Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആപ്പിളിനേയും സാംസങിനേയും വെല്ലുന്ന മൊബൈൽ കേരളത്തിൽ ഇറക്കുമെന്ന് വീമ്പിളക്കിയ നുണയൻ; കൊറിയയിലും ചൈനയിലും 10,000 കോടിയുടെ ഫാക്ടറി തുടങ്ങിയെന്ന് പത്രങ്ങളിൽ പരസ്യം കൊടുത്ത പ്രാഞ്ചിയേട്ടൻ; വിവിധ ബാങ്കുകളേയും സ്ഥാപനങ്ങളേയും പറ്റിച്ച കേസിലെ പ്രതി; ജീവനക്കാരുടെ പരാതിയിൽ കുടുങ്ങിയ മുതലാളി; ബിഡിജെഎസിന്റെ പേരിൽ വയനാട്ടിൽ മത്സരിക്കാൻ ഇറങ്ങുന്ന ആന്റോ അഗസ്റ്റിന്റെ ഭൂതകാലം തെരഞ്ഞ് വിവാദമാക്കി ബിജെപി പ്രവർത്തകർ; നാണമില്ലേ ശ്രീധരൻ പിള്ളേ ഈ കച്ചവടത്തിന് കൂട്ടു നിൽക്കാൻ?

ആപ്പിളിനേയും സാംസങിനേയും വെല്ലുന്ന മൊബൈൽ കേരളത്തിൽ ഇറക്കുമെന്ന് വീമ്പിളക്കിയ നുണയൻ; കൊറിയയിലും ചൈനയിലും 10,000 കോടിയുടെ ഫാക്ടറി തുടങ്ങിയെന്ന് പത്രങ്ങളിൽ പരസ്യം കൊടുത്ത പ്രാഞ്ചിയേട്ടൻ; വിവിധ ബാങ്കുകളേയും സ്ഥാപനങ്ങളേയും പറ്റിച്ച കേസിലെ പ്രതി; ജീവനക്കാരുടെ പരാതിയിൽ കുടുങ്ങിയ മുതലാളി;  ബിഡിജെഎസിന്റെ പേരിൽ വയനാട്ടിൽ മത്സരിക്കാൻ ഇറങ്ങുന്ന ആന്റോ അഗസ്റ്റിന്റെ ഭൂതകാലം തെരഞ്ഞ് വിവാദമാക്കി ബിജെപി പ്രവർത്തകർ; നാണമില്ലേ ശ്രീധരൻ പിള്ളേ ഈ കച്ചവടത്തിന് കൂട്ടു നിൽക്കാൻ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 3000 കോടി മുടക്കി ആപ്പിളിനെ വെല്ലുന്ന സ്മാർട്ട് ഫോൺ എന്നു പറഞ്ഞ് തട്ടിപ്പിന് പദ്ധതിയിട്ട അഗസ്റ്റിൻ സഹോദരന്മാർ വീണ്ടുമൊരു തട്ടിപ്പിന്. വിശ്വാസ്യത നേടിയെടുക്കാൻ രാഷ്ട്രീയത്തിൽ ഇറങ്ങാനാണ് പദ്ധതി. ഇതിന് കുടപടിക്കുന്നത് ബിജെപിയാണ്. ബിഡിജെഎസിന് അനുവദിച്ച വയനാട് സീറ്റിൽ തട്ടിപ്പിന് നേതൃത്വം കൊടുത്തവരിൽ പ്രമുഖനായ ആന്റോ അഗസ്റ്റിൻ തന്നെ മത്സരിക്കുമെന്നാണ് സൂചന. എൻ ഡി എ സ്ഥാനാർത്ഥിയായി ആന്റോ അഗസ്റ്റിൻ എത്തുന്നതിൽ ബിജെപി അണികൾ അമർഷത്തിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് 75,000 വോട്ടാണ് കിട്ടിയത്. ഇവിടെ ബിസിനസ്സിലെ കള്ളത്തരം കാരണം നഷ്ടമായ ഇമേജ് തിരിച്ചു പിടിക്കാൻ ഇറങ്ങുകയാണ് ആന്റോ അഗസ്റ്റിൻ. ബിഡിജെഎസിന്റെ പേയ്‌മെന്റ് സീറ്റാണിതെന്ന വിർശനവും ശക്തമാണ്. തട്ടിപ്പുകാരാണെന്ന് അറിഞ്ഞിട്ടു തന്നെയാണ് അഗസ്റ്റിൻ സഹോദരന്മാരിൽ പ്രധാനിയായി ആന്റോയ്ക്ക് സീറ്റ് നൽകുന്നത്. ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും ഇതിന് കുട പിടിക്കുന്നുവെന്ന ആരോപണം അതിശക്തമാണ്.

അപ്പിളിനെയും സാംസ്ങ്ങിനെയും തോൽപ്പിക്കുന്ന അത്യാധുനിക സ്മാർട്ട് ഫോണുകൾ രംഗത്തിറങ്ങുമെന്ന് പറഞ്ഞാണ് വയനാട് സ്വദേശികളായ റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നീ സഹോദരന്മാർ 2016ൽ രംഗത്തുവന്നത്. ബാങ്കിൽ പണമടക്കാത്തതിന്റെ പേരിൽ അതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവരുടെ വീട് ബാങ്കുകാർ ജപ്തി ചെയതിരുന്നു. ഇങ്ങനെയുള്ളവരാണ് 3000 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാതാക്കളെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. മറുനാടൻ നടത്തിയ അന്വേഷണത്തിൽ ഇവരുടെ തട്ടിപ്പുകൾ എല്ലാം പുറത്തു കൊണ്ടു വന്നിരുന്നു. 2016 മാർച്ചിൽ ആന്റാ അഗസ്റ്റിനും സഹോദരങ്ങളും ചേർന്ന് മാംഗോ എന്ന പേരിൽ മൊബൈൽ ഫോൺ വിപണിയിലിറക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പുറത്തിറക്കുന്നതിനു തൊട്ടുമുമ്പ് ബാങ്കിനെ കബളിപ്പിച്ചു പണം തട്ടിയ കേസിൽ ആന്റോയെ അറസ്റ്റ് ചെയ്തിരുന്നു. ആപ്പിളിനെ വെല്ലുന്ന സ്മാർട്ട് ഫോണെന്ന അവകാശവാദവുമായി രംഗത്തത്തെിയ മാംഗോ ഫോൺ ഉടമകൾ ഫ്രാഞ്ചൈസി വഴിയും മറ്റും വൻ തട്ടിപ്പിനാണ് പദ്ധതിയിട്ടത്.

വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്നും ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും അറസ്റ്റിലായിട്ടുണ്ട്. പുതിയ സ്മാർട്ട് ഫോൺ ലോഞ്ചിംഗിന്റെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം മലയാളത്തിലെ മുഴുവൻ മാധ്യമങ്ങൾക്കും നൽകിയിരുന്നു. മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങൾ മുൻപേജിൽ ഫുൾപേജ് പരസ്യവും നൽകി. എന്നാൽ, ഈ മാധ്യമങ്ങളിൽ മിക്കവയ്ക്കും പണം നൽകിയിരുന്നില്ല. ഇതോടെ സ്വയം കബളിപ്പിക്കപ്പെട്ട മാധ്യമങ്ങളും മൗനത്തിലായി. മാധ്യമങ്ങളെ അടക്കം പണം കൊടുക്കാതെ കബളിപ്പിക്കുകയും സംസ്ഥാനത്തുടനീളം നിരവധി പേരെ പറ്റിക്കകുകയും ചെയ്ത ആളുകളാണ് ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും. ലക്ഷങ്ങളുടെ പരസ്യങ്ങൾ നൽകിയതിനാൽ ഈ തട്ടിപ്പുകൾ ആരും വാർത്തയാക്കിയില്ല. ഈ ഘട്ടത്തിലാണ് മറുനാടൻ ഈ ഗ്രൂപ്പിന്റെ കള്ളത്തരം പുറത്തു കൊണ്ടു വന്നത്. ദക്ഷിണ കൊറിയയിലും ചൈനയിലുമായി 10,000 കോടിയുടെ മൊബൈൽ ഫാക്ടറി തുടങ്ങിയെന്നതും കള്ളമാണെന്ന് തെളിഞ്ഞു.

ഇതിനിടെ വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത ഫോൺ മാംഗോ ഫോണെന്ന് പറഞ്ഞ് ഫോൺ പുറത്തിറക്കി. പിന്നീട് ഈ ഫോണിനെ കുറിച്ച് ആരും കേട്ടിരുന്നില്ല. ഫോണിന്റെ ലോഞ്ചിങ് ദിവസം എല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം നൽകി. പക്ഷെ ബാങ്ക് ഓഫ് ബറോഡയുടെ പരാതിയെ തുടർന്ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന എം ഫോൺ ലോഞ്ചിങ് ചടങ്ങിൽ വച്ച് കമ്പനി ഉടമകളായ ജോസ് കുട്ടി അഗസ്റ്റിനെയും ആന്റോ അഗസ്റ്റിനെയും പൊലീസ് അറസ്റ്റു ചെയ്യകയായിരുന്നു. ഇതോടെ ലോഞ്ചിങ് കുളമായി. പിന്നീട് ദുബായിൽ ലോഞ്ചിങ് നടത്തി മുഖം രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ അതും വിജയമായില്ല. ഇതോടെയാണ് രാഷ്ട്രീയത്തിൽ ചുവടു വച്ച് വിശുദ്ധനാകാനുള്ള നീക്കം. കേന്ദ്രത്തിൽ വീണ്ടും മോദി അധികാരത്തിൽ എത്തിയാൽ അതിന്റെ ഗുണഭോക്താകമെന്ന മോഹവുമുണ്ട്. ഇതിനാണ് ബിജെപിയിലെ സംസ്ഥാന നേതാക്കളും ബിഡിജെഎസും കൂട്ടു നിൽക്കുന്നത്.

വയനാട്ടിൽ തുഷാറിന്റെ ബിഡിജെഎസിന് വലിയ സ്വാധീനമോ നേതാക്കളോ ഇല്ല. ഇത് മനസ്സിലാക്കിയാണ് ആന്റോ അഗസ്റ്റിന് മത്സരിക്കാനെത്തുന്നത്. ഇതോടെ ബിസിനസ്സിലെ കളങ്കമെല്ലാം മാറുമെന്നാണ് പ്രതീക്ഷ. മാഗോ ഫോണിന് സമാനമായ തള്ളലുകളോടെ സോഷ്യൽ മീഡിയയിൽ ആന്റോ അഗസ്റ്റിന് വേണ്ടി പ്രചരണമെത്തി. ഇതോടെയാണ് തട്ടിപ്പുകാരൻ എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന സൂചന ബിജെപിക്കാർക്ക് കിട്ടിയത്. ഇതോടെയാണ് പ്രതിഷേധം ശക്തമാകുന്നത്.

തള്ളുകളുടെ എം ഫോൺ

കമ്പനിയുടെ തന്നെ ചൈനയിലെ അത്യാധുനിക നിർമ്മാണ യൂണിറ്റിലാണ് എംഫോൺ ഹാൻഡ്‌സെറ്റുകളുടെ നിർമ്മാണം എന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഈ നിർമ്മാണ യൂണിറ്റ് എവിടെയാണെന്ന് വ്യക്തമാക്കുന്നില്ല. മാത്രമല്ല, ഈ നിർമ്മാണ യൂണിറ്റുകളുടേതായി ഒരു പടം പോലും ഇവർ പുറത്തുവിട്ടിട്ടുമില്ല. കമ്പനിയുടെ റിസേർച്ച് വിഭാഗം കൊറിയയിലാണെന്നും ചൈനയിലെ ഫാക്ടറിയിൽ നിർമ്മിക്കുന്ന ഓരോ എംഫോൺ ഹാൻഡ്‌സെറ്റുകളും നൂറിലധികം സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് വിപണിയിൽ എത്തുന്നതെന്നുമായിരുന്നു മാംഗോക്കാരുടെ അവകാശവാദം. എംഫോൺ 8, എംഫോൺ 7 പ്ലസ്, എംഫോൺ 6, എന്നീ ആണ്ട്രോയിഡ് സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഇറക്കുകയെന്നായിരുന്നു അവകാശവാദം. പിന്നിൽ 21 മെഗാപിക്‌സൽ പിഡിഎഎഫ് ക്യാമറ പിടിപ്പിച്ചാണ് ഫോൺ 8ന്റെ വരവെന്നും ഇവർ അവകാശപ്പെട്ടു. ലോകം അറിയുന്ന ബ്രാൻഡുകൾക്ക് പോലും ഇല്ലാത്ത സവിശേഷതയാണ് സ്വന്തം വീട് ബാങ്കുകാർ ജപ്തി ചെയ്തു കൊണ്ടുപോയ അഗസ്റ്റിൻ സഹോദരന്മാർ മാംഗോ ഫോണിന് ഉണ്ടെന്ന് പറഞ്ഞു നടന്നത്. 17,000 മുതൽ 28,999 രൂപയാണ് ഫോണിന്റെ വില. ലോഹ നിർമ്മിത ബോഡിയുടെ മുന്നിലെ ഹോം ബട്ടണിൽ ഫിംഗർപ്രിന്റ് സെൻസർ ഘടിപ്പിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു.

1920ത1080പിക്സൽ റെസല്യൂഷൻ നൽകുന്ന 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയോട് കൂടിയ എംഫോൺ 8ന് 4ജിബിറാമും, 2.3ജിഗാഹെട്സ് ഡാറ്റകോർ പ്രോസസറുമാണ് കരുത്തേകുന്നത്. വയർലെസ് ചാർജ്ജിങ് സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച്, അതിവേഗത്തിൽ ഫോൺ ചാർജ്ജ് ചെയ്യാൻ കഴിയുന്ന ഇൻഡക്ഷൻ ബേസ്സ് എന്ന ടെക്‌നോളജി എംഫോൺ8-ൽ ഉപയോഗിച്ചുവെന്നാണ് മറ്റൊരു അവകാശവാദം. ഓഫ്‌ളൈൻ വീഡിയോ പ്ലേബാക്ക് നൽകുന്ന 2950 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്,30 മിനിറ്റ് കൊണ്ട് 70% ചാർജ്ജ് സംഭരിക്കാൻ കഴിയുന്ന അടിവേഗ ചാർജ്ജ് സംവിധാനവും ഇതിൽ ഉണ്ട്. എംഫോൺ 8ന് ഒപ്പം വയർലസ്സ് ചാർജ്ജർ സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ എല്ലാമോഡലിനും ഒപ്പം ഓ ടി ജി കേബിളും, ബാക്ക് കവർ, സ്‌ക്രീൻ ഗാർഡ് എന്നിവയും ഉണ്ടാകും. എം ഫോൺ 7പ്ലസ് സെൽഫി പ്രേമികളെ ലക്ഷ്യമിട്ടാണെന്നും സെൽഫി പ്രേമികൾക്കായി തട്ടിവിടുന്നു എന്നുമാണ് ഇവരുടെ അവകാശവാദം. ഇങ്ങനെ മാംഗോഫോണിന്റെ അവകാശവാദങ്ങളുടെ പട്ടിക തന്നെ വളരെ വ്യക്തമായി നീണ്ടുപോകുകയാണ്. എന്നാൽ, ഇത്തരം ഫീച്ചറുകൾക്ക് പിന്നിലെ ഗവേഷകർ ആരെന്നു ചോദിച്ചാൽ കൊറിയയിൽ ഉണ്ടെന്ന് മാത്രമാണ് ഇവരുടെ അവകാശ വാദം.

മാധ്യമങ്ങളെയു പി ആർ ഏജൻസികളെയും വിലയ്‌ക്കെടുത്ത് ഇന്ത്യയിൽ എമ്പോടും ഫ്രാഞ്ചൈസികൾ വഴി പണം പിരിക്കാനും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത് ഫോൺ സ്റ്റിക്കറൊട്ടിച്ച് വിൽക്കാനുമുള്ള പരിപാടികളാണ് അഗസ്റ്റിൻ സഹോദരന്മാർ നടത്തിയത്. കൊച്ചിയിൽ വച്ച് മൊബൈൽ ലോഞ്ച് ചെയ്തപ്പോഴും ചൈനയിൽ നിന്നും വാങ്ങിയ കുറേ ഫോണിൽ കഷ്ടപ്പെട്ട് മാംഗോ ഫോണിന്റെ ലോഗോ പതിപ്പിച്ച് ലോഞ്ചിങ്ങ് ശരിയാക്കിയാണ് പുറത്തിറക്കിയത്. ബ്രാൻഡ് അംബാസിഡർമാർ സച്ചിനും ബച്ചനുമാണെന്നായിരുന്നു നേരത്തെ ഇവരുടെ അവകാശവാദം. എന്നാൽ ഇത് വെറും പൊള്ളയാണെന്ന് വ്യക്തമായയിരുന്നു. പത്ര വാർത്തകളിലൂടെ ഹൈപ്പ് ഉണ്ടാക്കി നാട്ടുകാരിൽ നിന്നും പണം പിരിച്ച ശേഷം ചൈനയിലെ ഏതെങ്കിലും ഒരു വൻകിട കമ്പനിയിൽ പോയി സ്വന്തം ബ്രാന്റിൽ മൊബൈൽ ഫോണുകൾ കുറച്ച് ഇറക്കി കടകളിൽ ഏൽപ്പിച്ച് ലാഭം കൊയ്യാനുള്ള തന്ത്രമായിരുന്നു ഇവരുടേത്.

വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് മർദ്ദിച്ചു, ജപ്തി കഴിഞ്ഞപ്പോൾ ഡ്രൈവറെ ജീപ്പിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചു

നികുതി കുടിശ്ശിക വരുത്തിയതിന്റെ പേരിൽ വയനാട്ടിലെ വീട് ജപ്തി ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും പൂട്ടിയിടുകയും ചെയ്തതിന് മാംഗോ മുതലാളിമാർ അറസ്റ്റിലായിരുന്നു. ഇവരെ അറസ്റ്റു ചെയ്ത ശേഷം വീണ്ടും ജപ്തി നടപടികൾ ഉദ്യോഗസ്ഥർ പിന്നീട് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ അഗസ്റ്റിൻ സഹോദരന്മാരുടെ കലി മുഴുവൻ ജപ്തിക്ക് ശേഷം വീട്ടിലെ സാധന സാമഗ്രികൾ കൊണ്ടുപോയ പാവപ്പെട്ട ഒരു പിക്ക്അപ്പ് ഡ്രൈവർക്കെതിരെയാണ് ഉണ്ടായത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് അനുസരിച്ച് മാംഗോ മുതലാളിമാരുടെ വീട്ടിലെ സാധനങ്ങൾ കൊണ്ടുപോയ മുഹമ്മദ് ഷെജീദിനെ ീപ്പിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്ന കാണിച്ച് ഷെജീദ് പൊലീസിൽ പരാതി നൽകിയിരുന്നു. ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് ഷെജീദിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

2016 സെപ്റ്റംബറിലാണ് സ്വദേശിയായ ഷെജീദിനെതിരെ വധശ്രമം ഉണ്ടായത്. വൈകീട്ട് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോകുന്ന സമയതതാണ് ആന്റോ സഹോദരന്മാർ ഷെജീദിനെ ജീപ്പിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. കെഎൽ. 60.ബി 7331 ജീപ്പിലെത്തിയാണ് ആന്റോ സഹോദരന്മാർ ഷെജീദിനെ ആക്രമിച്ചത്. നാല് പേർ ജീപ്പിലുണ്ടായിരുന്നു. ആന്റോ അഗസ്റ്റിനായിന്നു ഈ സമയം ജീപ്പോടിച്ചിരുന്നതെന്നാണ് ഷെജീദ് നൽകിയ പരാതിയിൽ പറയുന്നത്. ബൈക്കിൽ ഇടിക്കുമെന്ന് ഉറപ്പായതോടെ ഷെജീദ് സൈഡിലേക്ക് ചാടി രക്ഷപെടുകയായിരുന്നു. വീഴ്‌ച്ചയിൽ യുവാവിന് പരിക്കും പറ്റി. തന്റെ അമ്മാവൻ കുഞ്ഞു മൊയ്തീനോട് തന്നെ തട്ടിക്കളയുമെന്ന് ജോസുകുട്ടി അഗസ്റ്റിൻ ഭീഷണിപ്പെടുത്തിയതായും ഷെജീദ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

ഓഗസ്റ്റ് 30ാം തീയതി ആന്റോ അഗസ്റ്റിന്റ് വീട് ഡെപ്യൂട്ടി തഹസിൽദാരും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് ജപ്തിയ ചെയ്തപ്പോൾ സാധനങ്ങൾ കൊണ്ടുപോയത് ഷെജീദിന്റെ വാഹനത്തിലായിരുന്നു. അന്ന് തന്നെ വീട്ടിൽ കയറിയ ഷെജീദിനെ വെറുതേ വിടില്ലെന്ന് മാംഗോ മുതലാളിമാർ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. നേരത്തെ ജപ്തിക്കെത്തിയപ്പോൾ മാംഗോ മുതലാളിമാർ സ്ഥലത്ത് വലിയ പ്രശ്നമാണ് സൃഷ്ടിച്ചത്. ഉദ്യോഗസ്ഥരെ പൂട്ടിയിട്ടും സഹായികളെ കൂട്ടി ഉദ്യോഗസ്ഥരെ കായികമായി നേരിട്ട മാംഗോ മുതലാളിമാരെ അടക്കി നിർത്താൻ വലിയ പൊലീസ് സന്നാഹവും സ്ഥലത്തെത്തുകയുമുണ്ടായി. നാല് വനിതാ പൊലീസുകാരടക്കം ആറ് പൊലീസുകാർക്കും റവന്യു ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ ആന്റോ അഗസ്റ്റിൻ, അമ്മ ഇത്താമ്മ അഗസ്റ്റിൻ, ടെസ്സി റോജി , ഇവരുടെ സഹായികളായ രമേഷ് , ചന്ദ്രൻ , ജനാർദനൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയുമായിരുന്നു.

മീനങ്ങാടി, കമ്പളക്കാട് പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരായ രജിത, സുലോചന, ഐഷ, ഐഷാബി എന്നിവർക്കും ജോസഫ്, ബാബുരാജ് എന്നീ സീനിയർ സിവിൽ പൊലീസ് ഓഫിസർമാർക്കുമാണ് പരിക്കേറ്റത്. നേരത്തെ നടത്തിയ കാർ ബിസിനസ്സുമായി ബന്ധപ്പെട്ടാണു വാണിജ്യനികുതി കുടിശ്ശികയായത്. കാർഷിക നികുതിയും കുടിശ്ശികയുണ്ടായിരുന്നു. നിരവധി തവണ നോട്ടീസ് നൽകിയിട്ടും തുക അടക്കാത്തതിനാലാണു ജപ്തി നടപടികളിലേക്കു നീങ്ങിയത്. സംഘം വീട്ടുമുറ്റത്ത് കടന്നയുടൻ വീട്ടുകാർ ഗേറ്റ് പൂട്ടി ആക്രമി ക്കുകയായിരുന്നു. പിന്നീടു കമ്പളക്കാട് സ്റ്റേഷനിൽനിന്നു കൂടുതൽ പൊലീസ് സ്ഥലത്തെത്തി ഗേറ്റിന്റെ പൂട്ടു തകർത്താണ് റവന്യു, പൊലീസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയത്. തുടർന്ന് ആന്റോ അഗസ്റ്റിയനെ അറസ്റ്റ് ചെയ്തു. പൊലീസ് ജീപ്പിൽ ഇയാൾ പൊലീസുകാരെ ആക്രമിക്കുകയും വയർലെസ് സെറ്റ് തകർക്കുകയും ചെയ്തിരുന്നു.

മാംഗോ മൊബൈൽ ഉടമകളുടെ പേരിൽ കേരളത്തിന് അകത്തും പുറത്തുമായുണ്ടായിരുന്നത് നിരവധി കേസുകൾ

കൂടാതെ നിരവധി ബാങ്കുകളെയും കബളിപ്പിച്ചതിന് ഇവർക്കെതിരെ കേസുണ്ടായിരുന്നു. കൂടാതെ ക്രിമിനൽ കേസുകളും ഇവർക്കെതിരെയുണ്ട്. ഇങ്ങനെയുള്ള ഭൂതകാലം ഉള്ളവരാണ് സച്ചിൻ ടെണ്ടുൽക്കറെയും അമിതാബ് ബച്ചനെയും ബ്രാൻഡ് അംബാസിഡർമാരാക്കി മൊബൈൽ ഫോൺ കമ്പനിയുണ്ടാക്കിയെന്ന് അവകാശപ്പെടുന്നത്. മറുനാടൻ മലയാളി അന്ന് നടത്തിയ അന്വേഷണത്തിലാണ് മാംഗോ മൊബൈൽ കമ്പനി ഉടമകളായ റോജി അഗസ്റ്റിൻ, ജോസൂട്ടി, ആന്റോ അഗസ്റ്റിൻ എന്നവരുടെ പേരിൽ പ്രമുഖ ബാങ്കുകളെ പോലും കബളിപ്പിച്ച കേസിൽ നിയമ നടപടി നേരിടുന്നവരാണെന്ന് വ്യക്തമായിരുന്നു.

ഒരുകാലത്ത് ഒരു പ്രമുഖ ചാനലിൽ ഏറ്റവും കൂടുതൽ പരസ്യം നൽകി പ്രവർത്തിച്ചിരുന്ന ഏഷ്യൻ മോട്ടോഴ്സ് കമ്പനിയും റോജി അഗസ്റ്റിൻ, ജോസൂട്ടി, ആന്റോ അഗസ്റ്റിൻ സഹോദരങ്ങളുടേതായിരുന്നു. ഏഷ്യൻ മോട്ടോഴ്സിന്റെ പരസ്യങ്ങൾ മാധ്യമങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ടു. ഒരു ചാനലിന്റെ സ്ഥിരം പരസ്യദാതാക്കളായിരുന്നു ഇവർ. ഇങ്ങനെ പരസ്യങ്ങളിൽ നിറഞ്ഞു നിന്ന ഈ കമ്പനിക്ക് ഇപ്പോൾ എന്തു സംഭവിച്ചു എന്നുപോലും ആർക്കും അറിവില്ല. ഈ കമ്പനിയെ കൂടാതെ ഏഷ്യൻ ടിമ്പർ ഡിപ്പോ, ഏഷ്യൻ സൂര്യ ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരിൽ കോടികളുടെ സാമ്പത്തിക വെട്ടിപ്പ് കേസുകളാണ് സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഉള്ളത്.

2014ൽ ഇവരുടെ ഉടമസ്ഥതയിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഏഷ്യൻ മോട്ടേഴ്സ് എന്ന കമ്പനിക്കും ഡയറക്ടർമാരിൽ ഒരാളായ ആന്റോ ആഗസ്റ്റിനും എതിരായി കേരള ഹൈക്കോടതിയിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. കളമശ്ശേരി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നും ഇവരുടെ സ്ഥാപനത്തിലേക്ക് വിൽപ്പനക്കായുള്ള വണ്ടികൾ വാങ്ങാനുള്ള ലോണിനായി ഒരു പ്രോപ്പർട്ടി ജാമ്യം കാണിച്ചു കോടികൾ വായ്‌പ്പയെടുത്തു. ഇതോടൊപ്പം ജാമ്യമായി കൊടുത്ത അതേ പ്രോപ്പർട്ടി ജാമ്യം വച്ചു ബാങ്ക് ഓഫ് ബറോഡയിൽ നിന്നും ഇവർ ലോൺ എടുക്കുകയുമായിരുന്നു. ഫലത്തിൽ രണ്ട് ബാങ്കുകളെ മനപ്പൂർവ്വം കബളിപ്പിക്കാൻ ശ്രമിച്ചെന്നതായിരുന്നു ഇവരുടെ പേരിലുള്ള കുറ്റം. ജാമ്യം കൊടുത്ത വണ്ടികൾ തന്നെ റീസെയിലിന് വേണ്ടി വാങ്ങിയതാണെന്നും ബാങ്കുകൾക്ക് വ്യക്തമായിരുന്നു. ഈ കേസ് ഹൈക്കോടതി വരെയാണ് മാംഗോ മൊബൈൽസ് ഉടമകളെ എത്തിച്ചത്.

അവിടം കൊണ്ടും മാംഗോ മൊബൈൽസ് ഉടമകൾക്കെതിരായ കേസുകളുടെ കഥ തീരുന്നില്ല. ബാങ്കുകളെ കബളിപ്പിച്ചെന്ന കേസുകൾ വേറെയും ഇവർക്കെതിരെയുണ്ട്. കാനറാ ബാങ്കിന്റെ കൊച്ചി ബാനർജി റോഡിലുള്ള ബ്രാഞ്ചിൽ സ്ഥലം പണയപ്പെടുത്തിയ ലോൺ തിരിച്ചടയ്ക്കാതിരിക്കുകയാണ് ഇവർ ചെയ്തത്. വയനാട്ടിലെ വസ്തുവിന്റെ പ്രമാണം വച്ച് ലോൺ എടുത്ത ശേഷം പണം തിരിച്ചടയ്കാത്തതിനാൽ ബാങ്ക് അഗസ്റ്റിൻ സഹോദർമാർക്കെതിരെ ജപ്തി നടപടി സ്വീകരിച്ചിരുന്നു. 45 ലക്ഷം ലോൺ എടുത്ത ശേഷം പണം തിരിച്ചയ്ക്കാതെ പലിശ അടക്കം 64 ലക്ഷത്തോളം രൂപ കുടിശ്ശിക വരുത്തി. ഇത് കൂടാതെ ബാങ്കിന് ജപ്തി നടപടി സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ പണയവസ്തു മറ്റൊരു നിയമക്കുരുക്കിലാണെന്ന് ബോധ്യമാകുകയായിരുന്നു. ചുരുക്കത്തിൽ കാനറ ബാങ്കിനെയും കബളിപ്പിക്കുകയാണ് ഇവർ ചെയ്തത്.

ജീവനക്കാരിയെ മർദ്ദിച്ചതിന് ക്രിമിനൽ കേസും

ഇങ്ങനെ ബാങ്കുകളെ കബളിപ്പിച്ചത് കൂടാതെയാണ് ജീവനക്കാരിയെ മർദ്ദിച്ച് അവശയാക്കിയതിന് ക്രിമിനൽ കേസും നിലവിലുള്ളത്. കർണ്ണാടക ഹൈക്കോടതിയിലും ഇവർക്കെതിരെ ക്രിമിനൽ കേസും ഉണ്ടായിരുന്നു. പൂർവകാലത്തിലെ തട്ടിപ്പിന്റെ കഥകളും കമ്പനിയിലെ പൊള്ളത്തരങ്ങളും അറിഞ്ഞതിന്റെ പേരിലാണ് മാംഗോ മൊബൈൽ ഉടമകൾ ജീവനക്കാരിയെ മർദ്ദിച്ചതെന്ന കാര്യം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലും വ്യക്തമാക്കിയിരുന്നു.

പിണറായിയേയും സച്ചിനേയും ബച്ചനേയും പറ്റിച്ചു

നടനും ഇടതു എംഎൽഎയുമായ മുകേഷിന്റെ ബന്ധുക്കളെ മുന്നിൽ നിർത്തി പിണറായിയെ ചതിക്കാനും നീക്കം നടത്തി. മുകേഷിന്റെ ബന്ധുവിന്റെ സ്ഥാപനം എന്ന നിലയിൽ ഓൺലൈൻ പത്രത്തിന്റെ ഉദാഘാടനത്തിന് വരാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഏൽക്കുകയും ചെയ്തു. അതിനിടയിൽ ആവേശം കയറിയ സഖാക്കൾ അഗസ്റ്റിൻ സഹോദരന്മാർ നേരിട്ട് പത്രക്കാരോടും മറ്റും തന്റെ ഓൺലൈൻ പത്രത്തെക്കുറിച്ച പറഞ്ഞതായും ആവരെ ക്ഷണിച്ചതുമാണ് പുലിവാലായത്. ഇവർ നേരിട്ട് രംഗത്തിറങ്ങി പത്രക്കാരെ ക്ഷണിക്കാൻ തുടങ്ങിയതോടെ വിവരം മുഖ്യമന്ത്രിയുടെ ചെവിയിൽ എത്തുകയായിരുന്നു.

ആദിവസം എറണാകുളത്തെ മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി ഈ ഉദ്ഘാടനം ആയിരുന്നു. നടൻ മുകേഷും അഗസ്റ്റിൻ സഹോദരന്മാരുടെ ഉറ്റ സുഹൃത്തായ റിപ്പോർട്ടർ ഉടമ നികേഷ് കുമാറും കെവി തോമസും അടക്കമുള്ള അതിഥികൾ ആണ് എത്തിച്ചേർന്നത്. അഗസ്റ്റിൻ സഹോദരന്മാരാണ് ഇതിന്റെ പിന്നിലെന്ന വിവരം ലഭിച്ച മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം തലേന്നു രാത്രിയിൽ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതോടെ അവസാന നിമിഷം പിണറായിയ പിന്മാറുകയാിരുന്നു. വിവരം മറച്ചുവച്ചതിന് മുകേഷിനോട് മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

മാംഗോ ഫോണുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ അവകാശപ്പെട്ടത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് പേരുകളായ അമിതാഭ് ബച്ചനും സച്ചിൻ ടെണ്ടുൽക്കറും തങ്ങളുടെ ബ്രാൻഡ് അംബാസിഡർമാരാണ് എന്നായിരുന്നു. പത്രവാർത്തകൾ കണ്ട് അമിതാഭ് ബച്ചനെയും സച്ചിൻ തെണ്ടുൽക്കറുടെയും ഓഫീസുകളുമായി മറുനാടൻ ബന്ധപ്പെടുകയുണ്ടായി. മുംബൈയിൽ അറിയപ്പെടുന്ന ബിസിനസ്സ് ജേർണലിസ്റ്റുകളും ഇക്കാര്യത്തിൽ ഞങ്ങളെ സഹായിച്ചു. സച്ചിന്റെ ഓഫീസിൽ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് യാതൊരു ധാരണയുമില്ല എന്നാണ് അറിയിച്ചത്.

സച്ചിൻ സംഗതി അറിഞ്ഞില്ലെങ്കിലും അമിതാബ് ബച്ചന്റെ ഓഫീസ് ചർച്ച നടത്തിയ കാര്യം തള്ളിയതുമില്ല. കൊച്ചിയിലെ പുഷ് എന്ന ഏജൻസി വഴി അമിതാബ് ബച്ചന്റെ ഓഫീസ് മാംഗോ ഫോണുമായി കരാറിൽ ഏർപ്പെട്ടിരുന്നു. ഒമ്പത് കോടി രൂപയാണ് അമിതാബിന് നൽകാമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ഏറ്റത്. അഡ്വാൻസായി 1.9 കോടിയുടെ ചെക്കും നൽകി. എന്നാൽ അമിതാബിന്റെ ഓഫീസ് ഈ ചെക്ക് സമർപ്പിച്ചപ്പോൾ പണം ഇല്ലാത്തതുകൊണ്ട് അത് മടങ്ങുകയാണ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP