Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോലീബി പോലെ മാസംഘ് എന്ന പരീക്ഷണവും കേരളത്തിൽ ഉണ്ടായിരുന്നു; 77ൽ പാലക്കാട് ഇടതു സ്ഥാനാർത്ഥിക്കു വേണ്ടി സംസാരിച്ചവരിൽ എൽ കെ അദ്വാനിയും ഉണ്ടായിരുന്നു; 5 ശതമാനം പോലും പിന്തുണയില്ലാത്ത ബി.ജെപി സ്ഥാനാർത്ഥികൾക്ക് ദേശാഭിമാനിപോലും നല്ല കവറേജ് കൊടുത്തു; ഇവിടുത്തെ മതേതര മാധ്യമങ്ങൾ വല്ലാതെ ബുദ്ധിമുട്ടിയാണ് ബി.ജെപിയെ വളർത്തിയത്; സജീവൻ അന്തിക്കാട് എഴുതുന്നു

കോലീബി പോലെ മാസംഘ് എന്ന പരീക്ഷണവും കേരളത്തിൽ ഉണ്ടായിരുന്നു; 77ൽ പാലക്കാട് ഇടതു സ്ഥാനാർത്ഥിക്കു വേണ്ടി സംസാരിച്ചവരിൽ എൽ കെ അദ്വാനിയും ഉണ്ടായിരുന്നു; 5 ശതമാനം പോലും പിന്തുണയില്ലാത്ത ബി.ജെപി സ്ഥാനാർത്ഥികൾക്ക് ദേശാഭിമാനിപോലും നല്ല കവറേജ് കൊടുത്തു; ഇവിടുത്തെ മതേതര മാധ്യമങ്ങൾ വല്ലാതെ  ബുദ്ധിമുട്ടിയാണ് ബി.ജെപിയെ വളർത്തിയത്; സജീവൻ അന്തിക്കാട് എഴുതുന്നു

സജീവൻ അന്തിക്കാട്‌

ബ്ലഡി ഫൂൾ ജനം

തെരഞ്ഞെടുപ്പ് പല രാഷ്ട്രീയ നേതാക്കൾക്കും ജീവന്മരണ പോരാട്ടമാണ്. റിസൽട്ടറിയും വരെ ടെൻഷനടിച്ചും തോറ്റെന്നറിഞ്ഞാൽ താത്വിക വിശകലനം ചെയ്തും ജീവിതം സംഘർഷഭരിതമാക്കി മാറ്റുന്നവരാണധികവും. വാദ്യമേളങ്ങളോടെ തെരഞ്ഞെടുപ്പിനെ വരവേൽക്കുന്ന ഉത്സാഹ കമ്മറ്റിക്കാരുമുണ്ട്. അക്കൂട്ടരിൽ മുമ്പന്മാർ തഴക്കവും പഴക്കവും വന്ന കോൺഗ്രസ്സുകാരാണ്. 'ഇതൊക്കെ എത്ര കണ്ടതാ ' എന്ന മാനസികാവസ്ഥയാണ് അവരുടെ പല ലീഡേഴ്സിനും . രസികന്മാരായ ഈ ലീഡേഴ്സ് അനുയായികൾക്ക് കൊടുക്കുന്ന ഉപദേശം തന്നെ രസകരമാണ്.

ഇതാ ഒരു സാമ്പിൾ

ശങ്കരൻ എന്ന ഒരു നേതാവുണ്ടായിരുന്നു.(പേര് കൃത്യമല്ല) പുള്ളിയുടെ അഭിപ്രായത്തിൽ ജനം വെറും ബ്ലഡി ഫൂളുകളാണ്. എന്താണ് കാര്യം ? അദ്ദേഹത്തിന് മറുപടിയുണ്ട്.

'ഞാൻ ആദ്യം ഇലക്ഷനു നിന്നപ്പോൾ ജനങ്ങൾ എന്നെ തെരഞ്ഞെടുത്തു. അങ്ങിനെ ഞാൻ മന്ത്രിയായി. അടുത്ത തവണ എന്നെ അഴിമതിക്കാരനാണെന്ന് പറഞ്ഞ് അവർ തോൽപ്പിച്ചു. വീണ്ടും ഞാൻ ഇലക്ഷനു നിന്നപ്പോൾ അവരുണ്ട് എന്നെ വീണ്ടും ജയിപ്പിക്കുന്നു.
അതുകൊണ്ടാണ് ഞാൻ പറയുന്നത് ജനം വെറും ബ്ലഡി ഫൂളുകളാണെന്ന്. അതു കൊണ്ട് പുള്ളാരെ , തോറ്റാലും നിങ്ങള് പേടിക്കണ്ട. അവര് തന്നെ പിന്നെ നിങ്ങളെ ജയിപ്പിച്ചോളും. '

ഇതൊക്കെ കേട്ട് ചിരിച്ചു വലുതാകുന്നതു കൊണ്ടാണ് കോൺഗ്രസ്സുകാരുടെ ചുണ്ടിൽ ഇത്രയും ചിരി. ഉമ്മൻ ചാണ്ടിയുടെ മേത്ത് കല്ലേറു കൊണ്ടപ്പോൾ അദ്ദേഹം പെട്ടെന്നൊന്ന് അന്ധാളിച്ചെങ്കിലും തൽക്ഷണം പുഞ്ചിരി വീണ്ടെടുത്തതിന്റെ ഗുട്ടൻസ് ഈ ശിക്ഷണമാണ്. ശ്രീ കെ. മുരളീധരൻ ആദ്യം സ്ഥാനാർത്ഥിയാകുന്ന കാലത്ത് ഇന്നത്തെപോലെ നർമ്മ പ്രസംഗങ്ങളൊന്നും നടത്തിയിരുന്നില്ല . തൃശൂരിൽ നിന്ന് മത്സരിച്ചതിനു ശേഷമാണ് പുള്ളി കോമഡി ലൈനിലേക്ക് വന്നത്. അതിന് കാരണക്കാരനായി ഞാൻ കാണുന്നത് ശ്രീ. പി പി ജോർജിനെയാണ്. ജോർജും ഞാൻ നേരത്തെ സൂചിപ്പിച്ച ശങ്കരനെ പോലുള്ള ആളായിരുന്നു. ജോർജിന് ഒരു ദുര്യോഗമുണ്ടായിരുന്നു. ജോർജ് MLA ആയി നിന്ന് ജയിക്കുമ്പോൾ ഡഉഎ മുന്നണി കേരളത്തിൽ തോറ്റിരിക്കും. അതുകൊണ്ട് അദ്ദേഹത്തിന്റെ മന്ത്രി ലബ്ധി വൈകി കൊണ്ടിരുന്നു.

ലീഡറുടെ ആജ്ഞാനുവർത്തിയായതിനാൽ മുരളീധരൻ തൃശൂരിൽ ഇലക്ഷനു നിന്നപ്പോൾ പി പി ജോർജിനായിരുന്നു ചുമതല. വോട്ടെണ്ണി കഴിഞ്ഞപ്പോൾ എല്ലാ നിയോജക മണ്ഡലത്തിലും മുരളി പിന്നിലായി. അന്ന് ഉറച്ച മണ്ഡലമായിരുന്ന മണലൂരിൽ പോലും 3000 വോട്ടുകൾക്ക് പിന്നിലായി. കുറച്ചു നാൾക്കു ശേഷം തോൽവിയുടെ അവലോകനവുമായി ബന്ധപ്പെട്ടോ മറ്റോ പുള്ളി മണലൂര് നിയോജക മണ്ഡത്തിൽ വന്നു പ്രസംഗിക്കുന്നത് കേൾക്കാനും ചിരിക്കാനും നാട്ടുകാർക്ക് ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ പ്രസംഗം എകദേശം ഇങ്ങിനെയായിരുന്നു.

'മുരളീധരനെ മൂവായിരത്തോളം വോട്ടിന് തോൽപ്പിക്കാനായി അശ്രാന്ത പരിശ്രമം ചെയ്ത ഈ നിയോജക മണ്ഡലത്തിലെ എല്ലാ പ്രവർത്തകർക്കും നന്ദി. എന്തുകൊണ്ടെന്നാൽ , നിങ്ങൾ വിചാരിച്ചാൽ ഈ മണലൂരിൽ മാത്രം മുരളീധരനെ പതിനായിരം വോട്ടിനു തോൽപ്പിക്കാൻ കഴിയുമായിരുന്നു. നിങ്ങളത് ചെയ്തില്ലല്ലോ , അതിനാൽ നിങ്ങൾക്ക് നന്ദി.' ഈ ജോർജ് മാഷെ ശിഷ്യപ്പെട്ടാണെന്ന് തോന്നുന്നു മുരളീധരന്റെ പ്രസംഗത്തിലും പിന്നീട് കോമഡി നിറഞ്ഞ് കവിഞ്ഞത്.

രണ്ടു ദിവസം മുമ്പ് ഹൈബിയുടെ ഇലക്ഷൻ കൺവെൻഷൻ ഉദ്ഘാടനം
ചെയ്തുകൊണ്ട് പ്രസംഗിക്കുമ്പോൾ മുരളി സിപിഎമ്മിനിട്ട് താങ്ങുന്നത് കേൾക്കാനായി.പുള്ളി ഒരു തറവാട് ഭാഗം വെക്കുന്ന സന്ദർഭം അവിടെ വിവരിച്ചു.

പ്രസംഗത്തിൽ നിന്ന്:

1.'ആദ്യം ഭൂമി ഭാഗം വെച്ചു . പിന്നെ വീട് ഭാഗം വെച്ചു .വില പിടിപ്പുള്ള സാധനങ്ങളും ഭാഗം വെച്ചു. ബാക്കി വന്നത് ഒരു കിണ്ടിയാണ്. ആർക്കും വേണ്ടാത്ത ആ കിണ്ടിയാണ് ഇന്ത്യയിലെ സി പി എം'.

2) കേരള മഹാരാജ്യത്തെ കിണ്ടികൾ

മുരളീധരൻ ഇന്ത്യയെ മൊത്തം കണക്കിലെടുത്താണ് സിപിഎം നെ അപ്രകാരം കളിയാക്കിയതെങ്കിലും കേരളത്തെ കണക്കിലെടുക്കുമ്പോൾ 'ആർക്കും വേണ്ടാത്ത കിണ്ടികൾ ' എന്ന് കളിയാക്കപ്പെടാൻ മാത്രം യോഗ്യത നേടിയ പാർട്ടികളിലൊന്നായിരുന്നു ബിജെപി .1977 ലെ തെരഞ്ഞെടുപ്പ് കാലത്താണ് അദ്വാനിയെ പോലുള്ള നേതാക്കളെ കേരള ജനത നേരിട്ട് കാണുന്നത് തന്നെ. അത്രക്കും പരിതാപകരമായിരുന്നു സ്ഥിതി. അന്ന് ബി.ജെപിയുടെ പേര് ജനസംഘം. ഇന്ദിരയുടെ അടിയന്തിരാവസ്ഥക്കെതിരെ സോഷ്യലിസ്റ്റുകളും സംഘടനാ കോൺഗ്രസ്സും , ഭാരതീയ ലോക്ദളും ജനസംഘവുമൊക്കെ ചേർന്ന് ലയിച്ച് 'ജനത ' എന്ന ഒരു പാർട്ടിയായി മാറിയ കാലം. കേരളത്തിൽ സി പി എമ്മുമായി ഐക്യമുന്നണിയുണ്ടാക്കിയാണ് അവർ മത്സരിച്ചത്.

അതുകൊണ്ട് ആ തിരഞ്ഞെടുപ്പ് കാലത്ത് സി പി എം സംഘടിപ്പിച്ച നാലാളുള്ള യോഗത്തിൽ അദ്വാനിക്കൊക്കെ വന്ന് പ്രസംഗിക്കാറായി. പാലക്കാട് ഇടതു സ്ഥാനാർത്ഥിക്കു വേണ്ടി വോട്ടഭ്യർത്ഥിച്ചു കൊണ്ട് അദ്വാനി പ്രസംഗിക്കുന്നതിന്റെ ചിത്രം ഈയടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായല്ലോ. ആ ഫോട്ടോ ഉണ്ടായത് ഈ സാഹചര്യത്തിലാണ്. 1977 ൽ ശ്രീ പിണറായി വിജയൻ കൂത്തുപറമ്പിൽ നിന്ന് വിജയിച്ചു വരുമ്പോൾ അദ്ദേഹത്തിന് ലഭിച്ചിരുന്ന 34465 വോട്ടിൽ RSSന്റെ ഇന്ദിരാ വിരുദ്ധ വോട്ടും ഉണ്ടായിരിക്കാം എന്നർത്ഥം.

പക്ഷെ RSSമായുള്ള ഐക്യം കൊണ്ടൊന്നും കേരളത്തിൽ നിന്ന് ഒരൊറ്റ എംപിയെയും വിജയിപ്പിച്ചെടുക്കാൻ 1977 ൽ സി പി എമ്മിനായില്ല എന്നത് ചരിത്രം. മാസംഘ് (മാർക്സിസ്റ്റ് - സംഘപരിവാർ ) എന്ന ആ പരീക്ഷണവും പിന്നീടുണ്ടായ കോലീബി പോലെ ദുരന്തമായി അവശേഷിച്ചു എന്നർത്ഥം.

കേരളത്തിൽ 'മാസംഘ്' ദുരന്തമായി എങ്കിലും ഇന്ദിരാഗാന്ധി വരെ തോറ്റു പോയ ഇലക്ഷനായിരുന്നു 1977 ൽ ഇന്ത്യയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പ്. മുൻ കോൺഗ്രസ്സുകാരനും സ്വമൂത്ര പാനിയുമായിരുന്ന (urin therapy)) മൊറാർജി ദേശായിയെ പ്രധാനമന്ത്രിയാക്കി ആദ്യ കോൺഗ്രസ്സിതര ഗവൺമെന്റിന് അവർ തുടക്കം കുറിച്ചെങ്കിലും ജനസംഘത്തിന്റെ ഞടട ബന്ധം വിമർശന വിഷയമായി. RSSനെ തള്ളിപ്പറയാൻ ജനസംഘ പ്രതിനിധികളായ വാജ്പേയിയെ പോലുള്ള മന്ത്രിമാർ തയ്യാറാകാത്തതിനെ തുടർന്ന് ജനതാ പാർട്ടി പിളരുകയും മന്ത്രി സഭ ന്യൂനപക്ഷമാകുകയും ചെയ്തു.

ജനസംഘമെന്ന പേര് ഹിന്ദു മഹാസഭയെയും ഗാന്ധി വധത്തെയും ജനങ്ങളുടെ ഓർമ്മയിൽ നിലനിർത്തുന്നിടത്തോളം ഒരു പാർട്ടിയെന്ന നിലക്ക് ഇന്ത്യയിൽ വളരാനാകില്ലെന്നറിഞ്ഞ ഹിന്ദു പരിവാരം 1980 ൽ പേരൊന്നു പെയിന്റടിച്ച് ഭാരതീയ ജനതാ പാർട്ടിയെന്നാക്കി പൊതു ജനമധ്യത്തിൽ വിപണനമാരംഭിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ അസാധുവിന് ഒരു ഭീഷണിയായി നിന്നിരുന്ന ബി.ജെ പിയെ കേരളത്തിലെ ഹിന്ദുക്കൾ സ്വീകരിക്കുന്നതിനെക്കാൾ മുമ്പ് അർഹിക്കാത്ത സ്ഥാനം കൊടുത്താശീർവ്വദിച്ചത് കേരളത്തിലെ പത്രങ്ങളായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് നാല്പതു ശതമാനം വോട്ടുപിടിക്കുന്ന LDF UDF സ്ഥാനാർത്ഥികൾക്കുള്ള അത്രക്കും തന്നെ പ്രാധാന്യം 5 % പോലും പിന്തുണയില്ലാത്ത ബി.ജെപി സ്ഥാനാർത്ഥികൾക്ക് പത്രങ്ങൾ കൊടുത്തു. ദേശാഭിമാനിയും ഇതിൽ പെടും.

മുസ്ലിംവോട്ടു ബാങ്ക് വെച്ച് സമ്മർദ്ദപ്പെടുത്തി മുസ്ലിം ലീഗ് ഉണ്ടാക്കിയിരുന്ന നേട്ടങ്ങളിൽ അസ്വസ്ഥത പൂണ്ട ഒരു വലിയ മുസ്ലീമിതര വിഭാഗം എല്ലാ പത്രങ്ങളുടെ ന്യൂസ് ഡസ്‌ക്കിലും ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. അവർ അക്കാലത്ത് മണ്ഡലങ്ങളെ പരിചയപ്പെടുത്തുന്ന ആർട്ടിക്കിളുകളിൽ ആഖജ യുടെ സ്ഥാനാർത്ഥികളെ കൂടി ഉൾപ്പെടുത്തി. 'സ്ഥാനാർത്ഥിക്കൊപ്പം ' എന്ന ഒരു പംക്തി ഉണ്ടാക്കി അതിൽ വലിയ പ്രാധാന്യത്തോടെ ബി.ജെ പി സ്ഥാനാർത്ഥിയുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ദിവസം കൂടി ഉൾപ്പെടുത്തി.

പിന്നീട് 1994 ൽ ഏഷ്യാനെറ്റ് 'നാട്ടു കൂട്ടമെന്നോ പോരാട്ടമെന്നോ പേരിട്ടുള്ള ' പരിപാടികളുമായി ദൃശ്യമാധ്യമ രംഗത്തു വന്നപ്പോൾ ആ ചാനലിനും മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. മൂന്നാമതൊരു പ്രസംഗ സ്തൂപം കൂടി കൊണ്ടുവന്നിട്ട് അവർ ബി.ജെപി സ്ഥാനാർത്ഥിക്കും മികച്ച കവറേജ് കൊടുത്തു. ചുരുക്കിപ്പറഞ്ഞാൽ മാധ്യമങ്ങൾ മുകളിൽ നിന്നും ' കെട്ടിയിറക്കി കെട്ടിയിറക്കി ' ഒഴിവാക്കാനാകാത്ത വിധം അടിച്ചേൽപ്പിച്ചപ്പോൾ ജനങ്ങൾക്ക് ചിരപരിചിതമായി തീർന്ന ഒരു പാർട്ടിയാണ് കേരളത്തിലെ ബി.ജെ പി. അതിന്റെ വളർച്ച മുകളിൽ നിന്നും താഴേക്കായിരുന്നു എന്നർത്ഥം. അതായത് ഉത്തമാ; കേരള മഹാരാജ്യത്തെ മതേതര മാധ്യമങ്ങൾ വല്ലാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് ബി.ജെപി എന്ന പാർട്ടിയെ, ആർക്കും വേണ്ടാത്ത കിണ്ടിയിൽ നിന്ന് ആർക്കും അവഗണിക്കാനാകാത്ത കണ്ണായ സ്ഥലമാക്കി മാറ്റിയെടുത്തത് . ആയിനത്തിൽ വലിയൊരു കടം ബി.ജെപിക്ക് കേരളത്തിലെ മാധ്യമങ്ങളോട് വീട്ടാനുണ്ടായിരുന്നു. ആ കടമാണ് പലിശയും പലിശക്കു പലിശയും ചേർത്ത് അയ്യപ്പനാമജപക്കാലത്ത് എല്ലാ മാധ്യമ പ്രവർത്തകർക്കും അവർ തിരിച്ചു കൊടുത്തത്.

വാൽക്കഷണമായി
മൂന്ന് പഞ്ച് ഡയലോഗുകൾ :

1) കടം - വീട്ടാനുള്ളതാണ്
2) പക- പോക്കാനുള്ളതാണ്.
3) ഇതിനെല്ലാം കൂടി 'കനൽ ഒരു തരി മതി '

( അടുത്ത പാർട്ട് :2009 ലെ മദനി 19 ലെ ജയരാജൻ )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP