Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2014ൽ പിടിച്ചത് ഒരു ലക്ഷത്തിലേറെ വോട്ട്; 2010ലെ തദ്ദേശത്തിൽ ജില്ലയിൽ 48 സീറ്റ് നേടിയ പാർട്ടി 2015ൽ 137 ആയി ഉയർത്തി; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലത്തിലും കൂടി കിട്ടിയത് രണ്ടേകാൽ ലക്ഷം വോട്ട്; ശക്തിന്റെ നാട്ടിൽ ഭക്തിയും വിശ്വാസവും ചർച്ച് ആക്ടും ചർച്ചയാക്കി നായരുടേയും ഈഴവരുടേയും ക്രൈസ്തവരുടേയും മനസ്സ് പിടിക്കാൻ സൂപ്പർതാരം; തൃശൂരിൽ സുരേഷ് ഗോപിയെ ഇറക്കി ബിജെപി ഉറപ്പിക്കുന്നത് നാലാമത്തെ ത്രികോണ മത്സരം; പൂരങ്ങളുടെ നാട്ടിൽ ഇനി വെടിക്കെട്ട് പ്രചരണം

2014ൽ പിടിച്ചത് ഒരു ലക്ഷത്തിലേറെ വോട്ട്; 2010ലെ തദ്ദേശത്തിൽ ജില്ലയിൽ 48 സീറ്റ് നേടിയ പാർട്ടി 2015ൽ 137 ആയി ഉയർത്തി; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലത്തിലും കൂടി കിട്ടിയത് രണ്ടേകാൽ ലക്ഷം വോട്ട്; ശക്തിന്റെ നാട്ടിൽ ഭക്തിയും വിശ്വാസവും ചർച്ച് ആക്ടും ചർച്ചയാക്കി നായരുടേയും ഈഴവരുടേയും ക്രൈസ്തവരുടേയും മനസ്സ് പിടിക്കാൻ സൂപ്പർതാരം; തൃശൂരിൽ സുരേഷ് ഗോപിയെ ഇറക്കി ബിജെപി ഉറപ്പിക്കുന്നത് നാലാമത്തെ ത്രികോണ മത്സരം; പൂരങ്ങളുടെ നാട്ടിൽ ഇനി വെടിക്കെട്ട് പ്രചരണം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സംസ്‌കാരികതയും ഭക്തിയും വിശ്വാസവും ചേരുന്നതാണ് തൃശൂർ. മത-ജാതി രാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുള്ള സ്ഥലം. ഇത്തവണ തൃശൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഉഷാറാക്കാൻ തുഷാർ വെള്ളാപ്പള്ളി തയ്യാറായത് മണ്ഡലത്തിലെ പ്രത്യേകതകൾ തിരിച്ചറിഞ്ഞാണ്. എന്നാൽ വയനാട്ടിൽ രാഹുൽ ഗാന്ധിയുമായി കോൺഗ്രസ് എത്തിയപ്പോൾ തുഷാർ ചുരം കയറി വയനാട്ടിൽ സ്ഥാനാർത്ഥിയായി. ഇതോടെ ബിജെപിക്ക് പുതിയൊരു സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വന്നു. പിഎസ് ശ്രീധരൻ പിള്ള, എംടി രമേശ് ഇങ്ങനെ സീറ്റിന് വേണ്ടി ചരട് വലികൾ നടത്തിയത് അനവധി പേർ. ഒടുവിൽ നറുക്ക് വീണത് സുരേഷ് ഗോപിക്കും. മലയാളത്തിലെ സൂപ്പർതാരം അങ്ങനെ തൃശൂരിന്റെ മനസ്സ് പിടിക്കാനെത്തുകയാണ്. കോൺഗ്രസിലെ ടി എൻ പ്രതാപനും സിപിഐയുടെ രാജാജി മാത്യു തോമസും ഏറെ പ്രചരണത്തിൽ മുന്നേറിയ മണ്ഡലം. ഇവിടെ വോട്ടർമാർക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത സുരേഷ് ഗോപി സ്ഥാനാർത്ഥിയാകുമ്പോൾ ബിജെപി ശക്തമായ ത്രികോണ മത്സരത്തിനാണ് തൃശൂരിൽ അരങ്ങൊരുക്കുന്നത്. തിരുവനന്തപുരത്തിനും പത്തനംതിട്ടയ്ക്കും പാലക്കാടിനും പുറമേ സർവ്വ ശക്തിയുമെടുത്ത് ആർഎസ്എസ് സുരേഷ് ഗോപിക്ക് പിന്നിൽ അണിനിരക്കും. ദേശീയ ശ്രദ്ധയുള്ള പോരാട്ടം നടക്കുന്ന മണ്ഡലമായി സുരേഷ് ഗോപിയിലൂടെ തൃശൂർ മാറുകയാണ്. സിനിമയിലെ താരരാജാവിന് തൃശൂരിനെ ഇളക്കിമറിക്കാനാകുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.

പ്രവചനാതീതമാണ് തൃശൂരിന്റെ രാഷ്ട്രീയ മനസ്സ്. മുൻകൂട്ടിയുള്ള വിലയിരുത്തലുകൾക്കൊന്നും പൂർണമായും പിടിതരാത്ത രാഷ്ട്രീയ സ്വഭാവമുണ്ട് തൃശൂരിന്. കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ വൻ അട്ടിമറികളിലൊന്നായിരുന്നു 96ലെ കരുണാകരന്റെ തോൽവി. മുഖ്യമന്ത്രിക്കസേര എ.കെ. ആന്റണിയെ ഏൽപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ കരുണാകരൻ നൂറു ശതമാനം വിജയമുറപ്പിച്ചാണ് സ്വന്തം തട്ടകമായ തൃശൂരിൽ മത്സരത്തിനിറങ്ങിയത്. പക്ഷേ ജനം വിധിയെഴുത്തിയത് മറ്റൊരു വിധത്തിലായിരുന്നു. ലീഡറുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തോൽവി. 96ൽ ഫലം വന്നപ്പോൾ സിപിഐയിലെ വി.വി. രാഘവൻ വിജയിച്ചു. മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിൽ പ്രകടമായ മാറ്റം അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു 2014ലേത്. തൃശൂരിൽ ആദ്യമായി ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങി. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ബിജെപിയിലെ കെ.പി. ശ്രീശൻ ഒരു ലക്ഷത്തിലേറെ വോട്ടുകൾ നേടി കരുത്ത് തെളിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ അവിടെ നിന്ന് ബഹുദൂരം ബിജെപി മുന്നിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂരിൽ ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചില്ലെങ്കിലും മികച്ച രീതിയിൽ വോട്ട് പിടിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി മൂന്നിരട്ടി മെച്ചപ്പെടുത്തി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 48 സീറ്റ് നേടിയ ബിജെപി 2015ൽ 137 ആയി ഉയർത്തി. ഇത് മനസ്സിൽ വച്ചാണ് സുരേഷ് ഗോപിയെന്ന താര സ്ഥാനാർത്ഥിയെ ബിജെപി തൃശൂരിൽ സ്ഥാനാർത്ഥിയാകുന്നത്.

തൃശൂരിൽ ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയാകുമ്പോൾ ബിജെപിയുടെ ആത്മവിശ്വാസം കൂടുകയാണ്. ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുമായി കേന്ദ്ര നേതൃത്വം ടെലിഫോണിൽ ആശയവിനിമയം നടത്തിയിരുന്നു. സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുവരുന്നുണ്ട്. ബിഡിജെഎസ്സിനായിരുന്നു തൃശൂർ സീറ്റ് ബിജെപി നൽകിയത്. എന്നാൽ അവിടെ മത്സരിക്കാൻ തയ്യാറെടുത്ത തുഷാർ വെള്ളാപ്പള്ളി രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ അവിടേക്ക് മാറി. അതോടെയാണ് ബിഡിജെഎസ്സിൽ നിന്ന് ബിജെപി തൃശൂർ സീറ്റ് എറ്റെടുത്തത്. സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് എന്നിവരിൽ ഒരാൾ സ്ഥാനാർത്ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പാർട്ടി ദേശീയ നേതൃത്വം സുരേഷ് ഗോപിയെ തന്നെ പരിഗണിക്കുകയായിരുന്നു. തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാൽ സംസ്ഥാന നേതാക്കൾ പലരും മത്സരിക്കാൻ ആഗ്രഹിച്ച സീറ്റ് കൂടിയാണ് തൃശൂർ. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയ സീറ്റ് കൂടിയാണ് തൃശൂർ. സുരേഷ് ഗോപിയെ പരിഗണിച്ചതിൽ സാമുദായിക സമവാക്യങ്ങളും ഘടകമായതായാണ് വിവരം.

തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയിൽ കെ സുരേന്ദ്രനും വിജയ പ്രതീക്ഷയുമായാണ് മുന്നേറുന്നത്. പാലക്കാട്ടെ പ്രാദേശിക വികാരം ചർച്ചയാക്കി എസ് കൃഷ്ണകുമാറും പ്രചരണത്തിൽ മുന്നേറി. ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തൃശൂർ. ഇത് ബിഡിജെഎസിന് വിട്ടുകൊടുത്തതു തന്നെ സമൂദായിക വോട്ടുകളുടെ കണക്കെടുത്താണ്. തൃശൂരിൽ നായർ-ഈഴവ സമുദായങ്ങൾ അതിശക്തമാണ്. കരുണാകരൻ തൃശൂരിൽ നിന്ന് കളമൊഴിയുകയും കേരളാ രാഷ്ട്രീയത്തിന്റെ അമരത്ത് നിന്ന് മാറുകയും ചെയ്തതോടെയാണ് ബിജെപിക്ക് തൃശൂരിൽ വേരുകൾ ശക്തമായത്. ഗുരുവായൂരപ്പന്റെ ഭക്തനെന്ന മുഖവുമായി തൃശൂരിനെ അടക്കി വാണത് കരുണാകരനായിരുന്നു. ശക്തന്റെ നാട്ടിലെ നായർ വോട്ടുകൾ കരുണാകരന് പോയതിന് പിന്നാലെ ബിജെപിക്കൊപ്പമായി. ഈഴവ വോട്ടുകളെ അടുപ്പിക്കാൻ ബിഡിജെസിലൂടെയുമായി. ക്രൈസ്തവ വോട്ടുകളും തൃശൂരിൽ നിർണ്ണായകയം. ഈ മൂന്ന് സമുദായത്തിലും ഉണ്ടാകുന്ന പ്രതിഫലനമാകും വിജയത്തിൽ നിർണ്ണായക ഘടകം. തൃശൂരിലെ തീരമേഖലയിൽ പോലും ബിജെപിക്ക് നിർണ്ണായക സ്വാധീനമുണ്ട്. പഞ്ച് ഡയലോഗുമായി സുരേഷ് ഗോപി നിറയുമ്പോൾ വീറുറ്റ് മത്സരമാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ സിപിഐയെ ഏറ്റവുമേറെ തവണ വരിച്ചിട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. 2014-ൽ രാജ്യത്തെല്ലായിടത്തും മത്സരിച്ച സീറ്റുകളിൽ സിപിഐ തോറ്റപ്പോഴും തൃശൂർ അവരെ കൈവിട്ടില്ല. അങ്ങനെ ലോക്സഭയിലെ ഏക സിപിഐ പ്രതിനിധിയായി 2014 ൽ സി.എൻ. ജയദേവൻ മാറി. തൃശൂരിലെ ജനകീയ മുഖമാണ് ടി എൻ പ്രതാപൻ. അഴിമതി വിരുദ്ധ വ്യക്തിത്വം. കോൺഗ്രസ് ടിഎൻ പ്രതാപനെ സ്ഥാനാർത്ഥിയാക്കിയത് മണ്ണിന്റെ മണമുള്ള നേതാവിലൂടെ വിജയം പിടിച്ചെടുക്കാനാണ്. ജയദേവനെ മാറ്റി സിപിഐ രാജാജി മാത്യു തോമസിനെ പരീക്ഷിക്കുന്നു. ഇതിൽ സിപിഐയിൽ ഭിന്നതയുമുണ്ട്. ഇതും തൃശൂരിലെ അടിയൊഴുക്കുകളെ സ്വാധീനിക്കും. അതുകൊണ്ട് തന്നെ ആർക്കും നേടാനാകുന്ന മണ്ഡലമാണ് തൃശൂർ. ഇവിടേക്കാണ് സുരേഷ് ഗോപിയെ അയച്ച് ബിജെപിയും പോര് ശക്തമാക്കുന്നത്. തൃശൂർ, ഒല്ലൂർ, പുതുക്കാട്, മണലൂർ, ഗുരുവായൂർ, നാട്ടിക, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശൂർ ലോക്സഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ഏഴ് മണ്ഡലങ്ങളിലായി എൻഡിഎക്ക് രണ്ടേകാൽ ലക്ഷം വോട്ടുകൾ നേടാനായി. സുരേഷ് ഗോപി എത്തുന്നതോടെ ഇക്കുറി തൃശൂരിൽ വാശിയേറിയ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്.

സുരേഷ്ഗോപി കളത്തിലിറങ്ങുമ്പോൾ സംസ്ഥാനത്ത് ശ്രദ്ധേയമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായി തൃശൂർ മാറും. വിജയം അനായാസമെന്ന് കരുതിയ ഇടതുവലതുമുന്നണികൾക്ക് എൻ.ഡി.എയുടെ രാഷ്ട്രീയ ശക്തിക്ക് പുറമെ സുരേഷ് ഗോപിയുടെ താരപ്രഭാവവും മറികടക്കേണ്ടി വരും .ഇടതുവലതു മുന്നണികൾ പ്രചാരണത്തിൽ ബഹുദൂരം മുന്നേറിയെങ്കിലും സ്ഥാനാർത്ഥി സുരേഷ് ഗോപിയായാൽ ഒരു പരിചയപ്പെടുത്തലിന്റെ വെല്ലുവിളി എൻ.ഡി.എ ജില്ലാ നേതൃത്വത്തിനില്ല. കുടുംബയോഗങ്ങളും സദസുകളുമായി നേരത്തേ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളിയുടെ രണ്ടുദിവസത്തെ പ്രചാരണം കൂടുതൽ ഓളമുണ്ടാക്കിയെന്നാണ് എൻ.ഡി.എ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈഴവ, നായർ, ക്രൈസ്തവ വോട്ടുകൾ നിർണായക ശക്തിയായ തൃശൂരിൽ സുരേഷ്ഗോപിയുടെ സ്ഥാനാർത്ഥിത്വം സാമുദായിക സമവാക്യങ്ങൾക്ക് കൂടി അനുകൂലമാണെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെയും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെയും വോട്ട് വർദ്ധന കണക്കാക്കി തങ്ങളുടെ കരുത്ത് ഇരട്ടിയായെന്നാണ് എൻ.ഡി.എയുടെ അവകാശവാദം. പത്തുതവണ ഇടത്തോട്ടും അഞ്ചുതവണ വലത്തോട്ടും ചാഞ്ഞ മണ്ഡലത്തെ വിജയപ്രതീക്ഷയുള്ള എ കാറ്റഗറിയിലാണ് എൻ.ഡി.എ നേതൃത്വം ഉൾപ്പെടുത്തിയിട്ടുള്ളത്. ബി.ഡി.ജെ.എസുമായുള്ള സഖ്യത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി കൂടുതൽ വോട്ടു നേടിയ ജില്ലയാണ് തൃശൂർ.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 38,227 വോട്ടിന്റേതായിരുന്നു എൽ.ഡി.എഫ്. ഭൂരിപക്ഷം. തുടർന്നുനടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഏഴുമണ്ഡലത്തിലും വിജയിച്ച് ഏഴിടത്തുംകൂടി 1,22,624 വോട്ടിന്റെ ഭൂരിപക്ഷം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുനടന്ന തിരഞ്ഞെടുപ്പിലും മികച്ചവിജയം. ഇതൊക്കെ എൽ.ഡി.എഫിന് അമിതവിശ്വാസം നൽകുന്നു. ജില്ലയിൽ 45,000 കന്നി വോട്ടർമാരാണുള്ളത്. മത്സരരംഗത്തില്ലെന്ന് ഇതിനകം പ്രഖ്യാപിച്ച ആം ആദ്മിക്കായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച എഴുത്തുകാരി സാറാ ജോസഫ് 44,638 വോട്ടുനേടിയിരുന്നു. ഈ വോട്ടുകൾ ഏതുപെട്ടിയിൽ വീഴുമെന്നതും ഇവിടെ ഫലത്തെ സ്വാധീനിക്കുന്നതാവും. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ തൃശൂരിൽ ബിജെപി ഉണ്ടാക്കിയത് നൂറുശതമാനം നേട്ടം. വോട്ടിരട്ടിച്ചെന്ന് മാത്രമല്ല സംഘടനാതലത്തിലും അടിത്തറ ഉറപ്പിക്കാൻ പാർട്ടിക്കായി. ഇനി ശക്തനായൊരു സ്ഥാനാർത്ഥികൂടിയെത്തിയാൽ പോരാട്ടം കടുപ്പിക്കാമെന്ന് പാർട്ടിനേതൃത്വം കരുതിയിരിക്കുമ്പോഴാണ് സുരേഷ ഗോപി അരയും തലയും മുറുക്കി തൃശൂരിൽ എത്തുന്നത്. ബിഡിജെഎസിന്റെ സ്വാധീനം മണ്ഡത്തിൽ അനുകൂലമാകണം. ശബരിമലസജീവമാക്കി നിർത്തിയാൽ എൻഎസ്എസ് വോട്ടുകളും അനുകൂലമാക്കാമെന്നാണ് ബിജെപി പ്രതീക്ഷ . മണ്ഡലത്തിൽ ക്രിസ്ത്യൻസമൂഹത്തിന്റെ പിന്തുണയുറപ്പിക്കാനും പാർട്ടി വഴിതേടുകയാണ്.

ക്രൈസ്തവജനവിഭാഗങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനായതിന്റെ പ്രതിഫലനം അനുകൂലമാകുമെന്നാണ് മൂന്നുമുന്നണികളുടെയും അവകാശവാദം. എന്നാൽ, ചർച്ച് ബിൽ, ന്യൂനപക്ഷ സ്ഥാപനങ്ങളോടുള്ള സർക്കാരുകളുടെ സമീപനം തുടങ്ങി വ്യത്യസ്തവിഷയങ്ങളിൽ സഭകൾക്കുള്ള നീരസം, കിട്ടുന്ന അവസരങ്ങളിൽ യു.ഡി.എഫ്. ആയുധമാക്കുന്നുണ്ട്. വിശ്വാസികളുടെ വികാരത്തിനൊപ്പമെന്ന എൻ.എസ്.എസ്. സമീപനവും തൃശൂരിൽ ചർച്ചയാകും. കേരളത്തിലെ മറ്റു മണ്ഡലങ്ങൾക്കില്ലാത്ത പല പ്രത്യേകതകളൂം തൃശൂരിനുണ്ട്. രണ്ടു പാർട്ടികൾ - സിപിഐയും കോൺഗ്രസും - മാത്രമേ തൃശൂരിനെ ലോക്സഭയിൽ പ്രതിനിധീകരിച്ചിട്ടുള്ളൂ. ഒൻപതു തവണ സിപിഐയും, ആറു തവണ കോൺഗ്രസ്സും. കമ്യൂണിസ്റ്റു പാർട്ടിയിലെ പിളർപ്പിന് ശേഷം സിപിഐ തങ്ങളുടെ ശക്തികേന്ദ്രമായി കരുതുന്ന ജില്ലയാണ് തൃശൂർ. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇപ്പോൾ എൽഡിഎഫിന്റെ കയ്യിലാണ്. ഇതിനെ അതിജീവിക്കാൻ പ്രതാപനും നിലനിർത്താൻ രാജാജി മാത്യു തോമസും അട്ടിമറിക്ക് സുരേഷ് ഗോപിയും എത്തുമ്പോൾ മത്സരം പൊടിപൂരമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP