Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട്, തീയേറ്ററുകളിൽ വിപ്ലവ സിനിമകളുടെ കനൽച്ചൂട്! തെരഞ്ഞെടുപ്പും ചൂടും പരീക്ഷകളും കാരണം ആളില്ലാതായ തിയേറ്ററുകളിൽ ഓടുന്നത് കമ്മ്യൂണിസ്റ്റ് ചിത്രങ്ങൾ; കയ്യൂരും തില്ലങ്കേരിയും കൃഷ്ണപ്പിള്ളയും അഭിമന്യുവുമൊക്കെ സർക്കാർ തിയേറ്ററിലുണ്ടെങ്കിലും സിനിമകൾ കാണാൻ ആളില്ല; നാലാം തവണയും റിലീസ് ചെയ്ത് 'വസന്തത്തിന്റെ കനൽ വഴികളും'; കൈരളി ചാനൽ ചതിച്ചുവെന്ന ആരോപണവുമായെത്തിയ സംവിധായകൻ വസന്തത്തെ പൊടിതട്ടിയെടുത്തത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട്, തീയേറ്ററുകളിൽ വിപ്ലവ സിനിമകളുടെ കനൽച്ചൂട്! തെരഞ്ഞെടുപ്പും ചൂടും പരീക്ഷകളും കാരണം ആളില്ലാതായ തിയേറ്ററുകളിൽ ഓടുന്നത് കമ്മ്യൂണിസ്റ്റ് ചിത്രങ്ങൾ; കയ്യൂരും തില്ലങ്കേരിയും കൃഷ്ണപ്പിള്ളയും അഭിമന്യുവുമൊക്കെ സർക്കാർ തിയേറ്ററിലുണ്ടെങ്കിലും സിനിമകൾ കാണാൻ ആളില്ല; നാലാം തവണയും റിലീസ് ചെയ്ത് 'വസന്തത്തിന്റെ കനൽ വഴികളും'; കൈരളി ചാനൽ ചതിച്ചുവെന്ന ആരോപണവുമായെത്തിയ സംവിധായകൻ വസന്തത്തെ പൊടിതട്ടിയെടുത്തത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

കെ വി നിരഞ്ജൻ

കോഴിക്കോട്: നാട്ടിൽ കത്തുന്ന ചൂടും ഒപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടുമാണ്. ചൂടും പരീക്ഷയും തെരഞ്ഞെടുപ്പുമെല്ലാം കാരണം തിയേറ്ററുകളിലാവട്ടെ ആളും വളരെ കുറവാണ്. താരചിത്രങ്ങളൊന്നും ഇപ്പോൾ റിലീസ് ചെയ്യുന്നുമില്ല. ഈ ഒഴിഞ്ഞുകിടക്കുന്ന സമയത്ത് ഭൂരിഭാഗം സർക്കാർ തിയേറ്ററുകളിലും പ്രദർശിപ്പിക്കുന്നതാവട്ടെ വിപ്ലവ പോരാട്ടങ്ങളുടെ കഥ പറയുന്ന ചിത്രങ്ങളും. ഇടതുപക്ഷ ആശയം പറയുന്ന ചിത്രം തെരഞ്ഞെടുപ്പ് കാലത്ത് ഓളമുണ്ടാക്കുമെന്ന് അണിയറ പ്രവർത്തകരും പാർട്ടി പ്രവർത്തകരുമെല്ലാം കരുതിയിരുന്നെങ്കിലും തിയേറ്ററിൽ പടങ്ങൾ കാണാൻ ആളില്ലാത്ത അവസ്ഥയാണ്.

കേരള ജനതയുടെ നെഞ്ചിൽ ഇന്നും മായാത്ത നോവായി നിൽക്കുന്ന മഹാരാജാസ് കോളെജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ ജീവിതവും രക്തസാക്ഷിത്വവും പ്രമേയമാക്കിയിട്ടുള്ള ചിത്രമാണ് 'പത്മവ്യൂഹത്തിൽ അഭിമന്യു'. ആകാശ് ആര്യനാണ് അഭിന്യുവായി എത്തുന്നത്. ഇന്ദ്രൻസ്, സോന നായർ തുടങ്ങിയവർ വേഷമിടുന്നു. ആർ എം സി സി പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനീഷ് ആരാധ്യ കഥയും സംവിധാനവും ഒരുക്കുന്നു. അന്തരിച്ച സി പി എം നേതാവ് സൈമൺ ബ്രിട്ടോ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ആദ്യം പുറത്തിറങ്ങിയ ഈ ചിത്രത്തിന് തരക്കേടില്ലാതെ തിയേറ്ററുകൾ കിട്ടിയെങ്കിലും എസ്എഫ്ഐക്കാർ പോലും പടം കാണാൻ എത്താതായതോടെ ചിത്രം ദയനീയ പരാജയമായി. ഈ ചിത്രം പരാജയപ്പെട്ടെങ്കിലും 'നാൻ പെറ്റ മകൻ' എന്ന പേരിൽ മറ്റൊരു ചിത്രം കൂടി ഇതേ പ്രമേയവുമായി അടുത്തു തന്നെ തിയേറ്ററിലെത്തും. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ മിനോൺ ആണ് അഭിമന്യുവായി എത്തുന്നത്. സജി എസ് പാലമേൽ ആണ് സംവിധാനം.

കയ്യൂർ സമരത്തെ അടിസ്ഥാനമാക്കിയ അരയാക്കടവിൽ, 1948 കാലം പറഞ്ഞത്, വസന്തത്തിന്റെ കനൽവഴികൾ തുടങ്ങിയ സിനിമകളാണ് പിന്നീട് റിലീസ് ചെയ്തത്. അഭിമന്യു ഒഴികെ മറ്റ് ചിത്രങ്ങളെല്ലാം കൈരളി, ശ്രീ തിയേറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഇതിൽ വസന്തത്തിന്റെ കനൽ വഴികളിൽ എന്ന ചിത്രം നാലാം തവണയാണ് സർക്കാർ തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. മുമ്പ് റിലീസ് ചെയ്തപ്പോഴെല്ലാം പരാജയപ്പെട്ട ചിത്രം വകുപ്പ് മന്ത്രിയുടെ പ്രത്യേക താത്പര്യത്തോടെയാണ് വീണ്ടും സർക്കാർ തിയേറ്ററുകളിലെത്തിയിരിക്കുന്നത്.

തില്ലങ്കേരി നെല്ലെടുപ്പ് സമര ചരിത്രത്തിന്റെ കഥ പറയുന്ന ചിത്രമാണ് 1948 കാലം പറഞ്ഞത്. തില്ലങ്കേരി വെടിവെയ്‌പ്പിൽ സംഭവ സ്ഥലത്ത് മരിച്ചുവീണ ഏഴു പേരുടെയും സേലം ജയിലിലെ വെടിവെയ്‌പ്പിൽ മരിച്ച അഞ്ചു പേരുടെയും അടക്കം പന്ത്രണ്ട് ചരിത്ര നായകന്മാരെ കഥ പറയുന്നു സിനിമ. സിനിമയുടെ ഭാഗമായി സെറ്റുണ്ടാക്കാൻ നാട്ടുകാർ ചേർന്ന് രണ്ടു മണിക്കൂർ കൊണ്ട് എഴുന്നൂറ് ഓലെ മെടഞ്ഞ് ചരിത്രത്തിന്റെ ഭാഗമായി. പാലക്കാട് നൂറ് ഏക്കറിൽ 1948 ലെ തില്ലങ്കേരി ഗ്രാമത്തിന്റെ സെറ്റിട്ടത് ഉണ്ണികുമാറാണ്. തില്ലങ്കേരി പഞ്ചായത്തിലെ മുപ്പത് പേരുടെ ജനകീയ കമ്മിറ്റിക്ക് കീഴിലാണ് സിനിമ നിർമ്മിച്ചത്. സനിൽ മട്ടന്നൂർ കൺവീനറും കെ എ ഷാജി ചെയർമാനും. ഭാരതി ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രൻ തിക്കോടി നിർമ്മിച്ച ചിത്രം സൂരി സിനിമാസ് ആണ് തിയേറ്ററിൽഎത്തിച്ചത്. രാജീവ് നടുവനാട് തില്ലങ്കേരി രക്തസാക്ഷി വെള്ളുവക്കണ്ടി രാമന്റെ സഹോദരൻ കണ്ണന്റെ കൊച്ചുമകൻ രാജീവന് നടുവനാടാണ് ചിത്രത്തിന്റെ സംവിധാനം. കഥയും തിരക്കഥയും സുരേന്ദ്രൻ കല്ലൂരും. തില്ലങ്കേരിയിലെ കൂലിപ്പണിക്കാരൻ കോളത്ത് വിജയൻ മുതൽ സംസ്ഥാന നാടക അവാർഡ് ജേതാവ് മുരളി വായാട്ട് വരെയുള്ള നാടക കലാകാരന്മാരും ചിത്രത്തിലുണ്ട്. കൂടെ സായ് കുമാർ, ബാല, ശ്രീജിത്ത് രവി, അനൂപ് ചന്ദ്രൻ, ഊർമ്മിള ഉണ്ണി തുടങ്ങിയവരും വേഷമിടുന്നു. ചിത്രത്തോട് പക്ഷെ പ്രേക്ഷകർ മുഖം തിരിച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.

ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യൻ എന്ന ചിത്രത്തിന് ശേഷം ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മി ഭൂപ്രഭു നാടുവാഴിത്വത്തിനും എതിരെ കയ്യൂർ ഗ്രാമം നടത്തിയ കർഷക സമരത്തെക്കുറിച്ചുള്ള കഥയാണ് അരയാക്കടവിൽ എന്ന ചിത്രം പറയുന്നത്. 90 വയസ്സായ ചമിണിയൻ എന്ന കഥാപാത്രം കയ്യൂരിൽ ഏറ്റവും കൂടുതൽ മനുഷ്യവേട്ട നടത്തിയ സുബ്രായൻ എന്ന പൊലീസുകാരനെ ഒറ്റക്കോലം കണ്ട് മടങ്ങുന്ന പുതിയ കാലത്തെ രാത്രിയിൽ കാണുന്ന വിഭ്രാത്മക കാഴ്ചകളും ചോദ്യങ്ങളുമാണ് പ്രമേയം. പി വി കെ പനയാലിന്റെ ഖനിജം എന്ന നോവലിലെ ഒരു ഏട് എടുത്താണ് നാടക പ്രവർത്തകൻ ഗോപി കുറ്റിക്കോൽ തിരക്കഥയും സംവിധാനവും ഒരുക്കിയത്. കണ്ണങ്കൈ കുഞ്ഞിരാമനാണ് നിർമ്മാണം. ഇദ്ദേഹം തന്നെയാണ് ചമിണിയനായി വേഷമിടുന്നത്. പൊലീസുകാരൻ സുബ്രായനായി ശിവജി ഗുരുവായൂരെത്തുന്നു. കലിംഗ ശശി, കലാശാല ബാബു തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. താരപരിവേഷമില്ലാത്ത ഈ ചിത്രവും തിയേറ്ററിൽ പരാജയമാണ്.

അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത 'വസന്തത്തിന്റെ കനൽ വഴികളിൽ' എന്ന ചിത്രം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് പ്രദർശനത്തിനെത്തിയത്. ചിത്രവും അന്ന് പരാജയമായിരുന്നു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദർശനത്തിനെത്തിച്ച ചിത്രം തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ സഹായിക്കും എന്ന ആരോപണം ഉയരുന്നതായി വ്യക്തമാക്കി നിർമ്മാതാവ് ചിത്രത്തിന്റെ പ്രദർശനം നിർത്തുകയായിരുന്നു. എന്നാൽ മറ്റൊരു ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ചിത്രം വീണ്ടും പ്രദർശനത്തിനെത്തിക്കുകയും ചെയ്തിരിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി നാൽപതുകളിലെ കേരള ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്. കേരളത്തിലെ ഒരു കർഷക ഗ്രാമത്തിൽ ജന്മിത്വത്തിനും ജാതി മേൽക്കോയ്മയ്ക്കും എതിരെ നടന്ന സമരങ്ങളാണ് ചിത്രം. സഖാവ് പി കൃഷ്ണപിള്ളയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.

ചിത്രം അന്ന് പരാജയപ്പെട്ടെങ്കിലും ചിത്രത്തിന്റെ ടെലിവിഷൻ സംപ്രേഷണാവകാശം കൈരളി ചാനൽ വാങ്ങുമെന്നായിരുന്നു സംവിധായകന്റെ പ്രതീക്ഷ. എന്നാൽ അത് നടക്കാതെ വന്നതോടെ കൈരളിക്കെതിരെ രൂക്ഷമായ ആക്ഷേപങ്ങളുമായി അന്ന് സംവിധായകൻ രംഗത്ത് വന്നിരുന്നു. എന്നാൽ സംവിധായകന്റെ ആരോപണങ്ങൾക്കെതിരെ കൈരളി അന്ന് മറുപടിയും നൽകി. അനിൽ നാഗേന്ദ്രൻ അപവാദ പ്രചരണം നടത്തുകയായിരുന്നുവെന്നായിരുന്നു കൈരളി മാനേജ്‌മെന്റ് വ്യക്തമാക്കിയത്.

സംവിധായകന് അന്ന് കൈരളി മാനേജ്‌മെന്റ് നൽകിയ മറുപടി:

ഈ സിനിമ നിർമ്മിച്ചത് അനിലിന്റെ സൃഷ്ടിപരവും വാണിജ്യപരവുമായ തീരുമാനപ്രകാരമാണ്. സിനിമയുടെ ആശയത്തിന്റെ ആവിർഭാവത്തിലോ സാക്ഷാത്കരണഘട്ടത്തിലോ 'കൈരളി'ക്ക് യാതൊരു പങ്കുമില്ല. അതേസമയം, നല്ലൊരു ഉദ്ദേശ്യത്തെ മുൻനിർത്തിയുള്ള സിനിമയെന്ന നിലയ്ക്ക്, 'കൈരളി' ഇതിന് അകമഴിഞ്ഞ സഹായസഹകരണങ്ങൾ നല്കുകയും ചെയ്തിരുന്നു. സിനിമയുടെ ഉപഗ്രഹാവകാശം 'സൂര്യാ' ചാനലിനു നല്കി എന്ന പ്രഖ്യാപനവുമായിട്ടാണ് അനിൽ ചാനലിന്റെ പടിചവിട്ടിയതു തന്നെ. ചൈന, വിയറ്റ്നാം, ക്യൂബ തുടങ്ങിയ സ്ഥലങ്ങളിൽ വൻതോതിൽ സി.ഡി. വിറ്റ് മുടക്കുമുതൽ തിരിച്ചുപിടിക്കാനുള്ള പദ്ധതി തയാറാക്കിയെന്നും അനിൽ അറിയിച്ചിരുന്നു. 'കൈരളി'യിൽനിന്ന് അദ്ദേഹത്തിനു വേണ്ടിയിരുന്നത്, നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും റിലീസിങ് വേളയിലുമുള്ള പ്രചാരണപരിപാടികൾ മാത്രമായിരുന്നു. വിശേഷദിവസങ്ങൾക്കുമാത്രമായി ആണ്ടിൽ രണ്ടോ മൂന്നോ സിനിമ വാങ്ങുക എന്ന നയമാണ് 'കൈരളി'ക്കുള്ളതെന്നും അതിനുള്ള സാമ്പത്തികസ്ഥിതിയേ 'കൈരളി'ക്കുള്ളൂവെന്നും അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു.

അനിലിന്റേ അഭ്യർത്ഥനയനുസരിച്ച്, ഒരു സിനിമയ്ക്കും നല്കാത്ത രീതിയിലുള്ള പ്രചാരണമാണ് 'കൈരളി' ഈ സിനിമയ്ക്കു നല്കിയത്. എന്തിനേറെ, ഇടയ്ക്ക്, അനിലിനുണ്ടായ സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം എന്ന നിലയ്ക്ക്, ഒരു പൊതുസ്ഥാപനവും ചെയ്യാത്ത രീതിയിൽ, വായ്പ നല്കാനായി ചില ധനകാര്യസ്ഥാപനങ്ങൾക്ക് ശുപാർശക്കത്ത് നല്കുകവരെ ചെയ്തു 'കൈരളി'. സിനിമയുടെ ഗുണമേന്മയെക്കുറിച്ച് അഭിപ്രായം പറയാൻ ഞങ്ങൾ ആരുമല്ല. എന്നാൽ, ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പെട്ടതിന്റെ വെളിച്ചത്തിലായിരിക്കണം, 'സൂര്യ' ഈ പടം വാങ്ങുന്നതിൽനിന്നു പിൻവാങ്ങി. ബോക്സ് ഓഫീസിൽ പരാജയപ്പെട്ട നാനൂറിലേറെ ചിത്രങ്ങൾ, ആരും സംപ്രേഷണാവകാശം വാങ്ങാതെ, വിപണിയിൽ കെട്ടിക്കിടക്കുന്നുണ്ട് എന്നതാണ് വസ്തുത.

ആ അവസ്ഥയെ, തങ്ങളുടെ വാണിജ്യപരമായ തീരുമാനത്തിന്റെ പരിണതഫലമായി മനസ്സിലാക്കുകയാണ് അതിന്റെ ചുമതലക്കാർ ചെയ്യാറ്. അവരാരും ഏതെങ്കിലും ചാനലുകളുടെ മെക്കിട്ടു കയറാൻ വരാറില്ല. ചാനലുകളും വാണിജ്യസംവിധാനങ്ങളാണ്, കേരളത്തിലെ ഭൂരിപക്ഷം ചാനലുകളും നഷ്ടത്തിലുമാണ്, മറ്റാരെങ്കിലും ഉണ്ടാക്കിയ നഷ്ടം പേറാൻ ഒരു ചാനലും തയ്യാറാകില്ല എന്നൊക്കെ എല്ലാവർക്കും അറിയാം.
എന്നാൽ, ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും 'കൈരളി' വാങ്ങണമെന്ന ശാഠ്യവുമായിട്ടാണ് അനിൽ പിന്നീട് ചാനലിനെ സമീപിച്ചത്. താൻ മുടക്കിയത് ഏഴു കോടി രൂപയാണെന്നും അതിനനുസൃതമായ ഒരു തുക 'കൈരളി' നല്കണമെന്നുമുള്ള ബാലിശമായ വാദവും അനിൽ ഉയർത്തി.

അതിനോട്, ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായ കൈരളിക്ക് ഒരിക്കലും യോജിക്കാനാവുമായിരുന്നില്ല. അതേസമയം, ഈ പടം സൗജന്യ സ്ലോട്ടിൽ പ്രദർശിപ്പിക്കാമെന്നും, അതിന് ഒരു രൂപപോലും 'കൈരളി'ക്കു വേണ്ടെന്നും, പരസ്യം വാങ്ങി അനിലിന് സ്വയം പണം നേടാമെന്നും ചാനൽ അറിയിക്കുകയും ചെയ്തു. സ്ലോട്ട് ഫീ വാങ്ങാതെ ഒരുള്ളടക്കവും സാധാരണ നിലയ്ക്ക് കമ്പനി നല്കാറില്ല എന്നിരിക്കെ ആയിരുന്നു ഈ വാഗ്ദാനം എന്നത് ശ്രദ്ധേയമാണ്.

എന്നാൽ, ഇതിനോടൊന്നും സഹകരിക്കാതെ അപവാദപ്രചാരണത്തിന്റെ പാതയാണ് അനിൽ സ്വീകരിച്ചത്. ഒരു വ്യക്തിയുടെ ഭാവനാവിലാസപ്രകാരം നിർമ്മിച്ച സിനിമ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി വാങ്ങിയിരിക്കണം എന്ന ശാഠ്യം ആരെങ്കിലും പിടിച്ചാൽ ആ രോഗത്തിന്റെ പേര് മറ്റെന്തോ ആണ് എന്നായിരുന്നു അന്ന് കൈരളി മാനേജ്‌മെന്റിന്റെ മറുപടി. കാലം കഴിഞ്ഞു. പടമിപ്പോഴും ലാഭമാവാത്തതുകൊണ്ടായിരിക്കാം സർക്കാർ തിയേറ്ററുകൾ ഒപ്പിച്ചെടുത്ത് തെരഞ്ഞെടുപ്പ് കാലത്ത് വസന്തം നാലാം വരവ് നടത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP