Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്ന് മിനിറ്റു കൊണ്ടു തകർത്തെറിഞ്ഞത് ഭൗമോപരിതലത്തിൽ നിന്നും 300 കിലോമീറ്റർ ഉയരെ ചീറിപ്പാഞ്ഞുകൊണ്ടിരുന്ന ഇന്ത്യയുടെ തന്നെ കാലാവധി കഴിഞ്ഞ ഉപഗ്രഹത്തെ; ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിച്ച ഉപഗ്രഹത്തിന്റെ ഭ്രമണപഥം റഡാറുകൾ ഉപയോഗിച്ചു മനസ്സിലാക്കി മിസൈൽ പറത്തി ഞെടിയിടയിൽ വിജയം നേടി; ഇന്ത്യയെ ബഹിരാകാശ ശക്തികളുടെ കൂടെക്കൂട്ടിയ എ സാറ്റ് വിക്ഷേപണത്തിന്റെ നേർകാഴ്‌ച്ചകൾ ഇങ്ങനെ

മൂന്ന് മിനിറ്റു കൊണ്ടു തകർത്തെറിഞ്ഞത് ഭൗമോപരിതലത്തിൽ നിന്നും 300 കിലോമീറ്റർ ഉയരെ ചീറിപ്പാഞ്ഞുകൊണ്ടിരുന്ന ഇന്ത്യയുടെ തന്നെ കാലാവധി കഴിഞ്ഞ ഉപഗ്രഹത്തെ; ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിച്ച ഉപഗ്രഹത്തിന്റെ ഭ്രമണപഥം റഡാറുകൾ ഉപയോഗിച്ചു മനസ്സിലാക്കി മിസൈൽ പറത്തി ഞെടിയിടയിൽ വിജയം നേടി; ഇന്ത്യയെ ബഹിരാകാശ ശക്തികളുടെ കൂടെക്കൂട്ടിയ എ സാറ്റ് വിക്ഷേപണത്തിന്റെ നേർകാഴ്‌ച്ചകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ വിഭാഗത്തിന്റെ വലിയനേട്ടം എന്ന വിധത്തിലാണ് മോദി ഉപഗ്രഹവേധ മിസൈൽ (എസാറ്റ്) പരീക്ഷണം 'മിഷൻ ശക്തി' പൂർത്തിയാക്കിയത്. അതീവ സങ്കീർണമായ മിസൈൽ പരീക്ഷണം മൂന്നു മിനിറ്റുകൊണ്ടാണ് പൂർത്തിയാക്കിയത്. ഈ പരീക്ഷണത്തിന്റെ വീഡിയോ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. മന്മോഹൻ സിങ് സർക്കാറിന്റെ കാലത്തെ പദ്ധതി തെരഞ്ഞെടുപ്പ് നേട്ടത്തിനായി മോദി ഉപയോഗിച്ചു എന്ന ആക്ഷേപം ഉയരുമ്പോൾ തന്നെയാണ് പുതിയ വീഡിയോ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്.

ഡിആർഡിഒ ശാസ്ത്രജ്ഞരുടെ വർഷങ്ങൾ നീണ്ട പ്രയത്‌നത്തിന്റെ ഫലമായ ഈ നേട്ടത്തിലൂടെ, ബഹിരാകാശ രംഗത്ത് പ്രതിരോധമുദ്ര പതിപ്പിച്ച യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും എത്തിയിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 27ന് നടത്തിയ ദൗത്യത്തിന്റെ വിശദമായ വിഡിയോ ആണു പുറത്തുവന്നിരിക്കുന്നത്. ബഹിരാകാശത്തുള്ള ഉപഗ്രഹത്തെ മിസൈൽ ഉപയോഗിച്ചു തകർക്കുക എന്ന ലക്ഷ്യമാണ് മിഷൻ ശക്തിയിലൂടെ ഇന്ത്യ വിജയകരമായി കൈവരിച്ചത്.

ഡിആർഡിഒ നിർമ്മിച്ച ബാലിസ്റ്റിക് ഇന്റർസെപ്റ്റർ മിസൈൽ ഒഡീഷയിലെ എ.പി.ജെ.അബ്ദുൾ കലാം ദ്വീപിൽ സജ്ജമാക്കിയ വിക്ഷേപണത്തറയിൽ നിന്നാണു കുതിച്ചുയർന്നത്. കാലാവധി പൂർത്തിയാക്കിയ ഇന്ത്യൻ ഉപഗ്രഹത്തെ 3 മിനിറ്റിനുള്ളിൽ ബഹിരാകാശത്തു വച്ച് മിസൈൽ തകർത്തു. ഭൗമോപരിതലത്തിൽ നിന്ന് 300 കിലോമീറ്റർ ഉയരത്തിലായിരുന്നു പരീക്ഷണം. കാലവധി പൂർത്തിയാകാറായ ഇന്ത്യൻ ഉപഗ്രഹത്തെ തന്നെയാണ് മിസൈൽ വഴി തകർത്തത്. ഉപഗ്രഹത്തിന്റെ സഞ്ചാരപഥം റഡാറുകൾ ഉപയോഗിച്ചു മനസ്സിലാക്കിയാണ് ദൗത്യം പൂർത്തീകരിച്ചത്.

മിസൈലിനു മൂന്ന് തലമാണ് ഉണ്ടായിരുന്നത്. രണ്ട് സോളിഡ് റോക്കറ്റ് ബൂസ്റ്ററകളും ഒരു ഹിറ്റ് ടു കിൽ വാഹനവും (കെവി). വിക്ഷേപണത്തറയിൽ നിന്നു പറന്നുയരുന്ന മിസൈൽ, റഡാറുകൾ ഉപയോഗിച്ച് ഉപഗ്രഹത്തെ നിരീക്ഷിക്കുന്നു. 'കൈനറ്റിക് കിൽ' വിഭാഗത്തിലുള്ള, സ്‌ഫോടക ശേഖരമില്ലാത്ത മിസൈലാണ് ഉപയോഗിച്ചത്.

ശബ്ദത്തേക്കാൾ വേഗത്തിൽ കുതിച്ച് ഉപഗ്രഹത്തിലേക്ക് ഇടിച്ചുകയറി (ഹിറ്റ് ടു കിൽ) തകർക്കുകയാണ് കൈനറ്റിക് കിൽ മിസൈലുകളുടെ പ്രവർത്തനരീതി. സ്‌ഫോടക വസ്തുക്കളില്ലാത്തതിനാൽ, ഉപഗ്രഹത്തെ തകർക്കുമ്പോൾ മാലിന്യത്തിന്റെ അളവ് വളരെ കുറവായിരിക്കും. അവ ഭൂമിയിലേക്കു പതിക്കും മുൻപ് അന്തരീക്ഷത്തിൽ വച്ചുതന്നെ കത്തിത്തീരും. മിഷൻ ശക്തി ദൗത്യത്തെക്കുറിച്ച് പറയാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതു വിവാദമായിരുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റചട്ടലംഘനമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. എന്നാൽ മോദിയുടെ പ്രസംഗം പരിശോധിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ, പെരുമാറ്റച്ചട്ടലംഘനമില്ലെന്നു വ്യക്തമാക്കി.

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം അതിഭയാനകമായ സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നതെന്നു നാസാ മേധാവി ജിം ബ്രൈഡൻസ്റ്റൈൻ വിമർശിച്ചു. ഇന്ത്യ തകർത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങൾ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികർക്കും അപകടകരമായ സാഹചര്യമാണു സൃഷ്ടിക്കുകയെന്നും നാസ തലവൻ പറഞ്ഞു.
നാസയുടെ വിമർശനം അടിസ്ഥാനരഹിതമാണെന്ന് ഡിആർഡിഒ മുൻ ഡയറക്ടർ ജനറൽ വി.കെ.സാരസ്വത് പറഞ്ഞു.

മിസൈലും ഉപഗ്രഹവും തമ്മിലുള്ള കൂട്ടിയിടിയെ തുടർന്നുണ്ടാകുന്ന അവശിഷ്ടങ്ങൾക്ക് ബഹിരാകാശത്ത് ഏറെക്കാലം തങ്ങിനിൽക്കാൻ മാത്രം ചലനവേഗമില്ല. 300 കിലോമീറ്റർ ഉയരത്തിൽ ഉണ്ടായ അവശിഷ്ടങ്ങൾ താഴേക്കു പതിച്ച് ഭൂമിയുടെ അന്തരീക്ഷത്തിൽ കത്തിച്ചാമ്പലാകുമെന്നാണ് സാരസ്വതിന്റെ വാദം. മണിക്കൂറിൽ 8000 കിലോമീറ്റർ വരെ വേഗത്തിലാണ് ലോ ഓർബിറ്റിലെ ഉപഗ്രഹങ്ങൾ ഭ്രമണം നടത്തുന്നത്. ഈ വേഗത്തിൽ സഞ്ചരിക്കുന്ന സാറ്റലൈറ്റുകളെ ഭൂമിയിൽ നിന്നും മിസൈൽ ഉപയോഗിച്ച് എയ്തു വീഴ്‌ത്തുക എന്നു പറഞ്ഞാൽ അത് ചെറിയ കാര്യമല്ല. അതിസങ്കീർണമായ പ്രക്രിയ തന്നെയാണ് ഇത്. സാറ്റലൈറ്റിന്റെ സഞ്ചാപദവും വേഗതയും കൃത്യമായി കണക്കാക്കി വേണം മിസൈൽ തൊടുക്കാൻ. അതുകൊണ്ട് തന്നെ ഇന്നലെ ഇന്ത്യ കരസ്ഥമാക്കിയ ആന്റി സൈറ്റലൈറ്റ് മിസൈൽ പദ്ധതിയുടെ നേട്ടം വളരെ വലുതാണ് താനും.

മിക്ക രാജ്യങ്ങളുടെയും ചാര ഉപഗ്രഹങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് ലോ ഓർബിറ്റിലാണ്. ഭൂമിയിലെ ദൃശ്യങ്ങൾ വ്യക്തതയോടെ പകർത്താൻ ചാര ഉപഗ്രഹങ്ങൾ നിലകൊള്ളുന്നിടമാണ് ലോ ഓർബിറ്റ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളെ അതേപടി പകർത്താൻ ശ്രമിക്കുന്ന ചാര ഉപഗ്രഹങ്ങൾ ഇനി അത്രകണ്ട് സുരക്ഷിതമാകില്ലെന്ന് ഉറപ്പ്. ഓർബിറ്റിന്റെ ഉയരം കൂടും തോറും ഉപഗ്രഹങ്ങളുടെ ഭ്രമണ വേഗവും കുറയും. ഹൈ ഓർബിറ്റിലെ ഉപഗ്രഹങ്ങൾ തകർക്കാൻ താരതമ്യേന പെട്ടെന്ന് സാധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഉപഗ്രഹങ്ങളുടെ വേഗം ഭ്രമണപഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.

ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹങ്ങളെല്ലാം ഭ്രമണം നടത്തുന്നത് ലോ ഓർബിറ്റിലാണ്. മണിക്കൂറിൽ 8000 കിലോമീറ്റർ വരെ വേഗത്തിലാണ് ലോ ഓർബിറ്റിലെ ഉപഗ്രഹങ്ങൾ ഭ്രമണം നടത്തുന്നത്. അതായത് ശരാശിര 35,000 അടി മുകളിൽ പറക്കുന്ന ജെറ്റ് വിമാനങ്ങളേക്കാൾ എത്രയോ ഇരട്ടി വേഗത്തിലാണ് ചാര ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്. ഇന്ത്യയുടെ തന്നെ ഉപഗ്രഹം ഇന്ത്യ വിജകരമായി വെടിവച്ചിട്ടത് നേട്ടം തന്നെയാണ്.

ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകളെ തകർത്ത് വിവര കൈമാറ്റ സംവിധാനം തകരാറിലാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കൂടി എത്തിയിരിക്കുന്നു. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങൾ നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ച ദൗത്യം ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആയുധം പ്രയോഗിച്ചാണ് നടപ്പിലാക്കിയത്. 2017ൽ ഈ പരീക്ഷണം പൂർത്തിയാക്കിയ ചൈന ഡോങ് നെങ് 3 എന്ന് പേരിട്ടിരിക്കുന്ന മിസൈലാണ് ഉപയോഗിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ ഭാഗത്തെത്തിയാണ് മിസൈൽ പൊട്ടിത്തെറിച്ചത്. ഡിഎൻ 3 എന്ന് വിളിക്കുന്ന മിസൈൽ 2017 ജൂലൈ 23നാണ് പരീക്ഷിച്ചത്. മംഗോളിയയിലെ ജിഗ്വാൻ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു പരീക്ഷണം.

എന്നാൽ ചൈനീസ് പരീക്ഷണം വിജയമാണോ എന്ന കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. എങ്കിലും ചൈനയുടെ ബഹിരാകാശ യുദ്ധ പദ്ധതി അതിവേഗത്തിൽ മുന്നേറുകയാണെന്നാണ് ലഭിക്കുന്ന വിവരം. ബഹിരാകാശ മേഖലയിലെ നിയന്ത്രണത്തിൽ അമേരിക്കക്കൊപ്പം എത്തുകയെന്നതാണ് ചൈന ലക്ഷ്യമിടുന്നത്. ചൈന മാത്രമല്ല റഷ്യയും ബഹിരാകാശ യുദ്ധ തന്ത്രങ്ങളിൽ അതിവേഗം മുന്നേറുന്നുണ്ടെന്ന് യുഎസ് എയർഫോഴ്‌സ് ജനറൽ ജോൺ ഇ ഹൈറ്റൻ നേരത്തെ പറഞ്ഞത്.

കൃത്രിമോപഗ്രഹങ്ങൾ തകർക്കുന്നതടക്കമുള്ള ബഹിരാകാശ യുദ്ധ തന്ത്രങ്ങളിൽ റഷ്യയേക്കാൾ വേഗത്തിലാണ് ചൈന കുതിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് ചൈനയെ ഇതിന് സഹായിച്ചത്. പരീക്ഷണത്തിന്റെ ഭാഗമായി 2007ൽ ചൈന ഒരു കാലാവസ്ഥാ ഉപഗ്രഹം തകർത്തിരുന്നു. ഇതിന്റെ ആയിരക്കണക്കിന് ഭാഗങ്ങളാണ് ബഹിരാകാശത്ത് കറങ്ങി നടക്കുന്നത്. ചൈനയുടെ ഈ നീക്കം വലിയ തോതിൽ വിമർശനം വരുത്തിവെച്ചിരുന്നു.

ഡിഎൻ3യുടെ മുൻഗാമിയായ ഡിഎൻ2 2013ലാണ് ചൈന പരീക്ഷിക്കുന്നത്. അന്ന് ഭൂമിയിൽ നിന്നും 30,000 കിലോമീറ്റർ വരെ ഉയരത്തിൽ ഈ മിസൈൽ എത്തിയിരുന്നു. അമേരിക്കൻ സാറ്റലൈറ്റുകൾ നിലകൊള്ളുന്ന ഉയരമാണ് ഇതെന്നതും ശ്രദ്ധേയം. 2015 ഒക്ടോബറിലാണ് ഡിഎൻ3 ആദ്യമായി പരീക്ഷിച്ചത്. പിന്നീട് 2016ഡിസംബറിലും പരീക്ഷണം നടന്നു. ശത്രുമിസൈലുകളെ പ്രതിരോധിക്കാനുള്ള മിസൈലെന്ന നിലയിലായിരുന്നു ഈ പരീക്ഷണങ്ങളെ ചൈന വിശേഷിപ്പിച്ചിരുന്നത്. തങ്ങളുടെ ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ പിടിച്ചെടുക്കുന്ന സാറ്റലൈറ്റുകൾ ചൈന നിർമ്മിക്കുന്നതായി വാർത്തകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP