Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാധാരണക്കാർക്ക് സഹായമായി സർക്കാർ പ്രഖ്യാപിച്ചിരുന്ന വായ്പാ പദ്ധതികൾ ഓർമ്മയുണ്ടോ ? ജോലിയിലാത്ത യുവാക്കൾക്ക് സംരംഭം തുടങ്ങുവാനായി കേന്ദ്ര സർക്കാർ ആരംഭിച്ച റോസ്ഗാർ യോജന പദ്ധതിയെ പറ്റി എത്ര പേർക്ക് അറിയാം; ബ്ലേഡ് മാഫിയയ്ക്ക് തടയിടുന്നതിന് വേണ്ടി പിണറായി സർക്കാർ ആരംഭിച്ച മുറ്റത്തെ മുല്ല പദ്ധതിയെന്നാൽ എന്തെന്ന് ഓർക്കണേ; സാധാരണക്കാർക്കുള്ള സർക്കാരിന്റെ പ്രധാന വായ്പകളെ ഒന്ന് നോക്കാം

സാധാരണക്കാർക്ക് സഹായമായി സർക്കാർ പ്രഖ്യാപിച്ചിരുന്ന വായ്പാ പദ്ധതികൾ ഓർമ്മയുണ്ടോ ? ജോലിയിലാത്ത യുവാക്കൾക്ക് സംരംഭം തുടങ്ങുവാനായി കേന്ദ്ര സർക്കാർ ആരംഭിച്ച റോസ്ഗാർ യോജന പദ്ധതിയെ പറ്റി എത്ര പേർക്ക് അറിയാം; ബ്ലേഡ് മാഫിയയ്ക്ക് തടയിടുന്നതിന് വേണ്ടി പിണറായി സർക്കാർ ആരംഭിച്ച മുറ്റത്തെ മുല്ല പദ്ധതിയെന്നാൽ എന്തെന്ന് ഓർക്കണേ; സാധാരണക്കാർക്കുള്ള സർക്കാരിന്റെ പ്രധാന വായ്പകളെ ഒന്ന് നോക്കാം

തോമസ് ചെറിയാൻ കെ

വായ്പ എന്നത് ഇന്നത്തെക്കാലത്ത് നമുക്കേവർക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്ന് അറിയാം. അതിനാൽ തന്നെ വായ്പ ജീവിതത്തിൽ എടുക്കാത്തവരുമില്ല. ലോൺ എടുക്കും മുൻപ് നാം ഓർക്കേണ്ട കാര്യങ്ങളും ഈട് വയ്ച്ചുള്ള ലോണിന്റെ ഗുണങ്ങളും വായ്പ എടുക്കുക എന്നത് എങ്ങനെ ഘട്ടം ഘട്ടമായി നടപ്പിലാക്കാം എന്നും കഴിഞ്ഞ മണിച്ചെപ്പിൽ നാം കണ്ടു. എന്നാൽ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും നമുക്ക് സാധാരണയായി ലഭിക്കുന്ന വായ്പകളൊഴികെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും അതാത് കാലങ്ങളിൽ വായ്പാ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്.

മോദി സർക്കാർ ഭരണത്തിലേറിയതിന് പിന്നാലെ ഒട്ടേറെ പദ്ധതികൾ ജനങ്ങൾക്കിടയിലേക്ക് കൊണ്ടു വരുന്നതായും അതിന്റെ ഗുണങ്ങളും എങ്ങനെ ഒരു സാധാരണക്കാരന് ലഭിക്കും എന്നതുൾപ്പടെയുള്ള കാര്യങ്ങൾ നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. എന്നാൽ നാം ഓർക്കേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. ഇത്തരം പദ്ധതികൾ തുടർച്ചയായി നിലനിന്ന് വന്നിരുന്ന ഒന്നു തന്നെയാണ്. സർക്കാരുകൾ മാറുമ്പോൾ അതിന്റെ പേരു മുതൽ സേവനം ലഭ്യമാകുന്ന രീതി വരെയുള്ള കാര്യങ്ങൾക്ക് അല്പം മാറ്റം വരുമെന്നേയുള്ളു. എന്നാൽ വായ്പാ പദ്ധതി എന്താണോ അല്ലെങ്കിൽ ആരെയാണോ ലക്ഷ്യം വെച്ചിരിക്കുന്നത് അത് അങ്ങനെ തന്നെ നിലനിൽക്കും. ഇവ അതാത് കാലങ്ങളിൽ ഏത് രീതിയിലാണ് ലഭിക്കുന്നത് എന്ന് കൃത്യമായി അറിഞ്ഞിരിക്കുക എന്നതാണ് ഏതൊരു സാധാരണക്കാരനും മേലുള്ള ദൗത്യം.

സാധാരണക്കാർക്കായിട്ടാണ് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾ വായ്പകൾ നൽകുന്നതെങ്കിലും ഇവ അവരുടെ ആവശ്യങ്ങൾ പൂർണമായും നടപ്പിലാക്കുന്നവ ആയിരിക്കണമെന്നില്ല. ഒരു പക്ഷേ ഗതികേട് കൊണ്ട് വായ്പയെടുക്കുമ്പോൾ വായ്പയുമായി ബന്ധപ്പെട്ട വലിയ കുരുക്കുകൾക്ക് കൂടിയാവും സാധാരണക്കാരൻ തലവയ്ക്കുന്നത്. തിരിച്ചടവിനുള്ള വകുപ്പ് കൂടി തന്റെ വരുമാനത്തിൽ നിന്നും കണ്ടെത്താൻ കഴിയും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ വായ്പയെന്ന 'ഉത്തരവാദിത്വം' സാധാരണക്കാരൻ ഏറ്റെടുക്കാവൂ. എന്നാൽ സർക്കാർ പ്രത്യേകമായി പേരു നൽകി ആരംഭിച്ചിരിക്കുന്ന വായ്പാ പദ്ധതികൾ എപ്പോഴും സാധാരണക്കാരനെ സഹായിക്കുന്ന ഒന്നുതന്നെയാണ്.

പ്രധാനമന്ത്രി മുദ്രാ ലോൺ, റോസ്ഗാർ പദ്ധതി, പ്രധാൻ മന്ത്രി ആവാസ് യോജന, കേരള സർക്കാരിന്റെ മുറ്റത്തെ മുല്ല പദ്ധതി എന്നിവയെല്ലാം ഒരു സാധാരണക്കാരനായ വ്യക്തി അറിഞ്ഞിരിക്കേണ്ട ഒന്നു തന്നെയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ഏവരും സംശയിക്കുന്ന ഒന്നാണ് ഇത്തരം പദ്ധതികൾ ഇനി തുടരുമോ എന്നത്. എന്നാൽ മുൻകാലങ്ങളിലെ സർക്കാർ നീക്കങ്ങൾവെച്ചു നോക്കിയാൽ ഇത് തുടരുക തന്നെ ചെയ്യും. എന്നാൽ പേര് പല രീതിയിൽ മാറിമറിയുമെന്ന് മാത്രം. ഇത്തരത്തിൽ ഇപ്പോൾ നിലനിൽക്കുന്ന സർക്കാരിന്റെ പ്രധാനപ്പെട്ട ചില പദ്ധതികളാണ് ഇത്തവണത്തെ മണിച്ചെപ്പിലൂടെ നിങ്ങൾക്ക് മുൻപിൽ എത്തിക്കുന്നത്.

പ്രധാനമന്ത്രി മുദ്രാ യോജന

ചെറുകിട സംരംഭകർക്ക് കേന്ദ്ര സർക്കാരിന്റെ സഹായ ഹസ്തമാണ് പ്രധാനമന്ത്രി മുദ്രാ യോജന. മൈക്രോ യൂണിറ്റ്‌സ് ഡെവലപ്പ്‌മെന്റ് റീഫിനാൻസ് ഏജൻസി (മുദ്ര) ബാങ്ക് എന്ന ഏജൻസിയാണ് ഇത്തരത്തിലുള്ള ചെറുകിട സംരംഭങ്ങൾക്ക് വായ്പാ സഹായം നൽകുന്നത്. പത്തു ലക്ഷം രൂപ വരെ വായ്പയായി നൽകുന്ന മുദ്രാ യോജന വഴി രാജ്യത്ത് ഒട്ടേറെ ആളുകൾക്ക് വായ്പ ലഭിച്ചിരുന്നു. സംരംഭത്തിന്റെ വളർച്ചയ്ക്കനുസരിച്ച് വിവിധ ഘട്ടങ്ങളായിട്ടാണ് വായ്പ ലഭിക്കുന്നത്. ശിശു, കിഷോർ, തരുൺ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മുദ്രാ വായ്പ ലഭിക്കുക.

ശിശു വിഭാഗത്തിൽ 50,000 രൂപ വരെയും കിഷോർ വിഭാഗത്തിൽ അഞ്ച് ലക്ഷം രൂപ വരെയും തരുൺ വിഭാഗത്തിൽ പത്തു ലക്ഷം രൂപ വരെയുമാണ് മുദ്രാ യോജന പദ്ധതിയിൽ വായ്പ ലഭിക്കുന്നത്. ഇതിൽ വനിതകൾക്കും യുവാക്കൾക്കുമാണ് മുൻഗണനയെങ്കിലും തൊഴിലിൽ വൈദഗ്ധ്യമുള്ളവരെങ്കിൽ വായ്പ ലഭിക്കുന്നതിന് പ്രശ്‌നമുണ്ടാകില്ല. മുദ്രാ വായ്പയ്ക്ക് വസ്തു ജാമ്യമോ ആൾ ജാമ്യമോ ആവശ്യമില്ല എന്നതാണ് ഒരു പ്രത്യേകത. മുദ്രാ ബാങ്ക് എന്നാണ് പദ്ധതിയുടെ പേരെങ്കിലും ഇങ്ങനെയൊരു ബാങ്കില്ല. പകരം പൊതു മേഖലയിലുള്ള ബാങ്കിൽ നിന്നും ഈ സേവനം നേടിയെടുക്കുകയാണ് ചെയ്യുന്നത്.

ബാങ്കിൽ ചെന്ന് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ലഭിക്കുന്ന ഫോം പൂരിപ്പിച്ച് നൽകി ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ മുദ്രാ ലോൺ ലഭിക്കാൻ വലിയ പ്രയാസമുണ്ടാകില്ല. വിശദ വിവരങ്ങൾ ബാങ്ക് അധികൃതരോട്‌ചോദിച്ചറിയുന്നതാണ് ഏറ്റവും നല്ലത്. മുദ്രാ ലോൺ ഏർപ്പെടുത്തി തരാം എന്ന് പറഞ്ഞ് തട്ടിപ്പുകൾ നിലനിൽക്കുന്നുണ്ടെന്ന കാര്യവും മറക്കരുത്.

'മുദ്രയുടെ' ലക്ഷ്യങ്ങളിൽ ചിലത്

രാജ്യത്തെ ചെറുകിട മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളെ രജിസ്റ്റർ ചെയ്യുക അവയ്ക്ക് അംഗീകരവും റേറ്റിങ്ങും നൽകി പ്രവർത്തന നിലവാരം ഉയർത്തുക എന്നതാണ് മുദ്രയുടെ പ്രാഥമിക ലക്ഷ്യത്തിലൊന്ന്. വായ്പ നൽകുന്ന സമയത്ത് വായ്പയെടുക്കുന്നയാൾക്ക് നൽകേണ്ട മാർഗ നിർദ്ദേശങ്ങൾ എങ്ങനെയാണ് തിരിച്ചടവ് നടപടികൾ പൂർത്തിയാക്കേണ്ടത് തുടങ്ങി വായ്പയുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ എന്നിവ തടയുന്നതും മുദ്രയുടെ ഉത്തരവാദിത്വങ്ങളിൽ വരുന്ന ഒന്നാണ്. മാത്രമല്ല വായ്പ നൽകുന്നത് മുതൽ അതിന്റെ നിരീക്ഷണം അടക്കമുള്ള കാര്യങ്ങളിൽ പുത്തൻ സാങ്കേതിക വിദ്യ കൈവരിക്കുന്നതും മുദ്രയുടെ ലക്ഷ്യങ്ങളിൽ ചിലതാണ്.

പിഎസ്ബി ലോൺസ് ഇൻ 59 മിനിട്ട്സ്.കോം : 59 മിനിട്ടിനകം വായ്പ

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന മറ്റൊരു മുഖ്യമായ പദ്ധതിയായിരുന്നു 59 മിനിട്ടിനകം വായ്പ ലഭിക്കുന്ന പിഎസ്ബി ലോൺസ് പദ്ധതി. ചെറുകിട സംരംഭകരെ ജിഎസ്ടി വലയ്ക്കുന്നുവെന്ന പ്രചാരണത്തിന് പിന്നാലെയാണ് 59 മിനിട്ടിൽ ഒരു കോടി രൂപയുടെ വായ്പ പദ്ധതി മോദി പ്രഖ്യാപിച്ചത്. വായ്പ ലഭിക്കുവാൻ ഒരു മാസം വരെ കാലതാമസം നേരിടുന്ന അവസരത്തിൽ വെറും 59 മിനിട്ടിനകം ചെറുകിട സംരംഭകർക്ക് വായ്പ ലഭിക്കും എന്നതായിരുന്നു മോദി പദ്ധതിയിലൂടെ പ്രഖ്യാപിച്ചത്.

ഈ പദ്ധതിയോട് ചേർന്ന് തന്നെ രണ്ടു കോടി രൂപ വരെ വായ്പയെടുത്തിരിക്കുന്ന ചെറുകിട സംരംഭകർക്ക് രണ്ടു ശതമാനം പലിശയിളവ് എന്ന പ്രഖ്യാപനവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ക്രെഡിറ്റ് ഗ്യാരന്റീ ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്‌മോൾ എന്റർപ്രൈസസ് എന്ന സ്‌കീമിൽ നൽകി വരുന്ന വായ്പ ആയതിനാൽ 8 ശതമാനം മുതലാണ് ഇത്തരത്തിൽ ലഭിക്കുന്ന വായ്പകൾക്ക് പലിശ ഈടാക്കുന്നത്.

പിഎസ്ബി ലോൺസ് ഇൻ 59 മിനിട്ട്‌സ്.കോം എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം സൈറ്റിൽ പറയുന്ന നിർദ്ദേശങ്ങൾ പൂർത്തിയാക്കിയാൽ ലോൺ ലഭിക്കാനുള്ള നടപടികൾ ഘട്ടം ഘട്ടമായി നടത്തിയെടുക്കാം. അതിനായി ചില പ്രധാന രേഖകൾ ആദ്യം തന്നെ കൈയിൽ കരുതണം. ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്ത ഐഡി നമ്പർ, പാൻകാർഡിന്റെ ആറ് മാസത്തെ വിശദാംശങ്ങൾ, അല്ലെങ്കിൽ നെറ്റ് ബാങ്ക് സേവന വിശദാംശങ്ങൾ (പിഡിഎഫ് ഫോർമാറ്റിൽ തന്നെ വേണം), ബിസിനസ് ഉടമയുടെ ഡയറക്ടറിന്റെ വിശദാംശങ്ങൾ, ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്തതിന്റെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുത്തണം. എന്നാൽ ഈ പദ്ധതിക്ക് ഒട്ടേറെ ന്യൂനതകൾ ഉണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.

സൈറ്റിൽ വായ്പയ്ക്കായി അപേക്ഷ നൽകുമ്പോൾ നൽകേണ്ട വിവരങ്ങൾ

പേര്, ഇമെയിൽ, ഫോൺ നമ്പർ, നമ്പർ, പാസ് വേർഡ്, യൂസർ ഐഡി എന്നിവയുൾപ്പടെയുള്ള ജിഎസ്ടി വിശദാംശങ്ങൾ, ടാക്‌സ് റിട്ടേൺ ഫയൽ ചെയ്തതിന്റെ തെളിവുകൾ, പാൻ കാർഡ് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ (നെറ്റ് ബാങ്കിങ് വിവരങ്ങളും), എന്ത് ആവശ്യത്തിനായാണ് ലോൺ എടുക്കുന്നത്, മുൻപ് വായ്പാ തിരിച്ചടവിൽ എപ്പോഴെങ്കിലും വീഴ്‌ച്ചയുണ്ടായിട്ടുണ്ടോ ?, ലിസ്റ്റിൽ നൽകിയിരിക്കുന്ന ബാങ്കുകൾ നോക്കിയിട്ട് ഏത് ബാങ്കിൽ നിന്നാണ് ലോൺ എടുക്കാൻ താൽപര്യം എന്ന വിവരം (20 പൊതുമേഖലാ ബാങ്കുകളുടെ വിവരങ്ങൾ അതിൽ നൽകിയിരിക്കും), ഇതിനു പിന്നാലെ റജിസ്‌ട്രേഷൻ പൂർത്തിയാക്കുന്ന വേളയിൽ 1000 രൂപയും കൂടാതെ ജിഎസ്ടിയും അടങ്ങുന്ന ഫീസും അടയ്‌ക്കേണ്ടതായിട്ടുണ്ട്.

തൊഴിലിലാത്ത ചെറുപ്പക്കാർക്ക് സഹായമായി റോസ്ഗാർ യോജന പദ്ധതി

രാജ്യത്ത് വിദ്യാഭ്യാസമുള്ള യുവാക്കളുടെ എണ്ണം വർധിച്ച് വരുമ്പോഴും തൊഴിലില്ലായ്മ എന്നത് വർധിച്ചു വരുന്ന ഒന്നുതന്നെയാണ്. ഈ അവസരത്തിലാണ് ജോലിയില്ലാത്ത യുവാക്കൾക്കായി സർക്കാർ വായ്പാ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ വിദ്യാസമ്പന്നരും തൊഴിൽ രഹിതരുമായ ആളുകൾക്ക് വായ്പ നൽകുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി റോസ്ഗാർ യോജന പദ്ധതി പ്രഖ്യാപിച്ചത്. ചെറുകിട വ്യവസായം മുതൽ സ്വന്തം ആശയത്തിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭങ്ങൾക്ക് വായ്പ നൽകുക എന്നതായിരുന്നു റോസ്ഗാർ പദ്ധതിയുടെ ഉദ്ദേശം. ഇത്തരത്തിൽ ലഭിക്കുന്ന ധനസഹായത്തിന് സബ്‌സിഡിയുണ്ട് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

മെട്രിക്ക് പരീക്ഷയോ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും കുറഞ്ഞത് ആറ് മാസം കാലാവധിയുള്ളതുമായ കോഴ്‌സ് പാസായിരിക്കണം എന്നതാണ് വായ്പ ലഭിക്കുന്നതിന് സർക്കാർ മുന്നോട്ട് വെച്ച നിബന്ധനകളിലൊന്ന്. അപേക്ഷകർക്ക് 18നും 40നും ഇടയിൽ പ്രായമുണ്ടാവാൻ പാടുള്ളൂ എന്ന് പറയുമ്പോഴും സ്ത്രീകൾ, പിന്നോക്ക വിഭാഗക്കാർ, വിമുക്ത ഭടന്മാർ എന്നിവർക്ക് 10 വർഷം വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കുമെന്നും ഓർക്കുക. മൂന്ന് മുതൽ ഏഴ് വർഷം വരെ തിരിച്ചടവ് കാലാവധിയുള്ള പദ്ധതിയിൽ കൂട്ടായ കുടുംബ വരുമാനം 40,000 രൂപയിൽ കവിയരുതെന്നും വായ്പ കുടിശ്ശിക ഉണ്ടായിരിക്കരുതെന്നും നിർദ്ദേശമുണ്ട്.

മാത്രമല്ല ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും പൂർത്തിയാക്കിയവരായിരിക്കണം. ചെറുകിട ബിസിനസ് മേഖലയിൽ രണ്ട് ലക്ഷവും മറ്റ് വ്യവസായത്തിനും സേവനത്തിനുമായി അഞ്ചു ലക്ഷവും പങ്കു കച്ചവടത്തിനാണെങ്കിൽ പത്തു ലക്ഷവുമാണ് പദ്ധതിയിലൂടെ വായ്പ ലഭിക്കുന്നത്. മാത്രമല്ല വായ്പ ലഭിക്കുന്നവർ സംരംഭക പരിശീലന കോഴ്‌സിന് വിധേയരാകണം. ഈ പദ്ധതിയിൽ അപേക്ഷിച്ച് ലോൺ നേടുന്നതിന് ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് ഓഫീസുമായാണ് ബന്ധപ്പെടേണ്ടത്.

2022 ആകുമ്പോൾ എല്ലാവർക്കും വീട്....കേന്ദ്ര സർക്കാരിന്റെ ആവാസ് യോജന പദ്ധതി

ഭവനം എന്നത് സ്വപ്‌നം കാണുന്നവരാണ് ഇന്ത്യയിലെ നല്ലൊരു വിഭാഗം ആളുകളും. ഇവരുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പ്രധാനമന്ത്രി ആവാസ് യോജന. പണമില്ലാത്ത ആളുകൾക്ക് ഭവന വായ്പ നൽകുമ്പോൾ സർക്കാർ വകയായി നൽകിയ ഇളവുകളാണ് പദ്ധതിയുടെ മുഖ്യ ആകർഷണമെന്ന് പറയുന്നത്. ഏഴ് വർഷം കൊണ്ട് രണ്ടു കോടി വീടുകൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടെ രാജ്യത്ത് ഭവന രഹിതരെ ഇല്ലാതാക്കുക എന്നതായിരുന്നു പദ്ധതിയുടെ മുഖ്യ ഉദ്ദേശം. മാതാപിതാക്കളും മക്കളുമടങ്ങുന്ന അണു കുടുംബത്തിനാണ് പദ്ധതി വഴി ഏറ്റവുമധികം സഹായം ലഭിക്കുക.

നഗരത്തിൽ താമസിക്കുന്നവർക്ക് പദ്ധതി വഴി നാലു ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും. നിലവിൽ ഭവനവായ്പ പലിശ 10.5 ശതമാനമായി നിലനിൽക്കേ (അതിൽ കൂടുതലും ഈടാക്കുന്ന ബാങ്കുകളുണ്ട്) ഇതിൽ പദ്ധതി വഴി അഞ്ച് ശതമാനം മുതൽ 6.5 ശതമാനം ഇളവ് വരെ ലഭിക്കും. മാത്രമല്ല പ്രതിമാസം 6632 രൂപ അടയ്‌ക്കേണ്ട സ്ഥാനത്ത് സബ്‌സഡി കഴിഞ്ഞ് 4050 രൂപ അടച്ചാൽ മതി. പ്രതിമാസം 2582 രൂപയുടെ ഇളവ് ലഭിക്കുന്നതോടെ 15 വർഷം കൊണ്ട് 2.30 ലക്ഷം രൂപയുടെ സാമ്പത്തിക ലാഭവും സാധാരണക്കാരനെ തേടിയെത്തും എന്നുള്ളതാണ് പദ്ധതിയുടെ മറ്റൊരു നേട്ടം എന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ചേരി നിവാസികൾ, താഴ്ന്ന വരുമാനക്കാർ തുടങ്ങിയവർക്കാണ് ആനുകൂല്യം ലഭിക്കുക. മാത്രമല്ല വിധവകൾ, വനിതകൾ, പട്ടികജാതി-പട്ടികവർഗക്കാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് വായ്പ ലഭിക്കുന്നതിന് മുൻഗണനയും ലഭിക്കും. ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 60 ചതുരശ്ര മീറ്ററും എൽഐജി 30 ചതുരശ്ര മീറ്ററും വിസ്തൃതിയുള്ള വീടുകൾ നിർമ്മിക്കുന്നതിനാണ് 15 വർഷത്തേക്ക് 6.5 ശതമാനം പലിശ നിരക്ക് നൽകേണ്ടത്.

നഗരത്തിൽ താമസിക്കുന്ന പിന്നോക്കക്കാർക്ക് വീടൊന്നിന് ഒന്നര ലക്ഷം രൂപ എന്ന തോതിലാണ് സാമ്പത്തിക സഹായം നൽകുന്നത്. ചേരിയിൽ കഴിയുന്ന ആളുകൾക്ക് ആ ഭൂമി വിട്ടുകൊടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിച്ച് ഭവന നിർമ്മാണം സാധ്യമാക്കുന്നതോടെ രാജ്യത്ത് 'ചേരി നിവാസികൾ' എന്ന ഒന്ന് ഇല്ലാതാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

മുറ്റത്തെ മുല്ല വായ്പ : പിണറായി സർക്കാരിന്റെ പദ്ധതി

ലളിതമായി പറഞ്ഞാൽ വീട്ടു മുറ്റത്ത് ലഭിക്കുന്ന വായ്പ. അതാണ് പിണറായി സർക്കാർ പ്രഖ്യാപിച്ച മുറ്റത്തെ മുല്ല വായ്പ. വെറും 12 ശതമാനം പലിശനിരക്കിൽ 1000 രൂപ മുതൽ 25000 രൂപ വരെ ലഭിക്കുന്ന വായ്പാ പദ്ധതി ലളിതമായ നടപടികളിലൂടെ സാധാരണക്കാർക്ക് ലഭിക്കും. സംസ്ഥാനത്ത് തഴച്ചു വളരുന്ന ബ്ലേഡ്മാഫിയയ്ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി കൊണ്ടു വന്നത്. പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾ കുടുംബശ്രീയുമായി ചേർന്നാണ് മുറ്റത്തെ മുല്ല പദ്ധതി നടപ്പാക്കുന്നത്. ബ്ലേഡ് മാഫിയയിൽ നിന്നും വായ്പയെടുക്കേണ്ടി വന്നവർക്ക് ആ ബാധ്യത അടയ്ക്കുവാനായി വായ്പ ലഭിക്കും.

പത്താഴ്‌ച്ച കൊണ്ട്തിരിച്ചടവ് പൂർത്തിയാക്കാൻ സഹായിക്കുന്ന വായ്പയും നൽകും എന്നതാണ് മുറ്റത്തെ മുല്ലയുടെ മറ്റൊരു പ്രത്യേകത. സഹകരണ സംഘങ്ങൾ പൊതു ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് സുതാര്യത വരുത്തുക, ഇത്തരം സംഘങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനൊപ്പം സാധാരണക്കാരായ ആളുകളുടെ സാമ്പത്തിക സാക്ഷരത വർധിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്.

തുക നൽകുന്നത് കുടുംബശ്രീ യൂണിറ്റുകൾക്ക്

വായ്പ നൽകാൻ ആവശ്യമായ സംഖ്യ കുടുംബശ്രീ യൂണിറ്റുകൾക്ക് ഒരു യൂണിറ്റിനു പരമാവധി പത്തു ലക്ഷം രൂപ ഒൻപതു ശതമാനം പലിശനിരക്കിൽ ക്യാഷ് ക്രെഡിറ്റ് വായ്പയായി അനുവദിക്കും. പുനർവായ്പ ആവശ്യമുള്ള സംഘത്തിന് എട്ട് ശതമാനം പലിശയ്ക്കു ജില്ലാസഹകരണ ബാങ്കുകൾ നൽകും. നിലവിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾ നൽകിയിട്ടുള്ള വായ്പകൾക്കു പുറമേയാണ് പത്തു ലക്ഷം ക്യാഷ് ക്രെഡിറ്റായി അനുവദിക്കുന്നത്. ഇതിന് യൂണിറ്റുകൾ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുമായി കരാറിൽ ഏർപ്പെടണം. വായ്പക്കാരന്റെ തിരിച്ചടവ് മൂന്നു മാസത്തിലധികം മുടങ്ങിയാൽ അവരെ നേരിട്ടു പ്രാഥമിക സംഘത്തിന്റെ വായ്പക്കാരനാക്കി കുടുംബശ്രീക്കു ബാധ്യതയിൽനിന്ന് ഒഴിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP