Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലമുണ്ടിട്ട് ആദ്യം മോസ്‌കിലെത്തിയത് പ്രധാനമന്ത്രി; കറുത്ത തലമുണ്ട് ധരിച്ച് തോക്കേന്തി വനിതാ പൊലീസ്; മതഭേദമന്യേ സർവ്വരും തലമുണ്ട് ധരിച്ച് ഇസ്ലാമിക പ്രാർത്ഥനകൾ ചൊല്ലി; ജോലി സ്ഥലത്തും തെരുവുകളിലും വീടുകളിലും വെള്ളക്കാർ പോലും തട്ടമിട്ട് മുട്ടുകുത്തി കണ്ണീരോടെ പ്രാർത്ഥിച്ചു; ക്രൈസ്റ്റ് ചർച്ച് ദുരന്തം കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ച ഒരു രാജ്യം മുഴുവൻ ഇസ്ലാമിക മൂല്യത്തെ ആദരിച്ചത് ഇങ്ങനെ

തലമുണ്ടിട്ട് ആദ്യം മോസ്‌കിലെത്തിയത് പ്രധാനമന്ത്രി; കറുത്ത തലമുണ്ട് ധരിച്ച് തോക്കേന്തി വനിതാ പൊലീസ്; മതഭേദമന്യേ സർവ്വരും തലമുണ്ട് ധരിച്ച് ഇസ്ലാമിക പ്രാർത്ഥനകൾ ചൊല്ലി; ജോലി സ്ഥലത്തും തെരുവുകളിലും വീടുകളിലും വെള്ളക്കാർ പോലും തട്ടമിട്ട് മുട്ടുകുത്തി കണ്ണീരോടെ പ്രാർത്ഥിച്ചു; ക്രൈസ്റ്റ് ചർച്ച് ദുരന്തം കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ച ഒരു രാജ്യം മുഴുവൻ ഇസ്ലാമിക മൂല്യത്തെ ആദരിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ക്രൈസ്റ്റ്ചർച്ച്: എല്ലാ മതവും പകർന്ന് നൽകുന്നത് നന്മ മാത്രമാണ്. മനുഷ്യനിലെ കറുപ്പ് നീക്കാനുള്ള വഴിയാണ് അത്. എന്നാൽ മതഭ്രാന്തന്മാർ അതിനെ മറ്റൊരു തലത്തിൽ വ്യാഖ്യാനിക്കുന്നു. ന്യൂസിലാണ്ടിലെ ക്രൈസ്റ്റ് ചർച്ചിൽ കഴിഞ്ഞ ആഴ്ചയുണ്ടായത് മത ഭ്രാന്തന്റെ ക്രൂരതയാണ്. അതിന് ഒരു മതവും കുറ്റക്കാരല്ല. പരസ്പര ബഹുമാനത്തോടെ കഴിഞ്ഞാൽ എല്ലാ മതങ്ങളും സമാധാനമാകും സമ്മാനിക്കുക. ഈ സന്ദേശമാണ് നടുക്കിയ ഭീകരാക്രമണത്തിന് ഒരാഴ്ചയാകുമ്പോൾ ന്യൂസിലാണ്ട് നൽകുന്നത്. ലോകത്ത് ഏറ്റവും സമാധാനമുണ്ടെന്ന് കരുതുന്ന ഇടമാണ് ന്യൂസിലണ്ട്. ഇവിടെയാണ് മുസ്ലിം പള്ളിയിലേക്ക് ഇരച്ചു കയറി ഒരു ഭീകരൻ തുരുതുരാ വെടിവച്ചത്. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കെത്തിയ ഇസ്ലാം മത വിശ്വാസികൾക്ക് നേരെയായിരുന്നു ആക്രമണം. ഇതിന്റെ കണ്ണീരൊപ്പാനും രാജ്യത്തെ മുസ്ലിം സഹോദരന്മാർക്കൊപ്പമാണ് രാജ്യമെന്ന് തെളിയിക്കാനും ഇന്നലെ എല്ലാവരും ഇസ്ലാം വിശ്വാസ പ്രകാരമുള്ള വെള്ളിയാഴ്ച പ്രാർത്ഥനയുടെ ഭാഗമായി.

കറുത്ത ശിരോവസ്ത്രവും ചുവപ്പു റോസാപ്പൂവുമായി വേദനയുടെ കണ്ണുനീർ തുടച്ചു. ഭീകരാക്രമണത്തിന്റെ മുറിവുകളിൽ സ്‌നേഹലേപനം പുരട്ടിയാണു രാജ്യം ലോകത്തിനു തന്നെ അനുപമ മാതൃകയായത്. ഭീകരാക്രമണം നടന്ന ക്രൈസ്റ്റ്ചർച്ചിലെ അൽ നൂർ മസ്ജിദിനു സമീപം ഹാഗ്ലി പാർക്കിൽ ഇന്നലെ നടന്ന ജുമുഅ നമസ്‌കാരത്തിൽ രാജ്യം ഒന്നാകെ പങ്കെടുത്തു. മനസ്സുകൊണ്ടോ സാന്നിധ്യം കൊണ്ടോ ന്യൂസിലണ്ടുകാരെല്ലാം പങ്കാളിയായി. 'ദുഃഖാചരണത്തിൽ നമ്മൾ ഒന്നാണെ'ന്നു പറഞ്ഞ്, ഒത്തൊരുമയുടെ ഹൃദ്യസന്ദേശം പകർന്നു മുന്നിൽനിന്നതു പ്രധാനമന്ത്രി ജസിൻഡ ആർഡേൻ. ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാൻ തലയിൽ കറുത്ത ശിരോവസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രിയും എത്തിയത്. വനിതാ പൊലീസും തട്ടമിട്ടു. ക്രൈസ്തവ വിശ്വാസികൾ പോലും കറുത്ത ശിരോവസ്ത്രം ധരിച്ചെത്തി പങ്കെടുത്തു. അങ്ങനെ ഇസ്ലാമിക ലോകത്തിന് പിന്തുണ അറിയിക്കുകയായിരുന്നു രാജ്യം.

ഓസ്‌ട്രേലിയക്കാരൻ ഭീകരൻ ക്രൈസ്റ്റ്ചർച്ചിലെ 2 മസ്ജിദുകളിലായി നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരുക്കേറ്റവരും ഇന്നലെ പ്രാർത്ഥനയിൽ പങ്കെടുത്തു. പ്രാദേശികസമയം 1.30 നു ബാങ്കുവിളിക്കു ശേഷം രാജ്യം 2 മിനിറ്റ് മൗനമാചരിച്ചു. ഹൃദയം തകർന്നു പോയെങ്കിലും നമുക്കിടയിലെ ഐക്യം തകർന്നിട്ടില്ലെന്ന് അൽ നൂർ മസ്ജിദ് ഇമാം ഗമാൽ ഫൂദ പറഞ്ഞു. അൽ നൂർ മസ്ജിദിനു സമീപം 20000 പേരാണ് പ്രാർത്ഥനയ്ക്ക് എത്തിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരുക്കേറ്റവരും പ്രദേശവാസികളും ഒഴുകിയെത്തുകയായിരുന്നു. ഓക്ലൻഡും വെല്ലിങ്ടനും ഉൾപ്പെടെ നഗരങ്ങളിലും സമാനമായ പ്രാർത്ഥന നടന്നു. ക്രൈസ്റ്റ്ചർച്ചിലെ പ്രാർത്ഥനാചടങ്ങ് രാജ്യവ്യാപകമായി സംപ്രേഷണം ചെയ്തും പൊലീസ് ഉദ്യോഗസ്ഥകളുൾപ്പെടെ ശിരോവസ്ത്രമണിഞ്ഞ് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണു ഭീകരാക്രമണത്തിനിരയായവരെ ജനത ചേർത്തുപിടിച്ചത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇതോടെ അനുബന്ധിച്ച് അനുസ്മരണം നടന്നു.

അൽ നൂർ മസ്ജിദിന്റെ വെടിയുണ്ട തുളച്ച ഭിത്തികളും ചോരക്കറ പുരണ്ട തറയും വൃത്തിയാക്കുന്ന ജോലികൾ പൂർത്തിയായിട്ടില്ല. മസ്ജിദിനു പുറത്ത്, പൂക്കൾ കൊണ്ടുവന്നുവച്ചും മുസ്ലിം സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുത്തും ജനങ്ങൾ സാഹോദര്യം പങ്കിട്ടു. പ്രമുഖപത്രമായ 'ദ് പ്രസ്' ഒന്നാം പേജിൽ സമാധാനം എന്നർഥമുള്ള 'സലാം' എന്ന അറബിക് വാക്കും കൊല്ലപ്പെട്ടവരുടെ പട്ടികയും മാത്രം നൽകിയതും ശ്രദ്ധേയമായി. അങ്ങനെ ക്രൈസ്റ്റ് ചർച്ച് ദുരന്തം കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ച ഒരു രാജ്യം മുഴുവൻ ഇസ്ലാമിക മൂല്യത്തെ ആദരിച്ചാണ് ത്രീവ്രവാദ ആക്രമണത്തിന്റെ മുറിവുണക്കാൻ ശ്രമിച്ചത്. അനുകമ്പയും ആർദ്രതയും നിറഞ്ഞ ഹൃദയവുമായി ആയിരങ്ങളാണ് പ്രാർത്ഥനക്കായി ഒത്തുകൂടിയത്.

ജുമുഅത്തെ നമസ്‌കാരം കാണാനും ഖുത്തുബ കേൾക്കാനും കറുത്ത വസ്ത്രം ധരിച്ച്, ശിരോവസ്ത്രമണിഞ്ഞ് പ്രധാനമന്ത്രി ജസീന്ത ആർഡേനുമെത്തി. ലോകത്തിനു മാതൃകയായ തങ്ങളുടെ നേതാവിന്റെ ആഹ്വാനപ്രകാരം തലയിൽ തട്ടമണിഞ്ഞുതന്നെ ന്യൂസിലൻഡിലെ സ്ത്രീകളും ചടങ്ങിനു സാക്ഷ്യം വഹിച്ചു. ചുവന്ന റോസാപ്പൂ വസ്ത്രത്തിൽ തുന്നിച്ചേർത്തു. മരിച്ചവർക്കുള്ള ആദരമായി ദേശീയ ടെലിവിഷൻ ചാനലുകളിലും റേഡിയോയിലും ജുമുഅയുടെ ബാങ്കൊലി മുഴങ്ങി. മൂന്നു വയസ്സുകാരൻ മുകാദ് ഇബ്രാഹീമിന്റെതുൾപ്പെടെ 30 പേരുടെ മൃതദേഹങ്ങൾ കൂട്ടമായി ഖബറടക്കുകയും ചെയ്തു. അൽനൂർ പള്ളിയിലെ ഇമാം ജമാൽ ഫൗദയാണ് പ്രാർത്ഥനക്ക് നേതൃത്വം നൽകിയത്.

''ഹൃദയം തകർന്നിരിക്കയാണ്...എന്നാൽ ഞങ്ങളെ ഭിന്നിപ്പിക്കാൻ കഴിയില്ലെന്ന്''- അദ്ദേഹം ഉരുവിട്ടു. ആയിരങ്ങൾ അതേറ്റു ചൊല്ലി. ''അന്ന് ആക്രമണം നടന്ന അതേ സ്ഥലത്താണ് നാം ഒത്തുകൂടിയിരിക്കുന്നത്. നിങ്ങളുടെ കണ്ണീരിനും പിന്തുണക്കും ആശ്വാസ വാക്കുകൾക്കും സ്‌നേഹത്തിനും നന്ദി. പ്രധാനമന്ത്രിയുടെ കാരുണ്യം ലോക നേതാക്കൾക്ക് പാഠമാണ്. ഞങ്ങളെ ചേർത്തുനിർത്തിയതിന്, ലളിതമായ ആ തട്ടം കൊണ്ട് ബഹുമാനിച്ചതിന് ഒരിക്കൽകൂടി നന്ദി. മരിച്ചവരുടെ കുടുംബാംഗങ്ങളോട് പറയാനുള്ളത് ഇതാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം വ്യർഥമാകില്ല. അവരുടെ രക്തം പ്രതീക്ഷകളുടെ വിത്തുകൾക്ക് വളമാകും. സ്‌നേഹവും കാരുണ്യവും ന്യൂസിലൻഡിന് നൽകിയത് തകർക്കാനാകാത്ത കരുത്താണ്. ഇസ്‌ലാംഭീതി മൂലം മുസ്‌ലിംകളെ മനുഷ്യരല്ലാതെ കാണുന്നു. ലോകം വിദ്വേഷ പ്രസംഗങ്ങളും ഭയത്തിന്റെ രാഷ്ട്രീയവും അവസാനിപ്പിക്കണം. കഴിഞ്ഞ ആഴ്ചയിലെ ദുരന്തം തീവ്രവാദത്തിന് നിറമോ ജാതിയോ മതമോ ഇല്ലെന്നതിന്റെ തെളിവാണ്. വെളുപ്പിന്റെ ഔന്നത്യം ആഗോളതലത്തിൽ മനുഷ്യത്വത്തിന് ഭീഷണിയാണ്. അത് അവസാനിപ്പിക്കണം- 20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഇമാം പറഞ്ഞു.

കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രണ്ടു നിമിഷം മൗനമാചരിച്ച ശേഷമാണ് ജസീന്ത സംസാരിച്ചത്. ന്യൂസിലൻഡ് നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു, നമ്മൾ ഒന്നാണ്- പ്രസംഗത്തിൽ ജസീന്ത പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ് നഗറിലെ അൽനൂർ, ലിൻവുഡ് പള്ളികളിൽ ഭീകരാക്രമണമുണ്ടായത്. വംശ വെറിപൂണ്ട ആസ്‌ട്രേലിയൻ സ്വദേശിയായ ബ്രന്റൺ ടാറന്റാണ് 50 പേരെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പാക്കിസ്ഥാൻ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, തുർക്കി, സോമാലിയ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്.

സംഭവത്തിൽ ന്യൂനപക്ഷ വിഭാഗത്തോടുള്ള പിന്തുണ അറിയിക്കാനാണ് രാജ്യത്തെ സ്ത്രീകൾ ഒന്നാകെ ശിരോവസ്ത്രം ധരിച്ച് തെരുവിലിറങ്ങിയത്. ന്യൂസീലൻഡിലെ ഓക്ലൻഡിൽ നിന്നുള്ള ഡോക്ടർ തയ അഷ്മാനാണ് ഈ ആശയം ആദ്യമായി മുന്നോട്ട് വച്ചത്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് ശേഷം ശിരോവസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ ഭയന്ന ഒരു സ്ത്രീയുടെ സമീപനത്തിൽ നിന്നാണ് ഇത്തരമൊരു ആശയത്തിന് രൂപം നൽകാൻ ഡോക്ടറുടെ നേതൃത്വത്തിലുള്ള സ്ത്രീകൾ തീരുമാനിച്ചത്. ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്, ഇത് നിങ്ങളുടെ സ്ഥലമാണ്, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു,പിന്തുണയ്ക്കുന്നു...ഡോക്ടർ പറഞ്ഞു. ആക്രമണത്തിൽ കൂടുതൽ പേർ മരിച്ച അൽ നൂർ മുസ്ലിം പള്ളിക്ക് സമീപമുള്ള പാർക്കിൽ നടന്ന പ്രാർത്ഥനയിൽ നിരവധി ആളുകളാണ് ഒത്തുചേർന്നത്. ഓക്ലൻഡ്, വെല്ലിങ്ടൺ എന്നിവിടങ്ങളിൽ നിന്നുമുള്ള സ്ത്രീകൾ ശിരോവസ്ത്രമണിഞ്ഞും പ്ലക്കാർഡുകൾ കൈയിലേന്തിയും പ്രാർത്ഥനയിൽ പങ്കെടുത്തു.

മുസ്ലിം സമൂഹത്തെ സന്ദർശിക്കുമ്പോൾ ശിരോവസ്ത്രം ധരിക്കണമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ നേരത്തെ നിർദ്ദേശിച്ചിരുന്നു. ക്രൈസ്റ്റ് ചർച്ചിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥയെ സംസ്‌കരിച്ചത് ശിരോവസ്ത്രവും തോക്കും ഉൾപ്പെടെ ആയിരുന്നു. ശിരോവസ്ത്രമണിഞ്ഞ് നിരത്തുകളിലൂടെ നടക്കുമ്പോൾ ആദ്യമായി അംഗീകാരവും അഭിമാനവും ലഭിക്കുന്നതായി ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന സ്ത്രീകളിലൊരാൾ വ്യക്തമാക്കി. വനിതകളുടെ പുതിയ തീരുമാനത്തെ പിന്തുണച്ച് ന്യൂസീലൻഡിലെ ഇസ്ലാമിക് കൗൺസിലും രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP