Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രിട്ടീഷ് നിറതോക്കിന് മുമ്പിൽ കുഴഞ്ഞ് വീണ് തീർന്ന ജീവിതങ്ങൾക്ക് വില നൽകിയത് 8000 രൂപ വീതം; നാളെ ഹൗസ് ഓഫ് കോമൺസിൽ പ്രമേയം വരുമ്പോൾ തെരേസ മെയ്‌ അന്തസ്സോടെ ഒരു ക്ഷമ പറയുമോ...? ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് 100 വർഷം തികയുമ്പോൾ എങ്കിലും ബ്രിട്ടൻ ക്ഷമ പറയുമോ എന്നറിയാൻ കാത്ത് ലോകം

ബ്രിട്ടീഷ് നിറതോക്കിന് മുമ്പിൽ കുഴഞ്ഞ് വീണ് തീർന്ന ജീവിതങ്ങൾക്ക് വില നൽകിയത് 8000 രൂപ വീതം; നാളെ ഹൗസ് ഓഫ് കോമൺസിൽ പ്രമേയം വരുമ്പോൾ തെരേസ മെയ്‌ അന്തസ്സോടെ ഒരു ക്ഷമ പറയുമോ...? ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് 100 വർഷം തികയുമ്പോൾ എങ്കിലും ബ്രിട്ടൻ ക്ഷമ പറയുമോ എന്നറിയാൻ കാത്ത് ലോകം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: 1919 ഏപ്രിൽ 13ന് ബ്രിട്ടീഷ് സൈനികർ നടത്തിയ പഞ്ചാബിലെ അമൃത്സറിലെ ജാലിയൻ വാലാബാഗിൽ നടത്തിയ കൂട്ട വെടിവയ്പിൽ 1500 ഇന്ത്യക്കാർ പിടഞ്ഞ് വീണ് മരിച്ചതിന്റെ നൂറാം വാർഷികം സമാഗതമാകുന്ന വേളയിൽ ഇപ്പോഴെങ്കിലും ഈ തെറ്റിന് ബ്രിട്ടൻ മാപ്പ് പറയുമോയെന്നാണ് ഇന്ത്യയും ലോകവും ആകാംക്ഷയോടെ ഉറ്റ് നോക്കുന്നത്. ബ്രിട്ടീഷ് നിറതോക്കിന് മുമ്പിൽ കുഴഞ്ഞ് വീണ് തീർന്ന ജീവിതങ്ങൾക്ക് വില നൽകിയത് ബ്രിട്ടൻ വെറും 8000 രൂപ വീതമാണെന്ന ആരോപണവും ശക്തമാണ്. നാളെ ഹൗസ് ഓഫ് കോമൺസിൽ പ്രമേയം വരുമ്പോൾ തെരേസ മെയ്‌ ജാലിയൻ വാലാബാഗിന്റെ പേരിൽ ബ്രിട്ടന് വേണ്ടി ഇന്ത്യയോട് അന്തസ്സോടെ ഒരു ക്ഷമ പറയുമോ...? എന്ന ചോദ്യമാണ് ഈ അവസരത്തിൽ ആവർത്തിക്കപ്പെടുന്നത്.

ഈ കൂട്ടക്കുരുതിക്ക് നൂറാം വാർഷികം തികയുന്ന വേളയിലെങ്കിലും ബ്രിട്ടൻ പശ്ചാത്താപം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്ന ആവശ്യം ഇതുവരെ ബധിര കർണങ്ങളിലാണ് ചെന്ന് പതിച്ചിരിക്കുന്നത്. എന്നാൽ ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെക്കുറിച്ച് ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ ചർച്ചകൾ നടക്കുമ്പോൾ ബ്രിട്ടന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായി ഒരു ക്ഷമാപണമുണ്ടായേക്കുമെന്നാണ് ചില സിഖുകാർ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. വളരെയധികം ഇന്ത്യക്കാർ വസിക്കുന്ന ഹാരോ ഈസ്റ്റിനെ പ്രതിനിധീകരിക്കുന്ന എംപിയായ ബോബ് ബ്ലാക്ക്മാനാണ് ഇത് സംബന്ധിച്ച ചർച്ചക്ക് കോമൺസിൽ മുൻകൈയെടുക്കുന്നത്.

വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നാളെ നടക്കുന്ന ചർച്ചയിൽ എഫ്സിഒ മിനിസ്റ്ററായ മാർക്ക് ഫീൽഡ് പങ്കെടുക്കുമെന്നാണ് എഫ്സിഒ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഗവൺമെന്റ് ഈ അവസരത്തിൽ ഈ സംഭവത്തെ ഔദ്യോഗികമായി അപലപിക്കേണ്ടിയിരിക്കുന്നുവെന്നും എഫ്സിഒ വക്താവ് ആവശ്യപ്പെടുന്നു. രാജ്ഞിയും മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോണും യഥാക്രമം 1997ലും 2013ലും ജാലിയൻ വാലബാഗ് സന്ദർശിച്ചപ്പോൾ ഈ സംഭവത്തെ അപലപിച്ചിരുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഈ സംഭവത്തിന്റെ പേരിൽ ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് ഇന്ത്യയിലെത്തി മാപ്പ് പറയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങളോട് പ്രതികരിക്കാൻ എഫ്സിഒ തയ്യാറായിട്ടില്ല.

ഈ കൂട്ടക്കുരുതിയെക്കുറിച്ച് ഫെബ്രുവരിയിൽ ഹൗസ് ഓഫ് ലോർഡ്സ് ചർച്ച ചെയ്യുകയും ഈ സംഭവത്തിന്റെ പേരിൽ ബ്രിട്ടൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജാലിയൻ വാലാബാഗ് വെടിവയ്പിന് ഉത്തരവിട്ട ജനറൽ ഡൈയർ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് ഇതിന് മുമ്പ് പ്രമേയം പാസാക്കിയ സഭയാണ് ഹൗസ് ഓഫ് ലോർഡ്സ് എന്നത് ഒരു വിരോധാഭാസമാകുന്നു. ഈ വെടിവയ്പിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് ബ്രിട്ടൻ നഷ്ടപരിഹാരമായി വെറും 8000 രൂപയാണ് അന്ന് നൽകിയിരുന്നതെന്നും എന്നാൽ അന്ന് കൊല്ലപ്പെട്ടിരുന്ന യൂറോപ്യന്മാരുടെ കുടുംബങ്ങൾക്ക് ആയിരക്കണക്കിന് രൂപ നൽകിയിരുന്നുവെന്ന ആരോപണവും ശക്തമാണ്.

കൂട്ടക്കുരുതിക്ക് നൂറ് വർഷം തികയുന്ന ഈ വേളയിലാണ് മാപ്പ് പറയുന്നതിന് ഏറ്റവും അനുയോജ്യമെന്ന് ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് അഭിപ്രായപ്പെടുന്നതിന് താൻ സാക്ഷിയായിരുന്നുവെന്നാണ് 2018 ഒക്ടോബറിൽ ഫോറിൻ അഫയേർസ് കമ്മിറ്റി ചെയറായ ടോം ടുഗെൻഡ്ഹാറ്റ് വെളിപ്പെടുത്തിയിരുന്നത്. ഇക്കാര്യത്തിൽ പശ്ചാത്താപം പ്രകടിപ്പിക്കാൻ യുകെ ഗവൺമെന്റ് ഒരുങ്ങുന്നുണ്ടോയെന്ന് തിരക്കി ലോർഡ് മെഗ്‌നാഡ് ദേശായിയും ലോർഡ് രാജ് ലൂംബയും പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് കത്തയക്കുകയും ചെയ്തിരുന്നു. 2017ൽ അമൃത്സർ സന്ദർശിച്ച ലണ്ടൻ മേയർ സാദിഖ് ഖാനും ഇക്കാര്യത്തിൽ ബ്രിട്ടൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ടിരുന്നു.

ഈ കൂട്ടക്കുരുതിയുടെ പേരിൽ ഗവൺമെന്റ് യുകെയിലെ സിഖ് സമൂഹത്തോട് മാപ്പ് പറയണമെന്നാണ് ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് എംപി പ്രീത് ഗിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നാളത്തെ ചർച്ചയിൽ ഗിൽ പങ്കെടുക്കുന്നുണ്ട്. മാപ്പ് പറയുന്നതിനുള്ള ഈ സുവർണാവസരം ബ്രിട്ടീഷ് ഗവൺമെന്റ് വെറുതെയാക്കിയാൽ അത് നിരാശാ ജനകമാണെന്നാണ് സിഖ് ഫെഡറേഷൻ(യുകെ) ചെയറായ അംറിക് സിങ് പ്രതികരിച്ചിരിക്കുന്നത്.

1919 ഏപ്രിൽ 13 ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും പഞ്ചാബിൽ നിരോധിച്ചിരുന്നു. ഇതിനെ അവഗണിച്ച് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങുകയും യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ സൈന്യത്തോട് ഉത്തരവിടുകയുമായിരുന്നു. ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടർന്നപ്പോൾ 1500ൽ അധികം പേരാണ് മരിച്ച് വീണത്. ഒറ്റ ഗേറ്റുമാത്രമുള്ള മൈതാനത്തിൽ നിന്നും ജീവഭയത്തോടെ പുറത്തേക്ക് കടക്കാൻ നിരവധി പേർ തിക്കും തിരക്കും കാണിച്ചതും മരണകാരണമായിത്തീർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP