Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകം കെഎം മാണിയെ ആദ്യം തിരിച്ചറിഞ്ഞത് മദ്രാസ് ലോ കോളേജിൽ നിന്നും 1955ൽ നിയമം പാസായി കോഴിക്കോടെത്തി ഗോവിന്ദമേനോന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയപ്പോൾ; കോട്ടയത്ത് വച്ച് പിടി ചാക്കോയുടെ അടുപ്പക്കാരനായപ്പോൾ കോൺഗ്രസിലേക്കുള്ള വഴി സുഗമമായി; 25-ാം വയസ്സിൽ കെപിസിസി അംഗമായി; വിവാദകൊടുങ്കാറ്റ് ഉയർന്നിട്ടും ഒരു തവണ പോലും തോൽക്കാതെ തുടർച്ചയായി എംഎൽഎയായത് 54 വർഷം; മാണിക്ക് പകരം നിൽക്കാൻ സാക്ഷാൽ കരുണാകരന് പോലും കഴിഞ്ഞേക്കില്ല

ലോകം കെഎം മാണിയെ ആദ്യം തിരിച്ചറിഞ്ഞത് മദ്രാസ് ലോ കോളേജിൽ നിന്നും 1955ൽ നിയമം പാസായി കോഴിക്കോടെത്തി ഗോവിന്ദമേനോന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയപ്പോൾ; കോട്ടയത്ത് വച്ച് പിടി ചാക്കോയുടെ അടുപ്പക്കാരനായപ്പോൾ കോൺഗ്രസിലേക്കുള്ള വഴി സുഗമമായി; 25-ാം വയസ്സിൽ കെപിസിസി അംഗമായി; വിവാദകൊടുങ്കാറ്റ് ഉയർന്നിട്ടും ഒരു തവണ പോലും തോൽക്കാതെ തുടർച്ചയായി എംഎൽഎയായത് 54 വർഷം; മാണിക്ക് പകരം നിൽക്കാൻ സാക്ഷാൽ കരുണാകരന് പോലും കഴിഞ്ഞേക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലയുടെ മാണിക്കമായിരുന്നു കെഎം മാണി. മാളയുടെ മരതകം കെ കരുണാകരനും. എന്നാൽ കരുണാകരന് പോലും തട്ടകമായ തൃശൂരിൽ തോൽവി പിണഞ്ഞു. മുഖ്യമന്ത്രി കസേര ഒഴിഞ്ഞ് ലോക്‌സഭാ മോഹവുമായി തൃശൂരിൽ മത്സരിക്കാനെത്തിയ കരുണാകരനെ താൻ വളർന്ന് വലുതായ സാംസ്‌കാരിക തലസ്ഥാനം കൈവിട്ടു. ഇവിടെയാണ് കേരള രാഷ്ട്രീയത്തിലെ ജനപ്രിയനായി കെ എം മാണി മാറുന്നത്. പാലയിൽ മാണി തോൽവി അറിഞ്ഞിട്ടില്ല. കോൺഗ്രസിലൂടെ പൊതുപ്രവർത്തനം തുടങ്ങി കേരളാ കോൺഗ്രസിന്റെ എല്ലാമെല്ലാമായ മാണി. മാണി സാർ വക്കീലിനെ പോലെയായിരുന്നു. മുമ്പിലെത്തുന്ന പ്രശ്‌നങ്ങളെ എല്ലാം വാദിച്ച് ജയിക്കാൻ ശ്രമിക്കുന്ന നേതാവ്. അതുകൊണ്ട് തന്നെ ജനകീയ പ്രശ്‌നങ്ങളിൽ മാണിയുടെ ഇടപെടൽ സമാനതകളില്ലാതെയായിരുന്നു. മുമ്പിലെത്തുന്ന പാവപ്പെട്ടവരുടെ വിഷയമെല്ലാം ഓരോ കേസായി കണ്ട് സ്വയം ഏറ്റെടുത്ത് പലരോടും വാദിച്ച് ജയിച്ചു. അങ്ങനെ പാലയിൽ മാണി സാർ വിസ്മയമായി.

കർഷകരുടെ ആത്മമിത്രമായിരുന്നു മാണി. നാണ്യവിളകൾക്ക് തീരെ വിലയില്ലാതായ കാലത്ത് റബർ നട്ട് കർഷകന്റെ ആത്മാഭിമാനം വീണ്ടെടുത്ത കർഷകമിത്രം. എല്ലായ്‌പ്പോഴും വിവാദങ്ങളുടെ തോഴൻ. സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതം. ജനമനസ്സ് തൊട്ടറിഞ്ഞായിരുന്നു യാത്രകൾ. ആരേയും പേരെടുത്ത് വിളിക്കാനാകുന്ന സൗഹൃദം മാണി സൂക്ഷിച്ചു. പാലായിലെ ഓരോ വ്യക്തിയേയും മാണിക്ക് വ്യക്തിപരമായി അറിയാമായിരുന്നു. കുടുംബത്തേയും. എവിടെ വച്ചു കണ്ടാലും പാലക്കാരെ പേരു പറഞ്ഞ് വിളിക്കുന്ന നേതാവായിരുന്നു മാണി. മാളയിൽ കരുണാകരനു മാത്രം സാധിച്ച വൈവഭവമായിരുന്നു ഇത്. പുഞ്ചിരി മാത്രമായിരുന്നു മാണി മുഖത്ത് നിറച്ചത്. കരയേണ്ടിടത്ത് എത്തിയാൽ അതിനും മറന്നില്ല. അങ്ങനെ പാലയുടെ ദുഃഖത്തിനും സന്തോഷത്തിനുമൊപ്പം മാണി നിന്നു. ഇതിനൊപ്പം കേരളാ കോൺഗ്രസിനെ മധ്യ തിരുവിതാകൂറിലം രാഷ്ട്രീയ ശക്തിയുമാക്കി. അധ്വാന വർഗ്ഗ സിദ്ധാന്തത്തിന് പുതിയ വ്യാഖ്യാനങ്ങൾ ചമച്ച് കെ.എം. മാണി ചരിത്രത്തിന്റെ തങ്കലിപികളിലേക്കു മറയുമ്പോൾ കേരളത്തിന് നഷ്ടമാകുന്നത് പകരക്കാരൻ ഉണ്ടാകാനിടയില്ലാത്ത വ്യക്തിത്വത്തെയാണ്.

ഉത്തരവാദഭരണ പ്രക്ഷോഭമായിരുന്നു കെ. എം. മാണിയുടെ ആദ്യ രാഷ്ട്രീയക്കളരി. അന്നു സ്‌കൂൾ വിദ്യാർത്ഥിയാണ്. രാഷ്ട്രീയം തലയ്ക്കുപിടിച്ചെങ്കിലും പഠനം മുടക്കിയില്ല. കോളജിലെത്തിയപ്പോൾ മൽസരപ്രസംഗങ്ങളിൽ മാണിയുടെ ശബ്ദം മുഴങ്ങി. മദ്രാസ് ലോ കോളജിൽനിന്ന് 1955ൽ നിയമബിരുദം നേടി. ഹൈക്കോടതി ജഡ്ജിയായ പി. ഗോവിന്ദമേനോന്റെ ജൂനിയറായി കോഴിക്കോട് ബാറിൽ പ്രാക്ടിസ് തുടങ്ങി. കോഴിക്കോട് നഗരസഭാധ്യക്ഷനായിരുന്നു അന്ന് ഗോവിന്ദമേനോൻ. നഗരസഭാ തിരഞ്ഞെടുപ്പിൽ ഗോവിന്ദമേനോനു വേണ്ടി പ്രസംഗിച്ചാണ് മാണിയുടെ തുടക്കം. ഗോവിന്ദ മേനോനിൽ നിന്ന് അനുഗ്രഹം വാങ്ങി കോട്ടയത്ത് എത്തിയ മാണി തന്റേത് രാഷ്ട്രീയത്തിന് വേണ്ടി സമർപ്പിക്കേണ്ട ജീവിതമാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ വക്കീൽ പണിക്ക് വിട. അഭിഭാഷക ജോലിക്കിടെ തന്നെ പിടി ചാക്കോയുടെ വിശ്വസ്തനായി മാണി മാറിയിരുന്നു. അങ്ങനെ കോട്ടയത്തെ കോൺഗ്രസിൽ മാണി എത്തി. ആദ്യം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. പിന്നാലേ കെപിസിസി അംഗം. അതും 25-ാം വയസിൽ.

പീച്ചി സംഭവത്തിന്റെ പേരിൽ 1964 ൽ പി.ടി ചാക്കോയ്ക്കു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. അധികം വൈകാതെ കോഴിക്കോട്ടു വച്ച് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു. രാഷ്ട്രീയ ഗുരുനാഥന് വേണ്ടി മാണി കോൺഗ്രസിനോട് യുദ്ധം പ്രഖ്യാപിച്ചു. ാക്കോയോട് കോൺഗ്രസ് പാർട്ടി കാണിച്ചതുകൊടിയ അനീതിയാണെന്നു വിശ്വസിച്ച അനുയായികൾ കോൺഗ്രസ് വിട്ടു. കെ.എം ജോർജിന്റെ നേതൃത്വത്തിൽ 15 എംഎൽഎമാർ ചേർന്ന് പുതിയ പാർട്ടി രൂപീകരിച്ചു. 1964ൽ കോട്ടയത്തെ തിരുനക്കര മൈതാനത്ത് മന്നത്തു പത്മനാഭനാണ് പുതിയ പാർട്ടിയുടെ തിരിതെളിച്ചത്. അങ്ങനെ കെ.എം മാണി കേരളാ കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയുമായി. അന്ന് മുതൽ കോട്ടയത്തിന്റെ നേതാവാണ് മാണി. പാലാ മണ്ഡലവും മാണിക്കായി ഈശ്വരൻ സൃഷ്ടിച്ചു. 1965 ലെ തിരഞ്ഞെടുപ്പ്. അന്നുണ്ടായിരുന്ന മീനച്ചിൽ, പുലിയന്നൂർ മണ്ഡലങ്ങളുടെ ഭാഗങ്ങൾ വിളക്കിച്ചേർത്ത് പാലാ മണ്ഡലമുണ്ടായി. മാണി കേരളാ കോൺഗ്രസിന് വേണ്ടി മത്സരിച്ചു. പിന്നെ എല്ലാം ചരിത്രം.

പുതുമോടിനിറഞ്ഞ പാലാ, ഉലയാത്ത ഖദർ ജൂബയും മുണ്ടുമായി പുതുമാരനെപ്പോലെ മാണി! കന്നിയങ്കം ജയിച്ചു കയറി. പക്ഷേ നിയമസഭ ചേരാതെ പോയതു കൊണ്ട് സാങ്കേതികമായി മാണി എംഎൽഎയായില്ല. രണ്ടു വർഷം കഴിഞ്ഞു വീണ്ടും തിരഞ്ഞെടുപ്പ്. ജയം. പിന്നെ തിരിഞ്ഞുനോട്ടമില്ല. അന്നുതൊട്ട് ഇന്നോളം പാലാ മെമ്പർ കെ.എം മാണി മാത്രം; തുടർച്ചയായി 13 തവണ. പാലായെന്ന ആ കൂട്ടുകുടുംബത്തിലെ മനുഷ്യരെ, കെ. എം. മാണിയെ അടിസ്ഥാനമാക്കി മൂന്നായി തരംതിരിക്കാമായിരുന്നു: മാണിയെ കുഞ്ഞുമാണിയെന്നു വാൽസല്യത്തോടെ വിളിക്കുന്നവർ, മാണിസാറെന്ന് ആദരവോടെ വിളിക്കുന്നവർ, ഇതു രണ്ടുമല്ലാത്ത മൂന്നാം തലമുറ. ഈ മൂന്ന് തലമുറയ്ക്കും മാണി പ്രിയങ്കരനായിരുന്നു. അതുകൊണ്ടാണ് പിളരും തോറും വളരുന്ന പാർട്ടിയായി കേരളാ കോൺഗ്രസിനെ മാറ്റാനായത്. ബാർ കോഴയുടെ പ്രതിസന്ധിയിലും മാണിക്ക് പാല മികച്ച ഭൂരിപക്ഷം നൽകി, കാരണം മാണിയെ പോലെ മണ്ഡലം നോക്കുന്ന എംഎൽഎമാർ കുറവായിരുന്നു. 'എനിക്കു രണ്ടു ഭാര്യമാരുണ്ടെന്നും ഒന്നു കുട്ടിയമ്മയും മറ്റേതു പാലായുമാണെ'ന്നും മാണി തന്നെ പ്രസംഗിച്ചു. അങ്ങനെ പാലയെ മാണി സാർ ഒപ്പം കൊണ്ടു നടന്നു. ഇതിന് പാലക്കാരും തെരഞ്ഞെടുപ്പിൽ വിജയം മാത്രം നൽകി മാണിയെ അനുഗ്രഹിച്ചു. അതുകൊണ്ടാണ് മാണിയുടെ വിയോഗം പാലയെ അനാഥനാക്കുന്നതും.

അഭിഭാഷകനായിരിക്കേ, കോൺഗ്രസ് മരങ്ങാട്ടുപിള്ളി വാർഡ് കമ്മിറ്റി പ്രസിഡന്റായി രാഷ്ട്രീയജീവിതത്തിലേക്ക്. പിന്നീട് കോട്ടയം ഡി.സി.സി. സെക്രട്ടറി. പി.ടി. ചാക്കോയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ അനുയായികൾ 1964-ൽ കെ.എം. ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ അതിൽ അംഗമായി. 1965-ൽ പാലാ നിയോജകമണ്ഡലം രൂപവത്കരിച്ചപ്പോൾമുതൽ എംഎ‍ൽഎ. കഴിഞ്ഞതിരഞ്ഞെടുപ്പിൽ 4703 വോട്ടിന് ജയിച്ചു. 1975-ൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ധനകാര്യവകുപ്പോടെ ആദ്യമായി മന്ത്രി. 1976-ൽ ആദ്യ ബജറ്റ് അവതരണം. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 2015-ൽ അവസാന ബജറ്റും അവതരിപ്പിച്ചു. 2016-ൽ ധനമന്ത്രിയായിരിക്കേ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽനിന്ന് രാജിവെച്ചു. ബാർ കോഴയിൽ തട്ടിയായിരുന്നു ഇത്. രാഷ്ട്രീയ ജീവിതത്തിലെ കറുത്ത പാടായിരുന്നു ഇത്. അതിനേയും പാലക്കാരുടെ സ്‌നേഹത്തിന്റെ കുരത്തിലാണ് മാണി മറികടന്നത്. ധനവകുപ്പിനുപുറമേ, ആഭ്യന്തരം, റവന്യൂ, വൈദ്യുതി തുടങ്ങി സുപ്രധാനവകുപ്പുകളെല്ലാം കൈകാര്യംചെയ്തു.

രാജ്യത്ത് ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി - 13 തവണയാണ് ബജറ്റ് അവതരിപ്പിച്ചത്. ഒരു മണ്ഡലത്തെത്തന്നെ ഏറ്റവുമധികംകാലം പ്രതിനിധാനംചെയ്ത ജനപ്രതിനിധി. പാലായിൽനിന്ന് 13 വട്ടം ജയിച്ചു. 54 വർഷം എംഎ‍ൽഎ. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽകാലം അംഗമായിരുന്ന വ്യക്തി. 2016 ഫെബ്രുവരിയിൽ കെ.ആർ. ഗൗരിയമ്മയുടെ റെക്കോഡ് മറികടന്നു. അന്ന് 17,593 ദിവസം നിയമസഭയിൽ പൂർത്തിയാക്കിയിരുന്നു. സംസ്ഥാനത്ത് കൂടുതൽകാലം മന്ത്രിയായിരുന്നയാൾ. ഏഴുതവണയായി 24 വർഷം വിവിധ വകുപ്പുകൾ കൈകാര്യംചെയ്തു.

ജനനം: 1933 ജനുവരി 30ലാണ്. കോട്ടയം മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ തോമസ് മാണിയുടെയും എലിയാമ്മയുടെയും മകനായി ജനിച്ചു. ഭാര്യ: കുട്ടിയമ്മ. മക്കൾ: വത്സമ്മ, സാലി, ആനി, ജോസ് കെ. മാണി എംപി., ടെസി, സ്മിത. മരുമക്കൾ: ഡോ. തോമസുകുട്ടി കവലയ്ക്കൽ (ചങ്ങനാശ്ശേരി), എംപി. ജോസഫ്, റിട്ട.ഐ.എ.എസ്. ഉദ്യോഗസ്ഥൻ (എറണാകുളം), ഡോ. സേവ്യർ ഇടയ്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനിൽ ജോർജ് ഇലവനാൽ (കോഴിക്കോട്), രാജേഷ് പീറ്റർ കുരീത്തടം (എറണാകുളം), നിഷ നിരവത്ത് (ആലപ്പുഴ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP