Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിജയരാഘവന്റെ പ്രസംഗത്തിൽ തെറ്റായ കാര്യങ്ങളൊന്നും പറയുന്നില്ല; രാഷ്ട്രീയം പറയാനില്ലാത്തതു കൊണ്ട് കോൺഗ്രസ് വൈകാരിക വിഷയം ഉയർത്തുന്നു; ഇനിയും കോൺഗ്രസ് രാഷ്ട്രീയം പറയാൻ തയ്യാറായില്ലെങ്കിൽ ഉള്ള വോട്ടും നഷ്ടപ്പെടും; എൽഡിഎഫ് കൺവീനറുടെ സ്ത്രീവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് ഇടതു സ്ഥാനാർത്ഥി പി കെ ബിജു; സ്ത്രീത്വത്തെയും ദളിത് വിഭാഗത്തെയുമാണ് വിജയരാഘവൻ അധിക്ഷേപിച്ചതെന്ന് ആരോപിച്ച് ഉമ്മൻ ചാണ്ടിയും; കൺവീനർ മാപ്പു പറയണമെന്ന ആവശ്യം ശക്തമാകുന്നു

വിജയരാഘവന്റെ പ്രസംഗത്തിൽ തെറ്റായ കാര്യങ്ങളൊന്നും പറയുന്നില്ല; രാഷ്ട്രീയം പറയാനില്ലാത്തതു കൊണ്ട് കോൺഗ്രസ് വൈകാരിക വിഷയം ഉയർത്തുന്നു; ഇനിയും കോൺഗ്രസ് രാഷ്ട്രീയം പറയാൻ തയ്യാറായില്ലെങ്കിൽ ഉള്ള വോട്ടും നഷ്ടപ്പെടും; എൽഡിഎഫ് കൺവീനറുടെ സ്ത്രീവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് ഇടതു സ്ഥാനാർത്ഥി പി കെ ബിജു; സ്ത്രീത്വത്തെയും ദളിത് വിഭാഗത്തെയുമാണ് വിജയരാഘവൻ അധിക്ഷേപിച്ചതെന്ന് ആരോപിച്ച് ഉമ്മൻ ചാണ്ടിയും; കൺവീനർ മാപ്പു പറയണമെന്ന ആവശ്യം ശക്തമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ പരാമർശത്തെ ന്യായീകരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ബിജു. രമ്യ ഹരിദാസിനെ കുറിച്ച് നടത്തിയ പരാമർശം വിജയരാഘവൻ വിശദീകരിച്ചിട്ടണ്ടെന്നും ബിജു പറഞ്ഞു. രാഘവന്റെ വാക്കുകള വിവാദമാക്കി കോൺഗ്രസിനെയും ബിജു കുറ്റപ്പെടുത്തി. രമ്യ ഹരിദാസിനെക്കുറിച്ച് നടത്തിയ പരാമർശം വിജയരാഘവൻ വിശദീകരിച്ചിട്ടുണ്ട്. രാഷ്ട്രീയം പറയാനില്ലാത്തതു കൊണ്ടാണ് കോൺഗ്രസ് വൈകാരിക വിഷയം ഉയർത്തുന്നത്. എല്ലാം കോൺഗ്രസിന്റെ വ്യാഖ്യാനങ്ങളാണ്. ഇനിയും കോൺഗ്രസ് രാഷ്ട്രീയം പറയാൻ തയാറായില്ലെങ്കിൽ ഉള്ള വോട്ടും നഷ്ടപ്പെടുമെന്നും പികെ. ബിജു മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം ബിജുവിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം കടുക്കുകയാണ്. എ. വിജയരാഘവന്റെ പരാമർശം പ്രതിഷേധാർഹമെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. സ്ത്രീത്വത്തെയും ദളിത് വിഭാഗത്തെയുമാണ് വിജയരാഘവൻ അധിക്ഷേപിച്ചത്. മൂന്നുദിവസമായി സിപിഎമ്മിന്റെ സമനില തെറ്റിയിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വിജയരാഘവന്റെ പരാമർശത്തിൽ സിപിഎം പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ അപമാനിച്ചതിന് വിജയരാഘവനെതിരെ പാർട്ടി അച്ചടക്കനടപടിയെടുക്കണം. കോൺഗ്രസ് ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു

എ. വിജയരാഘവനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് രമ്യ ഹരിദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അധിക്ഷേപം വലിയ പ്രയാസമുണ്ടാക്കി. ഈ നിലയിലെത്തിയത് ഒരുപാട് പ്രതിസന്ധികളെ തരണംചെയ്താണ്. തനിക്കും അമ്മയും അച്ഛനും കുടുംബവുമുണ്ടെന്ന് ഓർക്കണമായിരുന്നു. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് പൊതുരംഗത്ത് നിൽക്കുന്നത്. ആശയപരമായ പോരാട്ടമാണ് വേണ്ടത്. വ്യക്തിഹത്യ അംഗീകരിക്കാനാവില്ല. നവോത്ഥാനമുദ്രാവാക്യമുയർത്തുന്നവർ സ്ത്രീകളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്. സ്ത്രീ സുരക്ഷയ്ക്കു ഏറെ പ്രാധാന്യം നൽകുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. താൻ എങ്ങനെയുള്ള വ്യക്തിയാണെന്ന് ആലത്തൂർ ജനതയ്ക്കറിയാം. എത്ര പ്രതിസന്ധിയുണ്ടായാലും തളരില്ലെന്നും ആലത്തൂരിൽ ജയിക്കുമെന്നും രമ്യ മാധ്യമങ്ങളോടു പറഞ്ഞു.

വിമർശനങ്ങൾ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്, ജനങ്ങൾ എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും രമ്യ പറയുന്നു. ആശയപരമായ പോരാട്ടമാണ് ആലത്തൂരിൽ നടക്കുന്നത്. അതിനിടെ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണെന്നാണ് രമ്യ ഹരിദാസ് ചോദിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽ പെട്ട വനിതാ സ്ഥാനാർത്ഥിയാണ് താനെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കന്ന ഇടത് മുന്നണി പ്രതിനിധിയിൽ നിന്ന് ഇത്തരമൊരു പരാമർശം പ്രതീക്ഷിച്ചില്ലെന്നും രമ്യ ഹരിദാസ് പറയുന്നു. വീട്ടിൽ അച്ഛനും അമ്മയും ഉണ്ട് , അവരിതെല്ലാം കേൾക്കുന്നുണ്ടെന്നും രമ്യ ഹരിദാസ് ഓർമ്മിപ്പിക്കുന്നു

രമ്യ ഹരിദാസിനെതിരായ പരാമർശം പ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ യു.ഡി.എഫിന്റെ ഉന്നത നേതൃത്വം തീരുമാനിക്കും. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടിയുടെ മുതിർന്ന നേതാവിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള പരാമർശം സംഭവിച്ചത് ഇടതുപക്ഷത്തെ വെട്ടിലാക്കിയത്.

രമ്യ കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് എ.വിജയരാഘവൻ മോശം രീതീയിൽ പരാമർശിച്ചത്. പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് കൺവൻഷനിലായിരുന്നു എ.വിജയരാഘവന്റെ വിവാദ പരാമർശം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് കൺവൻഷൻ വേദിയിൽ എത്തുന്നതിന് തൊട്ടു മുൻപായിരുന്നു എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റെ വിവാദ പ്രസംഗം. പൊന്നാനി ലോക്സഭാ കൺവെൻഷനിൽ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. പൊന്നാനിയിൽ പി.വി.അൻവറിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതു മുതൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ പാണക്കാട് എത്തുകയാണെന്നു പറഞ്ഞ വിജയരാഘവൻ ആലത്തൂർ സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് മോശം ഭാഷയിൽ ആണ് പരാമർശിച്ചത്. സ്ഥാനാർത്ഥിയായ രമ്യാ ഹരിദാസിന്റെ പേര് പറയാതെയായായിരുന്നു പരാമർശം.

ദ്വയാർത്ഥ സ്വരമുള്ള ഈ അധിക്ഷേപത്തെ കയ്യടികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ബിരിയാണിയെന്നു കേട്ടാൽ പാർലമെന്റ് മറക്കുന്നവരാണ് ലീഗിന്റെ എംപിമാരെന്നും വിജയരാഘവൻ ലീഗിനെ പരിഹസിച്ചിരുന്നു. രമ്യാ ഹരിദാസിനെ ആക്ഷേപിച്ച എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെതിരെ കേസെടുക്കണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫ് നേതാവിന്റെ പരാമർശങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുമെന്നുമായിരുന്നു മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് അറിയിച്ചിരിക്കുന്നത്.

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കുട്ടി പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കണ്ടുവെന്നും കുഞ്ഞാലിക്കുട്ടിയെ കണ്ട കാര്യം എന്താകുമെന്ന് പറയുന്നില്ല എന്നുമായിരുന്നു പരാമർശം. ഈ വാക്കുകളാണ് പ്രതിഷേധത്തിനിടയാക്കിയത്. എന്നാൽ വിമർശനം ശക്തമായ സാഹചര്യത്തിൽ ആരെയും മോശമാക്കി സംസാരിച്ചിട്ടില്ലെന്നും പറഞ്ഞത് കോൺഗ്രസ്സ് നേതാക്കളുടെ കൂടിക്കാഴ്ചയെ കുറിച്ച് മാത്രം ആയിരുന്നു എന്നുമുള്ള വിശദീകരണവുമായി വിജയരാഘവനും രംഗത്തെത്തി. വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ ചാനലുകളെല്ലാം വിജയരാഘവൻ പറഞ്ഞത് വീണ്ടും വീണ്ടും കേൾപ്പിച്ചതോടെ വിജയരാഘവൻ കൂടുതൽ പ്രതിരോധത്തിലായി.

രമ്യാ ഹരിദാസിന് വിവിധ കോണുകളിൽ നിന്ന് പിന്തുണയുമെത്തി. അപ്പോഴും സംസ്‌കാരിക നേതാക്കൾ പ്രതികരിക്കാൻ മടിക്കുകയുമാണ്. എന്നാൽ പൊതുസമൂഹം വലിയ പ്രതിഷേധത്തോടെയാണ് ഈ വിഷയം ചർച്ചയാക്കുന്നത്. പൊന്നാനിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അൻവറിന് വോട്ടഭ്യർഥിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ആലത്തൂർ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. വിജയരാഘവൻ മാപ്പു പറയണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP