Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛൻ നന്മയുള്ള പൊലീസ് കോൺസ്റ്റബിൾ... മക്കൾ ഗുണ്ടകളും; ഗുണ്ടാപ്പോരിൽ പിടഞ്ഞു മരിച്ച സഹോദരന്റെ മരണം അവിചാരിതമായി ചെങ്കോലും കിരീടവും എത്തിച്ചത് പഠനത്തിൽ മിടുക്കനായ സാബുവിന്റെ കയ്യിലും; കിരീടത്തിലെ സേതുമാധവനിലേക്കും അച്യുതൻനായരിലേക്കുമുള്ള ലോഹിയുടെ യാത്ര തുടങ്ങുന്നത് ഷാജിയിൽ നിന്നും; ഓപ്പറേഷൻ ബോൾട്ടിനെ നോക്കുകുത്തിയാക്കി ബാർട്ടൻഹിൽ കൊലപാതകം നടത്തിയതും ഗുണ്ടുകാട് സാബുവിന്റെ സംഘാംഗം; തിരുവനന്തപുരത്തെ കുപ്രസിദ്ധ കോളനിയുടെ കഥ

അച്ഛൻ നന്മയുള്ള പൊലീസ് കോൺസ്റ്റബിൾ... മക്കൾ ഗുണ്ടകളും; ഗുണ്ടാപ്പോരിൽ പിടഞ്ഞു മരിച്ച സഹോദരന്റെ മരണം അവിചാരിതമായി ചെങ്കോലും കിരീടവും എത്തിച്ചത് പഠനത്തിൽ മിടുക്കനായ സാബുവിന്റെ കയ്യിലും; കിരീടത്തിലെ സേതുമാധവനിലേക്കും അച്യുതൻനായരിലേക്കുമുള്ള ലോഹിയുടെ യാത്ര തുടങ്ങുന്നത് ഷാജിയിൽ നിന്നും; ഓപ്പറേഷൻ ബോൾട്ടിനെ നോക്കുകുത്തിയാക്കി ബാർട്ടൻഹിൽ കൊലപാതകം നടത്തിയതും ഗുണ്ടുകാട് സാബുവിന്റെ സംഘാംഗം; തിരുവനന്തപുരത്തെ കുപ്രസിദ്ധ കോളനിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രമാണിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ലഭിച്ചതോടെ അവസരം മുതലെടുത്ത് ഗുണ്ടകൾ അരങ്ങു വാഴുന്നു. രണ്ടാഴ്ചയ്ക്കിടെ ഗുണ്ടകൾ നടത്തുന്ന മൂന്നാം കൊലപാതകം കൂടി വന്നതോടെ തലസ്ഥാനം അക്ഷരാർത്ഥത്തിൽ ഭീതിയിലാകുന്നു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ സ്ഥലപരിചയമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥർ വന്നതോടെയാണ് അവസരം മുതലെടുത്ത് ഗുണ്ടകൾ അരങ്ങുവാഴുന്നത്. കൊഞ്ചിറവിള ദേവീക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ചെറിയ തർക്കത്തിന് മറുവിഭാഗം പരിഹാരം കണ്ടത് അനന്തു എന്ന 21 വയസുകാരൻ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു കൊന്നിട്ടാണ്.

ശ്രീവരാഹത്ത് ഗുണ്ടകൾ തമ്മിലുള്ള തർക്കത്തിന് നടുവിൽ കയറി സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച നിരപരാധിയായ യുവാവിനെയാണ് ഗുണ്ടകൾ കത്തിക്കയറ്റിക്കൊന്നത്. ഇന്നലെ ഗുണ്ടുകാട് സംഘങ്ങൾക്കിടയിൽ പൊട്ടിമുളച്ച തർക്കത്തിന് ബാക്കിയായാണ് അനിയുടെ ജീവൻ കത്തിപ്പിടിക്ക് ഇരയാക്കിയത്. ബാർട്ടൻഹിൽ കോളനിവാസിയും ഓട്ടോ ഡ്രൈവറായ കെ.എസ്.അനിയാണ് ഇന്നലെ വെട്ടേറ്റു മരിച്ചത്. ഇതോടെയാണ് രണ്ടാഴ്ചയ്ക്കിടെ തലസ്ഥാന നഗരിയിൽ നടക്കുന്ന മൂന്നാം കൊലപാതകമായി ബാർട്ടൻഹിൽ കൊലപാതകം മാറുന്നത്.

എന്ത് നടന്നാലും ഒരു കുഴപ്പവും ഇല്ലാ എന്ന എന്ന സന്ദേശം ഗുണ്ടകൾക്കിടയിൽ നിലനിൽക്കുന്നതിനാലാണ് ഇത്തരം കൊലപാതകങ്ങൾ നടക്കുന്നതിനു പിന്നിലെന്നാണ് തലസ്ഥാനത്തെ അറിയുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥലം അറിയാത്ത പൊലീസ് ഉദ്യോഗസ്ഥരാണ് തലപ്പത്ത് ഉള്ളത്. ബാർട്ടൻ ഹിൽ കുഴപ്പമില്ലാത്ത ഏരിയയാണ്. പക്ഷെ പഴയ ഗുണ്ടാസംഘങ്ങളിൽപെട്ടവരിൽ ചിലർ ഇപ്പോഴും അവിടെയുണ്ട്. അവരെ ഒതുക്കാനുള്ള ശക്തമായ നീക്കങ്ങൾ പൊലീസിന്റെ ഭാഗത്ത് നിന്നും വരുന്നില്ല. ഇപ്പോൾ ഗുണ്ടകളെ ഒതുക്കാൻ ഓപ്പറേഷൻ ബോൾട്ട് കേരളാ പൊലീസ് നടപ്പിലാക്കുമ്പോൾ തന്നെയാണ് ഇവരുടെ കണ്മുന്നിൽ ബാർട്ടൻഹിൽ കൊലപാതകവും നടന്നിരിക്കുന്നത്.

കുറ്റവാളികൾക്ക് സന്ദേശം നല്കണം. അടങ്ങിനിന്നില്ലെങ്കിൽ ശക്തമായ നടപടി വരുമെന്ന താക്കീത് നല്കണം. ഈ സന്ദേശം ഗുണ്ടകൾക്കിടയിൽ കൃത്യമായി എത്തണം. അതിനുള്ള പൊലീസ് ഉദ്യോഗസ്ഥർ നിലവിൽ പോസ്റ്റുകളില്ല. തലപ്പത്ത് ഉള്ളവർ മിക്കവർക്കും ഏരിയയെകുറിച്ച് വ്യക്തമായ അറിവില്ല. റുട്ടീൻ ആയി നടപടികൾ എടുക്കുന്നു എന്നേയുള്ളൂ. ഇത് ഗുണ്ടകൾക്കും കൊലപാതകികൾക്കും വളം വയ്ക്കുന്നു. ഇപ്പോൾ അനിയുടെ കൊലപാതകത്തിൽ പൊലിസ് തിരയുന്ന ജീവൻ ക്രിമിനൽ ആണ്. ക്രിമിനൽ ആയ ജീവന് കൃത്യമായ ഒരു സന്ദേശം പൊലീസിന്റെ ഭാഗത്ത് നിന്നും വരണം. ആ സന്ദേശം പൊലീസിന്റെ ഭാഗത്ത് നിന്നും പോയിട്ടില്ല-ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിരൽ ചൂണ്ടുന്നു. ഈ രീതിയിൽ പോയാൽ പഴയ ഗുണ്ടാരാജ് തിരുവനന്തപുരത്ത് തിരിച്ചു വരും. അതില്ലാതെ വന്നാൽ സ്ഥിതിഗതികൾ നിയന്ത്രണം വിടും. ഇപ്പോൾ അനിയുടെ ആളുകൾ അവസരം കാക്കും. അടുത്ത അവസരത്തിനായി ഇവർ ജീവന്റെ പിന്നാലെ പോകും. കൊലപാതക പരമ്പരകൾ തന്നെ വരും-ഉന്നത പൊലീസ് വൃത്തങ്ങൾ തന്നെ വിരൽ ചൂണ്ടുന്നു.

കിരീടത്തെ വെല്ലും ജീവിതം

ഗുണ്ടുകാട് സാബുവിന്റെ സംഘത്തിൽപ്പെട്ടയാളാണ് ഇപ്പോൾ പൊലീസ് തിരയുന്ന ജീവൻ. ഗുണ്ടുകാട് സാബുവിന്റെ ഏരിയയിൽ തന്നെയാണ് ഇപ്പോൾ അനിയുടെ കൊലപാതകം നടന്നതും. ഗുണ്ടുകാട് സാബുവിന്റെ കുടുംബത്തിന്റെ കഥയാണ് മലയാളത്തിന്റെ സൂപ്പർഹിറ്റ് സിനിമയായ കിരീടത്തിനു ആധാരമായത്. സാബുവിന്റെ അച്ഛൻ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾ ആയിരുന്നു. സാബുവിന്റെ സഹോദരൻ ഗുണ്ടുകാട് ഷാജി അൽപസ്വല്പം ഗുണ്ടാപ്രവർത്തനവുമായി നടന്നിരുന്നു. മ്യൂസിയം സ്റ്റേഷനിൽ കോൺസ്റ്റബിൾ ആയതിനാൽ അന്ന് പൊലീസ് ഷാജിയെ തൊട്ടിരുന്നില്ല. അസാമാന്യ ധൈര്യശാലി ആയിരുന്നു ഷാജി. ഒറ്റയ്ക്ക് ബുള്ളറ്റിൽ കറങ്ങുന്ന രീതി. ആ ഘട്ടത്തിൽ ഗുണ്ടുകാട് സാബു മിടുക്കനായ വിദ്യാർത്ഥിയായി പഠനം തുടരുകയായിരുന്നു. ഗുണ്ടുകാട് ഷാജിയും അന്നത്തെ ഗുണ്ടയായ വയറൻ സെൽവനും സുഹൃത്തുക്കൾ ആയിരുന്നു. പിന്നീട് ഇവർ തമ്മിൽ തെറ്റി. ഈ തെറ്റൽ ഇരുവരുടെയും അന്ത്യത്തിനും കൊലപാതകങ്ങൾക്കും കാരണമായി.

വയറൻ സെൽവനും ഭാര്യയും തിയേറ്ററിൽ സിനിമ കാണാൻ പോയി തിരിച്ചു വരുമ്പോൾ ഭാര്യക്ക് മുന്നിലിട്ടാണ് വയറൻ സെൽവനെ ഗുണ്ടുകാട് ഷാജിയുടെ സംഘം കൊന്നത്. ഈ കൊലപാതകത്തിന് പകരം സെൽവന്റെ ആളുകൾ ഷാജിയേയും കൊന്നു. മികച്ച വിദ്യാർത്ഥിയായി തുടരുകയായിരുന്ന ഗുണ്ടുകാട് സാബുവിന്റെ മുന്നിലാണ് ഈ കൊലപാതകങ്ങൾ നടന്നത്. നിനച്ചിരിക്കാതെ കൺമുന്നിൽ നടന്ന ഈ കൊലപാതകങ്ങൾ ആണ് ഗുണ്ടുകാട് സാബുവിന്റെ കൈകളിലേക്ക് ഒരു യഥാർത്ഥ ഗുണ്ടയുടെ കിരീടവും ചെങ്കോലും എത്തിച്ചത്. എല്ലാത്തിനും സാക്ഷിയായി അച്ഛൻ പൊലീസ് കോൺസ്റ്റബിളും. ഈ കഥയിൽ മാറ്റം വരുത്തിയാണ് കിരീടവും അതിനു തുടർച്ചയായി ചെങ്കോലും വന്നത്. മോഹൻലാൽ നായകനായി വന്ന ഈ രണ്ടു സിനിമകളും മലയാളക്കരയിൽ തകർത്തോടിയ ഹിറ്റുകളായി മാറുകയും ചെയ്തു. വെള്ളിത്തിരയിൽ ഈ കഥാപാത്രങ്ങളായി മോഹൻലാൽ പകർന്നാടുമ്പോഴും അതിനു സാക്ഷിയായി ഗുണ്ടുകാട് സാബു യഥാർത്ഥ അരങ്ങിൽ വെള്ളിവെളിച്ചം ചിതറി നിന്നിരുന്നു.

പിന്നീട് സാബു ഗുണ്ടാ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. അപ്പോഴും ചില ശിഷ്യൽ ഗുണ്ടുകാട് സജീവമായിരുന്നു. അവരാണ് ഇപ്പോഴത്തെ കൊലപാകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഗുണ്ടുകാടുള്ള പൊലീസുകാരനും ഗുണ്ടായ മകൻ ഷാജിയുമായിരുന്നു കിരീടം എന്ന തിരക്കഥയിലേക്ക് ലോഹിതദാസിനെ എത്തിച്ചത്. ഇത് വലിയ വിജയമായി. 1985 മുതൽ തന്നെ ഗുണ്ടൂകാട് ഷാജിയുടെ കഥ തിരുവനന്തപുരത്ത് ചർച്ചയാണ്. അച്ഛൻ പൊലീസ് ഉദ്യോഗസ്ഥനാണെന്നതും. ഇതാണ് കിരീടമെന്ന സിനിമയിലേക്ക് കാര്യങ്ങളെത്തുന്നത്.

പഠനത്തിൽ മിടുക്കനായ സാബുവിനും ചേട്ടന്റെ മരണത്തോടെ ഗുണ്ടാ സംഘത്തെ നയിക്കേണ്ടി വന്നു. തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസത്തിന്റെ തണലിൽ ഗുണ്ടുകാട് സാബു ഗുണ്ടാപ്രവർത്തനത്തിന്റെ രീതികൾ മാറ്റുകയും അത് തിരുവനന്തപുരത്തെ ഗുണ്ടാകൊലപാതകങ്ങൾ ഗണ്യമായി കുറയ്ക്കുകയും ചെയ്തു. ഇപ്പോൾ പുതു ഗുണ്ടാസംഘങ്ങൾ ഉദയം ചെയ്യുകയും ഗുണ്ടുകാട് സാബുവിനെപോലുള്ളവർ മുൻപ് ബുദ്ധിപരമായി അവസാനിപ്പിച്ച കൊലപാതക രീതികളിലേക്ക് തിരികെ ചെല്ലുകയും ചെയ്യുന്നു. ഇവിടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞപോലെ ശക്തമായ സന്ദേശവും ഗുണ്ടകൾക്കുള്ള താക്കീതും അവരുടെ സർക്കിളുകളിലേക്ക് കൃത്യമായി എത്തേണ്ടുന്ന ആവശ്യവും വരുന്നത്.

ഇത്തരം ഒരു സന്ദേശം ചെന്നിരുന്നെങ്കിൽ ഈ മൂന്നു കൊലപാതകങ്ങളും ഒഴിവാക്കാൻ ഒരു പക്ഷെ പൊലീസിന് തന്നെ കഴിയുമായിരുന്നു. പക്ഷെ ഇപ്പോൾ ഗുണ്ടകൾക്കെതിരെ വീണ്ടും ശക്തമായ നടപടികളിലേക്ക് പൊലീസ് തിരിച്ചു പോകേണ്ട ആവശ്യകത വീണ്ടും ഉയർന്നു വന്നിരിക്കുന്നു. ഈ മൂന്നു കൊലപാതകങ്ങളും പൊലീസിനെ ഓർമ്മിപ്പിക്കുന്നതും ഇതു തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP