Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആറുവർഷം മുമ്പ് രാഹുൽഗാന്ധി ടാലന്റ് ഹണ്ടിലൂടെ കണ്ടെടുത്ത പോരാളി; പിന്നാലെ കൂറ്റിക്കാട്ടൂരിലെ കൂലിപ്പണിക്കായ പിപി ഹരിദാസിന്റെയും രാധയുടേയും മകൾ കുന്ദമംഗലം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി വളർന്നു; കോൺഗ്രസിന്റെ ആദ്യ ലിസ്റ്റിൽ മുൻ മന്ത്രി അനിൽകുമാറിനെ മറികടന്ന് അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആലത്തൂരിൽ എത്തി രമ്യ; കലാകാരി കൂടിയായ മുപ്പത്തിമൂന്നുകാരി പികെ ബിജുവിന്റെ ഹാട്രിക് സ്വപ്നം തകർക്കുമോ?

ആറുവർഷം മുമ്പ് രാഹുൽഗാന്ധി ടാലന്റ് ഹണ്ടിലൂടെ കണ്ടെടുത്ത പോരാളി; പിന്നാലെ കൂറ്റിക്കാട്ടൂരിലെ കൂലിപ്പണിക്കായ പിപി ഹരിദാസിന്റെയും രാധയുടേയും മകൾ കുന്ദമംഗലം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി വളർന്നു; കോൺഗ്രസിന്റെ ആദ്യ ലിസ്റ്റിൽ മുൻ മന്ത്രി അനിൽകുമാറിനെ മറികടന്ന് അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആലത്തൂരിൽ എത്തി രമ്യ; കലാകാരി കൂടിയായ മുപ്പത്തിമൂന്നുകാരി പികെ ബിജുവിന്റെ ഹാട്രിക് സ്വപ്നം തകർക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ആലത്തൂരിലെ ഇടതുകോട്ട ഇക്കുറി പൊളിച്ചടുക്കുമോ രാഹുൽഗാന്ധി കണ്ടെത്തിയ കോഴിക്കോട്ടെ കൊച്ചുമിടുക്കി. ഇവിടെ ഹാട്രിക് നേടി രംഗത്തിറങ്ങിയ സിപിഎമ്മിന്റെ പികെ ബിജുവിന് ഇക്കുറി അത്ര എളുപ്പമല്ല കാര്യങ്ങൾ എന്ന സന്ദേശം കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ തന്നെ ചർച്ചയായി കഴിഞ്ഞിരിക്കുകയാണ് ആലത്തൂർ മണ്ഡലത്തിൽ. സീറ്റ് തർക്കം ശക്തമായി വന്നതിന് പിന്നാലെ ഇപ്പോഴും കോൺഗ്രസ് മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും ആലത്തൂരിൽ കോഴിക്കോടു നിന്ന് എത്തുന്ന രമ്യ ഹരിദാസ് ഇക്കുറി കടുത്ത മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തൽ.

ഇതിന്റെ ആദ്യ സൂചനകളെന്നോണം സോഷ്യൽ മീഡിയയിലുൾപ്പെടെ വലിയ പിന്തുണയാണ് രമ്യയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ആലത്തൂർ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായാണ് രമ്യ എത്തുന്നത്. മുപ്പത്തിമൂന്നുകാരിയായ യുവതിയെ പാർട്ടി നിയോഗിക്കുന്നത് സിപിഎമ്മിന്റെ എക്കാലത്തേയും ശക്തമായ കോട്ട കീഴടക്കാനാണ്. മുൻ മന്ത്രി കൂടിയായ എപി അനിൽകുമാറിന്റെ ചാൻസുപോലും വെട്ടിയാണ് രമ്യയിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിർണായക ദൗത്യം ഏൽപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

കോഴിക്കോട് കുന്ദമംഗലം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ. കെഎസ് യുവിലൂടെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് എത്തിയ രമ്യ ഒരു സാധാരണ വീട്ടിലെ അംഗമാണ് എന്നതുതന്നെയാണ് അവരുടെ പ്രത്യേകതയും. വാക്കുകളിലും അതിനാൽ തന്നെ മിതത്വവും സാധാരണക്കാർക്കൊപ്പമാണെന്ന ഉറച്ച നിലപാടും വ്യക്തം. പ്രഖ്യാപനത്തിന് പിന്നാലെ നൽകിയ പ്രതികരണങ്ങളിൽ തന്റെ ഉറച്ച നിലപാടുകൾ രമ്യ വ്യക്തമാക്കുന്നു.

കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ കൂലിപ്പണിക്കാരനായ പിപി ഹരിദാസിന്റെയും രാധയുടെയും മകളായ രമ്യ ആറ് വർഷങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് ദേശീയ-സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. യൂത്ത് കോൺഗ്രസിന്റെ കോഴിക്കോട് പാർലമെന്റ് സെക്രട്ടറിയും നിലവിൽ അഖിലേന്ത്യാ കോർഡിനേറ്ററുമാണ് രമ്യ. കോൺഗ്രസിന്റെ കേരളത്തിൽ നിന്നുള്ള സ്ഥാനാർത്ഥി പട്ടികയിൽ പേര് വരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കുന്ന രമ്യ ഉറപ്പിച്ചു പറയുകയാണ് താൻ ഇക്കുറി ആലത്തൂർ എന്ന ഇടതുകോട്ട പൊളിച്ചിരിക്കുമെന്ന് ഉറപ്പിച്ചുതന്നെ. ഇത്തവണ യുഡിഎഫ് പ്രവർത്തകർ സജീവയമായ ഇടപെടൽ മണ്ഡലത്തിൽ നടത്തുന്നുണ്ടെന്നും രമ്യ പറയുന്നു.

സംസ്ഥാന-കേന്ദ്ര സർക്കാറുകളുടെ വിവിധ വിഷയങ്ങളിലെ പരാജയങ്ങൾ ഉയർത്തി കാണിച്ചായിരിക്കും പ്രധാനമായും കോൺഗ്രസ് പ്രചാരണമെന്നും അവർ വ്യക്തമാക്കുന്നു. ഭവന പദ്ധതികൾ ഉൾപ്പെടെ നടപ്പാക്കുന്ന കാര്യത്തിൽ പോലും വലിയ വീഴ്ചയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെന്ന് രമ്യ പറയുന്നു. ഇത്തരത്തിലാണ് പല ക്ഷേമപദ്ധതികളുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ആലത്തൂർ പോലെ സാധാരണക്കാർ ഏറെയുള്ള പ്രദേശത്ത് രമ്യയുടെ ഇടപെടൽ ഈ രീതിയിലായിരിക്കും. സാധാരണക്കാരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിഞ്ഞാൽ അത് പികെ ബിജുവിന് വലിയ തിരിച്ചടിയുമാകുമെന്നാണ് പ്രചരണത്തിന്റെ തുടക്കിലേ ലഭിക്കുന്ന സൂചനകൾ.

ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇക്കുറി ബിഡിജെഎസിനാണ് ആലത്തൂർ നൽകുന്നത്. അതിനാൽ തന്നെ കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ രമ്യക്ക് ഏറെ പണിപ്പെടേണ്ടി വന്നേക്കുമെന്ന സാഹചര്യവുമുണ്ട്. അതേസമയം, ത്രികോണ മത്സരത്തിനുള്ള യാതൊരു സാധ്യതയും ആലത്തൂരിൽ ഇല്ല, അതിന് വലിയ പ്രസക്തിയില്ല എന്നാണ് രമ്യ പറയുന്നത്. ശബരിമല വിഷയത്തിൽ കോൺഗ്രസ് ഒരു നിലപാട് എടുത്തിട്ടുണ്ട്. ആ നിലപാടുമായി മുന്നോട്ടുപോകുമ്പോൾ വിശ്വാസികളുടെ വോട്ടുകളെല്ലാം കോൺഗ്രസുകാർക്ക് തന്നെയായിരിക്കുമെന്ന് ഉറപ്പിച്ചുപറയുകയാണ് രമ്യ.

കോൺഗ്രസിൽ ഇക്കുറി താനുൾപ്പെടെ കൂടുതൽ സ്ത്രീകൾക്ക് സീറ്റ് ലഭിച്ചതുതന്നെ സ്ത്രീ ശാക്തീകരണത്തിന്റെ സൂചനയാണെന്നും അവർ ഉറപ്പിക്കുന്നു. ഞാനും ഒരു സ്ത്രീയാണ്. കേരളത്തിൽ ഒരു സ്ത്രീ എന്ന് പറയുന്നവർക്ക് അവരുടെതായ രീതിയിലുള്ള ശൈലിയും അവരുടേതായ ഒരു തനിമയുമുള്ള സ്വഭാവവുമുണ്ട്. ആ സ്ത്രീ ആരാണെന്നും അവരുടെ ഉദേശ്യലക്ഷ്യങ്ങളെന്താണെന്നും ജനങ്ങൾക്ക് അറിയാം. ആനുകാലിക വിഷയങ്ങളെക്കുറിച്ച് കൃത്യമായ ബോധം ജനങ്ങൾക്കുണ്ട്, പൊതുജനങ്ങളെ ആർക്കും അങ്ങനെ പറ്റിക്കാനൊന്നും സാധിക്കില്ല. - രമ്യ പറയുന്നു.

ഞാനൊരു ഉത്തരവാദിത്വപ്പെട്ട ജനപ്രിതിനിധിയാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ആ ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന വേളയിലാണ് വീണ്ടും പാർട്ടി എനിക്ക് പരിഗണന നൽകി സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ എന്റെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സ്ത്രീകൾക്കെല്ലാം മുൻതൂക്കം കൊടുത്തുകൊണ്ട് ഒരുവലിയ പ്രൊജക്റ്റ് ബ്ലോക്ക് പഞ്ചായത്ത് തുടക്കംകുറിച്ചിരുന്ന സാഹചര്യമാണ്.

കാർഷിക മേഖലയിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് വേണ്ടി സ്ത്രീകൾക്ക് കൊടുക്കാൻ പറ്റുന്ന തൊഴിൽ മേഖല ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആലത്തൂരിലെ ജനങ്ങൾ എന്നെ എംപി ആയി തിരഞ്ഞെടുത്താൽ അവർക്ക് ആദ്യം നൽകുന്ന പദ്ധതിയും ഇത്തരത്തിൽ സുസ്ഥിരമായ വരുമാനം ലഭിക്കുന്ന ഒരു പ്രൊജക്റ്റായിരിക്കും. അതിനോടൊപ്പം സ്ത്രീകളുടെ ഏതൊരു വിഷയത്തിലും ഇടപെടാൻ സാധിക്കുന്ന എംപി ആയി പ്രവർത്തിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും എനിക്കുണ്ട്. - തന്റെ പ്രചരണത്തിന്റെ ഹൈലൈറ്റ് രമ്യ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്.

ഒരു പാട്ടുകാരി കൂടിയാണ് രമ്യ. അതിനാൽ തന്നെ പ്രചരണ വേദികളിൽ ജനങ്ങളെ കയ്യിലെടുക്കാൻ രമ്യയ്ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ആലത്തുരുകാർ സംഗീതത്തെയും കലാരൂപങ്ങളെയും ഏറെ സ്നേഹിക്കുന്നവരാണെന്നും ഒരു കലാകാരി എന്ന നിലയിൽ തന്നെ അവർ കൂടുതൽ സ്‌നേഹിക്കുമെന്നും രമ്യ പറയുമ്പോൾ കടുത്ത മത്സരം തന്നെ ബിജു നേരിടേണ്ടിവരും എന്ന് സിപിഎമ്മിനെ ഓർമിപ്പിക്കുകയാണ് ഈ കോഴിക്കോടുകാരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP