Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആന്റണി ചിറക് വെട്ടി നിർത്തിയ ഉമ്മൻ ചാണ്ടി ലോക്‌സഭാ സ്ഥാനാർത്ഥി നിർണ്ണയത്തോടെ നടത്തിയത് കേരളാ രാഷ്ട്രീയത്തിലേക്കുള്ള റീ എൻട്രി; അശോക് ഗെഹ് ലോട്ട് മോഡലിൽ ഗ്രൂപ്പ് മാനേജറായി തന്നെ കടുംപിടിത്തം; സിദ്ദിഖും ബെന്നിയും അടക്കം പ്രധാന പോരാളികളുടെയെല്ലാം സീറ്റ് ഉറപ്പിച്ച് ഉമ്മൻ ചാണ്ടി മേൽകൈ നേടിയപ്പോൾ വാഴക്കന് പോലും സീറ്റ് നേടാനാവാതെ രണ്ടേ രണ്ട് പേരുമായി തൃപ്തിപ്പെട്ട ചെന്നിത്തലയ്‌ക്കെതിരെ ഐ ഗ്രൂപ്പിലും നീരസം; ഉമ്മൻ ചാണ്ടിയുടെ രണ്ടാം വരവിൽ തകർന്നടിഞ്ഞത് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം

ആന്റണി ചിറക് വെട്ടി നിർത്തിയ ഉമ്മൻ ചാണ്ടി ലോക്‌സഭാ സ്ഥാനാർത്ഥി നിർണ്ണയത്തോടെ നടത്തിയത് കേരളാ രാഷ്ട്രീയത്തിലേക്കുള്ള റീ എൻട്രി; അശോക് ഗെഹ് ലോട്ട് മോഡലിൽ ഗ്രൂപ്പ് മാനേജറായി തന്നെ കടുംപിടിത്തം; സിദ്ദിഖും ബെന്നിയും അടക്കം പ്രധാന പോരാളികളുടെയെല്ലാം സീറ്റ് ഉറപ്പിച്ച് ഉമ്മൻ ചാണ്ടി മേൽകൈ നേടിയപ്പോൾ വാഴക്കന് പോലും സീറ്റ് നേടാനാവാതെ രണ്ടേ രണ്ട് പേരുമായി തൃപ്തിപ്പെട്ട ചെന്നിത്തലയ്‌ക്കെതിരെ ഐ ഗ്രൂപ്പിലും നീരസം; ഉമ്മൻ ചാണ്ടിയുടെ രണ്ടാം വരവിൽ തകർന്നടിഞ്ഞത് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയനാട് കെടി സിദ്ദിഖിനും ചാലക്കുടി ബെന്നി ബെഹന്നാനും. പത്തനംതിട്ടയിൽ മറ്റൊരു വിശ്വസ്തൻ ആന്റോ ആന്റണിയേയും കാത്തു. ഇടുക്കിയിൽ ഡീൻ കുര്യാക്കോസും സന്തോഷത്തിലാണ്. ആലത്തൂരിനെ പിടിക്കാൻ രമ്യാ ഹരിദാസിനേയും ഇറക്കി. കോൺഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പട്ടിക വരുമ്പോൾ താരം ഉമ്മൻ ചാണ്ടിയാണ്. പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തുമെല്ലാം മത്സരിപ്പിച്ച് ഉമ്മൻ ചാണ്ടിയെ എംപിയാക്കി കേരള രാഷ്ട്രീയത്തിൽ നിന്ന് അകറ്റാനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ അടവെല്ലാം പൊളിഞ്ഞു. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും വിജയത്തിന് താനൊരു അനിവാര്യതയല്ലെന്ന് ഹൈക്കമാണ്ടിനെ ഉമ്മൻ ചാണ്ടി ബോധ്യപ്പെടുത്തി. അങ്ങനെ വിശ്വസ്തരെ കാത്ത് കേരള രാഷ്ട്രീയത്തിൽ തുടരുകയാണ് കോൺഗ്രസിലെ അണികളുടെ ഒസി. ഒസിയുടെ തട്ടകം കേരളമായിരിക്കുമെന്ന് ചെന്നിത്തലയെ കൊണ്ട് തന്നെ പറഞ്ഞ മാസ്റ്റർ സ്‌ട്രോക്ക്.

എകെ ആന്റണിയുടെ വലകൈയായെത്തി എ ഗ്രൂപ്പിലെ നിർണ്ണായക സ്ഥാനം നേടിയെടുത്ത ഉമ്മൻ ചാണ്ടി കരുതലോടെ കളിച്ചാണ് ഗ്രൂപ്പിലെ ഒന്നാമനായത്. ആന്റണിയെ ഡൽഹിക്ക് പറത്തി മുഖ്യമന്ത്രിയായി. കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ അവസാന വാക്കായി. എന്നാൽ ഡൽഹിയിലെത്തിയ ആന്റണി തന്ത്രപരമായി ഉമ്മൻ ചാണ്ടിയെ വെട്ടിയൊതുക്കി. സോളാറിലാണ് കേരളത്തിൽ കോൺഗ്രസിന്റെ കഥ കഴിഞ്ഞതെന്ന് വരുത്തി തീർത്തു. എ ഗ്രൂപ്പിനെ ആൻണിയിൽ നിന്ന് അകറ്റാനായിരുന്നു ഇത്. വി എം സുധീരനേയും മുല്ലപ്പള്ളി രാമചന്ദ്രനേയും കെപിസിസി അധ്യക്ഷനാക്കിയതും ഇതേ തന്ത്രത്തിന്റെ ഭാഗം. എന്നാൽ പിടിവാശിയിലൂടെ എല്ലാം നേടി വീണ്ടും കേരള രാഷ്ട്രീയത്തിൽ കരുത്തു കാട്ടുകായണ് ഉമ്മൻ ചാണ്ടി. വയനാടിൽ ഷാനിമോൾ ഉസ്മാനെ ഐ ഗ്രൂപ്പാണ് ഉയർത്തിക്കാട്ടിയത്. എംഐ ഷാനവാസെന്ന പഴയ തിരുത്തൽവാദക്കാരന്റെ സീറ്റ് ഐ ഗ്രൂപ്പിന് അർഹതപ്പെട്ടതുമായിരുന്നു. എന്നാൽ സിദ്ദിഖെന്ന വിശ്വസ്തനായി ഉമ്മൻ ചാണ്ടി നിലയുറപ്പിച്ചു. ഇതോടെ ഷാനിമോൾക്ക് ആലപ്പുഴയിലേക്ക് മാറേണ്ടി വന്നു. എന്തുവന്നാലും ഷാനിമോൾ വയനാട്ടിലെന്ന് പറഞ്ഞ ചെന്നിത്തലയ്ക്ക് തിരിച്ചടിയാണ് സിദ്ദിഖിന്റെ സീറ്റ് നേട്ടം.

രാജസ്ഥാൻ മോഡലാണ് കേരളത്തിൽ ഉമ്മൻ ചാണ്ടി പരീക്ഷിക്കുന്നത്. രാജസ്ഥാനിൽ ഗെഹ് ലോട്ടിന് ഭരണം നഷ്ടമായി. ഇതോടെ എഐസിസി ജനറൽ സെക്രട്ടറിയായി. ഡൽഹിയിൽ പിടിമുറുക്കിയ ഗെഹ് ലോട്ട് രാജസ്ഥാൻ രാഷ്ട്രീയം കൈവിട്ടില്ല. സച്ചിൻ പൈലറ്റ് രാജസ്ഥാനിലെ കോൺഗ്രസിന് പുതു ജീവൻ നൽകുമ്പോഴും തന്റെ ഗ്രൂപ്പിനെ തകരാതെ ഗെഹ് ലോട്ട് നോക്കി. ഇത് മൂലം കോൺഗ്രസിന് അധികാരം കിട്ടിയപ്പോൾ ജയിച്ച ഭൂരിഭാഗം എംഎൽഎമാരും പിന്തുണച്ചത് ഗെഹ് ലോട്ടിനെ. ഡൽഹിയിൽ നിന്നും പറന്നെത്തി ഗെഹ് ലോട്ട് മുഖ്യമന്ത്രിയായി. എഐസിസി ജറൽ സെക്രട്ടറിയായപ്പോഴും രാജസ്ഥാനിലേക്ക് മനസ്സ് അർപ്പിച്ചതായിരുന്നു ഗെഹ് ലോട്ടിനെ തുണച്ചത്. ഇതിന് സമാനമാണ് ഉമ്മൻ ചാണ്ടിയുടേയും പ്രവർത്തന രീതി. പിടിവാശിയിലൂടെ എന്തും തന്റെ വിശ്വസ്തർക്കായി നേടിയെടുക്കാൻ കഴിവുണ്ടെന്ന് തെളിയിക്കുകയാണ് ഉമ്മൻ ചാണ്ടി. ബെന്നി ബെഹന്നാന്റേയും സിദ്ദിഖിന്റേയും ഡീൻ കുര്യാക്കോസിന്റേയും നേട്ടമാണ് ഇതിൽ പ്രധാനം.

ചാലക്കുടി ബെന്നിക്ക് കൊടുത്താൽ ഇടുക്കി തന്റെ അടുത്ത അനുയായിയായ ജോസഫ് വാഴക്കനെന്ന ഫോർമുലയാണ് ചെന്നിത്തല മുന്നോട്ട് വച്ചത്. ഇത് ഏറെ ചർച്ചയാകുകയും ചെയ്തു. ഷാനിമോൾ വയനാട്ടിലും സിദ്ദിഖ് വടകരയിലും മത്സരിക്കട്ടേയെന്നായിരുന്നു നിലപാട്. കാസർഗോട്ട് സുബ്ബയ്യറായ്ക്കായും കടുംപിടിത്തം പിടിച്ചു. എന്നാൽ ഇതൊന്നും നടന്നില്ല. എല്ലാം ഉമ്മൻ ചാണ്ടി വെട്ടിയൊതുക്കി. വടകരയിൽ മുരളീധരനേയും കാസർഗോട്ട് രാജ്‌മോഹൻ ഉണ്ണിത്താനേയും എത്തിച്ചതും ഉമ്മൻ ചാണ്ടിയുടെ ഇടപെടലായിരുന്നു. കെ കരുണാകരന്റെ മകനേയും കരുണാകരന്റെ അതി വിശ്വസ്തനേയും തന്നോട് അടുപ്പിക്കാൻ ഇതിലൂടെ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. കെ സി വേണുഗോപാൽ ഡൽഹിയിൽ എഐസിസി ജറൽ സെക്രട്ടറിയായി ഉണ്ട്. വടകരയിൽ മുരളി ജയിക്കുകയും കോൺഗ്രസ് അധികാരത്തിൽ എത്തുകയും ചെയ്താൽ ഉറപ്പായും മുരളി മന്ത്രിയാകും. ഇതോടെ ഐ ഗ്രൂപ്പിന്റെ നിയന്ത്രണം ചെന്നിത്തലയ്ക്ക് നഷ്ടമാവുകയും ചെയ്യും. ഇതോടെ കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വീണ്ടും ഉമ്മൻ ചാണ്ടി ഉയർത്തപ്പെടും.

എറണാകുളത്തെ ഹൈബി ഈഡനും പാലക്കാട്ടെ വികെ ശ്രീകണ്ഠനും മാത്രമാണ് ചെന്നിതലയോട് അടുപ്പമുള്ളവർ. ഇതിൽ ഹൈബിക്ക് പോലും സീറ്റ് കിട്ടിയത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ്. കെ മുരളീധരനും ഷാനി മോൾ ഉസ്മാനും അടൂർ പ്രകാശും ഐ ഗ്രൂപ്പിലെ നേതാക്കളായിരുന്നു. ഇവർക്ക് ഗ്രൂപ്പിനോട് താൽപ്പര്യമുണ്ട്. എന്നാൽ ഇവർ ആരും ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കുന്നില്ല. തൃശൂരിൽ ടിഎൻ പ്രതാപൻ വി എം സുധീരനൊപ്പമാണ്. രാജ്‌മോഹൻ ഉണ്ണിത്താൻ മുല്ലപ്പള്ളി രാമചന്ദ്രനൊപ്പവും. അതിൽ മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പമാണ് പ്രകടിപ്പിക്കുന്നത്. ഇതെല്ലാം ചെന്നിത്തലയുടെ വലിയ പരാജയത്തിന്റെ ഭാഗമായി ഐ ഗ്രൂപ്പിലെ നേതാക്കൾ തന്നെ വിലയിരുത്തുന്നുണ്ട്.

വയനാട്ടിൽ മത്സരിക്കാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചതാണ് കെ. മുരളീധരന് വടകരയിലേക്കുള്ള നിയോഗമായി മാറിയത്. കോൺഗ്രസിന്റെ ഉറച്ച സീറ്റായ വയനാട്ടിൽ കോൺഗ്രസിൽനിന്ന് പിണങ്ങി ഡി.ഐ.സി. വഴി എൻ.സി.പി.യിൽ നിൽക്കുന്നകാലത്ത് മുരളീധരൻ മത്സരിച്ചിരുന്നു. ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾ നേടുകയും ചെയ്തു. ഈ ബലത്തിലാണ് വയനാട്ടിൽ ഒരുകൈനോക്കാമെന്ന് മുരളീധരൻ കരുതിയത്. വടകരയിൽ സ്ഥാനാർത്ഥിനിർണയം അനിശ്ചിതത്വത്തിലായപ്പോൾ, മുരളീധരൻ വയനാട് ചോദിച്ചതിൽ നേതൃത്വം കയറിപ്പിടിച്ചു. മുരളീധരൻ സന്നദ്ധനെങ്കിൽ വടകരയിൽ അതിനെക്കാൾ ശക്തനായ സ്ഥാനാർത്ഥിയില്ലെന്ന ആശയം ഉയർന്നു വന്നു. പലരും മുരളിയോട് സംസാരിച്ചു. വഴങ്ങിയില്ല. എന്നാൽ ദൗത്യം ഉമ്മൻ ചാണ്ടി ഏറ്റെടത്തു. ഇതിലൂടെ വയനാട്ടിൽ സിദ്ദിഖിന്റെ വിജയം കൂടി ഉമ്മൻ ചാണ്ടി ഉറപ്പിച്ചു. കോഴിക്കോട്ടെ സിറ്റിങ് എംപി എംകെ രാഘവനും ഇത് ഗുണകരമായി മാറും. അങ്ങനെ മലബാറിൽ ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ വലിയ വിജയങ്ങൾ ഉറപ്പിക്കുകയാണ്. ശശി തരൂർ ഒരു ഗ്രൂപ്പിലുമില്ല. ടി.എൻ. പ്രതാപന് കൂറ്് വി എം. സുധീരനോടാണ്. രാജ്‌മോഹൻ ഉണ്ണിത്താന് മുല്ലപ്പള്ളി രാമചന്ദ്രനോടും. എന്നാൽ, ഇതിനൊന്നും ഗ്രൂപ്പ് മേൽവിലാസമില്ല. കൊടിക്കുന്നിൽ സുരേഷ് 'എ' പക്ഷത്തായിരുന്നെങ്കിലും ഗ്രൂപ്പ് നേതൃത്വവുമായി അകലത്തിലാണ്.

എംഎ‍ൽഎ.മാരെ കഴിയുന്നത്ര ഒഴിവാക്കാനായിരുന്നു ആദ്യ തീരുമാനം. ഇടതുമുന്നണി ആറ്് എംഎ‍ൽഎ.മാരെ ഇറക്കിയതോടെ അനിവാര്യമായ മണ്ഡലങ്ങളിൽ എംഎ‍ൽഎ.മാരെ പരീക്ഷിക്കാമെന്ന് കോൺഗ്രസിന് നിലപാടെടുക്കേണ്ടിവന്നു. എറണാകുളത്ത് കെ.വി. തോമസിനെക്കാൾ സാധ്യതയുണ്ടെന്ന സർവേ റിപ്പോർട്ട് ഹൈബിക്ക് അനുകൂലമായി. വടകരയിൽ ഇടതുപക്ഷം പി. ജയരാജനെ ഇറക്കിയപ്പോൾ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് കോൺഗ്രസിൽനിന്നും ഘടകകക്ഷികളിൽനിന്നും ആവശ്യമുയർന്നു. ഇത് മുരളീധരന് അവസരമൊരുക്കി. ഈ നീക്കങ്ങളെല്ലാം ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങളുടെ വിജയമായിരുന്നു, പരസ്യമായ ഗ്രൂപ്പുവഴക്ക് ഇക്കുറിയുണ്ടായില്ല. എങ്കിലും ഗ്രൂപ്പ് നേതൃത്വം സ്വീകരിച്ച ശക്തമായ നിലപാട് തർക്കം നാലുദിവസം നീളാനിടയാക്കി. വയനാടിനായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കച്ചമുറുക്കി. രണ്ടുപേരും ഇടയ്ക്കുവെച്ച് ചർച്ച അവസാനിപ്പിക്കുന്നതുവരെ തർക്കം നീണ്ടു. അപ്പോഴും കേരളത്തിൽ അതിശക്തനായ ഉമ്മൻ ചാണ്ടിയെ പിണക്കുന്നത് ഗുണകരമാകില്ലെന്ന് വിലയിരുത്തൽ രാഹുൽ ഗാന്ധിക്കുണ്ടായി.'ഐ'യുടെ സീറ്റായ വയനാട് സിദ്ദിഖിനായി ഉമ്മൻ ചാണ്ടി പിടിച്ചെടുത്തത് ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്.

എറണാകുളത്ത് ഐ ഗ്രൂപ്പ്കാരനായ ഹൈബി ഈഡൻ സ്ഥാനാർത്ഥിയായത് പോലും ഉമ്മൻ ചാണ്ടിയുടെ ശക്തമായ ഇടപെടലിനെതുടർന്നായിരുന്നു. അത്കൊണ്ട് തന്നെ രമേശ് ചെന്നിത്തലയേക്കാൾ ഹൈബിയുടെ കൂറ് ഇപ്പോൾ ഉമ്മൻ ചാണ്ടിയോടാണ്. തന്നെ ലോക്സഭയിലേക്കയക്കാൻ അവസാന അടവും പയറ്റിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ സമ്മർദ്ദത്തിലാക്കാനും ഉമ്മൻ ചാണ്ടിക്കു കഴിഞ്ഞു. സോളാർ കേസുയർത്തി ഇടതുമുന്നണി ആക്രമിച്ചപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ രമേശ് ചെന്നിത്തലക്ക് പ്രതിപക്ഷ നേതൃസ്ഥാനം കൈമാറുകയായിരുന്നു ഉമ്മൻ ചാണ്ടി.

പിന്നീട് പാർട്ടിയിലും സ്ഥാനമാനങ്ങളേറ്റെടുക്കാൻ വിസമ്മതിച്ച ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഇടപെട്ടാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കി ആന്ധ്രയുടെ ചുമതല നൽകിയിരുന്നത്. പക്ഷേ ഉമ്മൻ ചാണ്ടിയുടെ ഖണ്ണ് ഇപ്പോഴും കേരള രാഷ്ട്രീയത്തിലാണ്. ഉമ്മൻ ചാണ്ടിയോട് ഇടഞ്ഞാൽ കൈയിലുള്ള പ്രതിപക്ഷ നേതൃസ്ഥാനവും കൈവിട്ടുപോകുമെന്ന ഭീതി ഉയർന്നതോടെയാണ് വയനാട് വിട്ടുനൽകാൻ ചെന്നിത്തല തയ്യാറായതെന്ന വിമർശനവും ശക്തമാണ്. ഗ്രൂപ്പ് തമ്മിലടിയിൽ നേട്ടമുണ്ടാക്കാമെന്നു കരുതിയ മുല്ലപ്പള്ളിയെ വടകരയിൽ മത്സരിപ്പിക്കാൻ ഹൈക്കമാന്റിനെകൊണ്ട് സമ്മർദ്ദം ചെലുത്താനും ഉമ്മൻ ചാണ്ടിക്കു കഴിഞ്ഞു. മുല്ലപ്പള്ളി മത്സരിക്കാൻ തയ്യാറാകാത്തതോടെ വടകരയിലെ പേടി ഭയവും ചർച്ചയായിട്ടുണ്ട്.

കേരളം ഭരിക്കുന്നതും ഒരു കൊച്ചുമോദിയാണ്. ശബരിമലവിഷയത്തിൽ കോടതിവിധിയുടെ മറവിൽ വിശ്വാസികളെ വെല്ലുവിളിക്കാനാണ് പിണറായി വിജയൻ ശ്രമിച്ചത്. കൊലപാതക രാഷ്ട്രീയത്തിലൂടെയും മറ്റും സർക്കാരാണ് നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇവർക്കെതിരേ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചടിക്കണം -ഇങ്ങനെ പ്രസ്താവനകളിലൂടെ തെരഞ്ഞെടുപ്പ് അജണ്ടയും ഉമ്മൻ ചാണ്ടി നിശ്ചയിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP