Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിലെ കരാർ ജോലി പൊളിഞ്ഞപ്പോൾ ലണ്ടനിൽ എത്തിയാൽ സുഖ ജീവിതം എന്നു പറഞ്ഞ് ഏജൻസികളുടെ ചതിയിൽ വിസിറ്റിങ് വിസ എടുത്ത് വിമാനം കയറി; ഒരു ജോലി പോലും കിട്ടാതെ പൊലീസിനെ ഭയന്നു നടക്കുന്നതിനിടയിൽ കാരണം പോലും അറിയാതെ ദുരൂഹ മരണം; മൃതദേഹം നാട്ടിൽ എത്തിക്കാനാവാതെ വലഞ്ഞപ്പോൾ ആശ്രയമായി എത്തിയത് ബ്രിട്ടീഷ് മലയാളി; നാട്ടിൽ അനാഥരായി കാത്തിരുന്ന പെൺമക്കൾക്ക് രണ്ടു പേർക്കും 3.75 ലക്ഷം രൂപ വീതം ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു കണ്ണുനീർ തുടച്ച് മറുനാടൻ കുടുംബം

നാട്ടിലെ കരാർ ജോലി പൊളിഞ്ഞപ്പോൾ ലണ്ടനിൽ എത്തിയാൽ സുഖ ജീവിതം എന്നു പറഞ്ഞ് ഏജൻസികളുടെ ചതിയിൽ വിസിറ്റിങ് വിസ എടുത്ത് വിമാനം കയറി; ഒരു ജോലി പോലും കിട്ടാതെ പൊലീസിനെ ഭയന്നു നടക്കുന്നതിനിടയിൽ കാരണം പോലും അറിയാതെ ദുരൂഹ മരണം; മൃതദേഹം നാട്ടിൽ എത്തിക്കാനാവാതെ വലഞ്ഞപ്പോൾ ആശ്രയമായി എത്തിയത് ബ്രിട്ടീഷ് മലയാളി; നാട്ടിൽ അനാഥരായി കാത്തിരുന്ന പെൺമക്കൾക്ക് രണ്ടു പേർക്കും 3.75 ലക്ഷം രൂപ വീതം ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു കണ്ണുനീർ തുടച്ച് മറുനാടൻ കുടുംബം

മറുനാടൻ ഡെസ്‌ക്‌

നാട്ടിൽ ചെറിയ കരാർ പണികൾ വരവേ ജോലികളുടെ ഭാഗമായി രാജീവിനുണ്ടായ വൻ കടക്കെണിയാണ് ജീവിതം മാറ്റിമറിച്ചത്. കടം പെരുകിയപ്പോൾ രാജീവിന്റെയും സഹോദരന്റെയും വീടുകൾ ബാങ്ക് ജപ്തി നടപടികൾ നേരിട്ടു. താരതമെന്യേ കൂടുതൽ വില കിട്ടുമായിരുന്ന രാജീവിന്റെ വീടു വിറ്റു കടബാധ്യതകളിൽ ഒരു പങ്കു വീട്ടി. ഈ സമയത്താണ് യുകെയിൽ എത്തിയാൽ മികച്ച ജോലിയെന്ന ഏജൻസിയുടെ വാഗ്ദാനം രാജീവിനെ തേടി എത്തുന്നത്.

കടത്തിന്റെയും ജീവിത ദുരിതത്തിന്റെയും നടുക്കടലിൽ നിന്നൊരാൾക്കു ലഭിക്കാവുന്ന കച്ചിത്തുരുമ്പു ആയിരുന്നു ആ വാഗ്ദാനം. ഇത്തരത്തിൽ ഒട്ടേറെ ആളുകൾ യുകെയിൽ എത്തുകയും ജീവിതം രക്ഷപ്പെടുകയും ചെയ്ത സാഹചര്യം അറിയാവുന്നതിനാൽ മറ്റൊന്നും ആലോചിക്കാതെ രാജീവ് ഏജൻസിക്കാരെ വിശ്വസിക്കുകയായിരുന്നു. മാത്രമല്ല, ജീവിതം പച്ച പിടിപ്പിക്കുന്നതിനൊപ്പം തന്നെ യുകെയിൽ മക്കളുടെ വിദ്യാഭ്യാസം സൗജന്യവുമാണ് എന്ന ട്രാവൽ ഏജൻസി ഏജന്റിന്റെ വാക്കാണ് രാജീവിനെ ഏജൻസിക്കാരുടെ കെണിയിൽ വീഴ്‌ത്തിയത്.

പഠിക്കാൻ മിടുക്കരായ രണ്ടു പെൺമക്കളുടെ ഭാവിയെ കുറിച്ച് ഏറെ പ്രതീക്ഷകളും ആഗ്രഹങ്ങളും ഉണ്ടായിരുന്ന രാജീവിന്റെ മനസ് മനസിലാക്കിയുള്ള ഒരു ചൂണ്ട ആയിരുന്നു ആ വാഗ്ദാനം. ഇതോടെയാണ് ജീവിതത്തിൽ രക്ഷപ്പെടാനായി ഇനി ഇതേ ഉള്ളൂ ഒരു ആശ്രയം എന്നു കരുതി രാജീവും ഭാര്യ ലക്ഷ്മിയും രണ്ടു പെൺമക്കളും കയ്യിൽ ബാക്കിയുണ്ടായിരുന്ന സമ്പാദ്യം ഏജൻസിക്കു നൽകി യുകെയിൽ പോയത്. വിസിറ്റിങ് വിസയിലായിരുന്നു ഇവരുടെ യാത്ര.

യാത്രക്ക് ചുക്കാൻ പിടിച്ചവരുടെ നിർദ്ദേശ പ്രകാരം കയ്യിൽ കരുതിയ മൂന്നു ലക്ഷം രൂപയിൽ നല്ലൊരു പങ്കു ലണ്ടനിലെ ഈസ്റ്റ് ഹാമിൽ എത്തിയപ്പോൾ താമസ സൗകര്യത്തിനും മറ്റുമായി ചെലവാകുകയും ചെയ്തു. ഇത്തരത്തിൽ വീണ്ടും വീണ്ടും യുകെയിലെ ചെലവുകൾക്കും ഏജൻസികൾക്കുമായി പണം നഷ്ടപ്പെടുത്തിയ ഇവർക്ക് സകല പ്രതീക്ഷകളും നഷ്ടമാകുന്ന കാഴ്ചകളാണ് യുകെ ജീവിതത്തിൽ ബാക്കിയായത്. ഇതോടെ കഴിഞ്ഞ വർഷം മെയ് 11നു യുകെയിൽ എത്തിയ ഇവർ കലങ്ങിയ കണ്ണും മരവിച്ച മനസുമായി സെപ്റ്റംബർ മൂന്നിന് തിരികെ തിരുവനന്തപുരത്തു എത്തി.

വെറും നാലു മാസത്തെ ഈസ്റ്റ് ഹാം ജീവിതം ദുരിതം നേരിട്ടനുഭവിച്ച നാളുകൾ ആയിരുന്നു. ഒന്നിച്ചു തിരികെ മടങ്ങാം എന്നായിരുന്നു തീരുമാനിച്ചതെങ്കിലും മുന്നിൽ മല പോലെ വളർന്ന കടവും കിടപ്പാടം നഷ്ടമായ അവസ്ഥയും പിടിച്ചു നിൽക്കാൻ രാജീവിനെ പ്രേരിപ്പിക്കുക ആയിരുന്നു. പിന്നീടുള്ള അഞ്ചു മാസക്കാലം എന്തെങ്കിലും ജീവിത മാർഗം തരപ്പെടുത്താനുള്ള ശ്രമമായിരുന്നു രാജീവ് നടത്തിയത്. എന്നാൽ വിസിറ്റിങ് വിസയിൽ എത്തിയ ഒരാൾക്ക് ആരും ജോലി നൽകുവാൻ തയ്യാറായില്ല എന്നു മാത്രമല്ല, പൊലീസുകാരുടെ ഭയന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലായി.

അതിനിടയിൽ രാജീവിന്റെ അമ്മയും മരിച്ചു. അമ്മയെ അവസാനമായി ഒരു നോക്കു കാണുവാൻ എത്താൻ സാധിക്കാതിരുന്നതിന്റെ വിഷമവും രാജീവിന് ഉണ്ടായിരുന്നു. ഏറെ പ്രതീക്ഷകളോടെ എത്തിയ രാജീവ് താൻ സ്വപ്നം കണ്ട ലണ്ടൻ അല്ല കൺമുന്നിൽ കണ്ടതെന്ന വിഷമത്തോടെയാണ് ജീവിച്ചിരുന്നത്. അവസാന നാളുകളിൽ ഭക്ഷണത്തിനു പോലും ഒരു പെൻസ് എടുക്കാൻ അദ്ദേഹത്തിന്റെ കയ്യിൽ ഇല്ലായിരുന്നുവെന്നാണ് വിവരം ലഭിച്ചത്. ഇതോടെ, ജീവിതം തകർന്ന അവസ്ഥയാണ് രാജീവിനെ മരണത്തിലേക്ക് വഴി തിരിച്ചു വിട്ടത്.

മരണ വാർത്ത പുറത്തെത്തിയ ശേഷമാണ് രാജീവിന്റെ ജീവിത കഥ മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയിലൂടെ യുകെ മലയാളികൾ അറിയുന്നത്. തുടർന്ന്, രാജീവിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാനും നാട്ടിലെ അനാഥരായ രണ്ടു പെൺമക്കൾക്ക് എന്തെങ്കിലും സഹായവും ചെയ്തു നൽകുവാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ.

ഇന്ത്യൻ ഹൈക്കമ്മീഷന്റെയും യുകെയിലെ സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ മൃതദേഹം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്‌കരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കൾ ചേർന്നാണ് ഏറ്റെടുത്തത്. വിമാനത്താവളത്തിലെ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി രാവിലെ ഏഴു മണിയോടു കൂടിയാണ് മൃതദേഹം കണ്ണമ്മൂലയിലെ രാജീവിന്റെ സഹോദരന്റെ വീട്ടിലെത്തിച്ചത്. ഒരു മണിക്കൂറോളം പൊതു ദർശനത്തിനു വച്ചശേഷമാണ് സംസ്‌കാരത്തിനായി ശാന്തികവാടത്തിലേക്ക് കൊണ്ടു പോയത്.

വീട്ടിലും ശാന്തി കവാടത്തിലുമായി ബന്ധുക്കളും നാട്ടുകാരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും അടക്കം നൂറു കണക്കിനു പേരാണ് പങ്കെടുത്തത്. ഒരുപാട് പ്രതീക്ഷകളുമായി യുകെയിലെത്തി ഒടുവിൽ ഒന്നും നേടാനാകാതെ ജീവൻ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്ന രാജീവിന്റെ മൃതദേഹം രാവിലെ 8.30ഓടു കൂടിയാണ് തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്‌കരിച്ചത്. പൊട്ടിക്കരച്ചിലോടെയാണ് ഭാര്യ ലക്ഷ്മി രാജീവിന് വിട നൽകിയത്. അച്ഛന് അന്ത്യയാത്ര നൽകുവാൻ മക്കളായ സൂര്യ ഗായത്രിയും അംബികാ ഗായത്രിയും ശാന്തി കവാടത്ത് എത്തിയിരുന്നു.

അതോടൊപ്പം രാജീവിന്റെ രണ്ടു മക്കൾക്കായി 8700 പൗണ്ട് ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിച്ച ചെക്ക് രാജീവിന്റെ രണ്ടു പെൺമക്കൾക്ക് കൈമാറി. ബ്രിട്ടീഷ് മലയാളി വായനക്കാർ 6981 പൗണ്ട് നൽകിയപ്പോൾ ബ്രിട്ടീഷ് സർക്കാർ നൽകുന്ന നികുതി ഇളവായ 1298.75 പൗണ്ടും കൂടി ചേർത്താണ് ഇരുവർക്കും 3.75 ലക്ഷം രൂപ വീതം ഏഴരലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. രാജീവിന്റെ മരണത്തോടെ വേർപാടിന്റെ വേദനയ്‌ക്കൊപ്പം ഇനി മുമ്പോട്ട് എങ്ങനെ ജീവിക്കുമെന്ന് ഓർത്ത് ആശങ്കയിലായ ഭാര്യയ്ക്കും മക്കൾക്കും ആശ്വാസമായാണ് ബ്രിട്ടീഷ് മലയാളി വായനക്കാരുടെ ഈ സഹായം എത്തിയത്.

ബ്രിട്ടീഷ് മലയാളി ഇതുവരെ നൽകിയത് ആറു കോടിയിലേറെ തുക
മറുനാടന്റെയും ബ്രിട്ടീഷ് മലയാളിയുടെയും സ്ഥാപക എഡിറ്ററായ ഷാജൻ സ്‌കറിയ ചെയർമാനായി 2012ൽ തുടങ്ങിയതാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. ആറു വർഷം മുൻപ് തുടങ്ങിയ ചാരിറ്റി ഫൗണ്ടേൻ ഇതുവരെ ആറു കോടിയിൽ അധികം രൂപയാണ് പാവപ്പെട്ട രോഗികൾക്കും വിദ്യാഭ്യാസ ധനസഹായം ആവശ്യമുള്ളവർക്കും പ്രകൃതി ദുരന്തം സംഭവിച്ചപ്പോഴുള്ള ധനസഹായമായും വിതരണം ചെയ്തത്. കേരളം നേരിട്ട വെള്ളപ്പൊക്ക ദുരന്തത്തെ തുടർന്ന് ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ധനസഹായ നിധിയിലേക്ക് സംഭാവന ചെയ്തത്.

നാട്ടിലുള്ള പാവപ്പെട്ട രോഗികൾക്ക് ചികിത്സാസഹായം നൽകുകയാണ് പ്രധാന പദ്ധതി. സഹായം ആവശ്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും അവ കൃത്യമായി പരിശോധിച്ച് സഹായം ആവശ്യമുള്ളവരാണെന്ന് പൂർണമായും ബോധ്യപ്പെടുകയും ചെയ്ത ശേഷമാണ് ഫണ്ട് ശേഖരണം നടക്കുന്നത്. യുകെയിലെ മലയാളികൾ മരിച്ചാൽ, ഒരു അപേക്ഷ നൽകിയാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കുന്നതും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ്. ഇതു കൂടാതെ, കോട്ടയത്തെ കുട്ടികളുടെ ആശുപത്രി, പത്തനാപുരം ഗാന്ധിഭവൻ തുടങ്ങിയ സ്ഥാപനങ്ങളും സഹായം കൈപ്പറ്റിയിട്ടുള്ളവയിൽ പെടും.

വിർജിൻ മണി ലിങ്ക് വഴിയും ബാങ്ക് അക്കൗണ്ടിലൂടെയും ആണ് ധനസമാഹരണം നടത്തുന്നത്. ഇതുവഴി ലഭിക്കുന്നതും ചെലവാക്കിയതുമായ ഓരോ പൗണ്ടിന്റെയും കണക്കുകൾ അടങ്ങിയ ബാങ്ക് സ്റ്റേറ്റ്മെന്റ് ഫൗണ്ടേഷൻ വെബ്സൈറ്റിലും ബ്രിട്ടീഷ് മലയാളിയും പ്രസിദ്ധീകരിച്ചു പൂർണമായും സുതാര്യമായുമാണ് ഈ ട്രസ്റ്റിന്റെ പ്രവർത്തനം നടക്കുന്നത്. ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും പണം ശേഖരിച്ചു അത് മുഴുവൻ കൈമാറുകയാണ് ഫൗണ്ടേഷന്റെ രീതി. ഫൗണ്ടേഷൻ പ്രവർത്തന ചെലവുകൾ ട്രസ്റ്റികൾ സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുകയാണ് പതിവ്. ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളും യുകെയിലെ സാമൂഹ്യ പ്രവർത്തകരും ട്രസ്റ്റികളായ 12 അംഗ ടീമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP