Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യമായി കാണുന്നയാളോടു പോലും പൊട്ടിച്ചിരിച്ചും കൈപ്പിടിച്ച് കുലുക്കിയും കവിളിൽ നുള്ളിയുമൊക്കെ മണിക്കൂറുകളോളം സൊറ പറയും; സ്ഥാനാർത്ഥിത്വം സ്വീകരിക്കുമോയെന്ന ചോദ്യത്തിന് പാർട്ടി തൂപ്പുകാരന്റെ ജോലി ഏൽപ്പിക്കുകയാണെങ്കിൽ അതും ചെയ്യുമെന്ന് പ്രതികരണം; കൃഷ്ണൻ കണിയാംപറമ്പിലിനെ നിയമസഭ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ച് തുടങ്ങിയ അങ്കം ലോക്സഭ തിരഞ്ഞെടുപ്പിലെത്തി നിൽക്കുന്നു; തൃശൂരിന്റെ കോൺഗ്രസ് പ്രതാപം തിരിച്ചു പിടിക്കാൻ ഇറങ്ങിയ ടി.എൻ പ്രതാപന്റെ മാസ്റ്റർ പീസ് തന്ത്രങ്ങളിങ്ങനെ

ആദ്യമായി കാണുന്നയാളോടു പോലും പൊട്ടിച്ചിരിച്ചും കൈപ്പിടിച്ച് കുലുക്കിയും കവിളിൽ നുള്ളിയുമൊക്കെ മണിക്കൂറുകളോളം സൊറ പറയും; സ്ഥാനാർത്ഥിത്വം സ്വീകരിക്കുമോയെന്ന ചോദ്യത്തിന് പാർട്ടി തൂപ്പുകാരന്റെ ജോലി ഏൽപ്പിക്കുകയാണെങ്കിൽ അതും ചെയ്യുമെന്ന്  പ്രതികരണം; കൃഷ്ണൻ കണിയാംപറമ്പിലിനെ നിയമസഭ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ച് തുടങ്ങിയ അങ്കം ലോക്സഭ തിരഞ്ഞെടുപ്പിലെത്തി നിൽക്കുന്നു; തൃശൂരിന്റെ കോൺഗ്രസ് പ്രതാപം തിരിച്ചു പിടിക്കാൻ ഇറങ്ങിയ ടി.എൻ പ്രതാപന്റെ മാസ്റ്റർ പീസ് തന്ത്രങ്ങളിങ്ങനെ

കെ എം അക്‌ബർ

തൃശൂർ: തന്ത്രങ്ങളൊരുക്കാൻ പേരുകേട്ടയാളാണ് തൃശൂർ ഡിസിസി പ്രസിഡന്റ് ടി എൻ പ്രതാപൻ. ഒടുവിൽ പ്രതാപ തന്ത്രങ്ങൾ തന്നെ തൃശൂർ ലോക്സഭ സ്ഥാനാർത്ഥി നിർണയത്തിലും തെളിഞ്ഞു. തൃശൂർ സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ടി എൻ പ്രതാപനെ പ്രഖ്യാപിച്ചതോടെ തന്റെ മാസ്റ്റർ പീസ് തന്ത്രങ്ങളുമായി നിറം കളഞ്ഞ് കളിക്കാനൊരുങ്ങുകയാണ് പ്രതാപൻ. തന്റെ കയ്യിലെ മാസ്റ്റർ പീസുകളിലൊന്നാണ് ദിവസങ്ങൾക്ക് മുമ്പ് തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതാപൻ പുറത്തെടുത്തത്. സ്ഥാനാർത്ഥിത്വം സ്വീകരിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടി തൂപ്പുകാരന്റെ ജോലി ഏൽപ്പിക്കുകയാണെങ്കിൽ താൻ അതും ചെയ്യുമെന്നായിരുന്നു നാഷണൽ ഫിഷർമെൻ പാർലമെന്റിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ ടി എൻ പ്രതാപന്റെ പ്രതികരണം. അതാണ് പ്രതാപൻ.

എവിടെ വരെ താഴാൻ കഴിയും അതിനേക്കാളേറെ താഴും. കാരണം, പ്രതാപനറിയാം എത്ര താഴാൻ കഴിയുന്നോ അതിനേക്കാളേറെ താഴ്ന്നാലേ ഉദ്ദേശിച്ചത്ര ഉയരാൻ കഴിയൂവെന്ന്. ആദ്യമായി കാണുന്നയാളോടു പോലും പൊട്ടിച്ചിരിച്ചും കൈപ്പിടിച്ച് കുലുക്കിയും കവിളിൽ നുള്ളിയുമൊക്കെ മണിക്കൂറുകളോളം സൊറ പറയും. അതോടെ അയാളുടെ മനസ്സിൽ ടി എൻ എന്ന രണ്ടക്ഷരം പതിഞ്ഞെന്നു പറഞ്ഞാൽ മതി. 2001ൽ കൃഷ്ണൻ കണിയാംപറമ്പിലെന്ന ജനകീയ നേതാവിനെ തോൽപ്പിക്കാൻ കഴിഞ്ഞതിന്റെ ഗുട്ടൻസും ഇത്തരം 'സൊറ' തന്നെയായിരുന്നു.

തുടർച്ചയായ നാലാം വട്ടം നാട്ടികയിൽ വിജയിക്കാനെത്തിയപ്പോഴാണ് കൃഷ്ണൻ കണിയാംപറമ്പിൽ പ്രതാപനിലെ ജനകീയത തിരിച്ചറിഞ്ഞത്. പിന്നീട് 2006 ലും പ്രതാപൻ നാട്ടികയിൽ നിന്നും നിയമസഭയിലെത്തി. 2011 കൊടുങ്ങല്ലൂർ നിന്നായിരുന്നു വിജയം. എന്നാൽ, ഇന്ന് പ്രതാപ തന്ത്രങ്ങളോരോന്നും തൃശൂർക്കാർക്ക് നന്നായറിയാം. എല്ലാം അവർ പഠിച്ചു കഴിഞ്ഞു. ഒരു പരിപാടിയിൽ പങ്കെടുക്കാൻ പ്രതാപൻ വരുന്നത് മുതൽ പോകുന്നത് വരെ നടത്തുന്ന മുഴുവൻ കാര്യങ്ങളും അവർക്ക് ഗൃഹപാഠമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് താൻ മൽസരിക്കാനില്ലെന്നും യുവാക്കൾക്ക് അവസരം നൽകുന്നതിന് വേണ്ടിയാണ് മാറിനിൽക്കുന്നുവെന്നും പറഞ്ഞായിരുന്നു തന്ത്രമിറക്കിയത്.

എന്നാൽ, കൈപ്പമംഗലം മണ്ഡലത്തിൽ തന്നെ മൽസരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതാപൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചുവെന്ന വാർത്തയാണ് ഇതിനു പിന്നാലെ പ്രചരിച്ചത്. അതോടെ അത്തരത്തിൽ ഒരു കത്തും താൻ അയച്ചിട്ടില്ലെന്ന് പ്രസ്താവന നടത്തി പ്രതാപനും രംഗത്തെത്തി. കത്തയക്കൽ വാർത്ത വിവാദമായതോടെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് എഐസിസി തന്നെ വ്യക്തമാക്കി. പ്രതാപൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചുവെന്ന വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ പ്രതാപന്റെ അനുയായികളാണെന്നും തനിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പ്രചരണം നടക്കുന്നുവെന്ന് തെളിയിച്ച് രക്തസാക്ഷി പരിവേഷം നേടാൻ ഇതുവഴി പ്രതാപന് കഴിഞ്ഞെന്നും ഇതു തന്നെയായിരുന്നു പ്രതാപൻ ആഗ്രഹിച്ചതെന്നും എതിരാളികൾ പറഞ്ഞതോടെ അതിൽ കഴമ്പുണ്ടെന്ന് പ്രതാപനെ അടുത്തറിയുന്നവർ പോലും വിശ്വസിച്ചു. 2019ൽ നടക്കാനിരിക്കുന്ന ലോക്സഭ സീറ്റ് ലക്ഷ്യം വച്ചായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നിന്നുള്ള പ്രതാപന്റെ പിന്മാറ്റമെന്ന് അന്നു തന്നെ ആരോപണമുയർന്നിരുന്നു.

ഇതിനിടെ പ്രതാപൻ സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ വന്നു തുടങ്ങിയതോടെ തന്റെ സ്ഥാനാർത്ഥിത്വം അഭ്യുദയകാംക്ഷികൾ നടത്തുന്ന പ്രചാരണമായി കണക്കാക്കാമെന്ന് പറഞ്ഞ് താൻ സ്ഥാനാർത്ഥി മോഹിയല്ലെന്ന് പ്രതാപൻ തെളിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ച ആരംഭിച്ചപ്പോൾ തന്നെ തൃശൂർ ഡിസിസി ഓഫീസിനും രാമനിലയത്തിനും മുന്നിൽ കോൺഗ്രസിന്റെ പേരിൽ ബഹുവർണ്ണ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'തൃശൂർ പാർലമെന്റ് സീറ്റിൽ വരത്തനും വേണ്ട വയസ്സനും വേണ്ട' എന്നായിരുന്നു പോസ്റ്ററുകളിലെ വാക്യം. എ ഗ്രൂപ്പ് നേതാക്കളെ ലക്ഷ്യം വെച്ച് ഐ ഗ്രൂപ്പുകാരാണ് ഇതിനു പിന്നിലെന്ന ആരോപണം അന്ന് ശക്തമായിരുന്നു.

സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ അതെല്ലാം ഇപ്പോൾ തെളിഞ്ഞില്ലേയെന്നാണ് എതിരാളികൾ ചോദിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് ഗ്രൂപ്പ് സമവാക്യങ്ങൾ ശക്തമായ മണ്ഡലമായാണ് തൃശൂരിനെ വിലയിരുത്തുന്നത്. ആരും പാലം വലിക്കും എന്നതിനാൽ പൊതു സമ്മതനായ ഒരു സ്ഥാനാർത്ഥി തന്നെ തൃശൂരിൽ വേണ്ടി വരുമെന്നിരിക്കെ ജനകീയ പ്രതിച്ഛായയുള്ള ടി.എൻ പ്രതാപൻ തന്നെ കളത്തിലിറങ്ങിയാൽ മൽസരം കടുത്തതാകുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങൾ വഴി നടത്തിയതും പ്രതാപതന്ത്രം തന്നേയാവാനാണ് സാധ്യതയെന്നാണ് പാർട്ടിക്കുള്ളിലെ എതിരാളികൾ പറഞ്ഞു പരത്തുന്നുണ്ട്. എങ്കിലും തൃശൂരിൽ ഇത്തവണ മൽസരം കനക്കുമെന്നു തന്നേയാണ് കണക്കു കൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP