Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാറ്റുകാരി തീറ്റിപോറ്റിയ വയറൻ സെൽവനും കുട്ടിച്ചാത്തൻ ചന്തുവും; വയറു നിറയെ തീറ്റ കിട്ടിയപ്പോൾ സെൽവൻ എണ്ണം പറഞ്ഞ ഗുണ്ടയായി; പട്ടം കൽപ്പനയിൽ രാത്രി സിനിമയ്‌ക്കെത്തിയപ്പോൾ വെട്ടി നുറുക്കി കൊന്നത് ഷാജിയുടെ ഓർഗനൈസ്ഡ് ക്രൈം; സെൽവന്റെ മൃതദേഹം ചുമന്നു കൊണ്ടു പോകുമ്പോൾ തുന്നിച്ചേർത്ത തല ഇരുവശത്തേക്കും ആടുന്നുണ്ടായിരുന്നു: പാർക്കിന് അപ്പുറവും ഇപ്പുറവുമായി രണ്ട് ഗുണ്ടാലോകങ്ങൾ; കുത്തിതിരിപ്പ് രായപ്പന്റെ ഗുണ്ടുകാട് പോസറ്റ് ചർച്ചയാക്കുമ്പോൾ

വാറ്റുകാരി തീറ്റിപോറ്റിയ വയറൻ സെൽവനും കുട്ടിച്ചാത്തൻ ചന്തുവും; വയറു നിറയെ തീറ്റ കിട്ടിയപ്പോൾ സെൽവൻ എണ്ണം പറഞ്ഞ ഗുണ്ടയായി; പട്ടം കൽപ്പനയിൽ രാത്രി സിനിമയ്‌ക്കെത്തിയപ്പോൾ വെട്ടി നുറുക്കി കൊന്നത് ഷാജിയുടെ ഓർഗനൈസ്ഡ് ക്രൈം; സെൽവന്റെ മൃതദേഹം ചുമന്നു കൊണ്ടു പോകുമ്പോൾ തുന്നിച്ചേർത്ത തല ഇരുവശത്തേക്കും ആടുന്നുണ്ടായിരുന്നു: പാർക്കിന് അപ്പുറവും ഇപ്പുറവുമായി രണ്ട് ഗുണ്ടാലോകങ്ങൾ; കുത്തിതിരിപ്പ് രായപ്പന്റെ ഗുണ്ടുകാട് പോസറ്റ് ചർച്ചയാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗുണ്ടുകാട് കോളനിയിലെ എ.കെ.അനിയുടെ കൊലപാതകത്തോടെ ഗുണ്ടുകാട് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഗുണ്ടുകാടിലെ ഈ കൊലപാതകത്തെ ചർച്ചാവിഷയമാക്കുന്നതും മുന്നിൽ നിൽക്കുന്നത് സോഷ്യൽ മീഡിയ തന്നെ. റയാൻ ചോരൻ എന്ന കുത്തിത്തിരിപ്പ് രായപ്പന്റെ പോസ്റ്റിൽ ഗുണ്ടുകാടിനെ സംബന്ധിക്കുന്ന കാര്യങ്ങൾ മുഴുവൻ പ്രതിപാദിച്ചിട്ടുണ്ട്. അനിയുടെ കൊലപാതകം ഗുണ്ടുകാടിന്റെ മണ്ണിൽ ആദ്യത്തേതാണ്. ഈ കൊലപാതകം ഗുണ്ടുകാടിന്റെ മണ്ണിൽ അവസാനത്തേതുമാകട്ടെ എന്ന് പറഞ്ഞു ഒരു പ്രാർത്ഥനയോടെയാണ് റയാൻ തന്റെ ഫെയ്സ് ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. റയാന്റെ കുറിപ്പിൽ ഗുണ്ടുകാടിനെക്കുറിച്ച് എല്ലാമുണ്ട്. കൈവെള്ളയിൽ വരകൾ പോലെ ഗുണ്ടുകാടിനെ അറിയുന്നയാളാണ് റയാൻ എന്ന്കുറിപ്പ് വ്യക്തമാക്കുന്നു. ഒരു കാലത്ത് ഗുണ്ടുകാടിനെ വിറപ്പിച്ച വയറൻ സെൽവനെ ഗുണ്ടയാക്കിയത് പൊലീസ് ആണെന്ന് യഥാതഥ വിവരണത്തിലൂടെ റയാൻ വ്യക്തമാക്കുന്നു. ഗുണ്ടുകാടിനെ കുറിച്ച് സകല കാര്യങ്ങളും റയാന്റെ കുറിപ്പിലുണ്ട്.

ഗുണ്ടകൾ അരങ്ങു വാണിരുന്ന ഗുണ്ടുകാടിന്റെ മണ്ണിൽ നടക്കുന്ന ആദ്യ കൊലപാതകമാണ് എ.കെ.അനിയുടെ കൊലപാതകം. . അതുകൊണ്ട് തന്നെ അനിയുടെ മരണം ഗുണ്ടുകാടിന്റെ മണ്ണിലെ ഒടുക്കത്തെ കൊലപാതകമായിരിക്കട്ടെ എന്നാണ് ഗുണ്ടുകാടിനെ അറിയുന്നവരുടെ, റയാനെപ്പോലുള്ളവരുടെ പ്രാർത്ഥന. വയറൻ സെൽവന്റെ അഴിഞ്ഞാട്ടവും ഗുണ്ടുകാട് ഷാജിയുടെ വാഴ്ചകളുമാണ് ഗുണ്ടുകാടിനെ ഒരു കാലത്ത് ത്രസിപ്പിച്ച് നിർത്തിയത്. ഗുണ്ടാപ്രവർത്തികൾക്കിടെ അടുത്തവർ ആയിരുന്നു അവർ.അവർ അകന്നപ്പോൾ രണ്ടു കൊലപാതകങ്ങൾ ആണ് നടന്നത്. വയറൻ സെൽവന്റെ കൊലപാതകവും ഗുണ്ടുകാട് ഷാജിയുടെ കൊലപാതകവും.

ഇപ്പോൾ ഗുണ്ടുകാടിനെ നിയന്ത്രിക്കുന്ന ഗുണ്ടുകാട് സാബുവിന്റെ സഹോദരനായിരുന്നു ഗുണ്ടുകാട് ഷാജി. അന്ന് ഷാജിയുടെ തേർവാഴ്ചയായിരുന്നു. വയറൻ സെൽവന്റെ കൊലപാതകവും ഷാജിയുടെ കൊലപാതകവും നടന്നത് തിരുവനന്തപുരം ടൗണിന്റെ രണ്ടു അറ്റത്ത് ആയിരുന്നു. ഭാര്യയുമൊത്ത് പട്ടത്തെ സിനിമാ തിയേറ്ററിൽ സിനിമ കണ്ടിറങ്ങുമ്പോഴാണ് വയറൻ സെൽവൻ വധിക്കപ്പെടുന്നത്. ഭാര്യയുടെ മുന്നിൽവെച്ച് വയറൻ സെൽവൻ തുണ്ടംതുണ്ടമാക്കപ്പെട്ടു. അതിനു ശേഷം വയറൻ സെൽവന്റെ കൂട്ടാളികളുടെ ആസൂത്രണത്തിൽ ഷാജിയും മണക്കാട് വെച്ച് വധിക്കപ്പെട്ടു. അത് പഴയ കഥ. ഇപ്പോൾ കൊല്ലപ്പെട്ടത് ഗുണ്ടുകാടിലെ അനി. അനിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ രണ്ടു കരച്ചിലുകൾ ആണ് ഉയർന്നത്. ഒന്ന് കൊല്ലപ്പെട്ടയാളുടെ വീട്ടിൽ നിന്ന്. അടുത്ത കരച്ചിൽ അപ്പുറത്തുള്ള കൊന്നയാളുടെ വീട്ടിൽ നിന്ന്. ഈ വീടുകളിൽ ഉള്ളവർക്ക് രണ്ടുപേരും തങ്ങളുടെ സ്വന്തം ബന്ധം തന്നെയായിരുന്നു. സ്വന്തമെന്നു കരുതിയ തങ്ങളിലൊരാളെ തന്നെയാണ് അടുത്തയാൾ വെട്ടിക്കൊന്നത്. ഈ വരികളിൽ നിന്ന് ഗുണ്ടുകാട് ഗുണ്ടാ കോളനിയാണെങ്കിലും അവിടുത്തെ ജീവിതം എങ്ങിനെയെന്ന് സൂചന നൽകുന്നു. രണ്ടു കുടുംബങ്ങൾക്കും തങ്ങളുടെ സ്വന്തം എന്ന് കരുതുന്ന ആളാണ് നഷ്ടമായത്.

തിരുവനന്തപുരത്തെ ഞെട്ടിച്ച ഗുണ്ടുകാടിന്റെ ചരിത്രം റയാൻ ഫെയ്‌സ് ബുക്കിൽ കുറിക്കുന്നത് ഇങ്ങിനെ

പത്തിരുപത് വർഷം മുമ്പാണ് ഗുണ്ടുകാടിനെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങൾ നടന്നത്. വയറൻ സെല് വനെയാണ് ആദ്യം കൊന്നത്. എന്റെ വീടിന്റെ എതിരെയായിരുന്നു വയറൻ ബാലന്റെ വീട്. ആ ബാലന്റെ പുത്രനായിരുന്നു വയറൻ സെൽവൻ. തനി ലോക്കൽ ഗുണ്ട. പേടി എന്തെന്ന് അറിയാത്ത പ്രകൃതം. ആ പ്രകൃതത്തിന് കാരണക്കാര് പരോക്ഷമായി പൊലീസാണെന്നു തന്നെ പറയേണ്ടിവരും. കുട്ടിക്കാലത്തേ, വയറന് എന്ന സെൽവനേയും കുട്ടിച്ചാത്തൻ എന്ന ചന്തുവിനേയും സ്ഥലത്തെ പ്രധാന വാറ്റുകാരിയാണ് തീറ്റിപ്പോറ്റി വളര്ത്തിയത്. പാളയം കണ്ണിമേറ മാര്ക്കറ്റിലെ ചുമട്ടു തൊഴിലാളികളായ വയറൻ ബാലനും ഭാര്യയ്ക്കും കുട്ടി വയറന്റെ വയറു നിറയെ തീറ്റി കൊടുക്കാനായില്ല. അങ്ങനെയാണ് വാറ്റുകാരിയുടെ കൂട്ടിലവരെത്തിയത്.

ഇപ്പോൾ എഞ്ചിനീയറിങ് കോളേജ് ഇരിക്കുന്ന ഭാഗത്ത് പണ്ട് ബാർട്ടൻഹിൽ ഗേള്‌സ് ഹൈസ്‌കൂൾ ആയിരുന്നു. സന്ധ്യമയങ്ങിയാൽ അവിടെയാണ് വാറ്റിന്റെ കച്ചവടം. പൊലീസു വരുമ്പോൾ വാറ്റുകാരി ഓടി രക്ഷപ്പെടും. ഈ കുട്ടികൾ പിടിക്കപ്പെടുകയും ചെയ്യും. അന്നത്തെ പൊലീസ് നന്നായി കൈകാര്യം ചെയ്യും. ജയിലിലെത്തും മുമ്പേ വാറ്റുകാരി ജാമ്യത്തിലെടുക്കും. ചിലപ്പോഴൊക്കെ ജയിലിലാകുകയും ചെയ്യും. അങ്ങനെയങ്ങനെ പൊലീസിന്റെ ഇടിയും ജയിലിലെ വാസവും, സെൽവനെ എണ്ണം പറഞ്ഞൊരു ഗുണ്ടയാക്കി. കൂലിത്തലല്ല, സ്വന്തം കാര്യത്തിനായിട്ടാണ് തല്ല്.

പിന്നെ പിന്നെ സെൽവന്റെ ഗുണ്ടാജീവിതത്തിന്റെ വളര്ച്ചയായിരുന്നു. വല്ലപ്പോഴും ഗുണ്ടുകാട് വരും. ജോണ് ബാലൻ പാര്ക്കിന്റെ സമീപത്തു നിന്നും ചില വിളയാട്ടങ്ങൾ , വിറപ്പിക്കലുകൾ അങ്ങനെ ചിലതൊക്കെയുണ്ടാകും. ഇടയ്ക്കിടയ്ക്ക് പത്രങ്ങളിലും പേരു വന്നുതുടങ്ങി. അച്ഛന്റെ ഇരട്ടപ്പേരായ വയറൻ എന്നത് മകനുംചാർത്തിക്കിട്ടി. പട്ടാപ്പകൽ കാട്ടാക്കട ബസ് സ്റ്റാന്റിൽ വച്ച് പൊലീസ് ഇന്‌സ്‌പെക്ടറെ വെട്ടുകയും മറ്റും ചെയ്തതു ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി. ഒടുവില് ഗുണ്ടുകാടിലേക്ക് ഏതാണ്ട് വരാതെ തന്നെയായി. ഇടയ്ക്ക് ഏതൊ ഒരു പെണ്കുട്ടിയെ വിളിച്ചുകൊണ്ടു വരികയും, കൂടെ പൊറുപ്പിക്കുകയും, അതിലൊരു കുട്ടിയുണ്ടായി എന്നുമൊക്കെ കേട്ടിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം, സെൽവന്റെ അമ്മയുടെയും ബന്ധുക്കളുടേയും നിലവിളി ഉയര്ന്നു കേട്ടു. കാര്യം അന്വേഷിച്ചപ്പോൾ ,സെൽവൻ കൊല്ലപ്പെട്ടു എന്ന വാര്ത്തയാണ് കേട്ടത്. പട്ടം കല്പന തീയേറ്ററിൽ , ഭാര്യയും കുഞ്ഞുമായി സിനിമ കണ്ടിരിക്കുമ്പോൾ , എതിര് ഭാഗത്തുള്ളവര് തീയേറ്ററിലെത്തി. അപകടം മണത്ത സെൽവൻ , ഭാര്യയേയും കുഞ്ഞിനേയും കൊണ്ട് പുറത്തു കടക്കുകയും ചെയ്തു. കുഞ്ഞിനെ തോളിലെടുത്തു ഭാര്യയുമായി നടന്നുപോയ സെൽവനെ പിന്നില് നിന്നും വെട്ടി വീഴ്‌ത്തി. കുറേയേറപ്പേരുണ്ടായിരുന്നു സംഘത്തിൽ. . കുഞ്ഞിനേയും ഭാര്യയേയും അവരൊന്നും ചെയ്തില്ല. പലപല കക്ഷണങ്ങളായി സെൽവൻ റോഡിൽ ചിതറിക്കിടന്നു, പൊലീസ് വന്നു, പെറുക്കിക്കൂട്ടി മെഡിക്കൽ കോളേജ് മോര്ച്ചറിയിൽ എത്തിക്കുന്നതുവരെ. പിറ്റേന്ന്, സെൽവന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചുമന്നു കൊണ്ടു പോകുമ്പോൾ വീണ്ടും തുന്നിച്ചേര്ത്ത തല ഇരുവശത്തേക്കും ആടുന്നുണ്ടായിരുന്നു.

ഗുണ്ടുകാടിനു അപ്പുറവും ഇപ്പുറവുമായി രണ്ടു ഗുണ്ടാലോകങ്ങൾ

സെൽവന്റെ ഗുണ്ടുകാട് ലോകം, ഇപ്പറത്തെ ഗുണ്ടുകാടായിരുന്നു. പാര്ക്കിന്റെ ഇപ്പുറം. അതേ ഗുണ്ടുകാടിന്റെ അപ്പുറമായിരുന്നു, പാര്ക്കിന്റെ അപ്പുറമായിരുന്നു ഷാജിയുടെ ലോകം. ഷാജി പഠിച്ചവനായിരുന്നു. ലോക്കൽ സെൽവന്റെ രീതികളായിരുന്നില്ല. ഓര്ഗനൈസ്ഡ് ക്രൈം ഷാജിയുടെ പ്രത്യേകതയായിരുന്നു എന്നു പറയാം. ഗുണ്ടുകാടിന്റെ അപ്പുറത്തായിരുന്നു എന്നതുകൊണ്ട് ഷാജിയേയും പ്രവര്ത്തനങ്ങളേയും കുറിച്ചൊന്നും അധികമൊന്നും നേരിട്ടറിവുണ്ടായിരുന്നില്ല. കണ്ടിട്ടുള്ളതും വളരെ അപൂർവ്വം. പല കഥകളും കേട്ടിട്ടുണ്ട് എന്നു മാത്രം. ഒരു രാത്രിയിൽ ഷാജിയും കൊല്ലപ്പെട്ടു. മണക്കാട് വച്ചു ഒരു സംഘം വെട്ടിക്കൊന്നു. സെൽവന്റെ ഗ്യാങ്ങിന്റെ പേരൊക്കെ പലരും പറയുന്നുണ്ടെങ്കിലും, അങ്ങനെയൊരു ഗ്യാങ്ങിനെ ഉണ്ടാക്കിയെടുത്തു വളര്ത്തി പരിപാലിക്കാനുള്ള കഴിവൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഗ്യാങ്ങെന്നു പലരും അവകാശപ്പെടുമെങ്കിലും, സ്വയം അടിക്കാനുള്ള കഴിവില്ലാത്തതുകൊണ്ട്, കിരീടത്തിലെ ഹൈദ്രോസിനെപ്പോലെ അവകാശപ്പെടുന്നു എന്നു മാത്രം. അങ്ങനെ പത്തിരുപത് വര്ഷം മുമ്പ് നടന്ന രണ്ടു കൊലപാതകങ്ങളിൽ , കൊല്ലപ്പെട്ടത് ഗുണ്ടുകാടുള്ളവരായിരുന്നു എങ്കിലും, കൊല ചെയ്തത്, ഗുണ്ടുകാട് വച്ചായിരുന്നില്ല.

ഇന്നു വെളുപ്പിന് വാമഭാഗം ഫോണ് ചെയ്യുന്നു. ഇന്നലെ അവരും കുട്ടികളും അവരുടെ വീട്ടിലേക്ക് പോയിരുന്നു, അമ്പലത്തിലെ ഉത്സവം പ്രമാണിച്ച്. ഫോൺ വിളിച്ചിട്ട് ആരാണ് മരിച്ചതെന്ന് തിരക്കുന്നു. മരണമോ, ഏതു മരണം എന്നു ഞാന്. അപ്പോഴാണ് അവൾ കാര്യങ്ങള് പറയുന്നത്, ബാര്ട്ടണ് ഹില്ലിൽ ഒരാളെ ആരോ കൊന്നു എന്ന്. എന്താണ് സംഭവം എന്നു മനസ്സിലായില്ല.

പതുക്കെ പുറത്തിറങ്ങി നോക്കി. അഞ്ചു വീടപ്പുറം റോഡില് ധാരാളം പൊലീസുകാർ . ഒരു ഭാഗത്ത് ടേപ്പൊട്ടിച്ചു അടയാളപ്പെടുത്തിയിരിക്കുന്നു. അതിനുള്ളില് രക്തം തളം കെട്ടി നില്ക്കുന്നു. അപ്പോഴേക്കും പത്രം വന്നു. അതില് വാര്ത്തയുമുണ്ട്. കൊല്ലപ്പെട്ട ആളുടേയും കൊന്നു എന്നു പറയുന്ന ആളുടേയും പേരുണ്ട്. വ്യാഴവട്ടക്കാലത്തെ പ്രവാസത്തിനിടയില് പലരുടേയും മുഖങ്ങൾ ഓര്മ്മ കിട്ടുന്നില്ല. പേരു കേട്ടിട്ടും ഒരു മുഖവും ഓർമ്മ വരുന്നില്ല. കൊലയാളിയുടെ പേരു പക്ഷേ തൊട്ടടുത്ത വീട്ടിലെ പയ്യന്റേതാണ്. അല്ലറചില്ലറ മോഷണ കേസുകളൊക്കെയുണ്ട് പേരിൽ . പക്ഷേ, ധൈര്യം ഒട്ടുമില്ലാത്ത ആളാണ്. മാത്രവുമല്ല, നിറയെ പൊലീസുകാരുടെ മുന്നിലൂടെ അവന് നടക്കുന്നുമുണ്ട്. അപ്പോൾ അവനല്ല പ്രതി. പതിയെ പതിയെ പല പല നാട്ടുകാരില് നിന്നും പല പല തുണ്ടുകളായി കുറേ കഥകള് കേട്ടു.

മൂന്നര മണിയോടെ മൃതദേഹം പോസ്റ്റുമോര്ട്ടം കഴിഞ്ഞു കൊണ്ടു വന്നു. ഉപചാരമര്പ്പിക്കാൻ ഞാനും പോയി. വളരെ വര്ഷങ്ങള്ക്കുശേഷമാണ് നാട്ടിലെ ഒരു മരണചടങ്ങില് പങ്കെടുക്കുന്നത്. പഴയ ധാരാളം മുഖങ്ങളെ അപ്പോളവിടെ കണ്ടു. മരിച്ച ആളിന്റേയും കൊലപ്പെടുത്തിയ ആളിന്റേയും വീടുകള് അപ്പുറവും ഇപ്പുറവും. മരിച്ച ആളിന്റെ ആള്ക്കാരുടെ കരച്ചിലുകള്‌ക്കൊപ്പം കൊല്ലപ്പെട്ട് ആളിന്റെ വീട്ടില് നിന്നും നിലവിളി ഉയരുന്നുണ്ട്. രണ്ടു അമ്മമാര്ക്കും, രണ്ടുപേരും സ്വന്തം മക്കളെപ്പോലെ തന്നെയായിരുന്നു, ഇന്നലെ വരെ. കൊന്നയാളുടെ പഴയ വീട് ഇടിഞ്ഞു തുടങ്ങിയിരിക്കുന്നു, കൊല്ലപ്പെട്ടയാളുടെ പുതിയ വീട് ഏഴെട്ടു സ്റ്റീല് പൈപ്പിലും, പത്തിരുപത് അലുമിനിയം ഷീറ്റിലും പുതുമ നഷ്ടപ്പെടാതെ നില്ക്കുന്നു. പഴയൊരു കേസിന്റെ ഭാഗമായി നാടുവിട്ടു മാറിത്താമസ്സിച്ചിരുന്നവര്, ഈയടുത്ത കാലത്താണ് തിരികേയിവിടെയെത്തി, തകരഷീറ്റുകൊണ്ടൊരു പുരകെട്ടി താമസ്സിച്ചു തുടങ്ങിയത്.

ഇന്നലെ രാത്രി 11 മണിയോടെ ധാരാളം വീടുകളുടെ മുന്നിൽ വച്ചു നടന്ന സംഭവം സത്യത്തിൽ ആരും അറിഞ്ഞിരുന്നില്ല. ശബ്ദമെടുക്കാൻ കൊല്ലപ്പെട്ടവനായില്ല, ശബ്ദമുണ്ടാക്കാൻ കൊന്നവന് അനുവദിച്ചിട്ടുമുണ്ടാകില്ല. കൊന്നവനും കൊല്ലപ്പെട്ടനും മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കൊല്ലപ്പെട്ടവൻ കൂടുതല് മദ്യപിച്ചിട്ടില്ലായിരുന്നുവെങ്കിൽ , പാതകം ഒന്നുകിൽ മരണത്തില് കലാശിക്കില്ലായിരുന്നു, അല്ലെങ്കില്, ഒന്നിലേറെപ്പേർ മരിക്കുമായിരുന്നു എന്നും പറയപ്പെടുന്നു.ശബ്ദമുണ്ടാക്കാൻ അനുവദിക്കാതെ, മുന്നറിയിപ്പില്ലാതെ വെട്ടി വീഴ്‌ത്തുന്നത്, പെട്ടെന്നുള്ള പ്രകോപനം കൊണ്ടല്ലെന്ന് ഉറപ്പാണ്. പണ്ടും ഇവിടെ വെട്ടിന്റെ വക്കുവരെയെത്തിയ പല ലഹളകളും ഉണ്ടായിട്ടുണ്ട്. തെറിവിളിയും, ബഹളവുമായി തുടങ്ങുന്ന ലഹള, വെട്ടുകത്തിയിലും വാക്കത്തിയിലും എത്തുന്ന അക്കഥ മുമ്പ് ഞാനെഴുതിയിട്ടുണ്ട്. അത് പിന്നീട് ഇവിടെ പറയാം. അങ്ങനെ ഗുണ്ടുകാട് മണ്ണില് വച്ചു ഒരു കൊലപാതകം നടന്നിരിക്കുന്നു. എന്റെ അറിവില് ആദ്യമായി, ഇതു അവസാനത്തേതുമാകട്ടെ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP