Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ചില നേതാക്കളും പാർട്ടി പ്രവർത്തകരും എന്നെ മോഹിപ്പിച്ചു; ഇതിന്റെ അടിസ്ഥാനത്തിൽ പല കുടുംബ യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്തു; എന്റെ പേർ ഹൈക്കമാൻഡിന് പോലും അയച്ചില്ല; ചെന്നിത്തല ഉൾപ്പെടെ മോഹിപ്പിച്ചെന്നും സീറ്റ് തന്നില്ലെന്നും തുറന്നുപറഞ്ഞ് സിപിമ്മിൽ നിന്ന് കോൺഗ്രസ് അടർത്തിയെടുത്ത 'അത്ഭുതക്കുട്ടി'; സതീശൻ പാച്ചേനിക്ക് വേണ്ടി സുധീരൻ കളിച്ചുവെന്ന് വിമർശിച്ച അബ്ദുള്ളക്കുട്ടി വീണ്ടും നേതൃത്വത്തിനെതിരെ

മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ചില നേതാക്കളും പാർട്ടി പ്രവർത്തകരും എന്നെ മോഹിപ്പിച്ചു; ഇതിന്റെ അടിസ്ഥാനത്തിൽ പല കുടുംബ യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്തു; എന്റെ പേർ ഹൈക്കമാൻഡിന് പോലും അയച്ചില്ല; ചെന്നിത്തല ഉൾപ്പെടെ മോഹിപ്പിച്ചെന്നും സീറ്റ് തന്നില്ലെന്നും തുറന്നുപറഞ്ഞ് സിപിമ്മിൽ നിന്ന് കോൺഗ്രസ് അടർത്തിയെടുത്ത 'അത്ഭുതക്കുട്ടി'; സതീശൻ പാച്ചേനിക്ക് വേണ്ടി സുധീരൻ കളിച്ചുവെന്ന് വിമർശിച്ച അബ്ദുള്ളക്കുട്ടി വീണ്ടും നേതൃത്വത്തിനെതിരെ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് ആദ്യം വാഗ്ദാനം ചെയ്‌തെന്നും പിന്നീട് നിഷേധിക്കുകയായിരുന്നു എന്നും നേതൃത്വത്തിനെതിരെ വിമർശനവുമായി എപി അബ്ദുള്ളക്കുട്ടി. സിപിഎമ്മിൽ നിന്ന് കോൺഗ്രസിൽ എത്തുകയും കണ്ണൂരിൽ സിപിഎം തട്ടകങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിക്കുകയും ചെയ്തതോടെ 'അത്ഭുതക്കുട്ടി' എന്ന് വിളിപ്പേര് വീണ അബ്ദുള്ളക്കുട്ടി ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

തനിക്ക് സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു എന്നും ഇതിന് നേതൃത്വം ഒത്തുകളിച്ചുവെന്നുമാണ് അത്ഭുതക്കുട്ടിയുടെ ആരോപണം. കഴിഞ്ഞദിവസം സതീശൻ പാച്ചേനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഫേസ്‌ബുക്കിൽ സുധീരനെതിരെ പ്രതികരിച്ച അബ്ദുള്ളക്കുട്ടിയുടെ പുതിയ വെളിപ്പെടുത്തലും ഇതോടെ ചർച്ചയാകുകയാണ്.

എറണാകുളത്ത് കെ.വി തോമസിന് പകരം ഹൈബി ഈഡൻ സ്ഥാനാർത്ഥിത്വത്തിലേക്ക് വന്നപോലെ അവസാന ഘട്ടത്തിലെങ്കിലും കണ്ണൂരിൽ സുധാകരന് പകരം അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥി ആയേക്കുമെന്ന സൂചനകൾ വന്നിരുന്നു. എന്നാൽ തന്നെ ഒതുക്കുകയായിരുന്നു എന്നാണ് അബ്ദുള്ളക്കുട്ടി ഇപ്പോൾ പറയുന്നത്. എന്നെ പാർട്ടിയിൽ നിന്ന് ഒതുക്കാമെന്നല്ലാതെ ഒഴിവാക്കാൻ കഴിയില്ലെന്ന് ഓർക്കണമെന്ന് അബ്ദുള്ളക്കുട്ടി തുറന്നുപറയുന്നു.

ഞാൻ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ല, ചില നേതാക്കളും പാർട്ടി പ്രവർത്തകരുമാണ് എന്നെ മോഹിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പല കുടുംബ യോഗങ്ങളിലും മറ്റും പങ്കെടുക്കാൻ തന്നെ കൊണ്ടുപോവുകയും ചെയ്തിരുന്നു. പാർട്ടി പ്രവർത്തകരിൽ നിന്ന് ഞാൻ മത്സരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിളിച്ച് സീറ്റുണ്ടാവുമെന്ന സൂചനയും നൽകി. പക്ഷേ, അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയില്ലെന്നും ഞാൻ എന്ത് അപരാധം ചെയ്തുവെന്ന് അറിയില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ആദ്യ ഘട്ടത്തിൽ കണ്ണൂരിൽ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് കാസർകോടോ വടകരയോ മത്സരിക്കണമെന്ന ആവശ്യവും വന്നു. വന്നത്. അവിടെയുള്ള പ്രവർത്തകർ അടക്കം ഇക്കാര്യം ആവശ്യപ്പെട്ട് വിളിച്ചിരുന്നു. ജയസാധ്യത അടക്കം ചർച്ചയാകുകയും ചെയ്തു. പക്ഷെ എന്റെ പേര് ഹൈക്കമാൻഡിന് പോലും അയച്ചില്ല എന്നാണ് ഇപ്പോൾ അറിയുന്നത്. അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും സ്ഥാനാർത്ഥിയാവുമായിരുന്നു. പക്ഷെ അതുപോലും ഉണ്ടായില്ല. - ഇതാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

കണ്ണൂരിൽ സുധാകരനല്ലാതെ മറ്റൊരു പേരും ഹൈക്കമാൻഡിന് മുന്നിൽ പോയില്ല എന്നാണ് അറിയുന്നത്. പണ്ട് കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പറഞ്ഞയച്ച് കണ്ണൂരിൽ പരാജയം ഏറ്റ് വാങ്ങിയപ്പോൾ പറ്റിപോയെന്ന് പല നേതാക്കളും പറഞ്ഞിരുന്നു. അതുപോലെ തനിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതും ചരിത്രമാവും. എങ്കിലും ഞാൻ ഒരു മൂലക്കിരിക്കാൻ തയ്യാറല്ല - അബ്ദുള്ളക്കുട്ടി പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

പത്ത് വർഷമായി ഞാൻ പാർട്ടിയുടെ പ്രധാന ചുമതലയിൽ ഒന്നുമില്ല. ഹൈക്കമാൻഡ് നിയോഗിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ മുൻ എംഎ‍ൽഎമാരേയും എംപിമാരേയുമെല്ലാം ഉൾപ്പെടുത്തണമെന്നുണ്ട്. പക്ഷെ തന്നെ ഇതിലൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. താൻ എന്ത് തെറ്റുചെയ്തുവെന്ന് അറിയില്ല. വീരപോരാട്ടം നടക്കേണ്ട വടകരയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് പകരം ഗ്രൂപ്പിസം ഒന്നാമതെത്തിയപ്പോഴാണ് ഞാൻ എഫ്.ബി പോസ്റ്റിട്ടത്. അത് സ്വന്തം അനുഭവത്തിൽ നിന്ന് ഓർത്തെടുത്ത പോസ്റ്റാണ്. അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ മനസ്സിലാക്കാതെ എന്നെ കുറ്റപ്പെടുത്തകയല്ല വേണ്ടതെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.

ഒറ്റ രാത്രി കൊണ്ട് സതീശൻ പാച്ചേനിയെ 'സു' ഗ്രൂപ്പിലേക്ക് മാറ്റി

കോൺഗ്രസിലെ ഗ്രൂപ്പു വീതംവെയ്‌പ്പ് കാരണം വടകരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ വൈകിയതോടെയാണ് കഴിഞ്ഞദിവസം അബ്ദുള്ളക്കുട്ടി ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെക്കലിനെ വിമർശിച്ച് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ രംഗത്തുവന്നതിന് പിന്നാലെയാണ് സുധീരനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച് എ പി അബ്ദുള്ളക്കുട്ടി എത്തിയത്.

ഒറ്റരാത്രി കൊണ്ട് സതീശൻ പാച്ചേനിയെ ഗ്രൂപ്പ് മാറ്റിയ സുധീരൻ ഗ്രൂപ്പ് മുതലാളിമാരെ വിമർശിക്കേണ്ടെന്ന് ആയിരുന്നു അബ്ദുള്ള കുട്ടിയുടെ കുറിപ്പ്. സതീശൻ പാച്ചേനിയെ മുമ്പ് ഡി.സി.സി പ്രസിഡന്റാക്കാൻ സുധീരന്റെ ഗ്രൂപ്പിലേക്ക് മാറ്റിയ ചരിത്രം ഓർപ്പിക്കുകയായിരുന്നു അബ്ദുള്ള കുട്ടി. അതേസമയം, പോസ്റ്റ് അനവസരത്തിലുള്ളതാണെന്നും പിൻവലിക്കുന്നതാണ് നല്ലതെന്നും പോസ്റ്റിന് വി.ടി ബൽറാം കമന്റ് ചെയ്യുകയും ചെയ്തു.

ഈ പോസ്റ്റ് അബ്ദുള്ളകുട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഇട്ടതാണോ തുടങ്ങിയ സംശയങ്ങൾ ഉന്നയിച്ചും നിരവധി പേർ എത്തി. മുമ്പും വി എം സുധീരനെതിരെ അബ്ദുള്ളക്കുട്ടി ഫേസ്‌ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇത് വിമർശനം നേരിട്ടതോടെ അന്ന് അത് പിൻവലിച്ച് മാപ്പു പറയുകയും ചെയ്തിരുന്നു. സീറ്റു ലഭിക്കാത്തതിന്റെ നിരാശയാണ് അബ്ദുള്ളക്കുട്ടി പ്രകടിപ്പിച്ചതെന്ന തരത്തിൽ തന്നെ ചർച്ചയുമായി. ഇത് ശരിവയ്ക്കുന്നതാണ് അബ്ദുള്ളക്കുട്ടിയുടെ പുതിയ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP