Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറെ വിയർത്ത് നേടിയ സ്ഥാനാർത്ഥിത്വം നഷ്ടമാകുമെന്ന് അറിഞ്ഞത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിയാകവെ; പത്രസമ്മേളനത്തിൽ വികാര നിർഭരമായി തീരുമാനം സ്വാഗതം ചെയ്തപ്പോഴും ആറ്റുനോറ്റുണ്ടാക്കിയ സീറ്റ് നഷ്ടമായതിന്റെ വേദന വാക്കുകൾക്കിടയിൽ വായിച്ചെടുത്ത് സോഷ്യൽ മീഡിയ; രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്ന ഇടതുപക്ഷം എതിർ സ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്ന ചോദ്യം ഉന്നയിച്ച് സിദ്ദിഖിന്റെ പിന്മാറ്റം

ഏറെ വിയർത്ത് നേടിയ സ്ഥാനാർത്ഥിത്വം നഷ്ടമാകുമെന്ന് അറിഞ്ഞത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിയാകവെ; പത്രസമ്മേളനത്തിൽ വികാര നിർഭരമായി തീരുമാനം സ്വാഗതം ചെയ്തപ്പോഴും ആറ്റുനോറ്റുണ്ടാക്കിയ സീറ്റ് നഷ്ടമായതിന്റെ വേദന വാക്കുകൾക്കിടയിൽ വായിച്ചെടുത്ത് സോഷ്യൽ മീഡിയ; രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്ന ഇടതുപക്ഷം എതിർ സ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്ന ചോദ്യം ഉന്നയിച്ച് സിദ്ദിഖിന്റെ പിന്മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വയനാട് കിട്ടിയതിന്റെ ആവേശത്തിലായിരുന്നു ടി സിദ്ദിഖ്. മലബാറുകാരല്ലാത്ത ആരും വയനാട് മത്സരിക്കരുതെന്ന ചർച്ച സജീവമാക്കിയാണ് വയനാട് സിദ്ദിഖ് ഏതാണ്ട് സ്വന്തമാക്കിയത്. അതിവിശ്വസ്തനായ സിദ്ദിഖിന് വേണ്ടി അരയും തലയും മുറുക്കി ഉമ്മൻ ചാണ്ടി കളം നിറഞ്ഞു. അങ്ങനെ ആദ്യമായി ജയം ഉറപ്പാക്കിയ സീറ്റ് കോഴിക്കോട് ഡിസിസി പ്രസിഡന്റിന് കിട്ടി. ലോക്‌സഭയിലെ കാസർഗോഡൻ തോൽവിയും നിയമസഭയിലെ കുന്ദമംഗലം പരാജയവും മറാക്കാൻ സുവർണ്ണാവസരമായി ഇതിനെ സിദ്ദിഖ് കരുതി. ഇതിനിടെയാണ് ഇടിതീ പോലെ വയനാട് മത്സരിക്കാൻ രാഹുൽ ഗാന്ധി ഡൽഹിയിൽ നിന്ന് പറന്നെത്തുന്നത്. കോൺഗ്രസ് അധ്യക്ഷനായ രാഹുലിന് വേണ്ടി ചിരിച്ച മുഖത്തോടെ പിന്മാറുമ്പോഴും സിദ്ദിഖിന്റെ ഉള്ളു പിടയുകയാണ്. വയനാടിന്റെ സ്ഥിരം എംപിയാകാനുള്ള സുവർണ്ണാവസരമാണ് സിദ്ദിഖിന് നഷ്ടമാകുന്നത്.

രാജ്യത്ത് തന്നെ കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് വയനാട്. മുസ്ലിം ലീഗിന്റെ സംഘടനാ കരുത്തും ഇതിന് കാരണമാണ്. അതിനാൽ വയനാട് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നവരെ തോൽപ്പിക്കക പ്രയാസമേറിയ കാര്യമാണ്. ഇത് മനസ്സിലാക്കിയാണ് 18ഓളം സ്ഥാനമോഹികൾ വയനാട് സീറ്റിനായി എത്തിയത്. ഇവരിൽ സിദ്ദിഖും ഷാനി മോൾ ഉസ്മാനും തമ്മിലായി മത്സരം. ഉമ്മൻ ചാണ്ടിയുടെ കടുംപിടിത്തം എല്ലാം സിദ്ദിഖിന് അനുകൂലമായി. എന്നാൽ വയനാട്ടെ സീറ്റ് എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല. രണ്ട് ദിവസം വൈകി. അപ്പോഴും എല്ലാം സാങ്കിതകമെന്ന് വിശ്വസിച്ച് പ്രചരണത്തിൽ സിദ്ദിഖ് സജീവമായി. വോട്ട് അഭ്യർത്ഥിച്ച് ഇന്നും ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു. തെരഞ്ഞെടുപ്പ് കൺവെൻഷനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് രാഹുലിന്റെ വരവ്. ഇതോടെ സിദ്ദിഖിന് ജയം ഉറച്ച ലോക്‌സഭാ മണ്ഡലം കൈവിടുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പു വരെ ഇനി സിദ്ദിഖിന് കാത്തിരിക്കേണ്ട അവസ്ഥയും വന്നേക്കാം.

ഏറെ വിയർത്ത് നേടി സ്ഥാനാർത്ഥിത്വം നഷ്ടമാക്കുമെന്ന് സിദ്ദിഖ് അറിഞ്ഞത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുകയായിരുന്നു. പത്രസമ്മേളനം നടത്തി വികാര നിർഭരമായി തീരുമാനം സ്വാഗതം ചെയ്തപ്പോഴും ആറ്റുനോറ്റുണ്ടായ സീറ്റ് നഷ്ടമായതിന്റെ വേദി വാക്കുകൾക്കിടയിൽ വായിച്ചെടുത്ത് സോഷ്യൽ മീഡിയും സജീവമാകുന്നു. സിദ്ദിഖിന്റെ വാക്കുകളിൽ ഇടർച്ചയുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്ന ഇടതുപക്ഷവും എതിർ സ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്ന ചോദ്യം ഉന്നയിച്ചാണ് സിദ്ദിഖിന്റെ പിന്മാറ്റം. മോദിക്കെതിരെ വിശാല പ്രതിപക്ഷം ഉയർത്തിക്കാട്ടുന്ന പ്രധാനമന്ത്രിയാണ് രാഹുൽ ഗാന്ധി. അതുകൊണ്ട് തന്നെ സിപിഐ സ്ഥാനാർത്ഥിയെ ഇടതുപക്ഷം പിൻവലിക്കണമെന്നാണ് ആവശ്യം. ഏതായാലും സിദ്ദിഖ് തന്നെയാകും രാഹുലിന്റെ പ്രചരണത്തിന് ചുക്കാൻ പിടിക്കുക. ഇതിലൂടെ രാഹുലുമായി വ്യക്തിബന്ധം ഉണ്ടാക്കാൻ സിദ്ദിഖിന് കഴിയും. ഇത് മാത്രമാണ് സീറ്റ് നഷ്ടമാകുമ്പോഴും സിദ്ദിഖിനുള്ള ആശ്വാസം.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഡൽഹിയിൽ നടന്നത് നാടകീയനീക്കങ്ങളായിരുന്നു. അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സീറ്റിൽ രാഹുൽഗാന്ധി മത്സരിക്കണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നുവെങ്കിലും ഏത് മണ്ഡലമാണെന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. ഇതിനിടെയാണ് ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ ഏറ്റവും സുരക്ഷിത മണ്ഡലമായ വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കണമെന്ന് ഹൈക്കമാൻഡിൽ നിർദ്ദേശം വന്നത്. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന ഹൈക്കമാൻഡ് തീരുമാനം ഡൽഹിയിൽനിന്ന് എ.കെ. ആന്റണിയാണ് സംസ്ഥാനനേതൃത്വത്തെ അറിയിച്ചത്. കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ഫോണിൽ ചർച്ച നടത്തി. പിന്നീട് ടി. സിദ്ദിഖുമായി ഉമ്മൻ ചാണ്ടി സംസാരിച്ചിരുന്നു. സിദ്ദിഖിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ അദ്ദേഹം രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ സമ്മതം അറിയിച്ചാൽ പിന്മാറേണ്ടിവരുമെന്നും സൂചിപ്പിച്ചു. ഇത് സിദ്ദിഖിന് നൽകിയത് നിരാശയായിരുന്നു. എങ്കിലും അത് പുറത്തുകാട്ടാൻ സിദ്ദിഖിന് കഴിയില്ല. രാഹുലാണ് സ്ഥാനാർത്ഥിയാണെന്നതാണ് ഇതിന് കാരണം.

സിദ്ദിഖിനെ സ്ഥിതിഗതികൾ അറിച്ചതിന് പിന്നാലെയാണ് രാഹുൽഗാന്ധി കേരളത്തിൽ മത്സരിച്ചേക്കുമെന്ന സൂചനയുമായി ഉമ്മൻ ചാണ്ടി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. രാഹുൽഗാന്ധി മത്സരിക്കണമെന്ന് കെപിസിസിയും നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തുനിൽക്കുകയാണെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളെ അറിയിച്ചു. അന്തരിച്ച കോൺഗ്രസ് എംപി. എം.ഐ. ഷാനവാസ് ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ വയനാട്ടിൽനിന്ന് ലോക്സഭയിലെത്തിയത്. രണ്ടാംതവണ ജനവിധി തേടിയിറങ്ങിപ്പോഴും യാതൊരു പ്രതിസന്ധികളുമില്ലാതെയാണ് അദ്ദേഹം 2014-ൽ ജയിച്ചുകയറിയത്. ഈ കണക്കുകൾതന്നെയാണ് രാഹുൽഗാന്ധിക്ക് വേണ്ടി വയനാട് തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡിന് പ്രചോദനമായത്. അമേഠിക്ക് പുറമേ വയനാട്ടിൽ മത്സരിക്കുമ്പോൾ പ്രചാരണത്തിനായി വയനാട്ടിൽ ഏറെസമയം ചെലവിടേണ്ടിവരില്ലെന്നും കോൺഗ്രസ് ദേശീയനേതൃത്വം കണക്കുക്കൂട്ടുന്നു. ഇതോടെ ജയം ഉറപ്പിച്ച സീറ്റ് സിദ്ദിഖിന് നഷ്ടമായി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചാൽ പിന്മാറാൻ തയ്യാറാണെന്നും അദ്ദേഹത്തിന്റെ പ്രചാരണ ചുമതല ഏറ്റെടുക്കുന്നുവെന്നും സിദ്ദീഖ് പരസ്യമായി പറയുകയും ചെയ്തു.

രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാൻ കേരളത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സുവർണ്ണാവസരമാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ലഭ്യമാക്കുന്നത്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വയനാട്ടിലെ ജനങ്ങൾക്ക് അനന്ത വികസന സാധ്യകൾ തുറക്കുമെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു. മോദി ഭരണകൂടത്തെ താഴെയിറക്കാനുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ കൊടുക്കുമെന്ന് പറയുന്ന ഇടതുപക്ഷം അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം വയനാട്ടിൽ തീരുമാനിച്ചാൽ എതിർസ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്നും ടി സിദ്ദിഖ് ചോദിച്ചു. 'ഇന്ത്യയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വയനാട്ടിലെ ജനത രാഹുൽ ഗാന്ധിയെ വിജയിപ്പിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വയനാട് പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ട ഒരാളാണ് ഞാൻ. രാഹുൽ ഗാന്ധിക്ക് വേണ്ടി മത്സരരംഗത്ത് നിന്ന് മാറാനും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുള്ള അവസരം കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ അഭിമാനകരമാണ്. ഇതിനേക്കാൾ വലിയ അംഗീകാരം ഒരു കോൺഗ്രസ്സ് പ്രവർത്തകനും ലഭിക്കില്ലെന്നും സിദ്ദിഖ് പറഞ്ഞു.

ഒരുപാട് വികസന മേഖലകളിലേക്ക് കടന്നു പോകേണ്ട മേഖലയാണ് വയനാട്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വയനാട്ടിലെ ജനങ്ങൾക്ക് അനന്ത വികസന സാധ്യകൾ തുറക്കും. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണിയുടെ പ്രവർത്തകർ വിശ്വസ്ത പ്രചാരകരായി മുന്നോട്ടു പോവും. വൈകുന്നേരം മുക്കത്ത് പാർലമെന്റ് കൺവെൻഷൻ നടക്കുന്നുണ്ട്. രാഹുൽ ഗാന്ധി മത്സരിക്കണമെന്ന യുഡിഎഫ് പ്രവർത്തകരുടെ ആവശ്യം ഞങ്ങൾ ആ കൺവെൻഷനിൽ ഉന്നയിക്കും. രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാൻ കേരളത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സുവണ്ണാവസരമാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ലഭ്യമാക്കുന്നത്. ഇത് കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇതിന്റെ ശക്തമായ അലയൊലികൾ ഉണ്ടാവും', ടി സിദ്ദിഖ് പറഞ്ഞു.

കോഴിക്കോട് ദേവഗിരി കോളേജിലും കോഴിക്കോട് ലോ കോളേജിലും കെ എസ് യു നേതാവും, യൂണിയൻ ചെയർമാനുമായിരുന്നു സിദ്ദിഖ്. ഇ കാലിക്കറ്റ് സർവ്വകലാശാലയിൽ സെനറ്റ് മെംബറായിരിന്നിട്ടുണ്ട്. 2007 മുതൽ 2009 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു ടി സിദ്ദിഖ്. യൂത്ത് കോൺഗ്രസിനെ അതിന്റെ പ്രതാപ കാലത്തേക്ക് തിരിച്ച് കൊണ്ട് പോകാൻ ടി സിദ്ദിഖിനു സാധിച്ചു. 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ കാസർകോട് ലോക്‌സഭ മണ്ഡലത്തിലും നിന്നും വേണ്ടി മൽസരിച്ചു. 2016 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽ നിന്നും മൽസരിച്ചു തോറ്റു. ഇപ്പോൾ കോഴിക്കോട് ഡിസിസി പ്രസിഡന്റാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP