Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നര വർഷം മുമ്പ് സാംസ്‌കാരിക മന്ത്രി ബ്രിട്ടനിലെത്തി ഉദ്ഘാടനം ചെയ്ത യുകെ മലയാളം മിഷന്റെ പ്രവർത്തനം അവതാളത്തിൽ; ആദ്യത്തെ ആവേശം കഴിഞ്ഞപ്പോൾ ഒരു യോഗത്തിൽ പോലും പങ്കെടുക്കാൻ ആർക്കും താൽപര്യമില്ല; യുകെയിലെ മലയാളം മിഷൻ സമ്പൂർണ അഴിച്ചു പണിക്ക് ഒരുങ്ങുന്നു

ഒന്നര വർഷം മുമ്പ് സാംസ്‌കാരിക മന്ത്രി ബ്രിട്ടനിലെത്തി ഉദ്ഘാടനം ചെയ്ത യുകെ മലയാളം മിഷന്റെ പ്രവർത്തനം അവതാളത്തിൽ; ആദ്യത്തെ ആവേശം കഴിഞ്ഞപ്പോൾ ഒരു യോഗത്തിൽ പോലും പങ്കെടുക്കാൻ ആർക്കും താൽപര്യമില്ല; യുകെയിലെ മലയാളം മിഷൻ സമ്പൂർണ അഴിച്ചു പണിക്ക് ഒരുങ്ങുന്നു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൊട്ടും കുരവയുമിട്ടു തുടക്കമിട്ട യുകെ മലയാളം മിഷൻ പ്രവർത്തനം അവതാളത്തിൽ. ഒന്നര വർഷം മുൻപ് കേരളത്തിൽ നിന്നെത്തിയ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനം നിർവഹിച്ച മലയാളം മിഷന്റെ യുകെ ചാപ്റ്റർ അഡ്ഹോക് സമിതിയാണ് ഒരു യോഗം പോലും ചേരാൻ കഴിയാതെ ഊർധ്വശ്വാസം വലിക്കുന്നത്. നിരവധി വിദേശ രാജ്യങ്ങളിൽ അടക്കം സജീവമായ നിലയിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെ അഡ്ഹോക് സമിതിയിൽ പോലും ഇടം പിടിക്കാൻ ഇടിയിട്ടവർ ഇപ്പോൾ കേരളത്തിൽ നിന്നും മിഷൻ ഡയറക്ടർ നേരിട്ട് ആവശ്യപ്പെട്ടാൽ പോലും ഒരു യോഗം പോലും ചേരാൻ സമയമില്ലാത്തവരാണ് ഇപ്പോൾ അഡ്ഹോക് സമിതിയിലെ ഭൂരിപക്ഷവും.

ഇക്കാര്യത്തിൽ തനിക്കുള്ള അതൃപ്തി മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് പരസ്യമായി വ്യക്തമാക്കിയിട്ടുമുണ്ട്. രണ്ടു മാസം മുൻപ് തന്നെ അഡ്ഹോക് സമിതി പിരിച്ചു വിടാൻ ആലോചിച്ച മലയാളം മിഷൻ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയതിനാലാണ് തീരുമാനം വൈകിച്ചത്. ഇനി തിരഞ്ഞെടുപ്പു തിരക്കുകൾ കഴിഞ്ഞേ മലയാളം മിഷൻ യുകെ ചാപ്റ്റർ പുനഃസംഘടന ഉണ്ടാകൂവെന്ന് തിരുവനന്തപുരത്തു നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മലയാളം മിഷൻ യുകെ ചാപ്റ്റർ കോ ഓഡിനേറ്റർ മുരളി വെട്ടം ഇപ്പോൾ കേരള സന്ദർശനത്തിൽ ഉള്ളതു കാരണം അദ്ദേഹം നിലവിലെ സ്ഥിഗതിഗതികൾ നേരിട്ട് മിഷൻ ഡയറക്ടറെ ബോധ്യപ്പെടുത്തും. യുകെയിൽ അനേകം മലയാളി സംഘടനകൾ ഉള്ളതിനാൽ ഏറെ പ്രതീക്ഷകളോടെയാണ് മിഷൻ പ്രവർത്തനം ആരംഭിച്ചത്. അതിനാലാണ് എംഎൽഎ സംഘത്തിനൊപ്പം ലണ്ടൻ സന്ദർശനം നടത്തിയ സമയത്തു മന്ത്രി തന്നെ ഉദ്ഘാടകനായി പ്രവർത്തനം ആരംഭിച്ചതും.

മിഷൻ തുടങ്ങിയ ശേഷം അഡ്ഹോക് സമിതിയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ എത്ര സ്ഥലത്തു മലയാള പഠന വേദികൾ ആരംഭിക്കാൻ കഴിഞ്ഞുവെന്ന നിസാര ചോദ്യത്തിൽ തന്നെ ലഭിക്കും അഡ്ഹോക് സമിതി അംഗങ്ങളുടെ സംഭാവനകൾ. നിലവിൽ യുകെയിൽ സജീവമായി പ്രവർത്തിക്കുന്ന മുഴുവൻ മലയാള പഠന കേന്ദ്രങ്ങളും തന്നെ മലയാളം മിഷൻ യുകെയിൽ എത്തുന്നതിനു മുൻപ് തുടക്കമിട്ടവയാണ്.

സാഹിത്യ, മാധ്യമ മേഖലയിൽ സംഭാവന നൽകിയിട്ടുള്ള യുകെ മലയാളി എന്ന നിലയിലാണ് ഇടതു പക്ഷ ചിന്താഗതിക്കാരനായ മുരളി വെട്ടത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷൻ അഡ്ഹോക് സമിതി രൂപം കൊള്ളുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്തു കേരള സർക്കാർ മലയാളം മിഷനു രൂപം നൽകിയത് ആണെങ്കിലും പിണറായി സർക്കാർ എത്തിയപ്പോൾ മിഷൻ ഡയറക്ടർ ആയി ചുമതലയേറ്റ പ്രൊഫ. സുജ സൂസൻ ജോർജിന്റെ വ്യക്തിപരമായ താൽപ്പര്യമാണ് മിഷനെ വിദേശത്തും മറുനാട്ടിലും കൂടുതൽ സജീവമാക്കാൻ കാരണമായത്.

ഉമ്മൻ ചാണ്ടിയുടെ കാലത്തു യുകെയിലെ കോൺഗ്രസ് പ്രവർത്തകരിൽ ചിലർ ഇതിനായി സർക്കാരിനെ സമീപിച്ചെങ്കിലും ഇത്തരം കാര്യങ്ങളിൽ കോൺഗ്രസ് സർക്കാരുകളുടെ അനവധാനത മലയാളം മിഷൻ പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നു. എന്നാൽ സുജ സൂസൻ മുൻകൈ എടുത്തു മലയാളം മിഷൻ യുകെയിൽ എത്തിക്കാൻ ശ്രമം നടത്തിയപ്പോൾ അതിനെ യുകെയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ യുക്മയുടെ കുടക്കീഴിൽ എത്തിക്കാൻ അന്നത്തെ പ്രസിഡന്റ് മാമൻ ഫിലിപ്പ് സജീവമായ ശ്രമം നടത്തിയെങ്കിലും യുകെയിലെ ഇടതു പക്ഷ പ്രവർത്തകർ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കത്തെഴുതി ആ ശ്രമം തകർക്കുക ആയിരുന്നു.

തുടർന്ന് സമവായ ഫോർമുല രൂപം കൊള്ളുകയും സി എ ജോസഫും സുജു ജോസഫും യുക്മ പ്രതിനിധികളായി അഡ്ഹോക് സമിതിയിൽ ഇടം പിടിക്കുക ആയിരുന്നു. ഇവർ അടക്കം ഭൂരിഭാഗവും കസേര മാത്രമാണ് ലക്ഷ്യമിട്ടതെന്ന് കഴിഞ്ഞ ഒന്നര വർഷം തെളിയിച്ചു. പത്തംഗ അഡ്ഹോക് സമിതിയിൽ ഒരു വിഡിയോ കോൺഫറസിനു മിഷൻ ഡയറക്ടർ ശ്രമിച്ചപ്പോൾ വെറും മൂന്നു പേരാണ് ഒരു യോഗം ചേരാൻ പോലും സമ്മതം അറിയിച്ചത്. തുടർന്നാണ് ഇത്ര തിരക്കുള്ളവരെ വച്ച് ഇനി അഡ്ഹോക് സമിതി മുന്നോട്ടു പോകുന്നതിൽ അർഥം ഇല്ലെന്നു ഡയറക്ടർ തീരുമാനിക്കാൻ കാരണമായത്.

സജീവമായി പ്രവർത്തിക്കുന്ന പല സ്‌കൂളുകളിൽ നിന്നും ഈ ഘട്ടത്തിൽ മിഷൻ ഡയറക്ടർക്കു നേരിട്ട് അഡ്ഹോക് സമിതിയുടെ നിർജീവാവസ്ഥ ചൂണ്ടിക്കാട്ടി പരാതി ലഭിക്കുകയും ചെയ്തു. മലയാള ഭാഷയോട് അൽപം എങ്കിലും സ്‌നേഹം ഉള്ളവരെ കണ്ടെത്തി ചാപ്റ്റർ രൂപം നൽകണം എന്നാണ് പരാതികളിലെ പ്രധാന ഉള്ളടക്കം. നോമിനേഷൻ സമ്പ്രദായം വഴി കസേര മോഹികൾ സ്ഥാനം പിടിച്ചെടുത്താൽ ഒരിക്കലും മിഷൻ വിഭാവനം ചെയ്യുന്ന തരത്തിൽ പ്രവർത്തനം മുന്നോട്ടു പോകില്ല എന്ന് നിലവിലെ അഡ്ഹോക് സമിതി തീരുമാനിച്ചതിനാൽ സ്ഥിരം സമിതി രൂപം കൊള്ളുമ്പോൾ ഭൂരിഭാഗം സ്ഥാനങ്ങളും സജീവമായി പ്രവർത്തിക്കുന്ന മലയാള പഠന കേന്ദ്രങ്ങൾക്ക് തന്നെ ലഭിക്കും എന്നും മിഷൻ ഡയറക്ടർ സുജ സൂസൻ സൂചിപ്പിച്ചു.

കഴിഞ്ഞ വർഷം മുതൽ തന്നെ മിഷൻ ഡിറക്ടർ യുകെയിൽ എത്തി കൂടുതൽ പഠന വേദികൾ ആരംഭിക്കാൻ സഹായകമാകും വിധം പ്രവർത്തനം സജീവമാക്കാൻ തയാറായിരുന്നു. എങ്കിലും അഡ്ഹോക് സമിതി ജീവനറ്റു പോയതാണ് പലയിടത്തും മലയാളം ക്ലാസുകൾ തുടങ്ങാൻ ഉള്ള ശ്രമത്തെയും വിപരീതമായി ബാധിച്ചത്. നിലവിൽ പത്തു സ്ഥലങ്ങളിൽ എങ്കിലും മലയാളം ക്ലാസുകൾ ആരംഭിക്കാൻ പ്രാദേശികമായി ശ്രമം നടക്കുന്നുണ്ടെങ്കിൽ ഇതിൽ ഒരിടത്തു പോലും നിലവിലെ അഡ്ഹോക് സമിതി അംഗങ്ങൾക്ക് സ്വാധീനം ഇല്ലെന്നതാണ് വസ്തുത. മലയാളം മിഷനിൽ രജിസ്റ്റർ ചെയ്യുന്നതടക്കം ഉള്ള കാര്യങ്ങൾക്കു ആരെ വിളിക്കും എന്ന കാര്യത്തിലും പ്രാദേശികമായി മുന്നിട്ടിറങ്ങുന്നവർക്കു ധാരണയില്ല. ഒടുവിൽ മിഷന്റെ തിരുവനന്തപുരത്തെ ഓഫിസിൽ നേരിട്ട് ബന്ധപ്പെടുവാനാണ് ഇവർ ശ്രമിക്കുന്നത്.

യുകെ ചാപ്റ്റർ കോ ഓഡിനേറ്റർ മുരളി വെട്ടത്തിനെ കൂടാതെ ഇടത് സാംസ്‌കാരിക സംഘടനാ സമീക്ഷ പ്രതിനിധികൾ ആയ ജയപ്രകാശ്, ജിനേഷ് മാഞ്ചസ്റ്റർ, സ്വപ്ന പ്രവീൺ, എബ്രഹാം കുര്യൻ, യുക്മ പ്രതിനിധികൾ ആയ സി എ ജോസഫ്, സുജു ജോസഫ്, എംഎ യുകെ പ്രതിനിധി ശ്രീജിത്ത്, കെന്റ് മലയാളി ബേസിൽ ജോൺ, ഇന്ദുലാൽ സോമൻ എന്നിവരാണ് നിലവിലെ അഡ്ഹോക് സമിതിയിൽ ഉള്ളത്. ഇവരിൽ ബഹുഭൂരിഭാഗവും സ്ഥിരം സമിതി വരുമ്പോൾ പുറത്താകും എന്നുറപ്പാണ്.

സ്ഥിരം സമിതി എത്തുമ്പോഴും കസേരയ്ക്കായി കടിപിടി ഉറപ്പാണ് എന്നതിനാൽ മുരളി വെട്ടത്തിനെ തൽസ്ഥാനത്തു നിലനിർത്തിയാകും പുനഃ സംഘടനാ എന്ന സൂചന ലഭ്യമാണ്. സമിതിയിൽ ആരൊക്കെ ആവശ്യമാണ് എന്ന് നിലവിൽ സജീവമായി പ്രവർത്തിക്കുന്ന മലയാള പഠന കേന്ദ്രങ്ങളോട് തന്നെ ചോദിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മിഷൻ വൃത്തങ്ങൾ. ഇവരുടെ അഭിപ്രായത്തിന് മുൻതൂക്കം നൽകിയുള്ള സ്ഥിരം സമിതിയാകും ഇനി യുകെ ചാപ്റ്റർ ആയി രൂപം കൊള്ളുക. പത്തു വർഷത്തെ മലയാള പഠന പദ്ധതിയാണ് മിഷൻ രൂപം നൽകിയിരിക്കുന്നത്. സർട്ടിഫിക്കറ്റ് കോഴ്‌സ്, ഡിപ്ലോമ കോഴ്‌സ്, ബിരുദ നിലവാരമുള്ള കോഴ്‌സ്, ബിരുദാനന്തര കോഴ്‌സ് എന്ന നിലയിലാണ് പത്തു വർഷത്തെ പഠന സമ്പ്രദായത്തെ വേർ തിരിച്ചിരിക്കുന്നത്. ഇപ്പോൾ മലയാളം മിഷനുമായി സജീവമായി ബന്ധമുള്ള പഠന കേന്ദ്രങ്ങൾ രണ്ടു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ആയ കണിക്കൊന്ന പാഠപുസ്തകമാണ് പഠിപ്പിക്കുന്നത്.

നിലവിൽ ഇപ്സ്വിച്ച്, കവൻട്രി, മാഞ്ചസ്റ്റർ, ബ്ലാക്‌ബെൺ, വോക്കിങ്, കെന്റ്, വാറ്റ്‌ഫോർഡ്, സൗത്താംപ്ടൺ, റെഡ്ഡിച്ച്, ലണ്ടൻ എന്നിവിടങ്ങളിലാണ് സജീവമായ മലയാള പഠന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP