Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ഇഫക്ടിൽ ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിന്; എൽഡിഎഫ് കഷ്ടപ്പെട്ടു നേടിയ മോദിവിരുദ്ധ വികാരവും യുഡിഎഫിലേക്കുള്ള ഒഴുക്കു കൂട്ടി; മോദി സർക്കാറിനെതിരായ വികാരത്തിന്റെ ആനുകൂല്യം കിട്ടുന്നതും യുഡിഎഫിന്; സിപിഎം വോട്ടു ചെയ്തിട്ടെന്ത് എന്ന തോന്നലും രാഷ്ട്രീയ കൊലകളും ഇടതിന് തിരിച്ചടി; ഉഗ്രൻ പോരാട്ടം നടക്കുന്ന വടകരയിലെയും കാസർകോട്ടെയും ഫലം മാറിമറിയും; മറുനാടൻ രണ്ടാംഘട്ട ഫീൽഡ് സർവേയിൽ ഉത്തര മലബാറിൽ ഉണ്ടാക്കിയ മാറ്റങ്ങളെ സ്വാധീനിച്ച ഘടകങ്ങൾ ഇവയാണ്

രാഹുൽ ഇഫക്ടിൽ ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിന്; എൽഡിഎഫ് കഷ്ടപ്പെട്ടു നേടിയ മോദിവിരുദ്ധ വികാരവും യുഡിഎഫിലേക്കുള്ള ഒഴുക്കു കൂട്ടി; മോദി സർക്കാറിനെതിരായ വികാരത്തിന്റെ ആനുകൂല്യം കിട്ടുന്നതും യുഡിഎഫിന്; സിപിഎം വോട്ടു ചെയ്തിട്ടെന്ത് എന്ന തോന്നലും രാഷ്ട്രീയ കൊലകളും ഇടതിന് തിരിച്ചടി; ഉഗ്രൻ പോരാട്ടം നടക്കുന്ന വടകരയിലെയും കാസർകോട്ടെയും ഫലം മാറിമറിയും; മറുനാടൻ രണ്ടാംഘട്ട ഫീൽഡ് സർവേയിൽ ഉത്തര മലബാറിൽ ഉണ്ടാക്കിയ മാറ്റങ്ങളെ സ്വാധീനിച്ച ഘടകങ്ങൾ ഇവയാണ്

ടീം മറുനാടൻ

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട സർവേയിൽ ഉത്തര മലബാറിലെ അഞ്ചു മണ്ഡലങ്ങളിൽ എൽഡിഎഫ് 4, യുഡിഎഫ് 1 എന്ന ഫലമാണ് കിട്ടിയത്. സ്ഥാനാർത്ഥികൾ ആകും മുമ്പ് നടത്തിയ സർവേയുടെ ഫലത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഫലമാണ് സ്ഥാനാർത്ഥികൾ ആയ ശേഷം നടത്തിയ രണ്ടാംഘട്ട അഭിപ്രായ സർവേയിൽ നിന്നും ലഭിച്ചത്. ഇന്ന മറുനാടൻ പുറത്തുവിട്ട സർവേഫലത്തിൽ യുഡിഎഫ് 3, എൽഡിഎഫ് 2 എന്ന നിലയിലേക്കായി കാര്യങ്ങൾ മാറി മാറിയിട്ടുണ്ട്.

ആദ്യ സർവേയിൽ വയനാട് മാത്രമായിരുന്നു യുഡിഎഫിന് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ കണ്ണൂരും, വടകരയിലും കൂടി അവർ ലീഡ് ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. എൽഡിഎഫിന് കോഴിക്കോടും കാസർകോടും മാത്രമാണ് പ്രതീക്ഷക്ക് വകയുള്ളത്. ഇപ്പോഴത്തെ നിലയിലേക്ക് കാര്യങ്ങൾ മാറാൻ ഇടയാക്കിയ സംഭവം പ്രധാനമായും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് എൻട്രി തന്നെയാണ്. രാഹുലിന്റെ വരവോടെ ഇനി ഇടതുപക്ഷത്തിന് വോട്ടു കുത്തിയിട്ട് എന്തുകാര്യം എന്ന തോന്നൽ വോട്ടർമാർക്കിടയിൽ ശക്തമായി. ഇത് ഫലത്തിൽ യുഡിഎഫിന് ഗുണം ചെയ്യുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമോയെന്ന ചോദ്യത്തോട്ട അനുകൂലമായാണ് ഈ അഞ്ച് മണ്ഡലങ്ങളിലെയും വോട്ടർമാരുടെ പ്രതികരണം. മോദിയെ എതിരിടാനുള്ള ശക്തമായ എതിരാളി രാഹുൽ ഗാന്ധിയാണെന്ന് വ്യക്തമായതോടെ മുസ്ലിം ന്യൂനപക്ഷക്രേന്ദങ്ങളിൽ നിന്ന് വോട്ടുകൾ കൂട്ടമായി യുഡിഎഫിലേക്ക് ഒഴുകുന്ന അവസ്ഥയാണ് ഇവിടെ പ്രകടമായത്. ഇക്കാര്യം മറുനാടൻ ഫീൽഡ് സർവേയിൽ ഈ ഘടകം വ്യക്തമായിട്ടുണ്ട്. എല്ലാ അർത്ഥത്തിലും രാഹുൽ ഗാന്ധി തരംഗം തന്നെ വടക്കൻ മലബാറിൽ രൂപം കൊണ്ടിട്ടുണ്ട്. അതുപോലെതന്നെ കോൺഗ്രസിനകത്തെയും മുന്നണിയിലെയും പ്രശ്നങ്ങളും രാഹുൽ ഗാന്ധിയുടെ വരവോടെ ഇല്ലാതായിട്ടുണ്ട്. ഗ്രൂപ്പിസം എല്ലാം മറന്ന് കോൺഗ്രസുകാർ രാഹുലിന് വേണ്ടിയും മുന്നണിക്ക് വേണ്ടിയും കൈകോർത്തത് വോട്ടർമാരെയും സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്.

ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടമായി ദേശീയതലത്തിൽ ഒറ്റപ്പെട്ടുപോയതും സിപിഎമ്മിന് തിരിച്ചടിയാവുന്നുണ്ട്. മുമ്പൊക്കെ മോദിപ്പേടിയിൽ ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കാണ് ഒഴുകിയിരുന്നത്. ഇത്തവണയും ഇടതുമുന്നണിയുടെ തന്ത്രം അതുതന്നെയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയതോടെ, മോദി വിരുദ്ധ വികാരത്തിന്റെ ഗുണം യുഡിഎഫിനാണ് പോവുന്നത്. രാഹുൽ വരുന്നത് കേരളത്തിൽ നിന്നും പരമാവധി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണെന്ന് വോട്ടർമാർക്കും ബോധ്യമുണ്ട്.

ഈ രാഷ്ട്രീയ പ്രതിരോധം എത്രകണ്ട് ഗുണം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും ഇടതുമുന്നണിയുടെ അതിജീവന സാധ്യതകൾ. ശക്തമായ മോദി വിരുദ്ധ വികാരം നിലനിൽക്കുന്ന മേഖലയാണ് ഉത്തര മലബാർ. ഉത്തരേന്ത്യയിലെ ഗോഹത്യാ-ആൾക്കൂട്ട കൊലപാതകങ്ങൾ മുസ്ലിം ന്യൂനപക്ഷങ്ങളിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയത്. മുമ്പൊക്കെ ഇതിന്റെ ഗുണഫലം സിപിഎമ്മിനായിരുന്നു. എന്നാൽ മോദിയെ നേരിട്ട് എതിർക്കുന്ന രാഹുൽ ഗാന്ധിയെത്തിയതോടെ, ഈ ഫാക്ടറും യുഡിഎഫിലേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടുകയാണ്.

ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ വിഷയമായി ഉത്തര മലബാറിലെ വോട്ടർമാർ കണ്ടെത്തിയിരിക്കുന്നത് മോദി വിരുദ്ധ തരംഗം തന്നെയാണ്. മലബാറിലെ മുസ്ലിംങ്ങളെ സംബന്ധിച്ചിടത്തോളം മോദിയെ പ്രധാന ശത്രുവിനെ പോലെയാണ് കാണുന്നത്. മോദിതന്നെയാണ് മലബാറിലെ വോട്ടർമാരുടെ പ്രധാന വിഷയം. മോദിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ രാഹുലിന് ഒരു വോട്ട് എന്നതാണ് പൊതുവികാരം. അതുകൊണ്ട് തന്നെ മുസ്ലീങ്ങളിലെ ജമാഅത്ത് മജാഹിദ് വിഭാഗങ്ങൾ യുഡിഎഫിനെ പിന്തുണക്കുന്നു. എപി വിഭാഗത്തിന്റെ പിന്തുണ കേരളത്തിൽ എൽഡിഎഫിനാണ്. ദേശീയ തലത്തിലാണ് കോൺഗ്രസിന് ഒപ്പമുള്ളത്. ഇകെ വിഭാഗം എന്നും യുഡിഎഫിന് ഒപ്പം തന്നെയാണ്. ഇതെല്ലാം അവർക്ക് അനുകൂലമായ കാര്യമാണ്.

അതേസമയം തെക്കൻ കേരളത്തിൽ അടക്കം വിലയ പ്രചരണവിഷയമായി കരുതുന്ന ശബരിമല മലബാറിൽ വലിയ വിഷയമല്ലെന്നാണ് വോട്ടർമാരെ നേരിട്ടു കാണുമ്പോൾ വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാറിന്റെ ഭരണ നേട്ടം പ്രചരിപ്പിക്കാൻ ബിജെപിക്കാർക്ക് പോലും താൽപ്പര്യമില്ല. അതേസമയം കേന്ദ്രത്തിന്റെ പല നടപടികളിലും ശക്തമായ എതിർപ്പുണ്ട് താനും. നോട്ടു നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൂടെ മോദി സർക്കാർ നാടിന്റെ സമ്പദ്് വ്യവസ്ഥ തകർത്തുവെന്ന് കച്ചവടക്കാരും സാധാരണക്കാരും കരുതുന്നുണ്ടെന്ന് വ്യക്തമാണ്.

കാസർകോട്ടെ യൂത്ത് കോൺഗ്രസുകാരുടെ കൊലപാതകവും പ്രചരണ രംഗത്തെ പ്രധാന വിഷയമാണ്. മലബാറിൽ ഇത് ഇടതു മുന്നണിക്ക് തിരിച്ചടിയാകുമെന്ന് കരുതുന്നവർ ഏറെയാണ്. സർവേ ഫലങ്ങളിൽ നിന്നും ഇത് വ്യക്തമാണ്. അതേസമയം കേന്ദ്രത്തിലും സംസ്ഥാനത്തും ഒരുപോലെ പ്രതിപക്ഷത്തായതിന്റെ ഗുണവും കോൺഗ്രസ് അനുഭവിക്കുന്നുണ്ട്. എല്ലാ തെരഞ്ഞെടുപ്പ് സർവേകളിലെയും പ്രധാന ഘടകമായ ഭരണവിരുദ്ധ വികാരത്തിന്റെ ഗുണഭോക്താക്കൾ ഇത്തവണ യുഡിഎഫാണ്.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ എടുത്ത നിലപാട്, 'തെറ്റല്ല പക്ഷേ തിടുക്കം കൂടി' എന്ന വികാരമാണ് പ്രകടിപ്പിക്കുന്നത്. അതേസമയം പലരും ഈ വിഷയത്തിൽ വ്യക്തമായ അഭിപ്രായം പറയാൻ തയ്യാറായില്ല. ഇതോടെ അടിയൊഴുക്കുകൾ ഉണ്ടാകുമോ എന്ന കാര്യത്തിലും വ്യക്തതകൾ വരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ശബരിമലയെ ഒരു വിശ്വാസ പ്രശ്നം എന്നല്ലാതെ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്ന പ്രശ്നമായും ഉത്തര മലബാറിലെ വോട്ടർമാർ കാണുന്നില്ല എന്ന് വ്യക്തമാണ്. ശബരിമല വിഷയത്തിൽനിന്ന് മുതലെടുക്കാം എന്ന് കരുതിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് മലബാറിൽ ഉണ്ടായത്. ഈ വിഷയം കൊണ്ടുള്ള ഗുണം ബിജെപിക്ക് ഉണ്ടാകില്ലെന്നാണ് സർവേയിൽ നിന്നും വ്യക്തമായതത്.

രാഷ്ട്രീയ സാഹചര്യങ്ങൾ പ്രതികൂലമായിട്ടും സിപിഎമ്മും ഇടതുമുന്നണിയും പിടിച്ചുനിൽക്കുന്നത് അവരുടെ സംഘടനാബലത്തിന്റെയും തങ്ങളുടെ പരമ്പരാഗത വോട്ടർമാരുടെയും പിന്തുണയിലാണ്. ജനകീയരായ മികച്ച സ്ഥാനാർത്ഥികൾ തങ്ങൾക്ക് വിജയം കൊണ്ടുവരുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണെന്ന വിഷയം മുൻനിർത്തി, ഇരുപാർട്ടികളെയും ഒരുപോലെ പ്രതിരോധിച്ചുകൊണ്ടുള്ള ക്യാമ്പയിനാണ് വരും ദിനങ്ങളിൽ സിപിഎം ലക്ഷ്യമിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP