Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണ് മോദിക്കൊപ്പം നിൽക്കുന്നതെന്ന് പ്രഖ്യാപിച്ച് ബിജെപിയിൽ ചേർന്ന ഗൗതം ഗംഭീർ ഡൽഹിയിൽ മത്സരിക്കും; രാഹുലിന്റെ വിശ്വസ്തനായ യുവനേതാവ് ജിതിൻ പ്രസാദയും ബിജെപിയിലേക്കെന്ന സൂചന ശക്തം; ബംഗാളിൽ സിപിഎം എംഎൽഎമാർ ഓരോരുത്തരായി ബിജെപിയിലേക്ക്; തിരഞ്ഞെടുപ്പിന് നാളുകൾ അവശേഷിക്കവെ ചാക്കിട്ടുപിടിത്തം ശക്തം

രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണ് മോദിക്കൊപ്പം നിൽക്കുന്നതെന്ന് പ്രഖ്യാപിച്ച് ബിജെപിയിൽ ചേർന്ന ഗൗതം ഗംഭീർ ഡൽഹിയിൽ മത്സരിക്കും; രാഹുലിന്റെ വിശ്വസ്തനായ യുവനേതാവ് ജിതിൻ പ്രസാദയും ബിജെപിയിലേക്കെന്ന സൂചന ശക്തം; ബംഗാളിൽ സിപിഎം എംഎൽഎമാർ ഓരോരുത്തരായി ബിജെപിയിലേക്ക്; തിരഞ്ഞെടുപ്പിന് നാളുകൾ അവശേഷിക്കവെ ചാക്കിട്ടുപിടിത്തം ശക്തം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദി കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ എത്തിയേക്കുമെന്ന പ്രതീക്ഷയിൽ കൂടുതൽ നേതാക്കളും സെലിബ്രിറ്റികളും ദേശീയതലത്തിൽ തന്നെ പാർട്ടിയുടേയും അമിത്ഷായുടേയും ക്ഷണം സ്വീകരിച്ച് പാർട്ടിയിലേക്ക് എത്തുന്നത് ബിജെപിക്ക് ആവേശമാകുന്നു. കഴിഞ്ഞദിവസം പ്രമുഖ ക്രിക്കറ്റ് താരം ഗൗതംഗംഭീറും ബിജെപിയിൽ ചേർന്നതോടെ അദ്ദേഹത്തിന് ഡൽഹിയിൽ തന്നെ സീറ്റ് നൽകാനൊരുങ്ങുകയാണ് പാർട്ടി. സമാന രീതിയിൽ കോൺഗ്രസിൽ നിന്ന് നിരവധി പേർ എത്തുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ തന്നെ വിശ്വസ്തരിൽ ഒരാളായ യുവ നേതാവ് ജിതിൻ പ്രസാദിനെയും ബിജെപിയിലേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ടോം വടക്കൻ ബിജെപിയിൽ ചേർന്നിരുന്നു. സമാന രീതിയിൽ ബംഗാളിൽ നിരവധി സിപിഎം നേതാക്കളും എംഎൽഎമാർ തന്നെയും ബിജെപിയിലേക്ക് എത്തുകയാണ്. ഇവരിൽ മിക്കവർക്കും സീറ്റ് നൽകാനും ബിജെപി ശ്രദ്ധിക്കുന്നു. ഇത്തരത്തിൽ ഓരോ സംസ്ഥാനങ്ങളിലും കൂടുതൽ പേരെ പാർട്ടിയിലേക്ക് എത്തിക്കാൻ അമിത്ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ നീക്കം പലയിടത്തും ഫലിക്കുന്നുമുണ്ട്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചിലയിടത്ത് നേതാക്കളും എംഎൽഎമാരും ബിജെപി വിട്ട് പോയിട്ടുമുണ്ട്. ഇത്തരത്തിൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സീറ്റുറപ്പിക്കാനും അധികാരത്തിൽ എത്താനും ഓരോ പാർട്ടിയിലും സീറ്റ് നിഷേധിക്കപ്പെട്ട സ്ഥാനാർത്ഥികൾ മറ്റു ലാവണങ്ങൾ തേടുന്ന ചിത്രമാണ് തെളിയുന്നത്.

ഗുജറാത്തിൽ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എംഎൽഎമാരുടെ കാലുമാറ്റം. പലരും രാജിവച്ചാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ചവച്ച സംസ്ഥാനമാണ് ഗുജറാത്ത്. മുൻ സ്ഥിതി അപേക്ഷിച്ച് മോദിയുടെ തട്ടകത്തിൽ വലിയ മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. കോൺഗ്രസിന്റെ നേതൃയോഗം രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ ചേരന്ന വേളയിൽ തന്നെ അഞ്ച് കോൺഗ്രസ് എംഎൽമാർ ബിജെപിയിലേക്ക് ചേക്കേറിയത് പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട.

നരേന്ദ്ര മോദിക്ക് നൂറിൽ നൂറുകൊടുത്ത് ഗംഭീർ.

മോദിയുടെ വികസന വീക്ഷണത്തിനു 100 മാർക്കു നൽകിക്കൊണ്ടാണ് ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപിയിൽ എത്തുന്നത്. രാഷ്ട്രീയ ഇന്നിങ്‌സിനു തുടക്കം കുറിക്കുന്ന ക്രിക്കറ്റ് താരം ബിജെപി ടിക്കറ്റിൽ ലോക്‌സഭയിലേയ്ക്കു മത്സരിച്ചേക്കും. ന്യൂഡൽഹി മണ്ഡലത്തിലെ രാജേന്ദ്ര നഗർ സ്വദേശിയാണ്. അതിനാൽ ഡൽഹിയിൽ തന്നെ സീറ്റ് നൽകിയേക്കും ബിജെപി.

ഇന്ത്യക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്ന സ്വപ്നങ്ങൾ ഉജ്വലമെന്നും രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനുള്ള അവസരമാണു തനിക്കു ലഭിക്കുന്നതെന്നും കേന്ദ്ര മന്ത്രിമാരായ അരുൺ ജയ്റ്റ്‌ലി, രവിശങ്കർ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ബിജെപിയിൽ അംഗത്വമെടുത്ത ഗംഭീർ പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വിമർശകനായ ഗംഭീറിനെ ഇവിടെ പ്രചരണായുധമാക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു.

2014 ൽ അരുൺ ജയ്റ്റ്ലി അമൃത്സറിൽ നിന്നു ലോക്‌സഭയിലേയ്ക്കു മത്സരിച്ചപ്പോൾ ഗംഭീറും പ്രചാരണത്തിനിറങ്ങിയിരുന്നു. 2016 ൽ ഇന്ത്യൻ ടീമിൽ നിന്നു വിരമിച്ചപ്പോൾ തന്നെ ബിജെപി ഗംഭീറിനുവേണ്ടി നീക്കം നടത്തിയിരുന്നു. ഗംഭീർ രാജ്യത്തിനു നൽകിയ സംഭാവനകൾ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിനു കത്തെഴുതുകയും ചെയ്തു. ഇന്ത്യയുടെ ഓപ്പണർമാരായിരുന്ന ഗൗതം ഗംഭീറും വിരേന്ദർ സേവാഗും ഒന്നിച്ചു ബിജെപിയിലെത്തുമെന്നായിരുന്നു ആദ്യ വാർത്തകൾ. സേവാഗ് ബിജെപിയുടെ ക്ഷണം നിരസിച്ചതു കൊണ്ടു ഗംഭീറിന്റെ വരവ് ഒറ്റയ്ക്കായി.

രാഹുലിന്റെ സുഹൃത്തും ബിജെപി വലയിൽ

ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ ജിതിൻ പ്രസാദ ബിജെപിയിലേക്കു ചേക്കേറുമെന്ന അഭ്യൂഹം ശക്തമായി. സാങ്കൽപിക ചോദ്യങ്ങൾക്കു മറുപടി പറയാനില്ലെന്നു വ്യക്തമാക്കി അഭ്യൂഹങ്ങൾ പ്രസാദ തള്ളിയെങ്കിലും ഇരു പാർട്ടികളുടെയും അണിയറയിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ് ഇപ്പോൾ.

അഭ്യൂഹങ്ങൾക്കു പിന്നാലെ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും പ്രസാദയുമായി കൂടിക്കാഴ്ച നടത്തി. പ്രസാദ ബിജെപിയിൽ ചേരുമെന്ന പ്രചാരണം അസംബന്ധമാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

യുപിയിൽ കോൺഗ്രസിന്റെ മുൻനിരയിലുള്ള യുവ നേതാവായ പ്രസാദ ഇക്കുറി ധൗരഹരാ മണ്ഡലത്തിൽ പാർട്ടിയുടെ സ്ഥാനാർത്ഥിയാണ്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന പ്രസാദ, ഏതാനും നാളുകളായി അകൽച്ചയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുപിയിൽ ജനറൽ സെക്രട്ടറിയായി സിന്ധ്യയെ നിയോഗിച്ചതിലുള്ള നീരസമാണു കാരണം കോൺഗ്രസ് ഉപാധ്യക്ഷനായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകനാണ് ജിതിൻ.

ബംഗാളിൽ കാലുമാറുന്നത് സിപിഎം നേതാക്കൾ

ബംഗാളിൽ ത്രിപുരയിലേതിന് സമാനമായ അന്തരീക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ സിപിഎമ്മിന് പല നേതാക്കളേയും നഷ്ടമാകുന്നു. കാലുമാറ്റം സജീവമാണെന്നും ഇനിയും സിപിഎമ്മുകാർ പാർട്ടിയിലേക്ക് എത്തുമെന്നും ആണ്് ബിജെപി പറയുന്നത്. ബംഗാളിൽ സിപിഎം വിട്ട എൽഎൽഎ ഖഗന്മുർമു മാൽഡ നോർത്തിൽ ബിജെപി സ്ഥാനാർത്ഥിയാകും. ഹബിബ്പുർ എംഎൽഎയാണ്. ഈയിടെ കോൺഗ്രസ് വിട്ട മൗസം ബേനസിർ നൂർ ആണു ഇവിടെ മമതയുടെ സ്ഥാനാർത്ഥി.

തെലങ്കാനയിലെ മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ ആനന്ദ ഭാസ്‌കർ രാപൊലു കോൺഗ്രസിൽ നിന്നു രാജിവച്ചിരുന്നു 2012-18 കാലത്ത് രാജ്യസഭാംഗമായിരുന്ന അദ്ദേഹം, ടിആർഎസ്, ബിജെപി എന്നിവയിലൊന്നിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്. എൻസിപി മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് ഭാരതി പവാറും കോൺഗ്രസ് നേതാവ് പ്രവീൺ െഛഡയും ബിജെപിയിലേക്കെത്തി.

മുംബൈ മുനിസിപ്പൽ കോർപറേഷനിൽ കോർപറേറ്ററായ ഛെഡ 7 വർഷം മുൻപാണു ബിജെപിയിൽ നിന്നു കോൺഗ്രസിൽ എത്തിയത്. കഴിഞ്ഞ കോൺഗ്രസ്-എൻസിപി സർക്കാരിൽ മന്ത്രിമാരായിരുന്ന ഹർഷവർധൻ പാട്ടീൽ, പ്രതീക് പാട്ടീൽ എന്നിവരും ബിജെപിയിലേക്കു നീങ്ങുമെന്ന അഭ്യൂഹം ശക്തമാണ്. ഹരിയാനയിൽ ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐഎൻഎൽഡി) എംഎൽഎ രൺബിർ ഗംഗ്വ ബിജെപിയിൽ ചേർന്നു. മെയ്‌ 12 നാണു ഹരിയാനയിലെ 10 ലോക്സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP