Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിൽ കോലീബി ആരോപിക്കപ്പെടുമ്പോൾ അതിർത്തിക്കപ്പുറത്ത് കോലീസി! കോൺഗ്രസും ലീഗും സിപിഎമ്മും ഒന്നിക്കുന്ന തമിഴക മുന്നണി എഐഡിഎംകെ- ബിജെപി സഖ്യത്തേക്കാൾ ബഹുദൂരം മുന്നിൽ; ആശയം മാറ്റിവെച്ച് പ്രായോഗിക രാഷ്ട്രീയത്തിന് ഇറങ്ങിയ സിപിഎമ്മിന് തമിഴ്‌നാട്ടിൽ രണ്ടു സീറ്റിൽ വിജയ സാധ്യത; ബംഗാളിലെയും ത്രിപുരയിലെയും തിരിച്ചടികൾക്കിടയിൽ സിപിഎമ്മിന് ആശ്വാസമായി ഡിഎംകെ സഖ്യം; മധുരയിലും കോയമ്പത്തൂരിലും വിജയം ഉറപ്പെന്ന് സിപിഎം നേതാക്കൾ

കേരളത്തിൽ കോലീബി ആരോപിക്കപ്പെടുമ്പോൾ അതിർത്തിക്കപ്പുറത്ത് കോലീസി! കോൺഗ്രസും ലീഗും സിപിഎമ്മും ഒന്നിക്കുന്ന തമിഴക മുന്നണി എഐഡിഎംകെ- ബിജെപി സഖ്യത്തേക്കാൾ ബഹുദൂരം മുന്നിൽ; ആശയം മാറ്റിവെച്ച് പ്രായോഗിക രാഷ്ട്രീയത്തിന് ഇറങ്ങിയ സിപിഎമ്മിന് തമിഴ്‌നാട്ടിൽ രണ്ടു സീറ്റിൽ വിജയ സാധ്യത; ബംഗാളിലെയും ത്രിപുരയിലെയും തിരിച്ചടികൾക്കിടയിൽ സിപിഎമ്മിന് ആശ്വാസമായി ഡിഎംകെ സഖ്യം; മധുരയിലും കോയമ്പത്തൂരിലും വിജയം ഉറപ്പെന്ന് സിപിഎം നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കേരളത്തിൽ കോലീബി സഖ്യത്തെക്കുറിച്ച് സിപിഎം മുറവിളികൂട്ടുമ്പോൾ തമിഴ്‌നാട്ടിൽ കോലീസി സഖ്യമാണ്. അതായത്, കോൺഗ്രസും ലീഗും സിപിഎമ്മും ചേർന്ന മുന്നണി! ഇവർ ഡിഎംകെ സഖ്യത്തോടൊപ്പം മൽസരിക്കുമ്പോൾ സിപിമ്മിന് രണ്ട് സീറ്റുകളിൽ പ്രതീക്ഷ ഉയരുകയാണ്. ആശയം മറന്ന് പ്രായോഗിക രാഷ്ട്രീയം തമിഴ്‌നാട്ടിൽ പയറ്റുകയാണ് സിപിഎം. ബംഗാളിലും ത്രിപുരയിലും ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ സിപിഎം പെടാപ്പാട് പെടുകയാണ്. ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകളിലെ വിജയ പ്രതീക്ഷ പാർട്ടിക്ക് ആശ്വാസമായിട്ടുണ്ട്. സിപിഎമ്മിന് നല്ല വേരോട്ടമുള്ള കോയമ്പത്തൂർാ മധുര മണ്ഡലങ്ങളിലാണ് പാർട്ടി മൽസരിക്കുന്നത്. ഡിഎംകെയുടെയും കോൺഗ്രസിന്റെയും പിന്തുണ കൂടി ആയതോടെ ഇവിടെ വിജയം ഉറപ്പാണെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. അതിനെല്ലാം പുറമെ എഐഡിഎംകെക്ക് എതിരെ ശക്തമായ ജനവികാരവും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. പൊള്ളാച്ചി പീഡനം അടക്കമുള്ളവയുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ പ്രതിപക്ഷം തീർത്തും പ്രതിരോധത്തിൽ ആവുകയാണ്.

പക്ഷേ അപ്പോഴും കേരളത്തിൽ തമ്മിൽതല്ലുന്ന സിപിഎമ്മും കോൺഗ്രസും മുസ്ലിംലീഗും അതിർത്തിവിട്ട് തമിഴ്‌നാട്ടിലേക്ക് കടന്നാൽ കൈകോർത്ത് മുന്നേറുകയാണെന്ന പേരുദോഷം നിലനിൽക്കുന്നുണ്ട്. ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയിൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികളാണ് അണിനിരക്കുന്നത്. 40 ലോക്സഭ സീറ്റിൽ 20 സീറ്റിൽ ഡി.എം.കെ മത്സരിക്കുന്നു. 10 സീറ്റിൽ കോൺഗ്രസും. സിപിഎമ്മും സിപിഐയും രണ്ടു സീറ്റിൽ വീതം. ലീഗിന് ഒരു സീറ്റാണ് നൽകിയത്. മറ്റു സീറ്റുകളിൽ തമിഴ്‌നാട്ടിലെ പ്രാദേശിക കക്ഷികളാണ് മത്സരിക്കുന്നത്. കേരളത്തിലെ ഇടതു പാർട്ടി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം കോൺഗ്രസ്, മുസ്ലിംലീഗ് കക്ഷികളുമായി രാഷ്ട്രീയസൗഹൃദം അചിന്ത്യമാണ്. മുസ്ലിംലീഗിനെ വർഗീയകക്ഷിയായാണ് സിപിഎം ഇപ്പോഴും കാണുന്നത്.

എന്നാൽ, തമിഴ്‌നാട്ടിലെ ഇടതുപാർട്ടികൾക്ക് ഇതൊന്നും പ്രശ്നമല്ല. മോദി സർക്കാറിനെ താഴെയിറക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായാണ് കോൺഗ്രസിനും ലീഗിനുമൊപ്പം സഹകരിക്കുന്നതെന്നും തമിഴ്‌നാട്ടിലെ ഇടതു നേതാക്കൾ പറയുന്നു. കേരളത്തിൽ 'കോലീബി' സഖ്യമാരോപിക്കുന്ന സിപിഎമ്മിന് തമിഴ്‌നാട്ടിലെ 'കോലീസി' സഖ്യത്തെക്കുറിച്ചും വിശദീകരിക്കേണ്ടിവരുമെന്നാണ് നിരീക്ഷകർ പറയുന്നത്. പക്ഷേ കേരളത്തിലെ മുസ്ലീലീഗല്ല തമിഴ്‌നാട്ടിലേതെന്നും മുമ്പ് ഇവർ ഡിഎംകെയുടെ ചിഹ്നത്തിലാണ് മൽസരിച്ചതെന്നും സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

കോയമ്പത്തൂരിലും മധുരയിലും ചെങ്കൊടി പാറുമോ?

തമിഴ്‌നാട്ടിലെ മതനിരപേക്ഷ പുരോഗമന മുന്നണി സ്ഥാനാർത്ഥിയായി കോയമ്പത്തൂരിൽ മത്സരിക്കുന്ന സിപിഐം നേതാവ് പി ആർ നടരാജന്റെ വിജയത്തിനായുള്ള പ്രചാരണപ്രവർത്തനങ്ങൾ വ്യവസായ നഗരത്തിൽ ഊർജിതമാണ്. ഡിഎംകെയുടെയും സിപിഐ എമ്മിന്റെയും സ്വാധീനമേഖലയാണ് കോയമ്പത്തൂർ. തമിഴ്‌നാട്ടിൽ സിപിഎമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ഏക മണ്ഡലം. 2009ലെ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി കോയമ്പത്തൂരിൽനിന്ന് ജയിച്ച പി ആർ നടരാജന് ജനങ്ങളുമായി ഹൃദയബന്ധമുണ്ട്. പി ആർ നടരാജൻ എംപിയായിരുന്ന കാലഘട്ടത്തിലാണ് നഗരത്തിൽ റെയിൽവേ ഓവർ ബ്രിഡ്ജുകളടക്കം നിരവധി പാലം നിർമ്മിച്ചത്. നഗരത്തിൽ മെട്രോ റെയിലിന്റെ സാധ്യത ആരായാൻ ഇ ശ്രീധരനുമായി ചർച്ച നടത്തുകയും ചെയ്തു.

കോയമ്പത്തൂരിലെ സൂക്ഷ്മ -ചെറുകിട- ഇടത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്തുക, കുടിവെള്ള പ്രശ്നമടക്കമുള്ള ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് പി ആർ നടരാജൻ പറയുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണവും തമിഴ്‌നാട്ടിലെ എഐഎഡിഎംകെ ഭരണവും ചേർന്ന് തകർത്ത തമിഴകത്തിന്റെ പ്രതീകമാണ് കോവൈ നഗരം. ജനങ്ങൾക്ക് ഈ ഭരണങ്ങളോടുള്ള ശക്തമായ അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോവൈ നോർത്ത്, കോവൈ സൗത്ത്, സിംഗനല്ലൂർ, കൗണ്ടം പാളയം, സൂലൂർ, പല്ലടം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലം. 17.20 ലക്ഷം വോട്ടർമാരുണ്ട്. പാർവതി കൃഷ്ണൻ, കെ രമണി, കെ ബാലദണ്ഡായുധം, കെ സുബ്ബരായൻ, പി ആർ നടരാജൻ എന്നീ കമ്യൂണിസ്റ്റ് നേതാക്കളെ ലോക്സഭയിലേക്ക് അയച്ച നഗരമാണിത്.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രിൽ പത്തിനും പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട് ഏപ്രിൽ 14 നും ബൃന്ദ കാരാട്ട് ഏപ്രിൽ ആറിനും കോയമ്പത്തൂരിൽ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി ഏപ്രിൽ മൂന്നിന് നടക്കും. കോയമ്പത്തൂർ നഗരത്തിലെ മലയാളികളും പി ആർ നടരാജന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രത്യേകം പ്രചാരണം നടത്തും.

ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെട്ടിരുന്ന കോയമ്പത്തൂർ നഗരത്തിൽ വ്യവസായങ്ങളുടെ മരണമണി മുഴങ്ങുകയാണ്.
മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും വ്യവസായ നഗരത്തെ അടിമുടി ഉലച്ചു. കോയമ്പത്തൂർ നഗരത്തിലും പരിസരങ്ങളിലുമായി കാൽലക്ഷത്തോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകൾ പൂട്ടി. ലക്ഷക്കണക്കിന് തൊഴിലാളികളാണ് വഴിയാധാരമായത്.വാട്ടർ പമ്പുകളുടെ നിർമ്മാണം കോയമ്പത്തൂരിന്റെ കുത്തകയായിരുന്നു. ജിഎസ്ടി നടപ്പാക്കിയശേഷം വാട്ടർ പമ്പുകളുടെ ഉൽപ്പാദനവും വിറ്റുവരവും പകുതിയായി. ജിഎസ്ടി വരുംമുമ്പ് കോയമ്പത്തൂരിൽ മാത്രം അയ്യായിരം വാട്ടർ പമ്പ് നിർമ്മാണ യൂണിറ്റുകൾ ഉണ്ടായിരുന്നുവെന്ന് വാട്ടർ പമ്പ് നിർമ്മാതാക്കളുടെ സംഘടനയായ കോപ്പ്മയുടെ പ്രസിഡന്റ് മണിരാജ് ദേശാഭിമാനിയോട് പറഞ്ഞു. ജിഎസ്ടിക്കു മുമ്പ് അഞ്ചു ശതമാനം വാറ്റ് ആയിരുന്നു. ജിഎസ്ടി വന്നശേഷം ജോബ് ഓർഡറുകൾക്കും നികുതി ചുമത്തി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആവശ്യമുള്ള പമ്പു സെറ്റുകളിൽ 80 ശതമാനം കോയമ്പത്തൂരിലാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. അഞ്ചു ലക്ഷത്തിലധികം പേർ തൊഴിൽ ചെയ്തിരുന്ന മേഖലയിൽ ഇപ്പോൾ പകുതി തൊഴിലാളികളേയുള്ളൂവെന്ന് മണിരാജ് പറഞ്ഞു. വെറ്റ് ഗ്രൈൻഡർ അടക്കം നിരവധി വൈദ്യുതോപകരണങ്ങളുടെയും സ്പെയർ പാർടുകളുടെയും നിർമ്മാണം നടത്തുന്ന ചെറു യൂണിറ്റുകളിൽ പകുതിയിലധികം പൂട്ടി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രചാരണം.

മധുരയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സു വെങ്കിടേശനനെയാണ് സിപിഎം രംഗത്തിറക്കിയത്. തമിഴ്‌നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർകൾ സംഘത്തിന്റെ പ്രസിഡന്റാണ് സു വെിങ്കിടേശൻ. ഇതിന് പിറകെ സംസ്ഥാനത്തെ പ്രശസ്തനായ എഴുത്തുകാരൻ, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ ഏറെ പരിചിതനുമാണ് മധുര തിരുപ്പറംകുൺട്രം സ്വദേശിയാണ് സു വെങ്കിടേശൻ. നാല് കവിതാസമാഹാരങ്ങൾ, 16 ലേഖനസമാഹാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. 2011ൽ എഴുതിയ കാവൽകോട്ടം നോവലിനാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതുവഴി എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയുമൊക്കെ പിന്തുണ നേടിയെടുക്കാമെന്നും സിപിഎം കണക്കുകൂട്ടുന്നു. പാർട്ടിക്ക് വ്യകതമായ അടിത്തറയുള്ള സ്ഥലമാണ്മധുരയെന്നതും വിജയ പ്രതീക്ഷക്ക് ആക്കം കൂട്ടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP