Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെട്ടിയിറക്ക് സ്ഥാനാർത്ഥിയെ വേണ്ടെന്ന് പ്രമേയം പാസാക്കി: മുകുൾ വാസ്നിക്ക് വന്നപ്പോൾ ആന്റോയെ ഒഴിവാക്കണമെന്ന് കത്തു നൽകി മൂന്നു പേർ: സാധ്യതാ പട്ടികയിലും സിറ്റിങ് എംപിക്ക് അയിത്തം കൽപിച്ചു: ആന്റോ വീണ്ടും സ്ഥാനാർത്ഥിയാതോടെ യാതൊരു സങ്കോചവുമില്ലാതെ കെട്ടിപ്പുണർന്ന് എതിരാളികൾ: പത്തനംതിട്ട ഡിസിസി ഓഫീസിൽ നടന്നത് ഒരു ഇന്ത്യൻ പ്രണയകഥയിലെ സീനിനെ വെല്ലുന്ന നാടകം

കെട്ടിയിറക്ക് സ്ഥാനാർത്ഥിയെ വേണ്ടെന്ന് പ്രമേയം പാസാക്കി: മുകുൾ വാസ്നിക്ക് വന്നപ്പോൾ ആന്റോയെ ഒഴിവാക്കണമെന്ന് കത്തു നൽകി മൂന്നു പേർ: സാധ്യതാ പട്ടികയിലും സിറ്റിങ് എംപിക്ക് അയിത്തം കൽപിച്ചു: ആന്റോ വീണ്ടും സ്ഥാനാർത്ഥിയാതോടെ യാതൊരു സങ്കോചവുമില്ലാതെ കെട്ടിപ്പുണർന്ന് എതിരാളികൾ: പത്തനംതിട്ട ഡിസിസി ഓഫീസിൽ നടന്നത് ഒരു ഇന്ത്യൻ പ്രണയകഥയിലെ സീനിനെ വെല്ലുന്ന നാടകം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച അയ്മനം സിദ്ധാർഥൻ എന്ന കഥാപാത്രത്തെ ഓർമയില്ലേ? എംഎൽഎ മരിച്ചപ്പോൾ ഒഴിവു വന്ന സീറ്റിലേക്ക് മൽസരിക്കാൻ തയാറായി നിൽക്കുകയും അവസാനം സീറ്റ് നഷ്ടമാവുകയും ചെയ്ത സിദ്ധാർഥൻ, പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിയെ കാണുമ്പോൾ കളിക്കുന്ന ഒരു നാടകമുണ്ട്. ആ സീനിന്റെ തനിയാവർത്തനമാണ് ശനിയാഴ്ച വൈകിട്ട് പത്തനംതിട്ട ഡിസിസി ഓഫീസിൽ നടന്നത്. മൂന്നാം വട്ടവും സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ഡിസിസിയിലേക്ക് വന്ന ആന്റോയെ കെട്ടിപ്പിടിച്ച് ആദ്യ മുത്തം നൽകിയത് ഡിസിസി പ്രസിഡന്റ് ബാബു ജോർജ്.

ഇനി അൽപ്പം ഫ്ളാഷ് ബാക്ക്...

കഴിഞ്ഞ് ജനുവരി ആദ്യ ആഴ്ചയിൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം ചർച്ച ചെയ്യാനെത്തിയ എഐസിസി സെക്രട്ടറി മുകുൾ വാസ്നിക്കിന് മുന്നിൽ മൂന്നു കത്തുകൾ എത്തി. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, മുൻ ഡിസിസി പ്രസിഡന്റ് പി മോഹൻരാജ്, മുൻ ഡിസിസി സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡോ സജി ചാക്കോ എന്നിവരാണ് കത്തു നൽകിയത്. കെട്ടിയിറക്ക് സ്ഥാനാർത്ഥിയെ ഇവിടെ മൽസരിപ്പിക്കാൻ പാടില്ല എന്നായിരുന്നു മൂന്നു കത്തിന്റെയും ഉള്ളടക്കം. ആന്റോ ആന്റണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെകെ ഷാജു തുടങ്ങിയ കെട്ടിയിറക്ക് സ്ഥാനാർത്ഥികൾ ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ സാധ്യതകൾ അപഹരിക്കുന്നുവെന്ന സൂചനയാണ് മൂന്നു പേരുടെയും കത്തുകളിലുണ്ടായിരുന്നത്.

അടൂരിൽ നിന്ന് മൂന്നു തവണ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിലേക്ക് മൽസരിച്ചു വിജയിച്ചു. അവസാനം അടൂർ സംവരണ മണ്ഡലമായപ്പോൾ ഇട്ടേച്ച് കോട്ടയത്തിന് പോയി. അതു പോലെയാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ കാര്യം. ജില്ലയ്ക്ക് സ്വന്തമായി ഒരു മണ്ഡലം രൂപീകൃതമായപ്പോൾ നിരവധി നേതാക്കൾ ഈ സീറ്റിൽ കണ്ണു വച്ചു. പരമ്പരാഗത യുഡിഎഫ് മണ്ഡലമായ ഇവിടെ ആരു നിന്നാലും വിജയിക്കുമെന്ന അവസ്ഥയായിരുന്നു. 2009 ൽ രൂപീകൃതമായ മണ്ഡലത്തിൽ ആദ്യം മൽസരിക്കാനുള്ളവരുടെ കൂട്ടത്തിൽ പീലിപ്പോസ് തോമസ്, പി. മോഹൻരാജ് എന്നിവരുടെ പേരാണ് ഉയർന്നു കേട്ടത്.

പക്ഷേ, അവസാന നിമിഷം ആന്റണിയുടെ ഒത്താശയോടെ ആന്റോ സ്ഥാനാർത്ഥിയായി. ഒരു ടേമിൽ മാത്രമേ ആന്റോ മൽസരിക്കൂവെന്നായിരുന്നു കെപിസിസി ഉറപ്പു കൊടുത്ത്. 2014 ൽ വീണ്ടും കളം മാറി. ആന്റോ തന്നെ മൽസരിക്കാൻ വന്നു. ഇതിൽ പ്രതിഷേധിച്ച് എഐസിസി അംഗം പീലിപ്പോസ് തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയായി. ആന്റോയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിൽ നിന്ന് അരലക്ഷമായി കുറയുകയും ചെയ്തു. ഇക്കാര്യമെല്ലാം കത്തിൽ സൂചിപ്പിച്ചിരുന്നു. അതിന് ശേഷം പല തവണ ഡിസിസി നേതൃയോഗം ആന്റോയെ തള്ളിപ്പറഞ്ഞു.

കെപിസിസിയിലേക്ക് ഡിസിസി നൽകിയ സാധ്യതാ പട്ടികയിൽ നിന്ന് ആന്റോയെ ഒഴിവാക്കി വീണ്ടും നേതാക്കൾ ഞെട്ടിച്ചു. പിജെ കുര്യനാണ് ഈ പട്ടിക കെപിസിസിയിൽ നൽകിയത്. ഇതിന്റെ പേരിൽ കുര്യനും പത്തനംതിട്ട ഡിസിസിയും ഏറെ വിമർശിക്കപ്പെട്ടു. ഇതോടെ കുര്യൻ നിലപാട് തിരുത്തി തടിയൂരി. അപ്പോഴും ഡിസിസി പ്രസിഡന്റ് വഴങ്ങിയിരുന്നില്ല. ആന്റോയ്ക്കെതിരേ ശക്തമായ നിലപാടും എടുത്തു. ഇതേ ഡിസിസി പ്രസിഡന്റാണ് ശനിയാഴ്ച രാത്രി അണികളെ ഞെട്ടിച്ചത്.

ആന്റോ ആന്റണിക്ക് സീറ്റ് നൽകിയതോടെ വരവേൽക്കാൻ മുന്നിൽ എത്തിയത് ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ച ഡിസിസി പ്രസിഡന്റ് ബാബു ജോർജ്. ആന്റോയെ കെട്ടിപ്പിടിച്ച് മുത്തം നൽകുന്ന ബാബു ജോർജിനെ കണ്ടപ്പോൾ അയ്മനം സിദ്ധാർഥനെ തന്നെയാണ് പലരും അനുസ്മരിച്ചത്. ആന്റോ ആന്റണിക്ക് നേതാക്കളും പ്രവർത്തകരും ചേർന്ന് ആവേശകരമായ വരവേൽപ്പ് നൽകി.

ഡൽഹിയിൽ നിന്നും പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണെന്നുള്ള വിവരം ഫോണിൽ ലഭിച്ചതിനെ തുടർന്ന് ആദ്യമായി ഡി.സി.സി ഓഫീസിലാണ് ആന്റോ ആന്റണി എത്തിച്ചേർന്നത്. വിവരമറിഞ്ഞ് നേതാക്കളും പ്രവർത്തകരും ഓഫീസിലേക്ക് ഒഴുകിയെത്തി. മാധ്യമ സംഘവും സ്ഥാനാർത്ഥിയെ കാത്ത് നിലയുറപ്പിച്ചിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ആന്റോ ആന്റണിയെ മുദ്രാവാക്യം വിളികളോടെ തോളിലേറ്റി രാജീവ് ഭവൻ മൈതാനിയിൽ എത്തിച്ചു.

ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ നേതൃത്വത്തിൽ ഭാരവാഹികളായ എ സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, ജോൺസൺ വിളവിനാൽ, കെ ജാസിംകുട്ടി, എംഎസ് പ്രകാശ്, വിആർ സോജി, റോജിപോൾ ഡാനിയേൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഹരിദാസ് ഇടത്തിട്ട, ജോർജ് മാമ്മൻ കൊണ്ടൂർ, അബ്ദുൾ കലാം ആസാദ് എന്നിവർ ചേർന്ന് സ്ഥാനാർത്ഥി ആന്റോ ആന്റണിയെ സ്വീകരിച്ചു. പിന്നീട് അദ്ദേഹം പത്തനംതിട്ടയിൽ വിവിധ മത നേതാക്കൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പിന്തുണ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP