Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒന്നും ഒന്നും മൂന്നല്ല

ഒന്നും ഒന്നും മൂന്നല്ല

രു കാട്ടിൽ ഒരു സിംഹം മതി എന്നത് കാലഹരണപ്പെട്ടൊരു വാദമാണ്. കാട്ടിലെ രാജാവ് സിംഹമാണെന്നും സിംഹത്തിന്റെ കൽപ്പനകൾക്കനുസരിച്ചേ കാട്ടിലെ ഓരോ ഇലയും ചലിക്കാവൂ എന്നുമൊക്കെ ബാലരമക്കഥയിലെ കഥാപാത്രങ്ങൾക്ക് ശഠിക്കാമെങ്കിലും പ്രായോഗികജീവിതത്തിലെന്ന പോലെ ബിസിനസ്സിലും ഇതു നടക്കില്ല,ഈ സത്യം മനസിലാക്കിയിട്ടില്ലാത്ത വ്യവസായസംരംഭകരെ നമുക്ക് ചുറ്റും കാണാം. സ്വന്തം ബിസിനസ്സിന്റെ സിംഹരാജൻ അവരാണെന്ന് തുടക്കത്തിലേ നിശ്ചയിക്കും. ബിസിനസ്സിന്റെ ഓരോ ഇലയനക്കങ്ങളും തന്റെ കൽപ്പനയനുസരിച്ചാവണമെന്ന് ശഠിക്കും. ഒടുവിൽ എല്ലാ ഏകാധിപതികളെയും കാത്തിരിക്കുന്ന ദാരുണമായ വിധി അവർക്കും വന്നണയും.

കൂട്ടായ്മയുടെ പാഠങ്ങൾ അഭ്യസിക്കുക

സംരംഭകൻ സ്വന്തം കഴിവുകൾക്കൊപ്പം പരിമിതികളും തിരിച്ചറിയേണ്ടതുണ്ട്. തന്റെ സ്വപ്നം സഫലമാക്കാൻ എല്ലാം തനിയെ ചെയ്യാനാവില്ല എന്ന തിരിച്ചറിവിൽ നിന്നാണ് സംരംഭം വികസിക്കുന്നത്. ബിസിനസിൽ നിർവഹിക്കേണ്ട നാനാവിധ ഉത്തരവാദിത്തങ്ങൾക്ക് അനുയോജ്യരായ ജീവനക്കാരെ കണ്ടെത്തി ചുമതലയേൽപ്പിക്കണം. നിങ്ങളുടെ പരിമിതികൾ പൂരിപ്പിക്കാനാവണം ജീവനക്കാരെ നിയമിക്കുന്നത്. അല്ലാതെ അവർ നിങ്ങൾ നിർദ്ദേശിക്കുന്ന ജോലികൾ ചെയ്യാനുള്ള യന്ത്രങ്ങളല്ല.

സിനർജി ശീലിക്കുക

സാമൂഹ്യജീവിതത്തിലും ബിസിനസ്സിലുമൊക്കെ പ്രാധാന്യമർഹിക്കുന്ന ആശയമാണ് സിനർജി. ഒന്നും ഒന്നും ചേരുമ്പോൾ രണ്ടിലും കൂടുതലാണെന്ന പ്രായോഗികപാഠമാണിത്. ഒരു സംരംഭത്തിനായി അധ്വാനിക്കുന്ന ഓരോരുത്തരുടേയും സ്വന്തം നിലയ്ക്കുള്ള ശേഷിയേക്കാൾ എത്രയോ മടങ്ങ് ശക്തമാണ് അവരുടെ സംയോജിത പ്രവർത്തനശേഷി. മുകളിലേക്ക് കുതിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനും ഇത് മനസിലാക്കണം. തന്റെ സംരംഭത്തിന്റെ ഭാഗമായ മനുഷ്യവിഭവശേഷിയുടെ കൂട്ടായ പൊട്ടൻഷ്യൽ പ്രയോജനപ്പെടുത്താനാവുന്ന അന്തരീക്ഷം സ്ഥാപനത്തിൽ സൃഷ്ടിക്കണം.

കാട് പഴയ കാടല്ല; ബിസിനസ്സും

തെ, സർവഗുണസമ്പന്നനായ നേതാവും, അവരുടെ കാൽപാടുകളെ പിൻതുടരുന്ന അനുയായികളുമല്ല പുതിയകാലത്തിന്റെ സംരംഭങ്ങൾക്കാവശ്യം. ഓരോരുത്തർക്കും സ്വന്തം നിലയ്ക്കുള്ള കഴിവുകളും സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള അവസരങ്ങളുണ്ടാവണം. പല മികച്ച കമ്പനികളിലും ജീവനക്കാർ സ്വന്തം നിലയിൽ ഗവേഷണം നടത്തുകയും പേറ്റന്റ് കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. നിശ്ചയിക്കപ്പെട്ട ജോലികൾക്കു പുറത്തും, തങ്ങളുടെ താല്പര്യമനുസരിച്ച് ഇഷ്ടമേഖലകളിൽ ഇടപെടാനുള്ള അവസരം ഒരുക്കേണ്ടതുണ്ട്.

വീക്ഷണകോണുകൾ വികസിപ്പിക്കുക.

നിങ്ങളുടെ സംരംഭത്തിനുമുന്നിലുള്ള ഒബ്ജക്റ്റീവുകളെ നിങ്ങൾ വീക്ഷിക്കുന്ന ഒരു തലമുണ്ടാകും, ഇതിൽ നിന്ന് വിഭിന്നമായ വീക്ഷണങ്ങളായിരിക്കും പല ജീവനക്കാർക്കും പങ്കുവെയ്ക്കാനുണ്ടാവുക. ഇവയെല്ലാം ചേരുമ്പോഴാണ് പ്രശ്‌നത്തിന്റെ സമഗ്രചിത്രം ലഭിക്കുന്നത്. ഏറ്റവും ഫലപ്രദമായ തീരുമാനങ്ങളെടുക്കാനും നടപടികൾ കൈക്കൊള്ളാനും ഇത് സഹായിക്കും.

വിവിധ കോണുകളിൽ നിന്നുള്ള വീക്ഷണങ്ങൾക്ക് നിങ്ങൾക്കാശ്രയിക്കാവുന്ന ഏറ്റവും നല്ല മാർഗം നിങ്ങളുടെ ജീവനക്കാരാണ്. ഓരോ ബിസിനസ് ഒബ്ജക്റ്റീവും ചർച്ചചെയ്യുകയും എല്ലാവരുടെയും വീക്ഷണങ്ങൾ ക്രോഡീകരിക്കുകയും ചെയ്യുന്ന പതിവ് സ്ഥാപനത്തിൽ തുടങ്ങുക.

ഒരു നല്ല പഠിതാവാകുക

പുതിയ അറിവുകളും കഴിവുകളും ആർജിക്കാനാവുന്നത് സ്വന്തം സ്ഥാപനത്തിൽ നിന്നുതന്നെയാണ്. നിങ്ങളുടെ കുറവുകൾ നികത്താനാണ് ചിലമേഖലകളിൽ വിദഗ്ദ്ധരായ ജീവനക്കാരെ നിയമിക്കുന്നത്. ഒപ്പം അവരിൽ നിന്ന് കാര്യങ്ങൾ പഠിക്കുക കൂടി ചെയ്യാനുള്ള ശ്രമം സംരംഭകൻ നടത്തണം. സംരംഭത്തിന്റെ എല്ലാമേഖലയിലും വിദഗ്ദ്ധനാവുക എന്നത് അസാധ്യമാണ്, എന്നാൽ എല്ലാ മേഖലയെയും സംബന്ധിച്ചുള്ള അടിസ്ഥാനധാരണ ആർജിക്കാൻ സംരംഭകൻ ശ്രധിക്കേണ്ടതുണ്ട്.

നിങ്ങളുടെ സ്ഥാപനം ഒരു പാഠശാലയാക്കുക

നിങ്ങളുടെ സംരഭത്തിൽ ആഭ്യന്തരമായി നടക്കുന്ന പഠനപ്രക്രിയ സ്ഥാപനത്തേയും ജീവനക്കാരെയും ഒരുപോലെ മികച്ചതാക്കും. വിജ്ഞാനം പരസ്പരം പങ്കുവെയ്ക്കാൻ ജീവനക്കാരെ പ്രോൽസാഹിപ്പിക്കണം. അവരവരുടെ പ്രത്യേകമേഖലകളിൽ വൈദദ്ധ്യം നേടുന്നതോടൊപ്പം മറ്റുമേഖലകളിൽ സാമാന്യമായ ജ്ഞാനം നേടുന്നത് വളർച്ചനേടാൻ സഹായിക്കും.

സംരംഭത്തിന്റെ വളർച്ചയും വികാസവും ആഗ്രഹിക്കുന്ന സംരംഭകൻ ആദ്യം നിശ്ചയിക്കേണ്ടത് സംരംഭത്തെ തന്നോളം ചെറുതാക്കില്ല എന്നാണ്. സംരംഭകൻ സർവ്യവ്യാപിയായി വിരാജിക്കുമ്പോൾ സംരംഭത്തിന് വ്യക്തിയോളമേ വളരാനാവൂ. മറിച്ച് പ്രവർത്തനത്തിൽ മികച്ച ആളുകളെ പങ്കാളികളാക്കുകയും സിനർജി സാധ്യമാക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്കും സംരംഭത്തിനും മുന്നിൽ തുറക്കുന്നത് വളർച്ചയുടെ പുതിയ ആകാശങ്ങളാണ്. ഒന്നും ഒന്നും മൂന്നല്ല, അതിലുമെത്രയോ വലുതാണ്.

(കോർപ്പറേറ്റ് ട്രെയ്‌നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം. +919400155565. [email protected]

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP