെന്നറിയാനുള്ള കാരറ്റ് അനലൈസർ എന്ന ഉപകരണം എല്ലാ ജൂവലറികളിലും ഉണ്ട്. ഇതിൽ അളവും തൂക്കവുമടക്കം കൃത്യം കണക്ക് കാണിക്കും.

പണിക്കൂലി പണിയാണോ ?

സ്വർണ പരസ്യത്തിൽ നാം സ്ഥിരമായി കാണാറുള്ള ഒന്നാണ് പണിക്കൂലി എന്നത്. സ്വർണാഭരണം നിർമ്മിക്കുമ്പോൾ പണിക്കാർക്കുള്ള കൂലി മുതൽ കട്ടിങ്ങും പോളിഷിങ്ങും അടക്കമുള്ള നിർമ്മാണ പ്രക്രിയയ്ക്ക് ഈടാക്കുന്ന തുകയാണ് പണിക്കൂലി എന്ന് പറയുന്നത്. കേരളത്തിലാണെങ്കിൽ 40 ശതമാനം വരെ പണിക്കൂലി ഈടാക്കുന്ന ആഭരണങ്ങൾ വിപണിയിലുണ്ട്. ആഭരണത്തിന്റെ ഡിസൈൻ, സ്വർണത്തിന്റെ അളവ് എന്നിവയുമായി തുലനം ചെയ്താൽ പണിക്കൂലിയിൽ മാറ്റം വരും.

വിദേശത്ത് നിന്നും എത്തിക്കുന്ന ആഭരണങ്ങളാണെങ്കിൽ അതിനും ഇറക്കുമതി ടാക്സ് അടക്കമാണ് പണിക്കൂലി കണക്കാക്കുന്നത്. പണിക്കൂലി അമിതമായാൽ വിപണിയെ ബാധിക്കും എന്ന ആശങ്കയുള്ളതുകൊണ്ടാണ് പല ജൂവലറികളും പണിക്കൂലിയിൽ ഇളവ് എന്ന് പരസ്യത്തിൽ പറയുന്നത്. കൈപ്പണിയാണോ മെഷീൻ വർക്കാണോ എന്നത് അനുസരിച്ചും പണിക്കൂലിയിൽ മാറ്റം വരാം. മെഷീൻ കട്ടിന് കൈപ്പണിയേക്കാൾ പണിക്കൂലി കുറവായിരിക്കും.

ഓൺലൈനിൽ സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണേ...

ഓൺലൈൻ മാർഗം സ്വർണം വാങ്ങാനുള്ള അവസരം ഇന്ന് പല ജൂവലറികളും തരുന്നുണ്ട്. എന്നാൽ ഇങ്ങനെ സ്വർണം വാങ്ങുന്നത് കൃത്യമാണോ എന്ന് ഉറപ്പ് വരുത്തുക പ്രയാസമാണ്. ഓൺലൈൻ പർച്ചേസിലെ തട്ടിപ്പ് ഏത് രൂപത്തിലാണ് ഉണ്ടാവുക എന്ന പറയാൻ സാധിക്കില്ല. കടയിൽ പോയി നോക്കി വാങ്ങുന്നത് പോലെ ഓൺലൈൻ പർച്ചേസിൽ നടക്കില്ല. സ്വർണത്തിന്റെ തൂക്കം മുതൽ പണിക്കൂലി അടക്കമുള്ള കാര്യങ്ങളിൽ വരെ നേരിട്ട് പോയി സ്വർണം വാങ്ങുന്നതിനേക്കാൾ വ്യത്യാസം വന്നേക്കാം. മാത്രമല്ല ഇങ്ങനെ വാങ്ങുന്ന സ്വർണം മാറ്റി വാങ്ങാനോ വിൽക്കാനോ പോകുമ്പോൾ ചെറിയ തോതിലാണെങ്കിലും നൂലാമാലകൾ ഏറെയുണ്ട്.

നിക്ഷേപമെന്ന രീതിയിൽ സ്വർണത്തെ അറിയാം

മികച്ച നിക്ഷേപമാണ് സ്വർണം എന്ന് പറയുന്നത്. എന്നാൽ ആഭരണങ്ങളായി നിക്ഷേപിക്കുന്ന വിലയല്ല സ്വർണ നാണയങ്ങൾക്കും ബാറുകൾക്കും ലഭിക്കുക. സ്വർണാഭരണങ്ങൾക്ക് നിക്ഷേപ തുക കുറവായിരിക്കും. പ്രതിമാസം അടയ്ക്കുന്ന തുകയ്ക്കനുസരിച്ച് സ്വർണം അക്കൗണ്ടിലേക്ക് വരുന്ന സ്‌കീം മുതൽ ഗോൾഡ് എക്സ്ചെഞ്ച് ട്രെയ്ഡും ഗോൾഡ് മ്യൂച്ചൽ ഫണ്ടുകളും വരെയുണ്ട്. പ്രതിമാസം പണമടച്ച് സ്വർണം അക്കൗണ്ടിൽ വരുത്തുന്ന നിക്ഷേപത്തിന് സ്വർണ വില വർധിക്കുന്നതിനും താഴുന്നതിനും അനുസരിച്ച് ലഭിക്കുന്ന സ്വർണത്തിന്റെ അളവിലും മാറ്റം വരാം. സ്വർണ രൂപത്തിൽ നിക്ഷേപം നടത്താവുന്ന മ്യൂച്വൽ ഫണ്ടുകളും ഏറെ ശ്രദ്ധേയമായ ഒന്നാണ്. നിക്ഷേപിക്കുന്ന തുകയ്ക്കുള്ള സ്വർണക്കട്ടികൾ ഗോൾഡ് അക്കൗണ്ടിലെത്തും.

അര ഗ്രാം തൂക്കം മുതൽ സ്വർണം വാങ്ങാവുന്ന സ്‌കീമുകളുണ്ട്. ഇതിനെ എളുപ്പം പണമാക്കി മാറ്റാനും സാധിക്കും. സ്വർണാഭരണങ്ങൾ നിർമ്മിക്കുന്ന കമ്പനികളിൽ നിക്ഷേപിച്ച് പണം നേടാനുള്ള മ്യൂച്ചൽ ഫണ്ടുകൾ വഴി വെറും 5000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. ഇക്കൂട്ടത്തിൽ ഏറെ പ്രധാനമായ നിക്ഷേപമാണ് ഇ-ഗോൾഡ് എന്ന് പറയുന്നത്. ഓഹരി നിക്ഷേപിക്കുന്നത് എങ്ങനെയാണെന്ന് നമുക്കറിയാം. അത്തരത്തിൽ സ്വർണം നിക്ഷേപം നടക്കുന്ന രീതിയാണ് ഇ-ഗോൾഡ് എന്ന് പറയുന്നത്. ഓഹരിയിലേത് പോലെ തന്നെ ട്രെയിഡിങ് അക്കൗണ്ടും ഡിമാറ്റ് അക്കൗണ്ടും ഉണ്ടെങ്കിൽ ഓഹരി നിക്ഷേപത്തിലെന്ന പോലെ തന്നെ സ്വർണ നിക്ഷേപത്തിലും പരീക്ഷണം നടത്താം. മാത്രമല്ല ഒന്നോ രണ്ടോ ഗ്രാമായിട്ടുള്ള സ്വർണ യൂണിറ്റുകൾ ഓൺലൈനായി വിൽക്കുവാനും സാധിക്കും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ഇത് സ്വർണ നാണയമാക്കി മാറ്റുവാൻ കുറഞ്ഞത് 8 യൂണിറ്റെങ്കിലും നിക്ഷേപമായി വേണമെന്നും വിദഗ്ദ്ധർ പറയുന്നു. ആവശ്യ സമയത്ത് കൃത്യമായി വിറ്റ് പണമാക്കാം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഗോൾഡ് ഇടിഎഫ് അഥവാ സ്വർണ എക്സ്ചേഞ്ച് ട്രെഡ് ഫണ്ട്് എന്ന നിക്ഷേപ രീതിയും ഏവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. എക്സ്ചേഞ്ചുകൾ വഴി നടത്തുന്ന ഇത്തരം സ്വർണ നിക്ഷേപം സുരക്ഷിതമായിരിക്കുമെന്ന് മാത്രമല്ല 90 ശതമാനത്തിലധിവും പരിശുദ്ധമായ സ്വർണമാണ് നിക്ഷേപിക്കാൻ സാധിക്കുന്നതെന്നും ഓർക്കുക. അതാത് രാജ്യത്തിന്റെ വിപണി വില അനുസരിച്ചായിരിക്കും നിക്ഷേപകന് നേട്ടം ലഭിക്കുക. ഡിപ്പോസിറ്ററി അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും ഉണ്ടെങ്കിൽ ഗോൾഡ് ഫണ്ട് ബ്രോക്കിങ് സ്ഥാപനങ്ങളുടെ സഹായത്തെടെ സ്വർണ നിക്ഷേപം ആരംഭിക്കാം.

സ്വർണ ബോണ്ടുകളും ഇക്കൂട്ടത്തിൽ നാം അറിഞ്ഞിരിക്കേണ്ട സ്വർണ നിക്ഷേപമാണ്. കേന്ദ്ര സർക്കാർ റിസർവ് ബാങ്കുമായി ചേർന്ന് നടത്തുന്ന പദ്ധതിയായതിനാൽ ഇതിന്റെ വിശ്വാസ്യതയെ പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്വർണത്തിന്റെ തുല്യ വില എത്രയാണോ അതിന് അനുസരിച്ചുള്ള സ്വർണ നിക്ഷേപ സർട്ടിഫിക്കറ്റിനെയാണ് സ്വർണ ബോണ്ട് എന്ന് പറയുന്നത്. വിപണി വിലയേക്കാൾ രണ്ട് ശതമാനം പലിശ കൂടി ലഭിക്കുന്ന സ്വർണ ബോണ്ടുൾ മികച്ചൊരു നിക്ഷേപം തന്നെയാണ്.

സ്വർണം വിൽക്കുമ്പോൾ എന്തെല്ലാം അറിയണം....സ്വർണ വില കണക്ക് കൂട്ടുന്നതെങ്ങനെ ?

സ്വർണം വാങ്ങുമ്പോൾ വൻ വില ഈടാക്കുകയും അത് വിൽക്കാൻ ചെല്ലുന്ന സമയം വില കുറയ്ക്കുകയും ചെയ്യുന്ന പരിപാടിയാണ് മിക്ക ജൂവലറികളും കാണിക്കുന്നത്. അതാണ് സ്വർണം വാങ്ങുന്ന സമയത്തെ ബില്ലുകൾ എപ്പോഴും സൂക്ഷിച്ച് വയ്ക്കണം എന്ന് പറയുന്നത്. ചില ജൂവലറികളിൽ കല്ലിന്റെ തൂക്കം കുറച്ചും സ്വർണത്തിന്റെ തൂക്കം വർധിപ്പിച്ചും കാട്ടി പണം തട്ടുന്നുവെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. വൻകിട ജൂവലറികളിൽ നിന്നും വാങ്ങുന്ന സ്വർണം അതേ ജൂവലറികളിൽ കൊണ്ടു പോയാൽ വാങ്ങിയ തുകയോട് അടുത്ത് ലഭിക്കുമെന്ന് പറയുമെങ്കിലും എല്ലാ കടകളിലും അങ്ങനെയാവണമെന്നില്ല.

എന്നിരുന്നാലും എപ്പോൾ വേണമെങ്കിലും നാം സ്വർണം വിൽക്കേണ്ട സന്ദർഭം ജീവിതത്തിൽ വരാമെന്നിരിക്കേ ബിഐഎസ് മുദ്രയുള്ള സ്വർണാഭരണങ്ങൾ തന്നെ വാങ്ങുന്നുവെന്നും ഉറപ്പ് വരുത്തണം. അടുത്ത പ്രധാനപ്പെട്ട കാര്യമാണ് സ്വർണവില കണക്ക് കൂട്ടുന്നത്. സാധാരണയായി സ്വർണത്തിന്റെ തൂക്കം വിപണി വിലയോട് ഗുണിച്ച് പണിക്കൂലിയും ഇതര ചാർജുകളും ഒപ്പം ജിഎസ്ടി നിരക്കും ചേർത്താണ് സ്വർണ വില കണക്കാക്കുന്നത്. എന്നാൽ ആഭരണം വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തതാണെങ്കിൽ ഇതിനുള്ള പ്രത്യേക ചാർജ് അടക്കമാണ് വില തീരുമാനിക്കുന്നത്. സ്വർണം വാങ്ങുമ്പോൾ കല്ലുകൾ പതിപ്പിച്ചിട്ടുണ്ടെങ്കിൽ വിൽക്കാൻ കൊണ്ടു പോകുമ്പോൾ കല്ല് മാറ്റിയ ശേഷമുള്ള തൂക്കമാവും കണക്കാക്കുക എന്ന കാര്യവും ഓർക്കണം.

വൈറ്റ് ഗോൾഡ് എന്നാൽ....സ്വർണാഭരണങ്ങൾ സൂക്ഷിക്കേണ്ടതെങ്ങനെ ?

വൈറ്റ് ഗോൾഡ് എന്തെന്ന് അറിയാത്തവരായി ഒട്ടേറെ ആളുകളുണ്ട്. 18 കാരറ്റ് സംശുദ്ധിയിൽ 75 ശതാമനം സ്വർണവും 25 ശതമാനം പലഡിയവും ചേർന്നതാണ് വൈറ്റ് ഗോൾഡ് എന്ന് പറയുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമാണ് പ്ലാറ്റിനം. ഇത്തരം ആഭരണങ്ങളിൽ 95 ശതമാനം പ്ലാറ്റിനവും 5 ശതമാനം കൊബാൾട്ടുമാണ് അടങ്ങുക. എന്നാൽ കാലം കുറച്ച് കഴിയുമ്പോഴേയ്ക്കും വൈറ്റ് ഗോൾഡിന് മങ്ങൽ വരാമെന്നും ധരിക്കുന്ന ആളുകളിൽ ചിലർക്ക് അലർജി അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാവാം എന്നുള്ളതുമാണ് വൈറ്റ് ഗോൾഡിന്റെ ഒരു ന്യൂനത.

സ്വർണം സൂക്ഷിക്കുന്നതും ശരിയായ രീതിയിലല്ലെങ്കിൽ ഇത് നശിക്കാനുള്ള സാധ്യത ഏറെയാണ്. ജൂവലറികളിൽ നിന്നും ലഭിക്കുന്ന ബോക്സുകൾ തന്നെയാണ് സ്വർണം സൂക്ഷിക്കാൻ ഏറെ ഉത്തമം എന്ന് പറയുന്നത്. ഇരുമ്പു ബോക്സുകളിൽ സ്വർണം സൂക്ഷിച്ചാൽ നിറം മാറാനും മാറ്റും സാധ്യതയുണ്ട്. ധരിക്കുന്ന ആഭരണങ്ങളുടെ നിറം മാറിയാലും വീട്ടിൽ ചെറുതായി വൃത്തിയാക്കിയ ശേഷം (തുണി വച്ച് തുടയ്ക്കുന്നത് നല്ലത്) ജൂവലറികളിൽ കൊണ്ടു പോയി പോളീഷ് ചെയ്യുന്നതാണ് നല്ലത്.

അതുപോലെ തന്നെ ഏവരും ഭയക്കുന്ന ഒന്നാണ് സ്വർണത്തിൽ മെർക്കുറി വീണാൽ എന്ത് സംഭവിക്കും എന്നത്. സ്വർണം കേടാവാൻ ഏരെ സാധ്യതയുള്ള ഒന്നാണ് മെർക്കുറി എന്ന് പറയുന്നത്. മെർക്കുറിക്ക് സ്വർണം വലിച്ചെടുക്കാൻ കഴിവുള്ള ലോഹമാണ്. ഇവ സ്വർണാഭരണത്തിൽ വീണ് ആഭരണം പൊടിഞ്ഞ് പോയി എന്ന് കെമിക്കൽ ലാബുകളിൽ ജോലി ചെയ്യുന്നവർ അടക്കം നിരന്തരമായി പറയുന്ന പരാതിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP