Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാലു വയസുള്ളപ്പോൾ അമ്മയെ നഷ്ടമായി, 19ാം വയസിൽ അച്ഛനും; ജീവിതത്തിൽ ഒറ്റയ്ക്കായ എന്നെ വളർത്തി വലുതാക്കിയത് കോൺഗ്രസ് പാർട്ടി; കോൺഗ്രസ് എറണാകുളം ജില്ലാ നേതൃയോഗത്തിൽ ജീവിതാനുഭവങ്ങൾ എണ്ണിപ്പറഞ്ഞ് നിറകണ്ണുകളോടെ ഹൈബി ഈഡൻ; മാതാപിതാക്കളുടെ കല്ലറകളിൽ ഓർമ്മപുഷ്പ്പങ്ങൾ സമർപ്പിച്ച് പ്രചരണം തുടങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകി പ്രവർത്തകർ

നാലു വയസുള്ളപ്പോൾ അമ്മയെ നഷ്ടമായി, 19ാം വയസിൽ അച്ഛനും; ജീവിതത്തിൽ ഒറ്റയ്ക്കായ എന്നെ വളർത്തി വലുതാക്കിയത് കോൺഗ്രസ് പാർട്ടി; കോൺഗ്രസ് എറണാകുളം ജില്ലാ നേതൃയോഗത്തിൽ ജീവിതാനുഭവങ്ങൾ എണ്ണിപ്പറഞ്ഞ് നിറകണ്ണുകളോടെ ഹൈബി ഈഡൻ; മാതാപിതാക്കളുടെ കല്ലറകളിൽ ഓർമ്മപുഷ്പ്പങ്ങൾ സമർപ്പിച്ച് പ്രചരണം തുടങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകി പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കരുത്തനായ കെ വി തോമസിനെ മാറ്റിയാണ് ജനകീയ പരിവേഷമുള്ള ഹൈബി ഈഡനെ എറണാകുളത്ത് പാർട്ടി സ്ഥാനാർത്ഥിയാക്കിയത്. ഹൈബിയുടെ സ്ഥാനാർത്ഥിത്വം പാർട്ടിക്ക് വലിയ ഊർജ്ജം പകരുന്നതുമായി. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചു കൊണ്ട് രംഗത്തുവന്നു. കെ വി തോമസിന്റെ എതിർപ്പ് നിലനിൽക്കെ തന്നെ ഹൈബി പ്രചരണം തുടങ്ങി.

ഇന്നലെ പാർട്ടി യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഹൈബി പ്രചരണത്തിന് ഇറങ്ങിയത്. സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഹൈബി ഈഡൻ നേതൃയോഗത്തിൽ വികാരാധീനനായി. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുൻപ് ചേർന്ന കോൺഗ്രസ് ജില്ലാ നേതൃയോഗത്തിലാണ് തന്റെ ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് ഹൈബി ഈഡന്റെ കണ്ണുകൾ ഈറനണിഞ്ഞത്. ജീവിതത്തിൽ വളർന്ന സാഹചര്യങ്ങൾ എണ്ണിപ്പറയുകയായിരുന്നു അദ്ദേഹം.

ചെറുപ്പത്തിൽ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട തനിക്ക് കോൺഗ്രസ് പാർട്ടി നൽകിയ സഹായസഹകരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് ഹൈബി ജീവിതാനുഭവങ്ങൾ തുറന്നുപറഞ്ഞത്. മറ്റെല്ലാവരെക്കാളും താൻ പാർട്ടിയോട് കൂടുതൽ കടപ്പെട്ടിരിക്കുന്നു എന്നാണ് ഹൈബി പറഞ്ഞത്. തനിക്ക് നാല് വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടമായി. 19 ആം വയസ്സിൽ പാർട്ടി പ്രവർത്തകനും മുൻ എംപിയുമായിരുന്ന അച്ഛൻ ജോർജ് ഈഡനും ഓർമ്മയായി. ഈ സന്നിഗ്ധ ഘട്ടത്തിൽ തനിക്കും സഹോദരിക്കും എല്ലാവിധ പിന്തുണയും നൽകിയത് കോൺഗ്രസ് പാർട്ടിയാണെന്ന് ഹൈബി ഈഡൻ ഓർമ്മിച്ചു.

അച്ഛൻ മരിച്ച് ഒറ്റയ്ക്കായ തനിക്ക് അഞ്ചുലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. ഭവനവായ്പയുടെ കുടിശ്ശികയായിരുന്നു ഇത്. അന്നത്തെ ജില്ലാ പ്രസിഡന്റ് കെ പി ധനപാലൻ 10 ലക്ഷം രൂപയാണ് സഹായധനമായി കൈമാറിയത്. അക്കാലത്ത് പാർട്ടിക്ക് ഇത്തരം കീഴ്‌വഴക്കങ്ങൾ ഉണ്ടായിരുന്നില്ല.കോൺ്ഗ്രസ് പിരിച്ചുതന്ന ഈ പത്തുലക്ഷം രൂപയിൽ നിന്നുള്ള പലിശ കൊണ്ടാണ് അന്ന് തന്റെ കുടുംബം കഴിഞ്ഞിരുന്നതെന്നും ഹൈബി ഈഡൻ പറഞ്ഞു. തുടർന്ന് തന്നെ പാർട്ടിയിൽ സ്ഥാനമാനങ്ങൾ നൽകി ഉയർത്തിയതായും ഹൈബി ഓർമ്മിച്ചു. യോഗത്തിൽ ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് അധ്യക്ഷത വഹിച്ചു.

സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈബി ഈഡൻ ആദ്യം എത്തിയത് പൊറ്റക്കുഴി പള്ളി സെമിത്തേരിയിലെ പിതാവിന്റെ കല്ലറയ്ക്ക് മുന്നിലാണ്. ഓർമകൾ തിരതല്ലിയപ്പോൾ ഹൈബിയുടെ കണ്ണുകൾ ഈറനണിഞ്ഞു. ഭാര്യ അന്നയൊടൊപ്പമാണ് അദ്ദേഹം ഇവിടെയെത്തിയത്.തുടർന്ന്‌തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ അമ്മ റാണി ഈഡന്റെ കല്ലറയിലും പ്രാർത്ഥന നടത്തി.

തേവര സേക്രഡ് ഹാർട്ട് കോളേജിൽ യൂണിയൻ സെക്രട്ടറിയായാണ് വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. 2007 ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും 2009ൽ എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റായും പ്രവർത്തിച്ച ഈ യുവ നേതാവ് ഈർജ്ജസ്വലനായ സംഘാടകനും മികച്ച പൊതു പ്രവർത്തകനുമാണ്. രാഹുൽ ഗാന്ധിയുടെ ഇടപെടലിലാണ് ഹൈബി എൻ എസ് യുവിന്റെ നേതാവായത്. 2009ലും എറണാകുളത്ത് ഹൈബിയെയാണ് രാഹുൽ സ്ഥാനാർത്ഥിയായി കണ്ടത്. എന്നാൽ സോണിയാ ഗാന്ധിയുടെ പിന്തുണയോടെ കെവി തോമസ് എംഎൽഎ സ്ഥാനം രാജിവച്ച് എംപിയാകാനെത്തി. ഇതോടെ ഹൈബിക്ക് കാത്തിരിക്കേണ്ടി വന്നു. നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. കോൺഗ്രസിന്റെ അധ്യക്ഷനായി രാഹുൽ എത്തുമ്പോൾ തന്റെ വിശ്വസ്തനായ ഹൈബിയെ രാഹുൽ ഡൽഹിക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്.

2011, 2016 ലും തുടർച്ചയായി എറണാകുളത്തു നിന്ന് നിയമസഭയിലെത്തിയ ഹൈബി നിയമസഭാ സാമാജികൻ എന്ന നിലയിൽ കേരളത്തിന് എന്നും മാതൃകയായിരുന്നു. പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈബി ഈഡൻ ആവിഷ്‌കരിച്ച തണൽ ഭവന പദ്ധതിക്ക് കേരളത്തിലെ പൊതു സമൂഹത്തിന്റെയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്‌കാരങ്ങളാണ് ഈ യുവ തുർക്കിയെ തേടിയെത്തിയത്. കോൺഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനത്തെ പ്രവർത്തകർ ഏറെ സന്തോഷത്തോടു കൂടിയാണ് സ്വീകരിച്ചത്. സോഷ്യൽ മീഡിയയിലും ഹൈബി തന്നെയാണ് താരം. ജോർജ് ഈഡന്റെ മകനെന്ന പരിഗണനയ്ക്ക് അപ്പുറം കെ എസ് യുവിലെ പ്രവർത്തനങ്ങളിലൂടെയാണ് ഹൈബി താരമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP