Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുലിമുരുകനായപ്പോൾ ഒഴിവായ പുലിവാല് ലൂസിഫറായപ്പോൾ വീണ്ടും; കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് സഹായിച്ചിട്ടും സൂപ്പർതാരത്തെ വിടാതെ ആനക്കൊമ്പ് കേസ്; മോഹൻലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി; ആനക്കൊമ്പ് സൂക്ഷിക്കാൻ നടന് മുൻകൂർ അനുമതി ഉണ്ടായിരുന്നില്ല; ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ കുറ്റകൃത്യം നടന്നിരുന്നില്ലേയെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച്

പുലിമുരുകനായപ്പോൾ ഒഴിവായ പുലിവാല് ലൂസിഫറായപ്പോൾ വീണ്ടും; കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് സഹായിച്ചിട്ടും സൂപ്പർതാരത്തെ വിടാതെ ആനക്കൊമ്പ് കേസ്; മോഹൻലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി; ആനക്കൊമ്പ് സൂക്ഷിക്കാൻ നടന് മുൻകൂർ അനുമതി ഉണ്ടായിരുന്നില്ല; ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ കുറ്റകൃത്യം നടന്നിരുന്നില്ലേയെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : അനധികൃതമായി വീട്ടിൽ ആനക്കൊമ്പ് സൂക്ഷിച്ച കേസിൽ നടൻ മോഹൻലാലിന് വീണ്ടും കുരുക്ക്. കേസിൽ മോഹൻലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആനക്കൊമ്പ് സുക്ഷിക്കാൻ മോഹൻലാലിന് മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ കുറ്റകൃത്യം നടന്നിരുന്നില്ലേ എന്നും കുറ്റകൃത്യം കണ്ടെത്തിയ ശേഷം എങ്ങനെ നിയമ സാധുത നൽകാനാവുമെന്നും കോടതി ചോദിച്ചു.

കേസിൽ മോഹൻലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. ആനക്കൊമ്പ് കൈവശം വച്ച നടപടി വനം-വന്യജീവി നിയമത്തിലെ സെക്ഷൻ 31 ന്റെ ലംഘനമാണന്നും കോടതി വ്യക്തമാക്കി. കേസിലുൾപ്പെട്ട ശേഷം ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുഖ്യവനപാലകൻ നിയമസാധുത നൽകിയതിനെ കുറിച്ച് വനം വകുപ്പ് വിശദീകരണം നൽകണം.

മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയതിനെതിരെ ആലുവ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള അനുമതി റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. അനധികൃതമായി ആനക്കൊമ്പ് കൈവശം വെയ്ക്കുന്നത് 3 വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.

മോഹൻലാൽ ,സംസ്ഥാന സർക്കാർ, മുഖ്യവനപാലകൻ എന്നിവരെ എതിർ കക്ഷികളാക്കിയാണ് പൗലോസ് ഹർജി സമർപ്പിച്ചിട്ടുള്ളത് മോഹൻലാലിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൗലോസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ചതിന് നിയമസാധുത നൽകിയെന്ന് സർക്കാർ നിലപാടറിയിച്ചതിനെ തുടർന്ന് കോടതി കേസ് തീർപ്പാക്കുകയായിരുന്നു .

ആനക്കൊമ്പ് കൈവശം വെക്കാൻ ലൈസൻസുള്ള തന്റെ സുഹൃത്തുക്കൾ വിദേശത്ത് പോയപ്പോൾ സൂക്ഷിക്കാൻ ഏൽപ്പിച്ചതാണെന്നാണ് ലാൽ മൊഴി നൽകിയിരുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ലാലിനും സുഹൃത്തുക്കളായ തൃപ്പൂണിത്തുറ സ്വദേശി എൻ.കൃഷ്ണകുമാർ, തൃശൂർ സ്വദേശി പി.എൻ. കൃഷ്ണകുമാർ എന്നിവർക്കെതിരെയുമാണ് കേസ്.

ആനക്കൊമ്പ് കണ്ടെത്തിയ കേസിൽ അദ്ദേഹത്തിന് അനുകൂലമായി വനംവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത് ചട്ടലംഘനമാണെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഒരു വ്യക്തിക്കുവേണ്ടിമാത്രമാണ് ഈ ഉത്തരവിറക്കിയതെന്നും മോഹൻലാലിന്റെ പേര് സൂചിപ്പിക്കാതെ റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നു. നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രമുഖ നടനെന്നുമാത്രമാണ് പരാമർശം.

യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് മോഹൻലാലിനുവേണ്ടി ഇത്തരത്തിൽ ഉത്തരവിറക്കിയത് വിവാദമായിരുന്നു. മറ്റുവ്യക്തികളുടെ ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷണത്തിലോ കോടതിയിൽ വിചാരണയിലോ ആയിരിക്കെ നടനെ സഹായിക്കാൻ മാത്രമാണ് പ്രത്യേക ഉത്തരവിറക്കിയതെന്നും സി.എ.ജി. കണ്ടെത്തി.

കൈവശമുള്ള വന്യജീവികളുടെയും വന്യജീവി ശേഷിപ്പുകളുടെയും വിവരം വെളിപ്പെടുത്തി ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നേടാൻ 1972-ലും 1978 മുതൽ 1991 വരെയും 2003-ലും പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. എന്നാൽ, 2011 ഡിസംബറിലാണ് നടന്റെ വീട്ടിൽനിന്ന് നാല് ആനക്കൊമ്പുകൾ പിടിച്ചത്. 2012-ൽ വനംവകുപ്പ് നടനെതിരേ കേസെടുത്തു.

എന്നാൽ, നടന് മാത്രമായി പ്രത്യേക ഉത്തരവിറക്കി ആനക്കൊമ്പുകളുടെ ഉടമസ്ഥത വെളിപ്പെടുത്താൻ വനംവകുപ്പ് അവസരം നൽകി. 2016 ഫെബ്രുവരിയിൽ ആനക്കൊമ്പിൽ തീർത്ത 13 കരകൗശലവസ്തുക്കൾകൂടി കൈവശംവെയ്ക്കാനും അനുമതി നൽകി. അവയെല്ലാം പാരമ്പര്യസ്വത്താണെന്ന് വാദിച്ചാണ് നടൻ അപേക്ഷ നൽകിയത്.

കൈവശമുള്ള ആനക്കൊമ്പുകളും അതുകൊണ്ടുണ്ടാക്കിയ കരകൗശലവസ്തുക്കളും വെളിപ്പെടുത്താൻ പൊതുജനത്തിന് ഒറ്റത്തവണ അവസരം നൽകണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ 2015 ഡിസംബർ 15-ന് സർക്കാരിന് കരടുവിജ്ഞാപനം സമർപ്പിച്ചു. എന്നാൽ, എല്ലാവർക്കും അവസരം നൽകുന്നതിനുപകരം നടന് മാത്രമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനം-വന്യജീവി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമല്ല ഈ ഉത്തരവെന്നും സി.എ.ജി. കണ്ടെത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP