Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പാണ് മിനിമം വരുമാന പദ്ധതിയുമെന്ന് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചു'; പാവങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷം 72,000 രൂപ നിക്ഷേപിക്കുന്ന രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതി ഐതിഹാസികമായ ചുവടുവയ്‌പ്പാണ്; തന്നെ പോലെ മറ്റുള്ളവരും തട്ടിപ്പാണെന്ന് കരുതുന്ന തോമസ് ഐസക്കിനോട് സഹതപിക്കാനേ കഴിയുന്നുവുള്ളൂയെന്നും ചെന്നിത്തല

'തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പാണ് മിനിമം വരുമാന പദ്ധതിയുമെന്ന് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചു'; പാവങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷം 72,000 രൂപ നിക്ഷേപിക്കുന്ന രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതി ഐതിഹാസികമായ ചുവടുവയ്‌പ്പാണ്; തന്നെ പോലെ മറ്റുള്ളവരും തട്ടിപ്പാണെന്ന് കരുതുന്ന തോമസ് ഐസക്കിനോട് സഹതപിക്കാനേ കഴിയുന്നുവുള്ളൂയെന്നും ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പ് പദ്ധതിയാണ് രാഹുൽഗാന്ധി പ്രഖ്യാപിച്ച പാവങ്ങൾക്കുള്ള 72,000 രൂപയുടെ മിനിമം വരുമാന പദ്ധതിയും എന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് തെറ്റിദ്ധരിച്ചതാണ് അദ്ദേഹത്തിന്റെ വിമർശനത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവർക്ക് തൊഴിലുറപ്പ് വരുത്തി കൂലിയായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷം 72000 രൂപ നിക്ഷേപിക്കുന്ന രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതി ദാരിദ്ര്യം തുടച്ചു നീക്കുന്നതിനുള്ള ഐതിഹാസികമായ കാൽവെയ്‌പ്പാണ്. സാമ്പത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ച് തയ്യാറാക്കിയ പദ്ധതി വെറുമൊരു വാഗ്ദാനമല്ല, അധികാരത്തിലേറിയാൽ നടപ്പാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പദ്ധതിയാണ്.

ഇതിനുള്ള പണത്തിന്റെ സ്രോതസ് എവിടെ നിന്നാണെന്നാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് ചോദിക്കുന്നത്. ഉഡായിപ്പ് തന്ത്രങ്ങളുമായി കോൺഗ്രസ് രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് തോമസ് ഐസക്ക് പറയുന്നത്. കഷ്ടിച്ച് 6000 കോടി മാത്രം കയ്യിൽ വച്ചു കൊണ്ട് 50,000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് പറയുന്ന തന്റെ കിഫ്ബി പോലെ മറ്റൊരു ഉഡായിപ്പ് പദ്ധതിയാണ് രാഹുലന്റെതുമെന്നാണ് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചിരിക്കുന്നത്. താൻ ചെയ്യുന്ന തട്ടിപ്പ് പണിയാണ് മറ്റുള്ളവരും നടത്തുന്നതെന്ന് കരുതുന്ന തോമസ് ഐസക്കിനോട് സഹതപിക്കാൻ മാത്രമേ കഴിയുന്നുള്ളൂ.

2004 ൽ യു.പി.എ സർക്കാർ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ചപ്പോഴും തോമസ് ഐസക്കിനെപ്പോലുള്ളവർ പണം എവിടെ നിന്നാണെന്ന് ചോദിച്ചിട്ടുണ്ട്. എന്നിട്ട് അത് ഭംഗിയായി നടപ്പാക്കി കാണിച്ചില്ലേ? കോടിക്കണക്കിന് രൂപയാണ് ആ പദ്ധതി വഴി പാവങ്ങൾക്ക് ലഭിച്ചത്. 60,000 കോടി രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി ബഡ്ജറ്റിൽ നീക്കിവച്ചിട്ടുള്ളത്. ആ പദ്ധതിയുടെ വികസിത രൂപമാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പുതിയ പദ്ധതി.ഒന്നാം യു.പി.എ സർക്കാർ കർഷകരുടെ 72,000 കോടി രൂപയുടെ കാർഷിക കടങ്ങൾ എഴുതി തള്ളിയ കാര്യം തോമസ് ഐസക്ക് മറന്നു പോകരുത്. പ്രഖ്യാപിക്കുക മാത്രമല്ല അത് നടപ്പാക്കുന്ന ചരിത്രമാണ് കോൺഗ്രസിനുള്ളത്.

ബാങ്കുകളുടെ കിട്ടാക്കടമായി കേന്ദ്ര സർക്കാർ എഴുതി തള്ളിയത് മാത്രം 3.4 ലക്ഷം കോടിയാണെന്ന കാര്യമെങ്കിലും തോമസ് ഐസക്ക് ഓർക്കണ്ടേ? അത്രയും കാശ് വേണ്ട ഈ പദ്ധതി നടപ്പാക്കാൻ. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പദ്ധതി പ്രായോഗികമാണെന്ന് മുന്റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജനെപ്പോലുള്ളവർ പ്രകീർത്തിച്ചപ്പോഴാണ് തോമസ് ഐസക്ക് അതിനെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപിക്കാർ പോലും ഉയർത്താത്ത അടിസ്ഥാന രഹിതമായ വിമർശനം ഉയർത്തുന്ന തോമസ് ഐസക്ക് ഫലത്തിൽ ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നത്.

മോദി സർക്കാർ വളരെ വികൃതമായി ജി.എസ്.ടി നടപ്പാക്കിയപ്പോൾ അതിനെ അനുകൂലിച്ച് ബിജെപിക്കാരെക്കാൾ ആവേശത്തിൽ തുള്ളിച്ചാടിയ ആളാണ് തോമസ് ഐസക്ക്. എന്നിട്ട് എന്തുണ്ടായി? തോമസ് ഐസക്കിന്റെ വിലയിരുത്തലിന് അത്ര വില കല്പിച്ചാൽ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP