Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആരും സ്വപ്‌നത്തിൽ പോലും കരുതാത്ത തീരുമാനം; രാഹുൽ എത്തുന്നുവെന്ന വിവരം കേരളാ നേതാക്കൾ അറിയുന്നത് ഏഴാം ലിസ്റ്റിലും വയനാട്-വടകര മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്താതെ വന്നപ്പോൾ; ഏറെ കഷ്ടപ്പെട്ട് സിദ്ദിഖിന് സീറ്റ് ഉറപ്പിച്ച ഉമ്മൻ ചാണ്ടി നാണം മറയ്ക്കാൻ മനോരമയെ കൊണ്ട് രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിന്റെ പിന്നണി നായകനാകാൻ ശ്രമം; അമേഠിയിലെ സുരക്ഷയിൽ സംശയം തോന്നിയപ്പോൾ വേണുഗോപാൽ രാഹുൽ ഗാന്ധിക്ക് നൽകിയ ഉപദേശം പ്രയോഗിക്കുന്നത് ഇങ്ങനെ

ആരും സ്വപ്‌നത്തിൽ പോലും കരുതാത്ത തീരുമാനം; രാഹുൽ എത്തുന്നുവെന്ന വിവരം കേരളാ നേതാക്കൾ അറിയുന്നത് ഏഴാം ലിസ്റ്റിലും വയനാട്-വടകര മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്താതെ വന്നപ്പോൾ; ഏറെ കഷ്ടപ്പെട്ട് സിദ്ദിഖിന് സീറ്റ് ഉറപ്പിച്ച ഉമ്മൻ ചാണ്ടി നാണം മറയ്ക്കാൻ മനോരമയെ കൊണ്ട് രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിന്റെ പിന്നണി നായകനാകാൻ ശ്രമം; അമേഠിയിലെ സുരക്ഷയിൽ സംശയം തോന്നിയപ്പോൾ വേണുഗോപാൽ രാഹുൽ ഗാന്ധിക്ക് നൽകിയ ഉപദേശം പ്രയോഗിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായാണ് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടെ നാവിൽ നിന്നു വന്നത്. കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചു മാധ്യമ പ്രവർത്തകർ ചോദിച്ചു തുടങ്ങും മുൻപ് ഏറ്റവും വലിയ ബ്രേക്കിങ് ന്യൂസ് ഉമ്മൻ ചാണ്ടി പുറത്തുവിട്ടു രാഹുൽ ഗാന്ധി കേരളത്തിൽ മൽസരിക്കും. വയനാട് മണ്ഡലത്തിൽ മൽസരിക്കണമെന്നു കെപിസിസി അഭ്യർത്ഥിച്ചിട്ടുണ്ട്. വിശ്വാസം വരാത്ത പോലെ മാധ്യമ പ്രവർത്തകർ വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ അർഥശങ്കയ്ക്ക് ഇടയില്ലാതെ ഉമ്മൻ ചാണ്ടി കാര്യം വ്യക്തമാക്കി രാഹുൽ കേരളത്തിൽ തന്നെ.-രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മനോരമയിലെ വാർത്തയിലെ വാചകങ്ങളാണ് ഇത്. രാഹുലിന്റെ വരവിന്റെ ക്രെഡിറ്റും ഉമ്മൻ ചാണ്ടിക്ക് നൽകുകയാണ് മനോരമ. എന്നാൽ അമേഠിയിലെ ജയസാധ്യതയിൽ സംശയമുള്ള രാഹുലിന് വയനാട് എന്ന സുരക്ഷിത മണ്ഡലം ചൂണ്ടിക്കാട്ടി നൽകിയത് എഐസിസി ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാലാണ്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നിൽ മൽസരിക്കണമെന്നത് എഐസിസി തീരുമാനമാണെന്നും അതു കേരളത്തിൽ വേണമെന്ന് അഭ്യർത്ഥിച്ചു കെപിസിസി കത്തു നൽകിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. ആദ്യം ഇക്കാര്യം ചർച്ച ചെയ്തതു നിലവിലെ സ്ഥാനാർത്ഥി ടി. സിദ്ദിഖിനോടാണ്. അദ്ദേഹം സന്തോഷത്തോടെ പിന്മാറാനുള്ള സന്നദ്ധത അറിയിച്ചു. തുടർന്ന്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി എന്നിവരുമായും ചർച്ച നടത്തി. കെ.സി. വേണുഗോപാൽ, എ.കെ. ആന്റണി, മുകുൾ വാസ്‌നിക് എന്നിവർ വഴിയാണ് കെപിസിസിയുടെ അഭ്യർത്ഥന രാഹുലിനു കൈമാറിയതെന്ന് ഉമ്മൻ ചാണ്ടി 'മനോരമ'യോടു പറഞ്ഞതായും വാർത്ത വരുന്നു. അതായത് കേരളത്തിലെ കെപിസിസിയുടെ തീരുമാനം ഡൽഹിയിൽ എത്തുന്നതിന് മുമ്പ് രാഹുലിന്റെ മനസ്സിൽ വയനാട് ഇല്ലെന്ന് വരുത്താനാണ് ഇതെല്ലാം. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ നയിക്കുന്നത് താനാണെന്ന് വരുത്തുകയാണ് ഉമ്മൻ ചാണ്ടി. യഥാർത്ഥത്തിൽ വിശ്വസ്തനായ സിദ്ദിഖ് മത്സരിച്ചില്ലെങ്കിൽ പ്രചരണത്തിനില്ലെന്ന് ഭീഷണിപ്പെടുത്തി ഐ ഗ്രൂപ്പിന്റെ സീറ്റ് തട്ടിയെടുത്ത ഉമ്മൻ ചാണ്ടിക്കുള്ള പണിയായിരുന്നു രാഹുലിന്റെ സ്ഥാനാർത്ഥിത്വം.

സിദ്ദിഖിനെ മത്സരിപ്പിക്കാതിരിക്കാൻ വേണ്ടി കൂടിയാണ് കെസി രാഹുലിനോട് വയനട് സീറ്റിന്റെ കാര്യം പറയുന്നത്. ഇക്കാര്യം ആൻണിയുമായി ചർച്ച ചെയ്തു. അതീവ രഹസ്യമായി സൂക്ഷിക്കാനും നിർദ്ദേശിച്ചു. എന്നാൽ സിദ്ദിഖിന് സീറ്റ് പോകുമെന്ന ആധിയിൽ പത്തനംതിട്ടയിൽ വച്ച് എല്ലാം ഉമ്മൻ ചാണ്ടി പരസ്യമാക്കി. സിദ്ദിഖിനെ സമാധാനിപ്പിക്കാൻ തീരുമാനം സിദ്ദിഖിന്റേതുമാക്കി. അങ്ങനെ വലിയ ഗ്രൂപ്പ് കളിയാണ് ഉമ്മൻ ചാണ്ടി നടത്തിയത്. ഏറെ പാടുപെട്ട് ഐ ഗ്രൂപ്പിൽ നിന്ന് പിടിച്ചെടുത്ത സംഘടമാണ് പത്തനംതിട്ട കോടതിക്ക് മുമ്പിൽ ഉമ്മൻ ചാണ്ടി പത്രക്കാരോട് പറഞ്ഞത്. വാർത്ത പുറത്തായതോടെ ഉമ്മൻ ചാണ്ടിയെ തേടി നിലയ്ക്കാതെ ഫോൺ വിളികളെത്തി. എ.കെ. ആന്റണിയെ അങ്ങോട്ടു വിളിച്ച്, രഹസ്യം പുറത്തു പറഞ്ഞതായി അറിയിച്ചു. വാർത്തയുടെ ഞെട്ടലിൽ സംസ്ഥാന നേതാക്കളുടെ ഫോൺ വിളികളായി. എല്ലാവരോടും കേരളത്തിൽ തന്നെ രാഹുൽ മൽസരിക്കുമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പിച്ചു പറഞ്ഞു.

ഉമ്മൻ ചാണ്ടി പറഞ്ഞതിനു പിന്നാലെ കോട്ടയത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഹുലിന്റെ കാര്യത്തിൽ സ്ഥിരീകരണം നൽകി. വൈകാതെ ടി. സിദ്ദിഖ് പിന്മാറുന്നുവെന്ന പ്രഖ്യാപനം കൂടി നടത്തി. ഉച്ചയ്ക്കു രണ്ടരയ്ക്കു വടകരയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വയനാട്ടിൽ രാഹുൽ തന്നെ എന്ന സൂചന നൽകി. വയനാട്ടിൽ രാഹുലിനെ മത്സരിപ്പിക്കാൻ വേണുഗോപാലാണ് താൽപ്പര്യം കാട്ടിയത്. ഇത് നേതാക്കൾക്ക് മുമ്പിൽ അവതരിപ്പിച്ചു. രാവിലെ കേന്ദ്ര, സംസ്ഥാന നേതാക്കൾ വയനാടിന്റെ കാര്യത്തിൽ തിരക്കിട്ട ചർച്ചകളിലേർപ്പെട്ടു. മുതിർന്ന നേതാവ് എ.കെ. ആന്റണിയാണ് ഇതിനു മുൻകൈ എടുത്തത്. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക് എന്നിവരും സംസ്ഥാന നേതാക്കളുമായി സംസാരിച്ചു. വയനാടുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും എഐസിസി ശേഖരിച്ചിട്ടുണ്ട്. അതിന് ശേഷമാണ് കെപിസിസിയെ കാര്യങ്ങൾ അറിയിച്ചതും. രാഹുൽ മത്സരിക്കണമെന്ന നിർദ്ദേശം എഴുതി വാങ്ങുകയും ചെയ്തു.

വയനാട്ടിലേക്ക് ടി. സിദ്ദിഖിന്റെ പേര് തീർപ്പാക്കിയെങ്കിലും വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഹൈക്കമാൻഡ് നീട്ടികൊണ്ടുപോയതിൽ ആദ്യം സംസ്ഥാന നേതൃത്വത്തിന് അസ്വാഭാവികത തോന്നിയിരുന്നില്ല. എന്നാൽ, വെള്ളിയാഴ്ചത്തെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും വടകരയും വയനാടും ഉൾപ്പെടാഞ്ഞതു മുതലാണ് സംസ്ഥാന നേതാക്കൾക്ക് അസ്വാഭാവികത തോന്നിത്തുടങ്ങിയത്. ഇതിനിടെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കാതെ വടകര, വയനാട് മണ്ഡലങ്ങളിൽ സ്ഥനാർഥികളാകാൻ സാധ്യതയുള്ളവർ പ്രചാരണം തുടങ്ങിയതിൽ എ.ഐ.സി.സി. അതൃപ്തിയും പ്രകടിപ്പിച്ചു. വയനാട്ടിൽ രാഹലിന്റെ താൽപ്പര്യമായിരുന്നു ഇതിന് കാരണം. ജയസാധ്യതയ്ക്കുപുറമേ മൂന്ന് സംസ്ഥാനങ്ങളിൽ രാഹുൽ മത്സരിക്കുന്നതിന്റെ ഗുണം കിട്ടുമെന്ന വിലയിരുത്തലും വയനാട് തിരഞ്ഞെടുത്തതിന്റെ പിന്നിലുണ്ട്. അതേസമയം, ബിജെപിയുമായി നേരിട്ട് പോരാടുന്ന കോൺഗ്രസ് അവരുമായി മത്സരംനടക്കുന്ന മണ്ഡലത്തിലല്ലേ മത്സരിക്കേണ്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്. മണ്ഡലത്തിന്റെ സുരക്ഷിതത്വവും വയനാട് തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിച്ചിട്ടുണ്ടെന്നതാണ് ഇതിനുള്ള മറുപടി.

അമേഠിക്കു പുറമെ രണ്ടാമതൊരു മണ്ഡലത്തിൽ കൂടി രാഹുൽ മൽസരിക്കണമെന്ന ആവശ്യം ദേശീയ നേതൃത്വത്തിൽ സജീവ ചർച്ചയായതിനു പിന്നിൽ പല കാരണങ്ങളാണുള്ളത്. രാഹുലിനെതിരെ അമേഠിയിൽ സർവശക്തിയുമുപയോഗിക്കുന്ന ബിജെപിയുടെ ഭീഷണിക്കു പുറമെ, മണ്ഡലത്തിൽ സ്വാധീനമുള്ള മായാവതിയുടെ ബി എസ്‌പി കാലുവാരുമോ എന്ന സംശയവും കോൺഗ്രസിനുണ്ട്. അമേഠിയിലും സോണിയ ഗാന്ധി മൽസരിക്കുന്ന റായ്ബറേലിയിലും സ്ഥാനാർത്ഥികളെ നിർത്തില്ലെന്നു എസ്‌പി - ബിഎസ്‌പി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മായവതിക്ക് താൽപ്പര്യം പ്രധാനമന്ത്രി കസേരയാണ്. അതുകൊണ്ട് തന്നെ രാഹുലിനെ തോൽപ്പിക്കാൻ സാധ്യതയുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് കെസി വേണുഗോപാൽ വയനാട്ടിലെ സാധ്യത ഉയർത്തിയത്. ഇത് രാഹുലും അംഗീകരിക്കുകയായിരുന്നു.

ലോക്സഭാ ഗ്രൂപ്പുകളികളിൽ അന്തിമ വിജയം വിശാല ഐ നേടുന്നു. വയനാട് ലോക്സഭാ സീറ്റിൽ എംഐ ഷാനവാസായിരുന്നു രണ്ട് തവണ ജയിച്ചത്. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പിന്റെ സീറ്റായിരുന്നു വയനാടിലേത്. ഷാനവാസിന്റെ മരണത്തോടെ വയനാട്ടിൽ സിറ്റിങ് എംപി ഇല്ലാതെയായി. ഈ അവസരം മുതലെടുത്ത് തന്റെ അതിവിശ്വസ്തനായ ടി സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കാൻ ഉമ്മൻ ചാണ്ടി കരുക്കൾ നീക്കി. ഷാനിമോൾ ഉസ്മാന് വേണ്ടി വയനാട് കണ്ടുവച്ച രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും നിരാശരായി. ഉമ്മൻ ചാണ്ടി പക്ഷം വിജയം ആഘോഷിച്ചു. ഇതിനെ തുറുപ്പു ഗുലാനിറക്കി വെട്ടുകയാണ് കെസി വേണുഗോപാൽ ചെയ്യുന്നത്. അമേഠിയിൽ മാത്രമായിരുന്നു മുൻകാലങ്ങളിൽ രാഹുൽ മത്സരിച്ചിരുന്നത്. എന്നാൽ കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി അമേഠിയിൽ അതിശക്തമായ മത്സരത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ കൂടെ രാഹുൽ മത്സരിക്കുന്നത്. രാഹുലിനായി സുരക്ഷിത സീറ്റ് കണ്ടെത്താനുള്ള ചുമതല കെസിക്കുണ്ടായിരുന്നു.

വയനാട് അതിസുരക്ഷിതമാണെന്ന് രാഹുലിനെ കെസി അറിയിച്ചു. കണക്കുകൾ നിരത്തി ബോധ്യപ്പെടുത്തി. വയനാട്ടിൽ പോകാതെ തന്നെ ജയിക്കാമെന്നും അറിയിച്ചു. ഇതും രാഹുലിന് ബോധ്യപ്പെട്ടു. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് തരംഗം ആഞ്ഞടിക്കാൻ കൂടി ഇതിലൂടെ കഴിയുമെന്ന് കെസി രാഹുലിനെ ബോധ്യപ്പെടുത്തി. ഇതോടെ വയനാട് രാഹുൽ സ്ഥാനാർത്ഥിയാകുന്നു. അങ്ങനെ വയനാട് നിന്ന് ടി സിദ്ദിഖിനെ പുറത്താക്കുകയാണ് കെസിയും രമേശ് ചെന്നിത്തലയും. വയനാട്ടിൽ സിദ്ദിഖിനെ മാത്രമേ അംഗീകരിക്കൂവെന്ന പറഞ്ഞ ഉമ്മൻ ചാണ്ടിയും രാഹുലിന്റെ വരവോടെ വെട്ടിലാവുകയാണ്. കെസിയും ചെന്നിത്തലയും കളിച്ച കളിയിലും നിരാശരനാകാതെ രാഹുലിന് വേണ്ടി പ്രവർത്തിക്കാൻ സിദ്ദിഖിനെ സജ്ജമാക്കുകയാണ് ഉമ്മൻ ചാണ്ടി.

ചാലക്കുടിയിൽ ബെന്നി ബെഹന്നാനും പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കും സീറ്റുറപ്പിച്ച ഉമ്മൻ ചാണ്ടി വടകരയിൽ കെ മുരളീധരനേയും കാസർഗോട്ട് രാജ്‌മോഹൻ ഉണ്ണിത്താനേയും കൊണ്ടു വന്ന് ഗ്രൂപ്പ് കളികളിൽ താരമായിരുന്നു. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എന്ന ശിഷ്യനും സീറ്റുറപ്പിച്ചു. എന്നാൽ രമേശ് ചെന്നിത്തലയുടെ അതിവിശ്വസ്തനായ ജോസഫ് വാഴയ്ക്കന് പോലും സീറ്റ് ലഭിച്ചില്ല. ഇത് ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും ക്ഷീണമായി. ദേശീയ തലത്തിൽ ഐ ഗ്രൂപ്പിൽ നിന്നുള്ള കെസി വേണുഗോപാലുണ്ടായിട്ടും ഇത് സംഭവിച്ചത് വിശാല ഐയ്ക്ക് മുഴുവൻ നാണക്കേടുമായി. എന്നാൽ വടകരയിലും വയനാട്ടിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കെസി പിടിച്ചു വച്ചു. ഇതിന് ശേഷം രാഹുലിനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. വയനാട്ടിലെ സുരക്ഷിത സ്ഥാനാർത്ഥിയായി രാഹുലിനെ കെസി കൊണ്ടു വന്നു. ഇതോടെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ചെന്നിത്തലയും കെസിയും നേട്ടമുണ്ടാക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP