Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വത്ത് വിവരം പുറത്തായാൽ തന്റെ ജീവന് ഭീഷണിയാകുമെന്ന് പ്രിയങ്ക; വിവരം വെളിയിൽ പറയരുതെന്ന് ഹിമാചൽ സർക്കാരിന് കത്തെഴുതി പ്രിയങ്കാഗാന്ധി

സ്വത്ത് വിവരം പുറത്തായാൽ തന്റെ ജീവന് ഭീഷണിയാകുമെന്ന് പ്രിയങ്ക; വിവരം വെളിയിൽ പറയരുതെന്ന് ഹിമാചൽ സർക്കാരിന് കത്തെഴുതി പ്രിയങ്കാഗാന്ധി

ഹിമാചൽ പ്രദേശിൽ തന്റെ പേരിലുള്ള സ്വത്തിനെ സംബന്ധിച്ച വിവരം വെളിപ്പെടുത്തരുതെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ഈ വിവരം പുറത്തായാൽ തന്റെ ജീവന് അത് ഭീഷണിയായി വർത്തിക്കുമെന്നാണ് പ്രിയങ്ക പറയുന്നത്. പ്രിയങ്കയ്ക്ക് ഇവിടെയുള്ള സ്വത്തിനെക്കുറിച്ച് വെളിപ്പെടുത്തണമെന്ന് വിവരാവകാശ നിയപ്രകാരം ആക്ടിവിസ്റ്റ് ദേബാശിഷ് ഭട്ടാചാര്യ കഴിഞ്ഞ വർഷം ജൂലൈയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് സ്വത്തിനെക്കുറിച്ച് വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്.

പ്രിയങ്ക ഗാന്ധി എസ്‌പിജി സംരക്ഷണത്തിലുള്ള വ്യക്തിയായതിനാൽ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് ഷിംലയിലെ ഇൻഫർമേഷൻ ഡെപ്യൂട്ടി കമ്മീഷണർ പറയുന്നത്. പ്രിയങ്കയുടെ സ്വത്തുക്കളുടെ രേഖകളുടെ പകർപ്പുകളാണ് വിവരാവകാശ നിയമപ്രകാരം ഭട്ടാചാര്യ ആവശ്യപ്പെട്ടിരുന്നത്. രജിസ്‌ട്രേഷൻകംസെയിൽ ഡീഡ്, ഭൂമിയുടെ ഇപ്പോഴത്തെ നില, ഹിമാചൽ പ്രദേശ് ലാൻഡ് ആൻഡ് ടെനസി ആക്ടിലെ സെക്ഷൻ 18 പ്രകാരം ഇതിന് നൽകി അനുമതി തുടങ്ങിയവയുടെ പകർപ്പാണ് ഭട്ടാചാര്യ ആവശ്യപ്പെട്ടിരുന്നത്. ആ അപേക്ഷയുടെ പുറത്ത് ഈ വിവരങ്ങൾ പ്രധാനം ചെയ്യാൻ ഷിംലയിലെ തഹസിൽദാരോട് (റൂറൽ) കഴിഞ്ഞ വർഷം ജൂലൈ 21ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ തുടർന്ന് ആഗസ്റ്റിൽ എഡിഎം തന്റെ നിലപാടുകൾ മാറ്റുകയായിരുന്നു. ഓഗസ്റ്റ് ആറിന് എഡിഎം പ്രസ്തുത വിഷയത്തിൽ തികച്ചും വ്യത്യസ്ത നിലപാടെടുക്കുകയായിരുന്നുവെന്നാണ് ഹരജിക്കാരനായ ഭട്ടാചാര്യ വെളിപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ എഡിഎം സ്‌പെഷ്യൽ പവർ ഓഫ് അറ്റോർണിയായ കെഹർ സിങ് ഖാച്ചിയുടെ അഭിപ്രായം തേടുകയുമുണ്ടായി. സുരക്ഷാപരമായ കാരണങ്ങളുള്ളതിനാൽ പ്രിയങ്കയുടെ സ്വത്തിനെപ്പറ്റിയുള്ള വിവരം പങ്ക് വെയ്ക്കാൻ പ്രയാസമാണെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 25 ന് എഡിഎം ഭട്ടാചാര്യയെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഭാഗികമായി വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഭട്ടാചാര്യയുടെ വിവരാവകാശ ഹർജി റദ്ദാക്കുകയും ചെയ്തു.

തുടർന്ന് സെപ്റ്റംബർ രണ്ടിന് ഭട്ടാചാര്യ ഷിംലയിലെ ഡെപ്യൂട്ടി കമ്മീഷണർക്ക് മുന്നിൽ ഒരു അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ പങ്ക് വയ്ക്കാതിരിക്കുന്നതിനായി കാണിച്ച കാരണങ്ങൾ ന്യായീകരിക്കാനാവില്ലെന്നായിരുന്നു ഭട്ടാചാര്യ അപ്പീലിൽ ബോധിപ്പിച്ചിരുന്നത്. ഈ ഭൂമിയുടെ വിശദാംശങ്ങൾ ഗൂഗിൾ മാപ്പിൽ ലഭ്യമാണെന്നായിരുന്നു ഇതിന് അടിസ്ഥാനമായി അദ്ദേഹം നിരത്തിയ വാദം. തുടർന്ന് ഒക്ടോബർ 28ന് ഡെപ്യൂട്ടി കമ്മീഷണർ ഭട്ടാചാര്യയുടെ ഈ അപേക്ഷ തള്ളി. വിവരാവകാശ അപേക്ഷയിലെ തീയിതിയിൽ കെഹാർ സിങ് ഖാച്ചി പ്രിയങ്കയുടെ സ്‌പെഷ്യൽ പവർ ഓഫ് അറ്റോർണിയല്ലെന്ന പേരിലാണ് അപേക്ഷ നിരസിക്കപ്പെട്ടത്. തുടർന്ന് ഷിംലയിലെ എഡിഎം പുതിയ ഒരു സ്‌പെഷ്യൽ പവർ ഓഫ് അറ്റോർണി പ്രിയങ്കയ്ക്ക് അനുവദിച്ചു കൊണ്ട് വിവരാവകാശ നിയമത്തെ പ്രതിരോധിക്കുകയും ചെയ്തു.

തുടർന്ന് ഭട്ടാചാര്യ നവംബർ 19ന് ഷിംലയിലെ സ്‌റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷന് മുന്നിൽ രണ്ടാമത്തെ അപ്പീലുമായെത്തി. തുടർന്ന് നവംബർ 28ന് ഷിംല എഡിഎം ഈ വിവരാവകാശ നിയമാപേക്ഷ തള്ളി. പ്രിയങ്ക പുതിയ സ്‌പെഷ്യൽ പവർ ഓഫ് അറ്റോർണിയെ നിയമിച്ചുവെന്നും ഭട്ടാചാര്യയുടെ അപേക്ഷ പരിഗണിച്ച ശേഷം എല്ലാ വിവരങ്ങളും ലഭ്യമാക്കിയെന്നുമായിരുന്നു അപേക്ഷ തള്ളിയതിന്റെ വിശദീകരണമായി എഡിഎം പറഞ്ഞത്. ഇതിനൊപ്പം ഓഗസ്റ്റ് 25ലെ തന്റെ ഉത്തരവിൽ എഡിഎം ഭേദഗതി വരുത്തുകയും ചെയ്തു. അതായത് ഇത് പ്രകാരം 10 ദിവസത്തിനകം വിവരങ്ങൾ ലഭ്യമാക്കണെന്നതായിരുന്നു അത്. ആ സമയത്തിനുള്ളിൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരം ലഭ്യമാക്കാനായില്ല. കോടതിയുത്തരവ്, പ്രിയങ്ക എസ്‌പിജി സെക്യൂരിറ്റിയുള്ള ആളാണെന്ന എസ്‌പിജിയുടെ ശുപാർശ എന്നിവയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് ഷിംല ഡെപ്യൂട്ടി കമ്മീഷണർ ദിനേഷ് മൽഹോത്ര ഇതിനെക്കുറിച്ച് പറഞ്ഞത്. ഈ വിഷയം സെമിജുഡീഷ്യലാണെന്നും ഇതിനാൽ ഇക്കാര്യത്തിൽ അഭിപ്രായം പറയാനാവില്ലെന്നുമാണ് മൽഹോത്ര പറഞ്ഞത്. ഈ വർഷം ജനുവരി 9ന് സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർ ഭീം സെൻ, ഷിംല എഡിഎമ്മിനെതിരെ ഇൻഫർമേഷൻ അഞ്ച് മാസം വൈകിച്ചതിനെതിരെ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ കേസിന്റെ പേരിൽ ബിജെപി ഹിമാചൽ സർക്കാരിനെ വിമർശിക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP