Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊലീസുകാരന്റെ മകനിൽ നിന്ന് അരൂരിലെ ഇടതു നക്ഷത്രമായി മാറിയ എ.എം ആരിഫ്; ബിരുദപഠനകാലത്ത് എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗപ്രവേശനം നടത്തി മാഗസീൻ എഡിറ്ററായും ചെയർമാനായും തിളങ്ങി; ചേർത്തല ഏരിയാ സെക്രട്ടറിയായി തുടരുമ്പോൾ കെ.ആർ ഗൗരിയമ്മയെ പരാജയപ്പെടുത്തി കേരള നിയമസഭയിലേക്ക് ആദ്യ ചുവടുവയ്‌പ്പ്; അരൂരിൽ നിന്ന് ഹാട്രിക്ക് വിജയം നേടിയപ്പോഴും ആലപ്പുഴക്കാരുടെ കണ്ണിലുണ്ണി തന്നെ ആരിഫ്; എ.എം ആരിഫ് എന്ന ആലപ്പുഴ ലോക്സഭാ സ്ഥാനാർത്ഥിയുടെ ജീവിതവഴി ഇങ്ങനെ

പൊലീസുകാരന്റെ മകനിൽ നിന്ന്  അരൂരിലെ ഇടതു നക്ഷത്രമായി മാറിയ എ.എം ആരിഫ്; ബിരുദപഠനകാലത്ത് എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗപ്രവേശനം നടത്തി മാഗസീൻ എഡിറ്ററായും ചെയർമാനായും തിളങ്ങി; ചേർത്തല ഏരിയാ സെക്രട്ടറിയായി തുടരുമ്പോൾ കെ.ആർ ഗൗരിയമ്മയെ പരാജയപ്പെടുത്തി കേരള നിയമസഭയിലേക്ക് ആദ്യ ചുവടുവയ്‌പ്പ്; അരൂരിൽ നിന്ന് ഹാട്രിക്ക് വിജയം നേടിയപ്പോഴും ആലപ്പുഴക്കാരുടെ കണ്ണിലുണ്ണി തന്നെ ആരിഫ്; എ.എം ആരിഫ് എന്ന ആലപ്പുഴ ലോക്സഭാ സ്ഥാനാർത്ഥിയുടെ ജീവിതവഴി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 2006ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെ.എസ്.എസ് സ്ഥാപക കെ.ആർ ഗൗരിയമ്മയെ പൂഴിക്കടകനിലൂടെ പരാജയപ്പെടുത്തി കേരള നിയമസഭയിലേക്ക് കന്നി അങ്കം കുറിച്ചതോടെയാണ് എ.എം ആരിഫ് എന്ന യുവ ജനപ്രതിനിധിയെ കേരളം ഉറ്റുനോക്കിയത്. തുടർച്ചയായി ഒരേ മണ്ഡലത്തിൽ നിന്ന് തന്നെ ഹാട്രിക്ക് ജയത്തിൽ മുന്നേറിയ എ.എം ആരിഫ് ആലപ്പുഴ ലോക്സഭാമണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായി എത്തുമ്പോൾ ഇടത് ചേരികളിൽ ഇദ്ദേഹത്തെ പറ്റി ആശങ്ക തെല്ലുമില്ല. നീണ്ട പതിനഞ്ച് വർഷം ഒരേ മണ്ഡലത്തിൽ നിന്ന് ജനപ്രതിനിധിയായി എത്തിയപ്പോൾ ആദ്യ രണ്ട് ഘട്ടങ്ങളിലേക്കാൾ മൂന്നിരട്ടി ഭൂരിപക്ഷത്തിലാണ് ആരിഫ് മൂന്നാം തവണ വിജയിച്ച് കയറിയത്.

1964 മെയ് 24ന് ആലപ്പുഴ ജില്ലയിലെ മാന്നാറിൽ പൊലീസുകാരനായ അബ്ദുൾ മജീദിന്റേയും തങ്കമണി എന്ന് വിളിക്കുന്ന സൈനബയുടേയും മൂന്ന് മക്കളിൽ മൂത്തവനായാണ് ആരിഫ് ജനിക്കുന്നത്. പിതാവ് പൊലീസ് ഉദ്യോഗസ്ഥനായതിനാൽ തന്നെ ജനിച്ച് വളർന്നത് ആലപ്പുഴ വൈ എം.സി.എ എൽ.പി സ്‌കൂളിലായിരുന്നു. പിന്നീട് ലിയോ തേർട്ടീൻത് സ്‌കൂൾ, കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയൻ സ്‌കൂൾ എന്നിവിടങ്ങളിലായി സ്‌കൂൾ പഠനവും പൂർത്തിയാക്കി.

പിതാവ് പൊലീസ് ഉദ്യോഗസ്ഥനായതിനാൽ തന്നെ പൊലീസ് ക്വാർട്ടേഴ്സ് മാറുന്നതിന് അനുസരിച്ച് മാറി മാറിയാണ് പ്രൈമറി, ഹൈസ് സ്‌കൂൾ വിദ്യാഭ്യാസം ആരിഫ് പൂർത്തിയാക്കിയത്. പിന്നീട് ആലപ്പുഴയിലേക്ക് തിരിച്ചെത്തി പ്രിഡിഗ്രിക്ക് ആലപ്പുഴ എസ്.ഡി കോളജിൽ ചേർന്നു. പ്രിഡിഗ്രി ഉയർന്ന ശതമാനത്തോടെ വിജയിച്ച ശേഷം ചേർത്തല എസ്.എൻ കോളജിൽ ബി.എസ്.സി ബിരുദവും പൂർത്തിയാക്കി. ഈ കാലയളവിലാണ് ആരിഫ് എസ്.എഫ്.ഐ സംഘടനാ രംഗത്തേക്ക് അടുക്കുന്നത്.

കോളേജ് യൂണിയൻ മാഗസിൻ എഡിറ്ററായും ചെയർമാനായും ഈ കാലയളവിൽ ആരിഫിനെ തിരഞ്ഞെടുത്തു. ഗുരുനിത്യചൈതന്യയതി, ബിഷപ് പൗലോസ് മാർ പൗലോസ് തുടങ്ങിയ പ്രശസ്ത വ്യക്തികളെ പങ്കെടുപ്പിച്ച് ആരിഫ് കലാലയ യൂണിയൻ പ്രവർത്തനം ശ്രദ്ധേയമാക്കി. എസ്. എഫ്. ഐ. മാരാരിക്കുളം ഉപഭാരവാഹി, ചേർത്തല ഏരിയ സെക്രട്ടറി, പ്രസിഡന്റ്, ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

എസ്.എൻ. കോളേജ് പഠനകാലത്ത് പൊലീസ് ക്വാർട്ടേഴ്‌സിൽ താമസിച്ചുകൊണ്ട് ആരിഫ് രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ആരിഫിന്റെ പിതാവിനെ ചേർത്തലയിൽ നിന്നും കൈനകരിക്കു സ്ഥലം മാറ്റി. തുടർന്ന് ആരിഫിനെയും കുടുംബത്തെയും ക്വാർട്ടേഴ്‌സിൽ നിന്നും എസ്‌പി.യുടെ ഉത്തരവ് പ്രകാരം ഇറക്കിവിട്ടു.

തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ ഒന്നാം വർഷ നിയമ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ആലപ്പുഴ ജില്ലാ കൗൺസിൽ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. ജി. സുധാകരൻ പ്രസിഡന്റായിരുന്ന ജില്ലാ കൗൺസിലിൽ മുതിർന്ന നേതാക്കളായിരുന്ന എൻ. പി. തണ്ടാർ, അഡ്വ. ജനാർദ്ദന പ്രഭു, മുഹമ്മദാലി സാഹിബ് തുടങ്ങിയവരോടൊപ്പം ആരിഫ് പ്രവർത്തിച്ചു. ഈ കാലയളവിൽ തന്നെ കേരള സർവകലാശാല സെനറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

ജില്ലാ കൗൺസിൽ അംഗമായിരിക്കെ വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ സമരത്തിന് നേതൃത്വം നൽകിയ ആരിഫ് പൊലീസ് അറസ്റ്റിലായി. 26 വിദ്യാർത്ഥികളോടൊപ്പം ആലപ്പുഴ സബ്ജയിലിൽ റിമാന്റ് ചെയ്യപ്പെട്ടതും ചരിത്രമായിരുന്നു.1986ൽ സിപിഎം. പാർട്ടി അംഗമായ അദ്ദേഹം ചേർത്തല ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി, ചേർത്തല ഏരിയ കമ്മിറ്റി തുടങ്ങിയ ഘടകങ്ങളിലും പ്രവർത്തിച്ചു. 1996ൽ സിപിഐ.(എം.) ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായി രാഷ്ട്രീയ രംഗത്തേക്കുള്ള ചുവട് വയ്‌പ്പ് അറിയിച്ചു.

2000 മുതൽ 2006 വരെ സിപിഎം ചേർത്തല ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ചതിന് പിന്നാലെ 2006ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരഭിപ്രായമില്ലാതെ അദ്ദേഹത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. ഏരിയ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലയളവിൽ മുത്തങ്ങയിൽ ആദിവാസികളെ വെടിവെച്ചു കൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിനെ തുടർന്ന് ക്രൂരമായ ലാത്തി ചാർജ്ജിനു വിധേയനായി തുടയ്ക്കും നട്ടെല്ലിനും പരുക്കേറ്റിരുന്നു.

2006ൽ കൃഷി മന്ത്രിയായിരുന്ന കെ. ആർ. ഗൗരിയമ്മയെ 4650 വോട്ടിനു പരാജയപ്പെടുത്തി അരൂർ മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലെത്തി.തുടർന്ന് 2011ൽ സിറ്റിങ് എംഎ‍ൽഎ.യും ആലപ്പുഴ ഡി.സി.സി. പ്രസിഡന്റുമായിരുന്ന അഡ്വ. എ.എ. ഷുക്കൂറിനെ 16850 വോട്ടിനു പരാജയപ്പെടുത്തി. 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെപിസിസി. ജനറൽ സെക്രട്ടറിയും കായംകുളം നഗരസഭാ കൗൺസിലറും യു.ഡി.എഫ്. ആലപ്പുഴ ജില്ലാ ചെയർമാനുമായ അഡ്വ. സി.ആർ. ജയപ്രകാശിനെ 38519 വോട്ടിനാണ് ആരിഫ് പരാജയപ്പെടുത്തിയത്. ഇതോടെ ഒരേ മണ്ഡലത്തിൽ ഹാട്രിക്ക് വിജയം നേടിയ കരുത്തനായ സ്ഥാനാർത്ഥിയായി അദ്ദേഹം മാറി. ഈ തിരഞ്ഞെടുപ്പോടെ ഏറ്റവും ഉയർന്ന വോട്ട് നേടിയ നിയമസഭാ സാമാജികനായി അദ്ദേഹം മാറി.

2011ൽ അരൂരിനോട് കൂട്ടിച്ചേർക്കപ്പെട്ട അഞ്ച് പഞ്ചായത്തുകൾ ഉൾപ്പെടുത്തി അരൂരിനായി മാസ്റ്റർ പ്ലാൻ നടത്തിയാണ് ആദ്യ പദ്ധതി വിജയത്തിലെത്തിച്ചത്. ആരിഫിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചവയായിരുന്നു അടച്ചുപൂട്ടറായ അരൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിനെ നൂറ് മേനി വിജയത്തിലെത്തിച്ച് മാതൃകാ വിദ്യാലയമാക്കി മാറ്റിയത്.

ആരിഫിന്റെ രാഷ്ട്രീയ കരിസ്മയിൽ എഴുത്ത്കാരൻ ബെന്യാമിൻ പോലും പറഞ്ഞത് നന്മ നക്ഷത്രമെന്നാണ്. ആരിഫിന്റെ ഭാര്യ ആരിഫിന്റെ ഭാര്യ ഡോ. ഷഹനാസ് ആലപ്പുഴയിലും എറണാകുളത്തും ഒബീസിറ്റി ആൻഡ് വെയിറ്റ് മാനേജ്‌മെന്റ് ക്ലിനിക് നടത്തുന്നു.
2017ൽ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള കാശ്മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ അവാർഡ് നേടി. നിലവിൽ സിപിഎം. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ്.

തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ എ. എം. ആരിഫ് ചേർത്തല കോടതിയിൽ അഭിഭാഷകനായും സേവനമനുഷ്ഠിച്ചു.ആരിഫിന്റെ ഭാര്യ ഡോ. ഷഹനാസ് ആലപ്പുഴയിലും എറണാകുളത്തും ഒബീസിറ്റി ആൻഡ് വെയിറ്റ് മാനേജ്‌മെന്റ് ക്ലിനിക് നടത്തുകയാണ്. രണ്ടു മക്കളിൽ മൂന്നവൻ സൽമാൻ ആരിഫ് എസ്.ഡി കോളജിൽ ബികോം പഠനം പൂർത്തിയാക്കി. ഇളയ മകൾ റിസ്വാന ആരിഫ് പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ എൻട്രൻസ് കോച്ചിങ് തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP